രാജ്യത്തെ ഓരോ പൗരനെയും സമ്പദ്ഘടനയുടെ സമസ്തമേഖലകളെയും ബാധിക്കുന്ന സുപ്രധാന നയങ്ങൾ എങ്ങനെ നടപ്പാക്കാതിരിക്കണം എന്ന പാഠത്തിന്റെ തിരിച്ചറിവാണ് അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളെ അസാധുവാക്കിയതിന്റെ ഒന്നാം ചരമവാർഷികം ഓർമിപ്പിക്കുന്നത്. കാര്യമായ കൂടിയാലോചനകളോ, വരുംവരായ്മകളുടെ വിലയിരുത്തലുകളോ കടലാസുപണം ഇന്ത്യയെ പോലൊരു വികസ്വരരാജ്യത്ത് വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ബോധമോ ഇല്ലാതെയാണ് ഈ പരിപാടി നടപ്പാക്കിയതെന്ന് തെളിഞ്ഞുവരുന്നു.

രാജ്യത്തെ കടലാസുപണത്തിന്റെ മൂല്യത്തിന്റെ 87 ശതമാനവും ഒറ്റയടിക്ക് പിൻവലിച്ചപ്പോൾ ഇവയ്ക്കുപകരം വേണ്ടത്ര പുതിയ നോട്ടുകൾ ലഭ്യമാക്കിയില്ലെന്നുമാത്രമല്ല എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് അവയുടെ ദൗർലഭ്യം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഒരു വർഷം മുമ്പത്തെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ കടലാസ് പണത്തിന്റെ ദൗർലഭ്യം മൂല്യാടിസ്ഥാനത്തിൽ 15 ശതമാനമാണ് എന്നാണ് കണക്കുകൾ പറയുന്നത്.

എല്ലാ മേഖലയിലും തിരിച്ചടി

‘തുഗ്ലക് പരിഷ്കാരമെന്ന്’ ചിലർ വിശേഷിപ്പിച്ച ഈ നയംകൊണ്ട് രാജ്യത്തിന് നേരിട്ട തിരിച്ചടി ചില്ലറയൊന്നുമല്ല. ഇന്ത്യൻ സമ്പദ്ഘടനയുടെ മൊത്തം വളർച്ചനിരക്ക് പടിപടിയായി കുറഞ്ഞ് കഴിഞ്ഞ 2017 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 5.7 ശതമാനത്തിൽ നിൽക്കുന്നു. 2016-ൽ ഇതേ കാലയളവിൽ വളർച്ചനിരക്ക് 7.9 ശതമാനമായിരുന്നു എന്ന് ഓർക്കുക. കൂനിൻമേൽകുരു എന്നപോലെ കാര്യമായ തയ്യാറെടുപ്പുകളോ ആഘാത പഠനങ്ങളോ നടത്താതെ നടപ്പാക്കിയ ജി.എസ്.ടി. യും വന്നതോടുകൂടി വളർച്ചനിരക്കിൽ വന്ന ഈ മാന്ദ്യം കൂടുതൽ ദൃഢമാകാനാണ് സാധ്യത. മാത്രമല്ല വികസിതരാജ്യങ്ങളിലും ചൈനയെപ്പോലുള്ള വികസ്വരരാജ്യങ്ങളിലും സാമ്പത്തികസ്ഥിതി മന്ദഗതിയിലായതോടുകൂടി ഇന്ത്യൻ സമ്പദ്ഘടന കൂടുതൽ വെല്ലുവിളികളും നേരിടേണ്ടിവരും. ബാങ്കിങ് മേഖലയിലെ നിഷ്‌ക്രിയ ആസ്തി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ഇതോടോപ്പം വായിക്കണം. ഇതെല്ലാം കൊണ്ടായിരിക്കാം പത്തു കൊല്ലം മുമ്പ് ദേശീയവരുമാനത്തിന്റെ 38 ശതമാനം നിക്ഷേപത്തിനായി ഉപയോഗിച്ച സ്ഥാനത്ത് ഇപ്പോഴത് 30-ൽ താഴെ നിൽക്കുന്നത്.

സമ്പദ്ഘടനയിൽ ഉണ്ടായ ഈ ഒരു തിരിച്ചടിയിൽ ഏറ്റവുമധികം കഷ്ടപ്പാടുകൾ അനുഭവിക്കുന്നത് സാധാരണജനങ്ങളാണ്; കാരണം കടലാസു പണത്തിൽ അധിഷ്ഠിതമായ ചെറുകിട അഥവാ അനൗപചാരിക സമ്പദ്ഘടനയിൽ ഉപജീവനം നയിക്കുന്നവർ സാധാരണക്കാരാണ്. രാജ്യത്ത് മൊത്തം തൊഴിലെടുക്കുന്നവരിൽ 82 ശതമാനവും ഈ മേഖലയിലാണ്. ഘടനാപരവും സാമൂഹികപരവുമായ - പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ - കാരണങ്ങളാൽ കടലാസുപണം ഇല്ലാത്ത ഒരു ക്രയവിക്രിയ സംവിധാനത്തിലേക്ക് അവർക്ക് എത്തിപ്പെടാനുള്ള സാധ്യത വളരെ പരിമിതമാണ്. ഈ മേഖലയിലെ പ്രവർത്തനം സുഗമമായി നടക്കണമെങ്കിൽ കടലാസുപണം അത്യാവശ്യമാണ്. ഇതിന് തടസ്സം വന്നതാണ് സാമ്പത്തിക വളർച്ചനിരക്ക് കുറയുന്നതിന് ഒരു പ്രധാന കാരണം. ഇതിനു പുറമേ സർക്കാരിനും കാര്യമായ ചില നഷ്ടങ്ങൾ ഉണ്ടായി.

