തിരുവനന്തപുരം: കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു നോട്ട് നിരോധനത്തിലൂടെ ബി ജെ പി സര്‍ക്കാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം മൂലമുണ്ടായ അത്യാഹിതങ്ങള്‍ക്ക് ആരാണ് ഉത്തരവാദി. 135 പേര്‍ക്കാണ് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടമായത്. 

വരിനില്‍ക്കുന്നതിനിടയിലും ചികിത്സ നിഷേധിക്കപ്പെട്ടുമാണ് ഇവര്‍ മരിച്ചത്. നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കു പരിശോധിക്കുമ്പോള്‍ 0.0013% നോട്ടുകള്‍ മാത്രമാണ് ബാങ്കുകളിലേക്ക് തിരികെയെത്താതിരുന്നത്. ബാക്കി മുഴുവന്‍ പണവും ബാങ്കിങ് സിസ്റ്റത്തിലേക്ക് തിരികെയെത്തി. 

കല്ല്യാണങ്ങള്‍ മാറ്റിവെക്കേണ്ടി വന്നു, പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. മരണാനന്തരചടങ്ങുകള്‍ പോലും നടത്തുന്നതിന് ബുദ്ധിമുട്ടി, ഇതൊക്കെയാണ് നോട്ട് നിരോധനംകൊണ്ടുണ്ടായ മെച്ചം. ഇത് ചിലര്‍ ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലായില്‍ ജി എസ് ടി നടപ്പാക്കി. 18 ശതമാനത്തില്‍ താഴെ മാത്രം നിരക്ക് വരുന്ന ഒരറ്റ നികുതിയായിട്ടാണ് ഞങ്ങള്‍ ജിഎസ്ടി നടപ്പാക്കാനിരുന്നത്. ഇതിപ്പോള്‍ ആറു തരം നികുതികളും അതിനൊപ്പം അനിശ്ചിതത്വവുമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇത് ചെറുകിട കച്ചവട മേഖലയെ ആകെ തകിടം മറിച്ചു. സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരിക്കുകയാണ് രാജ്യമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ച നേടിയ വര്‍ഷമായിരുന്നു കഴിഞ്ഞ് പോയത്. ഇന്ത്യമാത്രമാണ് പിന്നോട്ട് പോയതെന്നും തരൂര്‍ പറഞ്ഞു.