മൊത്തം കറന്‍സിയുടെ 86 ശതമാനത്തോളം ആയിരുന്ന 15.44 ലക്ഷം കോടിരൂപയുടെ മൂല്യം ഉണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ 2016 നവംബര്‍ എട്ടിന് റദ്ദാക്കപ്പെട്ടു. വ്യാജനോട്ടുകളുടെ ചംക്രമണം/വ്യാപനം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത് തടയുക, കള്ളപ്പണം കറന്‍സി നോട്ടുകളായി സൂക്ഷിക്കുന്നത് ഇല്ലാതാക്കുക, ലഹരിമരുന്ന് കടത്തല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍, സമ്പദ്വ്യവസ്ഥയ്ക്കും രാജ്യസുരക്ഷയ്ക്കും ക്ഷതം ഏല്പിക്കല്‍ എന്നീ വിധമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് നടത്തുന്നത് തടയുക എന്നിങ്ങനെയുള്ള മൂന്ന് ലക്ഷ്യങ്ങളാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്.

എന്നാല്‍, കുറെ കഴിഞ്ഞപ്പോള്‍ നാണ്യപ്രാധാന്യം കുറഞ്ഞ (Cashless) സമ്പദ് വ്യവസ്ഥ സംജാതമാക്കുക, സാംഖീകരണം (ഡിജിറ്റൈസേഷന്‍) വഴി സമ്പദ് വ്യവസ്ഥയെ ഔപചാരിക ചട്ടക്കൂട്ടില്‍ കൊണ്ടുവരുക (formalise  the economy), നികുതിദായകരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ മൂന്ന് ഉപലക്ഷ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

സമ്പദ് വ്യവസ്ഥയുടെ വിവിധരംഗങ്ങള്‍ക്കും ജനങ്ങള്‍ക്ക് പൊതുവേയും മാസങ്ങളോളം ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും നടപടിയുടെ ദീര്‍ഘകാല ഉദ്ദേശ്യലക്ഷ്യങ്ങള്‍ കണക്കിലെടുത്ത് ജനങ്ങള്‍ പ്രശംസനീയമാംവണ്ണം അവ സഹിച്ചു. നോട്ട് റദ്ദാക്കലിനെ എതിര്‍ത്തവര്‍ കള്ളപ്പണക്കാരെ അനുകൂലിക്കുന്നവരാണെന്ന ശക്തമായ പ്രചാരണം വിമര്‍ശകരെ വലിയൊരളവുവരെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

റിസര്‍വ് ബാങ്കിന്റെ ലാഭം മുന്‍വര്‍ഷത്തെ 65,880 കോടി രൂപയില്‍നിന്ന് 201617ല്‍ 35,217 കോടിരൂപ കുറഞ്ഞ് 30,663 കോടി രൂപയായി. കേന്ദ്രസര്‍ക്കാരിന്റെ റിസര്‍വ് ബാങ്കില്‍നിന്നുള്ള വരുമാനവും ഇതേ തോതില്‍ കുറഞ്ഞു എന്നും സാന്ദര്‍ഭികമായി പറയട്ടെ.
നോട്ട് റദ്ദാക്കല്‍മൂലം ബാങ്കുകള്‍ക്കുണ്ടായ അധികച്ചെലവിന്റെ കണക്കുകള്‍ ലഭ്യമല്ല.
201617 കാലയളവില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും വ്യാജനോട്ടുകള്‍ റിസര്‍വ് ബാങ്ക് കണ്ടെത്തിയത് 41.5 കോടി രൂപയ്ക്കായിരുന്നു (മൊത്തം 43 കോടിരൂപ); മുന്‍വര്‍ഷം ഇത് 41.8 കോടി രൂപയ്ക്കും. പുതിയ അഞ്ഞൂറ് രൂപയുടെ 199 വ്യാജനോട്ടുകളും രണ്ടായിരം രൂപയുടെ 638 നോട്ടുകളും വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ കണ്ടെത്തി എന്നത് ആശങ്കയുളവാക്കുന്നു. അല്ലാതെയും പുതിയ കറന്‍സിയുടെ വ്യാജനോട്ടുകള്‍ പിടിക്കപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കള്ളപ്പണവും പിടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നോട്ട് റദ്ദാക്കലിനപ്പുറമുള്ള കര്‍ശന നടപടികളിലേക്ക് വ്യാജനോട്ടുകളുടെയും കള്ളപ്പണത്തിന്റെയും കാര്യത്തില്‍ നമ്മുടെ രാജ്യം നീങ്ങേണ്ടിയിരിക്കുന്നു.

മൂന്നുലക്ഷം കോടി രൂപമുതല്‍ അഞ്ചുലക്ഷം കോടി രൂപവരെ മൂല്യമുള്ള പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ അടയ്ക്കപ്പെടാതെ സ്വയം റദ്ദാക്കപ്പെടുമെന്നും കള്ളപ്പണക്കാര്‍ക്ക് കനത്ത പ്രഹരമേല്‍ക്കുമെന്നും, ഈ വന്‍ തുകയ്ക്കുള്ള റിസര്‍വ് ബാങ്കിന്റെ ബാധ്യത ഇല്ലാതാക്കപ്പെടുകയും അത് സര്‍ക്കാരിന് വരുമാനമായി ലഭിക്കുകയും ചെയ്യും എന്ന പ്രതീക്ഷയും പുലര്‍ത്തപ്പെട്ടു.

