ഇന്ത്യയുടെ മതേതരമുഖമായി ഐക്യരാഷ്ട്രസഭയിൽ(യു.എൻ.) തിളങ്ങിനിന്നിരുന്ന ജനപ്രതിനിധിയായിരുന്നു ഇ. അഹമ്മദ്‌ സാഹിബ്‌. ഞാൻ യു.എന്നിൽ ന്യൂയോർക്കിൽ പ്രവർത്തിച്ചിരുന്ന ദശവർഷക്കാലത്ത്‌ അദ്ദേഹം അവിടെ സ്ഥിരം സാന്നിധ്യമായിരുന്നു. പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ് അദ്ദേഹത്തെ ന്യൂയോർക്കിലേക്ക്‌ തുടർച്ചയായി നിയോഗിച്ചിരുന്നത്‌. തുടർച്ചയായി ഇന്ത്യൻ പ്രതിനിധിസംഘത്തിൽ ഉൾപ്പെട്ടതുകൊണ്ട്‌ അദ്ദേഹത്തെ ഇന്ത്യയുടെ ‘സ്ഥിരംപ്രതിനിധി’ എന്ന്‌ വിദേശപ്രതിനിധികൾപോലും വിളിക്കാൻ തുടങ്ങി. 

ശീതസമരത്തിനുശേഷം കശ്മീർകാര്യത്തിൽ റഷ്യ ഇന്ത്യയെ പിന്തുണച്ചേക്കില്ല എന്ന പ്രതീക്ഷയിൽ പാകിസ്താൻ കശ്മീർപ്രശ്നം ഐക്യരാഷ്ട്രസഭയിലെ എല്ലാ കമ്മിറ്റികളിലും ഉന്നയിക്കാൻ തുടങ്ങി. അപ്പോഴാണ്‌ നമ്മുടെ പ്രതിനിധിസംഘത്തിൽ മുസ്‌ലിം പ്രാതിനിധ്യം ആവശ്യമാണെന്ന്‌ നരസിംഹറാവു തീരുമാനിച്ചതും വിശ്വസ്തനായ അഹമ്മദ്‌ സാഹിബിനെ ന്യൂയോർക്കിലേക്ക്‌ അയക്കാൻ തുടങ്ങിയതും. 1992-ലാണ്‌ പാകിസ്താന്റെ പ്രവർത്തനങ്ങൾ രൂക്ഷമായത്‌. എന്നാൽ, റഷ്യ മാത്രമല്ല അമേരിക്കപോലും പാകിസ്താന്റെ സഹായത്തിനെത്തിയില്ല എന്നത്‌ നമ്മുടെ ഒരു വലിയ നയതന്ത്രവിജയമായിരുന്നു. അതിനുവേണ്ടി പ്രയത്നിച്ചവരിൽ പ്രധാനിയായിരുന്നു അഹമ്മദ്‌ സാഹിബ്‌.
ഘോരഘോരം പ്രസംഗിക്കുന്നതിനേക്കാൾ നിശ്ശബ്ദമായി പ്രവർത്തിക്കാനാണ്‌ അദ്ദേഹം തീരുമാനിച്ചത്‌. എന്നാൽ, പറയേണ്ട കാര്യങ്ങൾ മിതമായി, സൗമ്യമായി സംസാരിക്കാനോ പ്രസംഗിക്കാനോ അദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ല. ശക്തമായി മറുപടിപറയേണ്ട അവസരം വരുമ്പോൾ പറയേണ്ടതെന്തെന്ന്‌ എന്നോട്‌ നിർദേശിക്കാറുണ്ടായിരുന്നു അഹമ്മദ്‌ സാഹിബ്‌.

ഐക്യരാഷ്ട്രസംഘടനയിലെ വിജയമാണ്‌ പിന്നീട്‌ അദ്ദേഹത്തിനെ വിദേശകാര്യ സഹമന്ത്രിയാകാനും ആ പദവിയിൽ വിജയിക്കാനും സഹായിച്ചത്‌. 
അമേരിക്കയിൽ ഞങ്ങളോടൊപ്പം ധാരാളം സമയം ചെലവഴിച്ച അദ്ദേഹം എന്റെ ഭാര്യ ലേഖയ്ക്കും കുട്ടികൾക്കും പ്രിയങ്കരനായിരുന്നു. ജീവിതാവസാനംവരെ ആ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു.
അഹമ്മദ്‌ സാഹിബിന്റെ പ്രസംഗങ്ങളുടെ ഒരു സമാഹാരം പ്രസിഡന്റ്‌ പ്രണബ്‌ മുഖർജി രാഷ്ട്രപതിഭവനിൽ രണ്ടുവർഷംമുമ്പ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. തദവസരത്തിൽ സന്നിഹിതനാകണമെന്നും പ്രസംഗസമാഹാരത്തെപ്പറ്റി സംസാരിക്കണമെന്നും അഹമ്മദ്‌  സാഹിബ്‌ നിർബന്ധിക്കുകയുണ്ടായി. അതിലെ ധാരാളം പ്രസംഗങ്ങൾക്ക്‌ കരടുണ്ടാക്കിയത്‌ ഞാനാണെന്ന്‌ അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു.  സാധാരണ മന്ത്രിമാർ ഇങ്ങനെ പറയാറില്ല. 
അഹമ്മദിന്റെ ഊഷ്മളമായ ഓർമകൾ എന്നെപ്പോലുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെ മനസ്സിൽ എന്നും നിലനിൽക്കുകതന്നെ  ചെയ്യും.