കൊണ്ടോട്ടി: മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ഇ. അഹമ്മദിന് ആദരാഞ്ജലികളർപ്പിക്കാൻ കരിപ്പൂർ ഹജ്ജ്ഹൗസിലേക്ക് ആയിരങ്ങളുടെ പ്രവാഹം. ജനങ്ങളെ നിയന്ത്രിക്കാൻ നേതാക്കളും വൊളന്റിയർമാരും പണിപ്പെട്ടു. 
ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനു വേണ്ടി എ.ഡി.എം. പി. സയ്ദ് അലി, ഡെപ്യൂട്ടി കളക്ടർ അബ്ദുൾ റഷീദ്, തഹസിൽദാർ എൻ. പ്രേമചന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി. എം.പി.മാരായ ഇ.ടി. മുഹമ്മദ്ബഷീർ, എം.കെ. രാഘവൻ, പി.വി. അബ്ദുൾവഹാബ്, എം.ഐ. ഷാനവാസ്. എ.ഐ.സി.സി. ജന. സെക്രട്ടറി മുകുൾ വാസ്‌നിക്, ഇ. അഹമ്മദിന്റെ മക്കളായ നസീർ, റയീസ്, ഫൗസിയ തുടങ്ങിയവർ ഡൽഹിയിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.

പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എൻ.എ. ഖാദർ, എം.കെ. മുനീർ, പി.കെ. ബഷീർ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ മൃതദേഹം ഹജ്ജ് ഹൗസിലെത്തിച്ചു. മണിക്കൂറുകൾക്കു മുമ്പുതന്നെ വൻജനാവലി ഹജ്ജ് ഹൗസിൽ കാത്തുനിന്നിരുന്നു. ഗ്രീൻ വൊളന്റിയർമാർ ഏറ്റുവാങ്ങി ഹജ്ജ്ഹൗസിന് മുന്നിൽ അഞ്ചേമുക്കാലോടെ പൊതുദർശനത്തിനുവെച്ചു. 

ജനാവലിയെ നിയന്ത്രിക്കാൻ വൊളന്റിയർമാർ പാടുപെട്ടതോടെ കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ തുടങ്ങിയവർ ഇടപെട്ടു. നേതാക്കൾ ഏറെ ശ്രമിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. രാത്രി ഏഴരവരെ ഹജ്ജ് ഹൗസിൽ പൊതുദർശനത്തിനുെവച്ച മൃതദേഹം പിന്നീട് കോഴിക്കോട്ടേക്ക് കൊണ്ടുപോയി. 

ജനപ്രവാഹം കൂടുന്നതിനനുസരിച്ച് മയ്യത്ത് നമസ്കാരം തുടർന്നു. ആദ്യ മയ്യത്ത് നമസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ്, പി.പി. തങ്കച്ചൻ, ഹുസൈൻ മടവൂർ, െപ്രാഫ. ആലിക്കുട്ടി മുസ്‌ല്യാർ, ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ. അബ്ദുൾ അസീസ്, ബെന്നി ബഹനാൻ, ടി. ആരിഫലി, ഷേക്ക് മുഹമ്മദ് കാരക്കുന്ന്, ടി.കെ. ഹംസ, നടൻ മാമുക്കോയ തുടങ്ങിയവർ ഹജ്ജ്ഹൗസിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.