രാജയപ്പെട്ട ഒരു തീരുമാനത്തിന്റെ ഓര്‍മദിവസമാണ് നവംബര്‍ എട്ട്. നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ടുകള്‍ വളരെ കുറച്ചുകാലത്തേക്കു മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ശേഷം എല്ലാം ശരിയാകുമെന്നുമായിരുന്നു പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ജനത്തിന് നല്‍കിയ ഉറപ്പ്. എന്നാല്‍ നോട്ട് നിരോധനം നിലവില്‍ വന്ന് ഒരു വര്‍ഷമാകുമ്പോള്‍ നോട്ട് നിരോധനം വരുത്തിവച്ചത് ഹ്രസ്വകാല പ്രത്യാഘതങ്ങളല്ല എന്നു മനസ്സിലാക്കാന്‍ സാധിക്കും.

അസംഘടിത മേഖലയില്‍ ജോലി ചെയ്തിരുന്നവരുടെ ജീവിതമാര്‍ഗം തന്നെ ഈ നടപടി അടച്ചു കളഞ്ഞു. രാജ്യത്തെ 93 ശതമാനം ആളുകളും ജോലി ചെയ്യുന്ന ജി ഡി പിയില്‍ 45 ശതമാനം സംഭാവനത്തോളം സംഭാവന ചെയ്യുന്ന അസംഘടിത മേഖലയെ നോട്ട് നിരോധനം തകര്‍ത്തു. ഇവരുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ പണത്തിലൂടെയായിരുന്നു. ഇതിനെയാണ് നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചത്.

പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി കൊണ്ടായിരുന്നു നോട്ടു നിരോധനത്തിന്റെ പ്രഖ്യാപനം തന്നെ. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി ഇതിനെ കാണാവുന്നതാണ്. ഒരു നിയമനിര്‍മാണത്തിലൂടെയോ ഓര്‍ഡിനന്‍സിലൂടെയോ പാര്‍ലമെന്റിലെ ചര്‍ച്ചയിലൂടെയോ നടപ്പാക്കുന്നതിനു പകരം ആര്‍ ബി ഐയിലെ ഒരു വകുപ്പ് ഉപയോഗപ്പെടുത്തിയാണ് നോട്ട് നിരോധനം നടപ്പാക്കിയത്.

ആര്‍ ബി ഐയെ സാക്ഷിയാക്കി പ്രധാനമന്ത്രിയായിരുന്നു പ്രഖ്യാപനം നടത്തിയത്. ആര്‍ ബി ഐയുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അധികാരം പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുന്നു- ഈ തരത്തില്‍ ഏകാധിപതിയായ ഒരു ഭരണാധികാരിയുടെ എല്ലാ സ്വഭാവങ്ങളും ആ പ്രഖ്യാപനത്തില്‍ കാണാന്‍ സാധിക്കുമായിരുന്നു. ഇന്ത്യന്‍ ബാങ്കിങ്ങിന്റെ തന്നെ വിശ്വാസ്യത തകര്‍ക്കുന്ന പ്രക്രിയ ആയിരുന്നു നോട്ട് നിരോധനം.

കള്ളപ്പണം നിരോധിക്കല്‍, കള്ളനോട്ട് കണ്ടെടുക്കല്‍, ഭീകരവാദികള്‍ക്കുള്ള ഫണ്ടിങ് ഇല്ലാതാക്കല്‍ ഇങ്ങനെ, പ്രഖ്യാപിക്കപ്പെട്ട ഒരു ലക്ഷ്യവും നേടാന്‍ കഴിഞ്ഞില്ല. കേന്ദ്ര സര്‍ക്കാര്‍ അന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കില്‍ പറഞ്ഞത് 400 കോടിരൂപയുടെ കള്ളനോട്ടാണ് ഇന്ത്യയില്‍ ആകെയുള്ളത് എന്നായിരുന്നു. 400 കോടിയുടെ കള്ളനോട്ട് പിടിക്കാനാണ് 12000 കോടിരൂപ ചിലവഴിച്ച് 8 ശതമാനം കറന്‍സി ഡീമോണിട്ടൈസ് ചെയ്തതെന്നുള്ളത് യുക്തിക്കു നിരക്കാത്ത കാര്യമാണ്.

കള്ളനോട്ട് ഇല്ലാതാക്കാന്‍ പോളിമര്‍ കറന്‍സിയിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ഒരു ആലോചന മുന്നോട്ടു വച്ചിരുന്നു. നോട്ട് നിരോധനത്തിന്റെ ഭാഗമായി പുത്തന്‍ നോട്ടുകള്‍ സമ്പദ് വ്യവസ്ഥയിലെത്തിച്ചതായിരുന്നു അതിനു പറ്റിയ സമയം. എന്നാല്‍ പഴയരീതിയിലുള്ള നോട്ടുകളാണ് പിന്നെയും സര്‍ക്കാര്‍ അച്ചടിച്ചതും വിതരണം ചെയ്തതും. അച്ചടിക്കും വിതരണത്തിനുമായി വീണ്ടും പണം സര്‍ക്കാരിനു ചിലവഴിക്കേണ്ടി വന്നു.

നോട്ട് നിരോധനം ഒരു പരാജയമാണെന്ന് ഒരുമാസത്തിനുള്ളില്‍ സര്‍ക്കാരിന് മനസ്സിലായി. പിന്നീടാണ് ഡിജിറ്റല്‍ പേമെന്റില്‍ വര്‍ധനയുണ്ടായെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഡീമോണിട്ടൈസേഷന്‍ സമയത്ത് ഉണ്ടായ ഡിജിറ്റല്‍ പേമെന്റ് വര്‍ധന അതിനു ശേഷം കുറഞ്ഞതായി കാണാന്‍ സാധിക്കും. ഡീമോണിട്ടൈസേഷന്‍ കാലയളവിനു ശേഷം ആളുകള്‍ കറന്‍സിയിലേക്ക് തിരികെ വന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്തെ അസംഘടിത മേഖലയ്ക്കുണ്ടായ തിരിച്ചടി അത് നമ്മുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. 

content highlights: demonetisation, black money, currency ban, noteban, gdp,economy