ന്യൂഡൽഹി: നോട്ട് അസാധുവാക്കല്‍ മൂലം വേശ്യാവൃത്തിയില്‍ ഗണ്യമായ കുറവുണ്ടായതായി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. വേശ്യാവൃത്തി കൂടാതെ ക്വട്ടേഷന്‍ കൊലകളിലും, കശ്മീരിലെ കല്ലേറിലും വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.

'ബീഹാര്‍,പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഡല്‍ഹി പോലുള്ള വലിയ നഗരങ്ങളിലേക്ക് കടത്തപ്പെടുന്നുണ്ട്. ഇതിന് ഇടനിലക്കാര്‍ വന്‍ തുകകള്‍ കൈപറ്റുന്നുമുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കലിന് ശേഷം അത്തരമൊരു പ്രവണതയില്‍ കാര്യമായ മാറ്റമുണ്ടായി', രവി ശങ്കര്‍ പ്രസാദ് അവകാശപ്പെടുന്നു.

വേശ്യാവൃത്തിയില്‍ മാത്രമല്ല, ക്വട്ടേഷന്‍ കൊലകളിലും, കശ്മീരിലെ കല്ലേറിലും നക്‌സല്‍ തീവ്രവാദത്തിന്റെ തോതില്‍ പോലും കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കലിനെ കുറിച്ച് ഡല്‍ഹിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 ഇന്ത്യയെ സത്യസന്ധമായ ഒരു രാജ്യമായി പരിവര്‍ത്തിപ്പിക്കാന്‍ നടത്തിയ ഒരു ശ്രമത്തിന്റെ ഭാഗമാണ് നോട്ട് അസാധുവാക്കലെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

നോട്ട് അസാധുവാക്കല്‍ ബാധിച്ചത് രാജ്യത്ത് പാവങ്ങളെയാണ് എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു തള്ളി. പാവങ്ങള്‍ സന്തുഷ്ടരാണെന്നും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ചുവടുമാറിയതോടെ എല്ലാ മെച്ചങ്ങളും അവര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ലഭിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെകുറിച്ചുള്ള രാഹുലിന്റെ ജ്ഞാനം ചര്‍ച്ചയ്‌ക്കെടുക്കേണ്ടതാണെന്നും കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് രാഹുലെത്തിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടല്ല പകരം കുടുംബവാഴ്ച്ചയുടെ ഭാഗമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.