ലോകം കരിദിനമെന്നോ വഞ്ചനാദിനമെന്നോ വിഡ്ഢിദിനമെന്നോ വാഴ്ത്തട്ടെ പക്ഷെ പുതു തലമുറയ്ക്ക് നവംബര്‍ 8 അഭിമാനത്തിന്റെ ദിനമായിരിക്കും. കള്ളപ്പണത്തിനുമേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൂക്കുകയറിട്ട ദിനമാണ് നവംബര്‍ 8 എന്ന് ഒരുവര്‍ഷത്തിനിപ്പുറവും ആവര്‍ത്തിക്കേണ്ടി വരുന്നത് നോട്ട് നിരോധനത്തിനെതിരെ പടച്ചുവിട്ട നുണകളും അര്‍ധസത്യങ്ങളും അത്രമാത്രം ഉഗ്രവും ദേശവിരുദ്ധവുമായതിനാലാണ്. 

ഈ സന്ദർഭത്തിൽ നോട്ട നിരോധനത്തെ എതിർക്കുന്നവരോട് ഇത്രയെ ചോദിക്കാനാഗ്രഹിക്കുന്നുള്ളൂ. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കശ്മീരിലെ വിഘടനവാദികളിലേക്ക് ഒഴുകുന്ന പണത്തിന് കുറവു വന്നിട്ടുണ്ടോ?, കശ്മീരിലെ വിഘടനവാദികളുടെ കല്ലേറിന് കുറവുവന്നിട്ടുണ്ടോ?, പ്രകൃതിയെ ചൂഷണം ചെയ്യുന്ന റിയല്‍എസ്റ്റേറ്റ് വിപണിക്ക് മങ്ങലേറ്റിട്ടുണ്ടോ?, കള്ളപ്പണം വെളുപ്പിക്കാനായി കെട്ടിപ്പടുക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെ എണ്ണം കുറഞ്ഞ് നിര്‍മ്മാണ മേഖല തളര്‍ന്നിട്ടുണ്ടോ?.അതെയെന്നാണ് ഉത്തരമെങ്കില്‍ നോട്ട് നിരോധനം ഫലം കണ്ടു എന്നു ഞങ്ങളെപ്പോലുള്ളവര്‍ സധൈര്യം പറയുക തന്നെ ചെയ്യും.

2016-17 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപിയില്‍ 1.2%ശതമാനത്തിന്റെ കുറവുണ്ടായി എന്നത് വിസ്മരിച്ചല്ല ഈ വാദം. എന്നാല്‍ നോട്ട് അസാധുവാക്കല്‍ പോലൊരു ചരിത്രപരമായ തീരുമാനത്തെ സാമ്പത്തിക വര്‍ഷത്തിന്റെ പാദക്കണക്കുകള്‍ നിരത്തി മാത്രമല്ല തുലനം ചെയ്യേണ്ടത്. ഹ്രസ്വകാല നേട്ടങ്ങള്‍ക്കപ്പുറത്ത് ഒരു രാജ്യത്തിന്റെ ധാര്‍മ്മിക അടിത്തറയ്ക്ക് ഒരു തീരുമാനം എത്രമാത്രം ഗുണപരമായിട്ടുണ്ടെന്നതും ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണ്. രാജ്യത്തിന്റെ സുതാര്യവും സത്യസന്ധവുമായ സാമ്പത്തിക ഘടനയ്ക്ക് നോട്ട് നിരോധനം നല്‍കിയ സംഭാവന ഈ അവസരത്തില്‍ എണ്ണിയെണ്ണി പറയാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍.

നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടായി

ഒരു സമൂഹം പരിഷ്‌കൃതവും വികസനോന്മുഖവും ആവുന്നത് ആ ജനത ഒടുക്കുന്ന നികുതി വരുമാനത്തെ കൂടി ആശ്രയിച്ചാണ്. നികുതി കൃത്യമായി അടച്ച് രാജ്യത്തിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമാവുമ്പോഴാണ് ഒരു ജനത പരിഷ്‌കൃതരും സംസ്‌കാര സമ്പന്നരും ആയി മുന്നോട്ടു കുതിക്കുന്നത്.. നോട്ട് നിരോധനത്തിനു ശേഷം നികുതിയൊടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന കണക്കുകള്‍ അതു കൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് സാമ്പത്തിക രംഗത്തുള്ളവരും ഭരണാധികാരികളും കാണുന്നത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി നികുതിയൊടുക്കിയവര്‍ 25.1% മായിരുന്നെങ്കില്‍ നോട്ട് അസാധുവാക്കലിനു ശേഷം പുതിയ നികുതിദായകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി നികുതിയൊടുക്കിയവര്‍ 45.3% ആണ്.
 
കണക്കില്‍പെടാത്ത വരുമാനത്തില്‍ വന്‍ വര്‍ധന

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യ കുറച്ചു കൂടി സുതാര്യവും സത്യസന്ധവുമായ സാമ്പത്തിക സംവിധാനത്തിലേക്ക് നീങ്ങിയെന്നാണ് അരുണ്‍ ജെയറ്റ്ലി പറയുന്നത്.

