ള്ളപ്പണം ഇല്ലാതാക്കുക, വ്യാജനോട്ടുകള്‍ കണ്ടെത്തുക, ഭീകരവാദത്തിനുള്ള ഫണ്ടിങ് ഇല്ലാതാക്കുക- ഈ മൂന്നുകാര്യങ്ങളെയാണ് നോട്ട് നിരോധനം പ്രഖ്യാപിക്കുന്ന സമയത്ത് നടപടിയുടെ ലക്ഷ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ലക്ഷ്യങ്ങള്‍ ഡിജിറ്റല്‍ ഗ്രോത്ത്, ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണം കൂട്ടുക തുടങ്ങിയവയിലേക്ക് മാറുന്നതായി കണ്ടു. 2012 ല്‍ സി ബി ഡി റ്റി (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സ്) ചെയര്‍മാന്‍ measures to tackle black money എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ ഡീമോണിട്ടൈസേഷനെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്.

കള്ളപ്പണത്തെ തടയാന്‍ ഡീമോണിട്ടൈസേഷന്‍ കൊണ്ട് സാധിക്കില്ല എന്ന് ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുമുണ്ട്. സാധാരണയായി സ്വര്‍ണം, ഭൂമി, ബിനാമി എന്നീ രൂപങ്ങളിലാണ് കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നത്. 5-6 ശതമാനം മാത്രമാണ് പണമായി സൂക്ഷിക്കാനിടയുള്ളതെന്ന് ആദായനികുതി വകുപ്പ് മുന്‍ വര്‍ഷങ്ങളിലെ അനുഭവപരിചയം വച്ച് കണക്കാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുമുണ്ട്. 

ധനമന്ത്രാലയം 2012 ല്‍ ഇറക്കിയ ധവളപത്രം, എസ് ഐ ടി ശുപാര്‍ശകള്‍, സര്‍ക്കാരിന് വിവിധ സമയങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഇവയിലൊന്നും ഡീമോണിട്ടൈസേഷന്‍ കള്ളപ്പണത്തെ നിയന്ത്രിക്കാനുള്ള ഉപാധിയായി പറയുന്നില്ല. എന്നിട്ടും സര്‍ക്കാര്‍ ഡീമോണിട്ടൈസേഷനിലേക്ക് നീങ്ങി. 

എത്രപണമാണ് കള്ളപ്പണമായി പിടികൂടിയത് എന്നൊരു ചോദ്യം നോട്ടുനിരോധനത്തിന് ശേഷം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിരുന്നു. നവംബര്‍ 2016 മുതല്‍ ജൂണ്‍ 2017വരെയുള്ള സമയത്ത് എത്രപണം പിടിച്ചെടുത്തു എന്നതിന്റെ കണക്ക് സര്‍ക്കാര്‍ ഇതിന് ഉത്തരമായി നല്‍കി. ആകെ 11634 കോടി രൂപയുടെ മൂല്യം വരുന്ന പണം, സ്വര്‍ണം, മൂല്യമുള്ള മറ്റ് വസ്തുക്കള്‍ എന്നിവയാണ് റെയ്ഡിലൂടെ ഇക്കാലയളവില്‍ പിടിച്ചെടുത്തത്.

കൃത്യമായ രേഖകളില്ലാത്ത, ആകെ 6895 കോടി രൂപയുടെ മൂല്യം വരുന്ന പണം, സ്വര്‍ണം, മൂല്യമുള്ള മറ്റ് വസ്തുക്കള്‍ എന്നിവയും കണ്ടെത്തിയതായി സര്‍ക്കാര്‍ പറയുന്നുണ്ട്. ഇവ രണ്ടും ചേര്‍ത്തുള്ള ആകെത്തുക പതിനെണ്ണായിരം കോടിയില്‍ വെറും ആയിരം കോടി രൂപ മാത്രമാണ് പണമായി സൂക്ഷിച്ചിരുന്നത്. 2013 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 2015, 16 വര്‍ഷങ്ങളില്‍ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ അളവും ഈ വര്‍ഷത്തേതില്‍നിന്ന് വലിയ വ്യത്യാസമുള്ളതല്ലെന്ന് കണ്ടെത്താനാകും. അതായത് കള്ളപ്പണം കണ്ടുകെട്ടുന്നതില്‍ ഡീമോണിട്ടൈസേഷന് വലിയ പങ്കു വഹിക്കാനായില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. 

