ന്യൂഡൽഹി: ഇ. അഹമ്മദ് എം.പി. ക്ക് ലോക്‌സഭ ആദരാഞ്ജലി അർപ്പിച്ചു. ആദരസൂചകമായി സഭയ്ക്ക് അവധി. ബജറ്റ് അവതരണം മാറ്റിെവക്കണമെന്നുള്ള പ്രതിപക്ഷ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം ബഹളമുയർത്തി. കേരളത്തിൽനിന്നുള്ള അംഗങ്ങൾ ഇറങ്ങിപ്പോയി.


രാവിലെ ലോക്‌സഭചേർന്നയുടൻ സ്പീക്കർ സുമിത്രാ മഹാജൻ അഹമ്മദിന് ആദരാഞ്ജലിയർപ്പിച്ച് പ്രമേയം അവതരിപ്പിച്ചു. പാർലമെന്റംഗം, കേന്ദ്രമന്ത്രി എന്നീനിലകളിൽ ദീർഘകാലം പ്രവർത്തിച്ച ഇ. അഹമ്മദ് ദേശീയ-അന്തർദേശീയ തലങ്ങളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച നേതാവായിരുന്നുവെന്ന് പ്രമേയം അഭിപ്രായപ്പെട്ടു. തൊട്ടു പിന്നാലെ കോൺഗ്രസിന്റെ സഭാനേതാവ് മല്ലികാർജുൻ ഖാർഗെ പ്രതിഷേധവുമായി എഴുന്നേറ്റു. ആദരസൂചകമായി ബജറ്റ് അവതരണം മാറ്റിെവക്കണമെന്ന് അഭ്യർഥിച്ചു.


ഒരു സിറ്റിങ് എം.പി.യാണ് മരിച്ചതെന്നും സഹപ്രവർത്തകനോട് സഭ ആചാരമര്യാദകൾ പാലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. മരണവിവരം സർക്കാരിന് നേരത്തെ അറിയാമായിരുന്നു. എന്നാൽ, മറച്ചുവെച്ചു. ഇക്കാര്യത്തിൽ മനുഷ്യത്വംകാട്ടണം. സഭ നിർത്തിെവക്കണമെന്നും ഖാർഗെ പറഞ്ഞു. ഖാർഗെയെ പിന്തുണച്ച് മറ്റ് പ്രതിപക്ഷനേതാക്കളും ഈ ആവശ്യം ഉന്നയിച്ചു.


എന്നാൽ, അംഗം മരിച്ചാൽ സഭ നിർത്തിവെക്കുകയാണ് കീഴ്‌വഴക്കമെങ്കിലും പ്രത്യേകസാഹചര്യമായതിനാൽ ബജറ്റവതരണവുമായി മുന്നോട്ടുപോവുകയാണെന്ന് സ്പീക്കർ പറഞ്ഞു. പ്രത്യേക ഉദ്ദേശ്യത്തിനായി രാഷ്ട്രപതി വിളിച്ചുചേർത്തതാണ് സഭാസമ്മേളനം. അതിനാൽ സഭ നിർത്തിെവക്കാനാവില്ല. എന്നാൽ, വ്യാഴാഴ്ച സഭയ്ക്ക് അവധിയായിരിക്കുമെന്ന് സ്പീക്കർ അറിയിച്ചു.


തുടർന്ന് കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും നേതൃത്വത്തിൽ പ്രതിപക്ഷം ബഹളമുയർത്തി. തുടർന്ന് ഇടത് അംഗങ്ങൾ ഇറങ്ങിപ്പോയി. കേരളത്തിൽനിന്നുള്ള എൽ.ഡി.എഫ്.-യു.ഡി.എഫ്. അംഗങ്ങളും സഭ വിട്ടു.