കണ്ണൂരിലെ മണ്ണിൽനിന്ന്‌ തുടക്കംകുറിച്ച രാഷ്ട്രീയ ജൈത്രയാത്ര. രാജ്യത്തിന്റെ അധികാരശ്രേണിയിലെ ഉന്നതപദവികളിലേക്ക്‌ അതുതുടർന്നു. അതിനിടയിൽ കേരളത്തിന്റെയും ഇന്ത്യയുടെയും നിയമനിർമാണസഭകളിലെ സുദീർഘമായ അംഗത്വവും സക്രിയമായ പങ്കാളിത്തവും പാർലമെന്റേറിയൻ എന്നനിലയിലും ഖ്യാതിനേടാൻ ഇടയാക്കുന്ന ഇടപെടലുകൾ. കർമമേഖലയിലെ സഞ്ചാരരഥ്യകളിലെല്ലാം വിജയമുദ്ര ചാർത്തിക്കൊണ്ടാണ്‌ ഇ. അഹമ്മദ്‌ സാഹിബ്‌ കടന്നുപോയിരിക്കുന്നത്‌.

ഈ നേട്ടങ്ങളെല്ലാം രാജ്യത്തിനും ജനതയ്ക്കും വേണ്ടിയുള്ള പോരാട്ടമാർഗത്തിൽ അദ്ദേഹത്തിന്റെ ജീവിതവീഥിയിൽ ക്രമാനുഗതമായി സംഭവിക്കുകയായിരുന്നു. അതിനുപിറകിൽ അസാമാന്യ കർമശേഷി ഒളിഞ്ഞിരുന്നു. വിദ്യാർഥിജീവിതകാലത്തുതന്നെ തുടക്കംകുറിച്ച ആ ജൈത്രയാത്രയുടെ അന്ത്യം രാജ്യത്തിന്റെയും അതിന്റെ ജനാധിപത്യത്തിന്റെയും തീർഥസ്ഥാനമായ പാർലമെന്റിന്റെ അകത്തളത്തിൽ, അതിന്റെ സമ്മേളനവേളയിലാണ്‌ സംഭവിച്ചതെന്നത്‌ യാദൃച്ഛികമായേക്കാമെങ്കിലും അത്‌ കഥാപുരുഷന്റെ ജീവിതഗതിയോട്‌ പരസ്പരപൂരകമായി ചേരുകയാണ്‌ ചെയ്യുന്നത്‌.

രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിലൂന്നിയുള്ള ജനാധിപത്യപരവും മതേതരവുമായ രാഷ്ട്രീയത്തിലൂടെ രാഷ്ട്രക്ഷേമത്തിനായി നിലകൊള്ളുകയെന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്രതിനിധി എന്ന നിലയിലാണ്‌ അദ്ദേഹം പ്രവർത്തിച്ചത്‌. 

പ്രബുദ്ധവും വിവേകപൂർണവും സർവോപരി രാജ്യസ്നേഹനിർഭരവുമായ ഈ രാഷ്ട്രീയ തത്ത്വശാസ്ത്രത്തെയാണ്‌ ഇ. അഹമ്മദ്‌സാഹിബ്‌ തിളക്കമാർന്ന നിലയിൽ ആവിഷ്കരിച്ചത്‌. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടായിരുന്നു ആ ആദർശസംഹിതയുടെ അടിസ്ഥാനവും മുഖമുദ്രയും.
എന്തുതിരക്കിനിടയിലും പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിങ്ങും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും മറ്റു പ്രമുഖരും അദ്ദേഹത്തിന്റെ വസതിയിലെ ഇഫ്‌താർ പരിപാടിക്ക്‌ എത്തുകയും ദീർഘനേരം അവിടെ സംസാരിച്ചിരിക്കുകയും ചെയ്യുന്നത്‌ കണ്ടിട്ടുണ്ട്‌. വിശ്രമമില്ലാത്ത യാത്രയായിരുന്നു അദ്ദേഹത്തിന്‌ രാഷ്ട്രീയവും സ്വന്തം ജീവിതംതന്നെയും. അതിനിടയിൽ കുടുംബത്തോടും മക്കളോടുമൊപ്പംകഴിയാൻ സമയം ലഭിക്കാതിരുന്ന അദ്ദേഹത്തിന്റെയുള്ളിൽ സ്നേഹനിധിയായ ഭർത്താവും പിതാവുമെല്ലാം ഉണ്ടായിരുന്നു.