ഇന്ത്യയിലെ വ്യാജനോട്ടുകളുടെ ബാഹുല്യം എത്രയെന്ന് കണക്കാക്കാന്‍ കല്‍ക്കട്ടയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ ഐ എയുമായി ചേര്‍ന്ന് ഒരു പഠനം നടത്തിയിരുന്നു. ഇന്ത്യയിലെ വ്യാജനോട്ടുകളുടെ പരമാവധി 400കോടിയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഡീമോണിട്ടൈസേഷന്‍ വഴി ഇവ ഇല്ലാതാക്കുക എന്നത് അത്ര ലാഭകരമല്ല. പുതുതായി അച്ചടിക്കേണ്ടി വരുന്നതിന്റെ ചിലവും അവ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കേണ്ടതിനുള്ള ചിലവും വളരെ കൂടുതലാണ് എന്നതു തന്നെ കാരണം. 

മറ്റൊന്ന് പാകിസ്താനില്‍നിന്നും മറ്റുമെത്തുന്ന വ്യാജനോട്ടുകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് പോലീസും അതിര്‍ത്തിസുരക്ഷാസേനയും പിടികൂടാറുണ്ട് എന്നതാണ്. കഴിഞ്ഞ മൂന്നുനാലുവര്‍ഷത്തെ കണക്കെടുത്താല്‍ 25-45 കോടിവരെയാണ് ഓരോ വര്‍ഷവും പിടികൂടാറ്. ഇതല്ലാതെ ബാങ്കിങ് സിസ്റ്റത്തിന് ഉള്ളിലെത്തുന്ന വ്യാജനോട്ടുകളും കണ്ടെത്താറുണ്ട്. ഡീമോണിട്ടെസേഷന് മുന്നിലെ വര്‍ഷം ഇത്തരത്തില്‍ കണ്ടെത്തിയ തുക 30 കോടിയായിരുന്നു. 2016-17 കാലയളവില്‍, ഡീമോണിട്ടൈസേഷന് ശേഷം ലഭിച്ചിരിക്കുന്ന തുക 43.5 കോടി രൂപയാണ്.

കഴിഞ്ഞ വര്‍ഷത്തെ തുകയെക്കാള്‍ കൂടുതലാണെങ്കിലും ഇതിനെയും ഡീമോണിട്ടൈസേഷന്റെ ഫലമായി പരിഗണിക്കാനാവില്ല. മാത്രമല്ല രണ്ടു വര്‍ഷങ്ങളിലെ കണക്കുകള്‍ തമ്മില്‍ ഗണ്യമായ വ്യത്യാസം കണ്ടെത്താന്‍ സാധിക്കില്ല. ഭീകരവാദികള്‍ക്കുള്ള ഫണ്ടിങ് ഡീമോണിട്ടൈസേഷന്‍ വഴി തടയാമെന്നുള്ളതും ശരിയായ ധാരണയല്ല. വിദേശ കറന്‍സി ഉപയോഗിച്ചും മറ്റ് മാര്‍ഗങ്ങളിലൂടെയും ഭീകരവാദികള്‍ക്ക് പണം കണ്ടെത്താനാകും. അതുകൊണ്ടു തന്നെ ഡീമോണിട്ടൈസേഷനിലൂടെ ഭീകരവാദ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാമെന്നത് ശരിയല്ല. 

ഗവണ്‍മെന്റിന് പറ്റിയ പാളിച്ചകള്‍

മുന്‍കൂട്ടി പറഞ്ഞ ലക്ഷ്യങ്ങളെയൊന്നും നേടാന്‍ ഡീമോണിട്ടൈസേഷനിലൂടെ സാധിച്ചില്ല എന്നത് ഒരു വാസ്തവമാണ്. 50 ദിവസത്തിനകം നോട്ട് ക്ഷാമം ഇല്ലാതാക്കുമെന്ന ഉറപ്പായിരുന്നു നിരോധനത്തിനു ശേഷം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ രാജ്യത്ത് നോട്ടുകള്‍ അച്ചടിക്കാനുള്ളത് നാലു പ്രസുകള്‍ മാത്രമാണ്. ഈ നാലു പ്രസുകളിലൂടെ അമ്പത് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ നോട്ടുക്ഷാമം പരിഹരിക്കുക എന്നത് തീര്‍ത്തും അസാധ്യമായ കാര്യമായിരുന്നു.

15.44 ലക്ഷം കോടി രൂപ ഡിമോണിട്ടൈസ് ചെയ്തപ്പോള്‍ പുതുതായെത്തിയത് 4.946 ലക്ഷം കോടി മൂല്യമുള്ള 2000 നോട്ടുകളായിരുന്നു. ചുരുക്കത്തില്‍ പത്തരലക്ഷം കോടി കറന്‍സിയുടെ വ്യത്യാസം വന്നതായി കാണാന്‍ കഴിയും. ഈ പത്തരലക്ഷം കോടി രൂപ അമ്പത് ദിവസം കൊണ്ട് നാലുപ്രസുകളിലായി അടിച്ച് വിതരണം ചെയ്യുക എന്നത് തീര്‍ത്തും അസാധ്യമായിരുന്നു.

