വളപട്ടണം: നിരോധിത നോട്ടുകള്‍ വളപട്ടണത്തുനിന്ന് ഹാര്‍ഡ് ബോര്‍ഡുകളായി കടല്‍ കടക്കുന്നു. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് കമ്പനിയിലാണ് മരത്തിന്റെ പള്‍പ്പിനോടൊപ്പം നിരോധിത നോട്ടുകള്‍ പൊടിച്ച് കുഴച്ച് ഹാര്‍ഡ് ബോര്‍ഡ് ഉണ്ടാക്കുന്നത്. നോട്ട് നിരോധം വന്ന് ഒരുവര്‍ഷം പിന്നിടുമ്പോഴും ഈ പ്രക്രിയ ഇപ്പോഴും തുടരുന്നു.
ഇത്തരം ബോര്‍ഡുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫീസില്‍നിന്നാണ് നിരോധിച്ച നോട്ടുകള്‍ വളപട്ടണത്തെ പ്ലൈവുഡില്‍ എത്തുന്നത്. ഇവ ചാക്കില്‍ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. ഹാര്‍ഡ് ബോര്‍ഡിന്റെ പതിവ് പള്‍പ്പില്‍ ആറുശതമാനംവരെയാണ് നോട്ടുപൊടികള് ചേര്‍ക്കുന്നത്. ടണ്ണിന് 128 രൂപയാണ് നിരോധിച്ച നോട്ടിന് റിസര്‍വ് ബാങ്ക് നിശ്ചയിച്ച വില.
കയറ്റുകൂലിയും കടത്താനുള്ള തുകയും വഹിക്കുന്നത് പ്ലൈവുഡ് കമ്പനിതന്നെ. എത്തിച്ച ചാക്കിലുള്ള നുറുക്കിയ നോട്ടുപൊടികള് ഫാക്ടറിയിലെ ഡിഫൈബ്രേറ്റര് മെഷീനിലിട്ട് അരച്ചെടുക്കുകയാണ് ചെയ്യുന്നത്. നേരത്തേ ന്യൂസ് പ്രിന്റ് പള്‍പ്പുകളാണ് ഉപയോഗിച്ചിരുന്നത്. ആ സ്ഥാനത്താണ് കറന്‍സി പള്‍പ്പ് ഉപയോഗിക്കുന്നത്.
ഇത് ഉപയോഗിക്കുമ്പോള്‍ ഹാര്‍ഡ്ബോര്‍ഡിന് ഗുണനിലവാരം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ആറുമാസം മുന്‍പുതന്നെ പഴയ നോട്ടുകള്‍ വളപട്ടണം കമ്പനിയില്‍ എത്തിയിരുന്നു. ഒരുവര്‍ഷത്തിനിടെ അന്‍പതോളം ട്രെയിലറുകളിലായി 800 ടണ്ണിലേറെ നിരോധിത നോട്ടുകള്‍ എത്തിയതായി വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സ് അധികൃതര്‍ പറഞ്ഞു.
ആദ്യം ഇത്തരം നോട്ടുകള്‍ കത്തിച്ചുകളയാനാണ് റിസര്‍വ് ബാങ്ക് ആലോചിച്ചതെങ്കിലും പരിസ്ഥിതിപ്രശ്നം പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. അങ്ങനെയാണ് വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സില്‍ നുറുക്കിയ നോട്ടുചാക്കുകള്‍ എത്തിയത്. ദക്ഷിണാഫ്രിക്ക, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇത്തരം ബോര്‍ഡുകള്‍ക്ക് നല്ല ഓര്‍ഡറുകളുമുണ്ട്. നോട്ടുകള്‍ ചേര്‍ത്ത ബോര്‍ഡിന് ഉറപ്പും തിളക്കവും കൂടുതലാണെന്ന് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു.
വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് കമ്പനിയില്‍നിന്നുള്ള വീഡിയോ കാണാം