യാത്രാസൗകര്യമില്ലാത്ത കാലത്താണ് അഹമ്മദിനോടൊപ്പം അവിഭക്ത കണ്ണൂർ ജില്ലയിലെ കവ്വായി എന്ന പ്രദേശത്തെത്തിയത്. ഞങ്ങൾ വളരെ ക്ലേശിച്ച് എത്തിയപ്പോൾ നാലഞ്ചുപേർ സ്വീകരിച്ചു. ഒരു മൈക്ക് സംഘടിപ്പിച്ച് പ്രസംഗിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ മുന്നേറാൻ അദ്ദേഹം ആഹ്വാനംചെയ്തു. രാഷ്ട്രീയത്തിൽ നിന്നകന്ന് രാഷ്ട്രീയം പഠിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞശേഷം ആദർശബോധമുള്ള തലമുറയെ വളർത്താൻ ആഹ്വാനംചെയ്തു.
വർഷങ്ങൾ കടന്നുപോയി. വികാരത്തിന് പകരം വിവേകത്തിന് മുൻതൂക്കം നൽകുന്ന തലമുറയുടെ കുറ്റിയറ്റു. പാർട്ടിയിൽ ചേക്കേറിയവരെപ്പറ്റി ആരോപണങ്ങളുയർന്നു. കവ്വായിയിലെ ഒരു പാർട്ടി പ്രവർത്തകൻ പയ്യന്നൂരിൽനിന്ന് തീവണ്ടി കയറി കോഴിക്കോട്ടുവന്ന് അഹമ്മദിനെ സമീപിച്ചു. 
അദ്ദേഹം പറഞ്ഞു- ആറരപ്പതിറ്റാണ്ട് മുമ്പ് പൂർവികർ പയ്യന്നൂരിന്റെയും കവ്വായിയുടെയും കാര്യത്തിൽ സഹിച്ച ത്യാഗം കണക്കിലെടുത്ത് നീ പറയുന്നതൊക്കെ ഞാൻ ചെയ്തുതരാം. സമർപ്പിച്ച നിവേദനത്തിന്റെ താത്പര്യമനുസരിച്ച് അഹമ്മദ് എല്ലാം ചെയ്തുകൊടുത്തു.
തലശ്ശേരി ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റിയുടെ പരിപാടിയിൽ കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞു- ‘‘നിന്റെ എല്ലാ ചങ്ങാതിമാരും വിമതന്മാരാണ്. അവർക്കും സംഗമിക്കാൻ ഇത്തരം ചടങ്ങുകളാണ് തലശ്ശേരിയിൽ വേണ്ടത്’’

പത്രപ്രവർത്തകർ അഹമ്മദിന്റെ ജീവനായിരുന്നു. എല്ലാ പത്രങ്ങളെയും അദ്ദേഹം ഒരുപോലെ കണ്ടു. താമസിക്കുന്ന ഹോട്ടലിൽ പത്രക്കാരെ വിളിച്ചുവരുത്തി ഊണും ചായയും യഥേഷ്ടം നൽകി.  

കണ്ണൂർ സിറ്റി ജുമാഅത്ത് പള്ളിയിലെ ശൈഖ് മൗലാ തങ്ങളുടെ മഖ്ബറയിൽനിന്ന് പ്രാർഥന നടത്തിയതാണ് തന്റെ വിജയകാരണമെന്ന് അഹമ്മദ് പറയാറുണ്ട്. തന്റെ ജഡം മറവ് ചെയ്യേണ്ടത് ആ പള്ളിയിലാണെന്ന് അദ്ദേഹം ഒരിക്കൽ ഓർമിപ്പിച്ചു.