പ്രതീക്ഷയ്ക്ക് വിരുദ്ധമായി റദ്ദുചെയ്യപ്പെട്ട 15.44 ലക്ഷം കോടിരൂപയുടെ നോട്ടുകളില്‍ 15.28 ലക്ഷംകോടി (99 ശതമാനം) ബാങ്കുകളില്‍ അടയ്ക്കപ്പെട്ടു. അഞ്ച് ലക്ഷം കോടി രൂപവരെ റദ്ദാക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിടത്ത് 16,000 കോടിരൂപയുടെ നോട്ടുകള്‍ മാത്രമാണ് ഇല്ലാതാകാനും റിസര്‍വ് ബാങ്കിന്റെ വരുമാനമാകാനും പോകുന്നത്.
പുതിയ നോട്ടുകള്‍ അടിക്കുവാന്‍ 7,965 കോടിരൂപ റിസര്‍വ് ബാങ്കിന് ചെലവായി. മുന്‍വര്‍ഷം ഇത് 3,421 കോടിരൂപയായിരുന്നു. പുതിയ അഞ്ഞൂറ് രൂപയുടെ നോട്ടടിക്കാന്‍ 2.87 രൂപയും രണ്ടായിരത്തിന്റെ നോട്ടിന് 3.54 രൂപയും ചെലവ് കണക്കാക്കപ്പെടുന്നു.


ചംക്രമണത്തിലുള്ള കറന്‍സിനോട്ടുകളുടെ മൂല്യത്തില്‍ 15 ശതമാനം കുറവുണ്ടായതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പ്രത്യക്ഷ നികുതിവരുമാനം 201617ല്‍ 14.5% ഉയര്‍ന്ന് 8.50 ലക്ഷം കോടി രൂപയായി. ഇത് മുഴുവന്‍ വര്‍ഷത്തെ കണക്കാണ്. 201213 മുതലുള്ള മൂന്നുവര്‍ഷങ്ങളില്‍ യഥാക്രമം 14.24%, 8.96%, 6.63% എന്നിങ്ങനെ വര്‍ധനയുണ്ടായിരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017 ഓഗസ്റ്റുവരെ നികുതിറിട്ടേണ്‍  സമര്‍പ്പിച്ചവരുടെ എണ്ണം 24.5% കൂടി 2.82 കോടിയായി. മുന്‍ വര്‍ഷത്തെ വര്‍ധന 9.9% ആയിരുന്നു. 201617ല്‍ പ്രത്യക്ഷനികുതി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.60% ആയിരുന്നു. 201314 മുതലുള്ള മൂന്നുവര്‍ഷങ്ങളില്‍ ഇത് യഥാക്രമം 5.62%, 5.55%, 5.47% എന്നിങ്ങനെയായിരുന്നു. പ്രത്യക്ഷനികുതിയില്‍ വലിയ മുന്നേറ്റം നോട്ടുറദ്ദാക്കല്‍മൂലം ഉണ്ടായി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നില്ല. നികുതിറിട്ടേണ്‍ സമര്‍പ്പണത്തിലുണ്ടായ വര്‍ധന ആശാവഹമാണുതാനും.

റദ്ദാക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ അടച്ചവര്‍ അതിന്റെ സ്രോതസ്സും കണ്ടുവെച്ചിട്ടുണ്ടാകും. 201617ല്‍ സംശയകരമായ രീതിയില്‍ പണമടച്ചിട്ടുള്ള 3,61,241 അക്കൗണ്ടുകള്‍ ബാങ്കുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷം ഇത് 61,361 അക്കൗണ്ടുകളില്‍ മാത്രമായിരുന്നു. സംശയകരമായ അക്കൗണ്ടുകളില്‍ പരിശോധന നടത്തി കള്ളപ്പണം കണ്ടെത്തുക എന്ന അതിശ്രമകരമായ ഒരു വെല്ലുവിളിയാണ് നികുതിവകുപ്പിന്റെ മുമ്പിലുള്ളത്.

ഡെബിറ്റും ക്രെഡിറ്റും കാര്‍ഡുകളുടെ ഉപയോഗം 2016 നവംബറില്‍ 20.5 കോടി എണ്ണം ആയിരുന്നത് ഡിസംബറില്‍ 31.1 കോടി എണ്ണമായി ഉയര്‍ന്നെങ്കിലും 2017 മേയ് മാസത്തില്‍ 19.6 കോടി എണ്ണമായി കുറഞ്ഞു (മൊത്തം തുക 38,600 കോടി രൂപ). മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ 2016 നവംബറില്‍ 7.23 കോടി ആയിരുന്നത് 2017 മേയ് മാസത്തില്‍ 5.76 കോടി ആയി (മൊത്തം തുക 1,38,000 കോടി രൂപ). സാംഖീകരണത്തില്‍ (ഡിജിറ്റൈസേഷന്‍) കൈവരിച്ച നേട്ടം മുന്‍കാലത്തെ നിലയിലേക്ക് ഏതാണ്ട് മടങ്ങിപ്പോയത് പുനരുദ്ധരിക്കേണ്ടിയിരിക്കുന്നു.