പുതിയ നോട്ടുകൾ അച്ചടിക്കാനായി 2016-’17-ൽ റിസർവ് ബാങ്ക് ചെലവഴിച്ചത് 7,965 കോടി രൂപ; അതായത് അതിന്‌ മുൻവർഷം ചെലവാക്കിയതിന്റെ ഇരട്ടിയിലധികം. കൂടാതെ റിസർവ് ബാങ്ക് അവരുടെ മിച്ചത്തിൽനിന്ന്‌ സർക്കാരിന് നൽകിയത് 30,650 കോടി രൂപ. ഇതിനു മുൻപുള്ള രണ്ടുവർഷങ്ങളിൽ യഥാക്രമം 65,876 കോടിയും, 65,896 കോടി രൂപയും ആയിരുന്നു. നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ അധികച്ചെലവ്‌ മൂലമാണ് റിസർവ് ബാങ്കിന് മിച്ചത്തിൽ കാര്യമായ ഇടിവ് വന്നത്. പ്രധാന കാരണം പഴയ നോട്ടുകൾ ബാങ്കുകളിൽ വന്ന് കുമിഞ്ഞുകൂടുകയും അതിന് തത്തുല്യമായ പുതിയ നോട്ടുകൾ കൊടുക്കാൻ പറ്റാതാവുകയും ചെയ്ത സാഹചര്യത്തിൽ ബാങ്കുകളിലെ നിക്ഷേപത്തുക കൂടുകയും അവ റിസർവ് ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. അതിന് റിസർവ് ബാങ്ക് നൽകിയ പലിശയാണ് അധികച്ചെലവിൽ ചെന്ന് കലാശിച്ചത്.

പ്രതിച്ഛായ നഷ്ടമായ റിസർവ് ബാങ്ക്

പണത്തിന്റെ രൂപത്തിൽ കണക്കാക്കാൻ പറ്റാത്ത വൻനഷ്ടങ്ങൾ മറക്കരുത്. ഒന്നാമതായി നാണയ വ്യവസ്ഥയുടെ നടത്തിപ്പിൽ ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അന്താരാഷ്ട്രതലത്തിൽ മാന്യതയ്ക്കേറ്റ മങ്ങൽ. 2008-ലെ പാശ്ചാത്യനാടുകളിലെ ധനകാര്യപ്രതിസന്ധിയെന്ന കൊടുങ്കാറ്റിൽനിന്ന് ഇന്ത്യൻ ബാങ്കിങ് സംവിധാനത്തെ സംരക്ഷിച്ചുനിർത്തിയത് റിസർവ് ബാങ്കാണ്. 

ആഗോളീകരണത്തിന്റെ അതിപ്രസരത്തിൽ രമിക്കാൻ ഇന്ത്യൻ ബാങ്കുകളെ റിസർവ് ബാങ്ക് സമ്മതിച്ചിരുന്നില്ല. ഈയൊരു നയപരവും മാനേജ്‌മെന്റ്പരവുമായ വൈദഗ്‌ധ്യം ഇന്ത്യൻ റിസർവ് ബാങ്കിന് അന്താരാഷ്ട്രതലത്തിൽ പുതിയൊരു ഖ്യാതി ഉണ്ടാക്കിക്കൊടുത്തു.   എന്നാൽ, നോട്ട് അസാധു സംഭവം മൂലം വന്നു ചേർന്ന വിശ്വാസത്തകർച്ച കുറച്ചൊന്നുമല്ല. ചെയ്യാൻ ആഗ്രഹിക്കാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കേണ്ട ഒരു ഗതികേടിലാണിപ്പോൾ, ഊർജിതരായ മുൻ ഗവർണമാർക്ക് (ഉദാ: വേണുഗോപാൽ റെഡ്ഡി, സുബ്ബറാവു, രഘുറാം രാജൻ) ഉണ്ടായിരുന്ന കരുത്തും സത്യസദ്ധതയും ആർജവും ഇപ്പോഴത്തെ ഗവർണറായ ഊർജിത് പട്ടേലർക്ക് ഇല്ലാതെപോയി. രണ്ടാമതായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടന എന്ന ഖ്യാതി നേടിയ രാജ്യത്തിന് ഇതോടെ അന്താരാഷ്ട്രതലത്തിൽ മങ്ങലുണ്ടായി.

(ലാറി ബേക്കർ സെന്റർ ഫോർ ഹാബിറ്റാറ്റ്‌ സ്റ്റഡീസ്‌ ചെയർമാനും മുൻ സി.ഡി.എസ്‌. ഡയറക്ടറുമാണ്‌ ലേഖകൻ)

content highlights: first anniversary of demonetisation, demonetisation, currency ban, note ban, black money , indian economy,