രണ്ടായിരത്തിരണ്ടിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇ. അഹമ്മദ്‌ ദേശീയ, അന്തർദേശീയ മാധ്യമങ്ങൾക്ക്‌ ഊഷ്മളമായ ഒരു തലവാചകം നൽകി. ‘ഇന്ത്യൻ പാർലമെന്റ്‌ ബാൻസ്‌ കൊക്കകോള’ (ഇന്ത്യൻ പാർലമെന്റിൽ കൊക്കകോള നിരോധിക്കുന്നു). അഹമ്മദ്‌ അന്ന്‌ പാർലമെന്റിന്റെ റെയിൽവേ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായിരുന്നു. പാർലമെന്റിന്റെ കാന്റീനുകൾ നടത്തുന്നത്‌ റെയിൽവേ കാറ്ററിങ്‌ വിഭാഗമാണ്‌.

കാന്റീനുള്ളിൽ മേലിൽ കൊക്കകോള നൽകരുതെന്നായിരുന്നു ചെയർമാൻ എന്ന നിലയിൽ അഹമ്മദിന്റെ ഉത്തരവ്‌. കൊക്കകോളയിൽ ആരോഗ്യത്തിന്‌ ഹാനികരമായ പദാർഥങ്ങൾ ഉണ്ടെന്ന സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയൊൺമെന്റിന്റെ കണ്ടെത്തലും അത്‌ വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ബഹുരാഷ്ട്ര കമ്പനിയുടെ അഹങ്കാരവുമാണ്‌ ഈ തീരുമാനത്തിലെത്താൻ അഹമ്മദിനെ പ്രേരിപ്പിച്ചത്‌. ഹജ്ജ്കാലത്ത്‌ ഇന്ത്യ മെക്കയിലേക്കയച്ച ഗുഡ്‌വിൽ സംഘത്തിൽ സ്ഥിരം അംഗവും പലപ്പോഴും സംഘത്തലവനുമായി അദ്ദേഹമുണ്ടായിരുന്നു. ഐക്യരാഷ്‌ട്രസഭയിൽ നടത്തിയ പ്രസംഗങ്ങൾ സമാഹരിച്ച്‌ ‘ഇന്ത്യാസ്‌ വോയ്‌സ്‌ ഇൻ യു.എൻ.’ എന്നപേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

2004-ൽ യു.പി.എ. അധികാരത്തിൽ വന്നപ്പോൾ ഇ. അഹമ്മദ്‌ മന്ത്രിയായത് മുസ്‌ലിം ലീഗിന്റെ ബലത്തിലല്ല. സോണിയയുമായി കെട്ടിപ്പടുത്ത സൗഹൃദത്തിന്റെ ഫലമായിരുന്നു അത്‌. സോണിയ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോൾ കോൺഗ്രസ്‌ പാർട്ടിക്ക്‌ പുറത്തുനിന്ന്‌ പൊതുസ്വീകരണം നൽകിയത്‌ ഇ. അഹമ്മദ്‌ ആയിരുന്നു. ചൊവ്വാഴ്ച രാത്രി ആസ്പത്രിയിലെ ഐ.സി.യു.വിൽ അദ്ദേഹം നിശ്ചേതനായി കിടക്കുമ്പോൾ അദ്ദേഹത്തെ കാണാൻ മകളെയും മകനെയും അനുവദിച്ചില്ലെന്നുകേട്ട്‌ സോണിയ ഓടിയെത്തിയതും അതുകൊണ്ടുതന്നെ.