ആവശ്യമായതിന്റെ 41.5 ശതമാനം കറന്‍സി മാത്രമേ  അമ്പത് ദിവസത്തിനുള്ളില്‍ അടിച്ചു തീര്‍ക്കാന്‍ സര്‍ക്കാരിന് സാധിച്ചുള്ളു. 143 ദിവസം കഴിഞ്ഞ് മാര്‍ച്ച് ആയപ്പോഴേക്കും 71 ശതമാനം കറന്‍സിയാണ് അടച്ചു തീര്‍ക്കാനായത്. ചില്ലറ ലഭിക്കാത്തതിന്റെ പ്രശ്‌നവും വിപണിയിലുണ്ടായി. നവംബര്‍ അവസാനമാണ് അഞ്ഞൂറിന്റെ നോട്ടുകളുടെ അച്ചടി തുടങ്ങിയത്. ഇത് ഡീമോണിട്ടൈസേഷന്‍ പ്രഖ്യാപനത്തിന്റെ ആദ്യനാളുകള്‍ ദുരിതപൂര്‍ണമാക്കി. 

അമ്പതു ദിവസത്തിനുള്ളില്‍ ആവശ്യമായ പത്തരലക്ഷത്തോളം നോട്ടുകള്‍ അടിച്ചെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സര്‍ക്കാര്‍ പുതിയൊരു ലക്ഷ്യത്തെ കൂട്ടുപിടിച്ചത്- ഡിജിറ്റിലൈസേഷന്‍. യു പി ഐ, ഭീം തുടങ്ങിയ ആപ്പുകള്‍ ഡിസംബര്‍ അവസാനത്തോടെയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും ഈ അവസരത്തില്‍ കൂട്ടിവായിക്കേണ്ടതാണ്. ആവശ്യമായ തുക സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കാന്‍ സാധിക്കാതിരുന്നപ്പോഴാണ് ഡിജിറ്റലൈസേഷന്‍ എന്ന പ്രയോഗം സര്‍ക്കാര്‍ നടത്തിയത്. ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറാന്‍ ഡീമോണിട്ടൈസേഷന്‍ നടത്തേണ്ട ആവശ്യമില്ല. ഡിജിറ്റലൈസേഷനെ കുറിച്ച് പറയുമ്പോള്‍ ഗ്രാമീണ ഇന്ത്യയെ കുറിച്ചു കൂടി ഓര്‍മിക്കണം. ഗ്രാമങ്ങളിലെ ഡിജിറ്റല്‍ സാക്ഷരത കൂടി പരിഗണിക്കേണ്ടി വരും.

നമ്മുടെ ഗ്രാമങ്ങളില്‍ എത്രപേര്‍ക്കാണ് സമാര്‍ട്ട് ഫോണുള്ളത്?  ഇന്നും മരത്തിനു മുകളില്‍ കയറിയാല്‍ മാത്രം റേഞ്ച് കിട്ടുന്ന ഇടങ്ങളുണ്ടെന്ന് മറക്കരുത്. ഡിജിറ്റലൈസേഷനായിരുന്നു ആവശ്യമെങ്കില്‍ ഡീമോണിട്ടൈസേഷനു ശേഷം ഇത്രയും കറന്‍സി അടിച്ചിറക്കരുതായിരുന്നു. മാത്രമല്ല കള്ളപ്പണം കൈവശമുള്ളയാള്‍ ഡീമോണിട്ടൈസേഷന്‍ പ്രഖ്യാപിച്ചു എന്നതുകൊണ്ട് കയ്യിലുള്ള പണവുമായി ബാങ്കിലെത്തില്ല.കാരണം അവര്‍ക്ക് നിയമനടപടി നേരിടേണ്ടിവരും. കള്ളപ്പണം  കൈവശമുള്ളയാള്‍ക്ക് അത് എങ്ങനെ വെളുപ്പിക്കണമെന്ന കാര്യവും അറിയാമായിരിക്കും. അത് ഭൂമിയായോ സ്വത്തായോ സ്വര്‍ണമായോ അവര്‍ സൂക്ഷിക്കുകയും ചെയ്യും. യുക്തിപൂര്‍വമുള്ള സാമ്പത്തിക പരിഷ്‌കാരമായിരുന്നില്ല ഡീമോണിട്ടൈസേഷന്‍. അഭിപ്രായം തേടാനുള്ള ആര്‍ ബി ഐയെ പോലുള്ള പല മാര്‍ഗങ്ങളെയും ഉപയോഗിക്കാതെയായിരുന്നു ഇത് നടപ്പാക്കിയത്. 

ജയിംസ് വില്‍സന്റെ ബ്ലോഗ് വായിക്കാംDecipher the Demonetisation

content highlights: first anniversary of demonitisation, noteban, currency ban, economy, demonetisation