'2016-17 വര്‍ഷത്തില്‍ 13,716 കോടി രൂപയുടെ കണക്കില്‍പെടാത്ത വരുമാനമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വരുമാനത്തിന്റെ കാര്യത്തില്‍ 2015-16 വര്‍ഷത്തേതിനേക്കാള്‍ 41% ത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പലിശ നിരക്കില്‍ ഇടിവ്

നോട്ട് നിരോധനത്തിനു ശേഷം നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ടായതു കൊണ്ട് തന്നെ പലിശ നിരക്കുകള്‍ വലിയ തോതില്‍ കുറഞ്ഞു.വായ്പകള്‍ വാങ്ങുന്നവന്റെ മേലുള്ള ബാധ്യത കുറഞ്ഞു.  ഇതിന്റെ ഗുണം താമസിയാതെ കാണാനാവും. പലിശ നിരക്കില്‍ കുറവുണ്ടാവുന്നതോടെ സ്വകാര്യ നിക്ഷേപം വര്‍ധിക്കുകയും മൂലധന നിക്ഷേപം ത്വരിതപ്പെടുകയും ചെയ്യും. ഇത് വ്യാവസായിക വളര്‍ച്ചയെ സഹായിക്കും.

കശ്മീരിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാാനായി

ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിനിടെ 36.5 കോടിയുടെ അസാധു നോട്ടുകള്‍ കശ്മീരില്‍നിന്ന് പിടിച്ചെടുത്തുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).വെളിപ്പെടുത്തുന്നു. ചൊവ്വാഴ്ചയാണ് എന്‍.ഐ.എ ഈ അവകാശവാദവുമായി രംഗത്തെത്തിയത്.

36,34,78,500 രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തുവെന്നും ഒന്‍പത് പേരെ അറസ്റ്റ് ചെയ്തുവെന്നുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അവകാശവാദം. ഇതിനർഥം രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന വിഘടനവാദികളിലേക്കെത്തുന്ന പണത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടായി എന്നല്ലേ.

നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. 

ഡിജിറ്റല്‍ ഇടപാടിലേക്ക്

സമ്പത്ത് ഘടനയെ കൂടുതല്‍ കരുത്തുറ്റതും സുതാര്യവുമാക്കുന്ന രീതിയില്‍ ഇന്ത്യ ഡിജിറ്റല്‍ ഇടപാടിലേക്ക് കൂടുതലായും നീങ്ങിയത് നോട്ട് അസാധുവാക്കലിന് ശേഷമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജിഎസ്ടി കൂടി നടപ്പിലാക്കിയതോടെ നികുതി വെട്ടിപ്പ് കുറഞ്ഞ് ജനം കൂടുതല്‍ ഡിജിറ്റല്‍ ക്രയവിക്രയം നടത്താന്‍ നിര്‍ബന്ധിതരായി.

വ്യവസായ സൗഹൃദ പദവിയില്‍ നേട്ടം

എളുപ്പത്തില്‍ വ്യവസായം തുടങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. ലോക ബാങ്ക് തയ്യാറാക്കിയ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 130ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 100ാം സ്ഥാനത്തേക്ക് 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എത്തിയത് നോട്ട് നിരോധനത്തിനു ശേഷമാണ്. 2015ല്‍ 130ംസ്ഥാനത്തും 2014ല്‍ 142ാംസ്ഥാനത്തുമായിരുന്നു ഇന്ത്യ.

ഈ വര്‍ഷം ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ രാജ്യമായും ലോകബാങ്ക് ഇന്ത്യയെ നിരീക്ഷിച്ചു. വായ്പാ ലഭ്യതയിലും നിക്ഷേപ സംരക്ഷണ സംരംഭങ്ങളിലും ഇന്ത്യ മുന്നോറ്റമുണ്ടാക്കിയതായി ലോകബാങ്ക് നിരീക്ഷിക്കുന്നു. 

ദീര്‍ഘകാല ഗുണങ്ങള്‍ നോട്ട് നിരോധനം മൂലം ഇന്ത്യയ്ക്കുണ്ടെന്ന് പറഞ്ഞത് മുന്‍ ആര്‍ബിഐ ഗവര്‍ണ്ണറും നോട്ട് നിരോധനത്തിന്റെ വിമര്‍ശകനുമായ രഘുറാം രാജന്‍ തന്നെയാണ്. അസാധുവാക്കിയ 99% പണവും തിരികെയെത്തി എന്ന പറഞ്ഞാണ് നോട്ട് നിരോധനത്തെ വലിയൊരു ഭൂരിപക്ഷം എതിര്‍ക്കുന്നത്. കള്ളനോട്ട് എന്താണ് കള്ളപ്പണം എന്താണ് എന്ന വ്യക്തത പോലുമില്ലാതെയാണ് ഈ 99%ത്തിന്റെ കണക്കു പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നതെന്ന് പറയേണ്ടി വരും.

99%പണവും തിരികെയെത്തിട്ടുണ്ടെങ്കില്‍ ഇന്‍കംടാക്‌സ് വകുപ്പിന്റെ ജോലി കുറച്ചു കൂടി എളുപ്പമായെന്ന് വിലയിരുത്താം. ഐടി വകുപ്പിന്റെ സഹായത്തോടെ ഈ നിക്ഷേപിക്കപ്പെട്ട തുകയില്‍ എത്രമാത്രം കള്ളപ്പണമുണ്ടെന്ന് ഇനി കണ്ടെത്താവുന്നതേയുള്ളൂ.
നോട്ട നിരോധനം ജിഡിപിയില്‍ 2% ത്തിന്റെ ഇടിവുണ്ടാക്കുമെന്നായിരുന്നു മന്‍മോഹന്‍ സിങ് പ്രവചിച്ചത്. എന്നാല്‍ .1%ത്തിന്റെ വിളര്‍ച്ച മാത്രമാണ് നോട്ട് നിരോധനാനന്തരം ഇന്ത്യയ്ക്കുണ്ടായ ഏക ദുരന്തം എന്ന് പറഞഞാൽ നിഷേധിക്കാനാവുമോ. 

Read: നോട്ട് നിരോധനം ദുരന്തം: പ്രൊഫ. വെങ്കടേഷ് ആത്രേയ