ബാങ്കുകളിലെ നിക്ഷേപം നോട്ടുറദ്ദാക്കലിനുമുന്‍പുള്ള  ത്രൈമാസത്തിലെ (സെപ്റ്റംബര്‍ 2016) 100.97 ലക്ഷം കോടി രൂപയില്‍നിന്ന് 2017 മാര്‍ച്ചില്‍ 107.51 ലക്ഷം കോടിരൂപയായി ഉയര്‍ന്നെങ്കിലും 2017 ജൂണില്‍ 824 കോടി രൂപ കുറഞ്ഞ് 107.50 ലക്ഷം കോടി രൂപയിലായിരിക്കുന്നു. നിക്ഷേപവര്‍ധനയിലൂടെ വായ്പ കൊടുക്കാനുള്ള ശേഷി ബാങ്കുകള്‍ വീണ്ടും പരിപോഷിപ്പിക്കേണ്ടിയിരിക്കുന്നു.

നോട്ടു റദ്ദാക്കലിനെത്തുടര്‍ന്നുള്ള തൊഴില്‍നഷ്ടവും  ഉത്പാദനത്തിലുണ്ടായ വീഴ്ചയും കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. പുതിയ തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിവരവും ലഭ്യമല്ല.ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച നോട്ടുറദ്ദാക്കലിന് മുമ്പുണ്ടായിരുന്ന 7.9 ശതമാനത്തില്‍നിന്ന് 5.7% ആയി 2017 ജൂണില്‍ കുറഞ്ഞിരിക്കുന്നു. നോട്ടുറദ്ദാക്കല്‍ മാത്രമാണ് ഇതിനുകാരണം എന്നുപറയുന്നത് സങ്കീര്‍ണമായ സാമ്പത്തിക ഘടകങ്ങളെ ലളിതവത്കരിക്കുന്നതിന് തുല്യമായിപ്പോകും. നോട്ടുറദ്ദാക്കല്‍ ഒരുകാരണം ആയിരുന്നിരിക്കണം.കള്ളപ്പണത്തെയും വ്യാജ കറന്‍സിനോട്ടുകളെയും തദ്വാരാ നടക്കുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളെയും നേരിടാന്‍ നിയമവാഴ്ച കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ നമ്മുടെ രാജ്യത്തിന് കഴിയണം. ഭൂമി, കെട്ടിടം, വിലപിടിപ്പുള്ള സ്വര്‍ണം, പ്ലാറ്റിനം എന്നീ ലോഹങ്ങള്‍ ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍, വിദേശത്തുള്ള ആസ്തികള്‍ എന്നിവയില്‍ ഒളിച്ചുവെച്ചിരിക്കുന്ന കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ നോട്ടുറദ്ദാക്കലിനപ്പുറമുള്ള നടപടികളാവശ്യമാണ്. ഇടയ്ക്കിടെ നടപ്പാക്കുന്ന മാപ്പാക്കല്‍ (ആംനെസ്റ്റി) പദ്ധതികള്‍ വീണ്ടും കള്ളപ്പണം കൂട്ടിവെക്കാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ ഇടയുണ്ട്.

പല വികസ്വരരാജ്യങ്ങളിലേതിനെയും അപേക്ഷിച്ച് നമ്മുടെ നികുതിനിരക്കുകള്‍ ഇപ്പോള്‍ ന്യായപൂര്‍ണമാണ്. കൊടുക്കേണ്ടവര്‍ എല്ലാവരും നികുതികൊടുക്കുന്നു എന്നുറപ്പാക്കുകയാണ് വേണ്ടത്. ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്ന ആദായനികുതി റിട്ടേണ്‍പ്രകാരമുള്ള റീഫണ്ട് മൂന്നുമാസത്തിനകം ലഭിച്ച അനുഭവം എനിക്കുണ്ട്. 45 വര്‍ഷത്തെ നികുതിയടയ്ക്കല്‍ ഇടപാടുകളില്‍ 2016ല്‍ ആദ്യമായി അഭിമാനാര്‍ഹമായ ഒരു റേറ്റിങ്ങും ആദായനികുതിവകുപ്പില്‍നിന്ന് കിട്ടി. നികുതിയടയ്ക്കുന്നത് നമ്മുടെ ധര്‍മമായി അംഗീകരിക്കുന്ന ഒരു സാംസ്‌കാരിക ഉയര്‍ച്ചയും നിയമവാഴ്ചയുടെ നീതിപൂര്‍വവും കര്‍ശനവുമായ നടത്തിപ്പുമാണ് നമുക്കിന്നാവശ്യം.

(ബി.ഐ.എഫ്.ആര്‍., യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ മുന്‍ ചെയര്‍മാനാണ്. ലേഖകന്‍)

content highlights: first anniversary of demonetisation, demonetisation, currency ban, note ban, indian economy, fake note, black money