നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോള്‍ പല മേഖലകളും പ്രതിസന്ധിയില്‍ നിന്ന് കരകയറിയെങ്കിലും ചില മേഖലകളില്‍ തളര്‍ച്ച നിലനില്‍ക്കുകയാണ്. ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും സാന്ദ്രത കൂടുതലായതിനാല്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലുള്ള 'ദുരന്തം' കേരളത്തില്‍ അനുഭവപ്പെട്ടിട്ടില്ല 

റിയല്‍ എസ്റ്റേറ്റ്

കഴിഞ്ഞ വര്‍ഷം നവംബര്‍മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍വരെ സംസ്ഥാനത്ത് 8.24 ലക്ഷം ഭൂമി രജിസ്ട്രേഷനാണ് നടന്നത്. തൊട്ടുമുന്‍വര്‍ഷം ഇതേ കാലയളവില്‍ 9.26 ലക്ഷം രജിസ്ട്രേഷന്‍ നടന്നു. 1.02 ലക്ഷം ആധാരങ്ങളുടെ കുറവുണ്ടായി. നോട്ട് പിന്‍വലിക്കല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കി. ബാങ്ക് വഴിയുള്ള ഇടപാടുകള്‍ കര്‍ശനമാക്കിയതും വസ്തുവില്‍പ്പനയെ ബാധിച്ചു. 

ആധാരങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും വരുമാനത്തില്‍  മുന്‍വര്‍ഷത്തെക്കാള്‍  132 കോടിയുടെ വര്‍ധനയുണ്ടായി. മുന്‍വര്‍ഷം 2616 കോടിയായിരുന്നു വരുമാനം.  ഈ വര്‍ഷം 2748 കോടിയായി ഉയര്‍ന്നു. സ്റ്റാമ്പ് ഡ്യൂട്ടി  ഉള്‍പ്പെടെ കൂട്ടിയതാണ് വരുമാനവര്‍ധനയ്ക്ക് കാരണം.

നോട്ട് നിരോധനം നടപ്പാക്കിയ നവംബറില്‍ ഇടപാടുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പാതിയായിക്കുറഞ്ഞു. മാര്‍ച്ചുവരെ ഈ സ്ഥിതി തുടര്‍ന്നു. മാര്‍ച്ചില്‍ രജിസ്‌ട്രേഷന്‍ ഒരു ലക്ഷമായി ഉയര്‍ന്നു. ഏപ്രിലില്‍ 63,512 ആയി കുറഞ്ഞു. എന്നാല്‍, ഈ വര്‍ഷം ഒക്ടോബറില്‍ രജിസ്ട്രേഷന്‍  കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4000 കൂടി. സെപ്റ്റംബര്‍ മാസത്തില്‍ അവധികളുടെ എണ്ണം കൂടുതലായതിനാലാണ് ഒക്ടോബറില്‍  രജിസ്ട്രേഷന്‍ വര്‍ധിച്ചത്.

ചെറുകിട വ്യവസായം

ചെറുകിട വ്യവസായരംഗത്തെ പല സംരംഭങ്ങളും പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാതെ നില്‍ക്കുകയാണ്. കെട്ടിട നിര്‍മാണസാമഗ്രി, സ്റ്റീല്‍, സിമന്റ് കട്ടള, ജനാല എന്നിവ ഉത്പാദിപ്പിക്കുന്ന സംരംഭങ്ങളാണ് തിരിച്ചുവരവ് സാധ്യമാകാതെ നട്ടംതിരിയുന്നത്. മരവ്യവസായവും പ്രതിസന്ധിയില്‍നിന്ന് കരകയറിയിട്ടില്ല. 

സ്റ്റീല്‍, പ്ലാസ്റ്റിക്, മരം തുടങ്ങി എല്ലാ ഇനം ഫര്‍ണിച്ചര്‍ സംരംഭങ്ങളും പ്രതിസന്ധിയിലാണ്. നോട്ട് അസാധുവാക്കല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ തളര്‍ത്തിയതാണ് ഈ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടിയായത്. പല മേഖലകളിലും 28 ശതമാനം എന്ന ഉയര്‍ന്ന നിരക്കിലാണ് ജി.എസ്.ടി. അതേസമയം, ചെറുകിട വ്യവസായമേഖലയിലെ ചില സംരംഭങ്ങള്‍ ആദ്യ മൂന്നു നാലു മാസത്തെ സ്തംഭനത്തില്‍നിന്ന് പഴയനിലയിലേക്ക് നില മെച്ചപ്പെടുത്തി.

സ്വര്‍ണം

നോട്ട് അസാധുവാക്കലിന് പിന്നാലെ സ്വര്‍ണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തുടക്കത്തില്‍ സ്വര്‍ണവ്യാപാര രംഗത്ത് ആശങ്കയ്ക്ക് ഇടയാക്കി. എന്നാല്‍, പിന്നീട് ഈ മേഖലയില്‍ ഡിമാന്‍ഡ് പഴയ നിലയിലേക്ക് എത്താന്‍ തുടങ്ങി. സ്വര്‍ണവ്യാപാരരംഗത്ത് സംഘടിത മേഖലയിലെ കച്ചവടം ഇപ്പോഴും 30 ശതമാനത്തിന് താഴെ മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം വ്യാപാരസ്ഥാപനങ്ങളില്‍ നികുതി നല്‍കിയുള്ള വില്‍പ്പനയായതിനാല്‍ ഇടപാടുകള്‍ പഴയനിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ജി.എസ്.ടി. വന്നതോടെ അസംഘടിതമേഖലയില്‍ ഡിമാന്‍ഡ് വീണ്ടും ഉണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആനുകൂല്യങ്ങള്‍കൂടി നടപ്പാക്കിയാല്‍ അംഗീകൃത മാര്‍ഗങ്ങളിലൂടെയുള്ള കച്ചവടം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

content highlights: first anniversary of demonetisation, noteban, currencyban, demonetisation, black money