കൊല്‍ക്കത്ത: സി.പി.എം. പ്ലീനത്തില്‍ സ്വന്തം തെറ്റുകള്‍ ഏറ്റുപറഞ്ഞ് പശ്ചിമബംഗാളിലെ നേതൃത്വം. പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു കാരണം തങ്ങളുടെ നയവ്യതിയാനമാണെന്നും അഴിമതിയും മറ്റു തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്നും ബംഗാളില്‍നിന്നുള്ള പ്രതിനിധികള്‍ പ്ലീനത്തിനു മുമ്പാകെ ഏറ്റുപറഞ്ഞു.
 
അതേസമയം, തൃണമൂലിനെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി ധാരണയാവാമെന്ന് ബംഗാളില്‍നിന്ന് ആവശ്യമുയര്‍ന്നപ്പോള്‍ കേരളഘടകം ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസ്സുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് പാര്‍ട്ടിയുടെ ഭാവിക്കു ദോഷമുണ്ടാക്കുമെന്ന് കെ.എന്‍.ബാലഗോപാല്‍ എം.പി. നേതൃത്വത്തെ ഓര്‍മിപ്പിച്ചു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് പ്ലീനത്തിലെ ചര്‍ച്ചയില്‍ കേന്ദ്രനേതൃത്വം വിചാരണചെയ്യപ്പെട്ടു.
 
ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണു തങ്ങളെന്ന് ബംഗാള്‍ പ്രതിനിധികള്‍ പറഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് പ്ലീനത്തിനു മുന്നോടിയായുള്ള റാലിയില്‍ കണ്ടത്. സിലിഗുഡി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയതുപോലുള്ള നീക്കുപോക്കുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിക്കാമെന്നും ബംഗാള്‍ഘടകം അഭിപ്രായപ്പെട്ടു. മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ വിശ്വസ്തനും രാജ്യസഭാംഗവുമായ റിതബ്രത ബാനര്‍ജിയും കോണ്‍ഗ്രസ് സഖ്യത്തിനായി വാദിച്ചു.
 
കോണ്‍ഗ്രസ്സുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള നീക്കം ശക്തമായി ചെറുക്കുന്നതായിരുന്നു കെ.എന്‍.ബാലഗോപാലിന്റെ വാദമുഖങ്ങള്‍. ബി.ജെ.പി.യെപ്പോലെതന്നെ അപകടകരമാണ് കോണ്‍ഗ്രസ്സും. ബി.ജെ.പി.യെയും കോണ്‍ഗ്രസ്സിനെയും അകറ്റിനിര്‍ത്തിക്കൊണ്ടുള്ള അടവുനയം വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ളതാണ് -ബാലഗോപാല്‍ പറഞ്ഞു.