കൊല്‍ക്കത്ത: ബഹുജനസംഘടനകളിലും തീരുമാനങ്ങള്‍ പാര്‍ട്ടി അടിച്ചേല്‍പ്പിക്കുകയാണെന്ന് സി.പി.എം. പ്ലീനത്തില്‍ രൂക്ഷവിമര്‍ശം. സമ്മേളനങ്ങളില്‍ മേല്‍ക്കമ്മിറ്റി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് കേന്ദ്രീകൃത ജനാധിപത്യ കാഴ്ചപ്പാട് നേതൃത്വംതന്നെ അട്ടിമറിച്ചെന്ന കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ഈ വിമര്‍ശം.

ബഹുജനസംഘടനകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പാക്കാനുള്ള സാല്‍ക്കിയ പ്ലീനത്തിന്റെ തീരുമാനം ലംഘിക്കപ്പെട്ടുവെന്ന് പ്ലീനത്തില്‍ കേന്ദ്രനേതൃത്വം കുറ്റസമ്മതം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികളുടെ ചര്‍ച്ച.

ബഹുജനസംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിതീരുമാനം അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ടെന്ന് ബംഗാളില്‍ നിന്നുള്ള രമ ബിശ്വാസ് കുറ്റപ്പെടുത്തി.സാമ്പത്തികചൂഷണത്തിനെതിരെയുള്ള സമരങ്ങള്‍ക്കൊപ്പം സാമൂഹികപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രക്ഷോഭങ്ങളും വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന് സംഘടനാപ്രമേയം വ്യക്തമാക്കി. വിദ്യാര്‍ഥി-യുവജന സംഘടനകള്‍ ഈ വിഷയങ്ങള്‍ ഏറ്റെടുക്കണം. ദളിതര്‍, ആദിവാസികള്‍, മുസ്ലിങ്ങള്‍ തുടങ്ങിയ പിന്നാക്കവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇനി പ്രത്യേകം ശ്രദ്ധയുണ്ടാവും. സാമൂഹികപ്രശ്‌നങ്ങളെ വര്‍ഗസമരവുമായി കൂട്ടിയിണക്കണമെന്ന കാഴ്ചപ്പാടില്‍ ഗ്രാമീണമേഖലകളിലെ സമരങ്ങള്‍ ഊര്‍ജിതമാക്കും.

ദളിതര്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ സാംസ്‌കാരികഫോറങ്ങള്‍ രൂപവത്കരിച്ചും സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തിയും ഹിന്ദുവര്‍ഗീയതയെ ചെറുക്കണം. സംഘടനയില്ലാത്ത വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടിയംഗങ്ങളെ ചുമതലപ്പെടുത്തും.

പാര്‍ട്ടിയുമായി അകന്നുനില്‍ക്കുന്ന ഇടത്തരക്കാരിലേക്ക് കടന്നുചെല്ലാനാണ് മറ്റൊരുപദ്ധതി. ഇതിനായി സിറ്റിസണ്‍ഫോറം, സാംസ്‌കാരികസംഘടനകള്‍ തുടങ്ങിയവ രൂപവത്കരിക്കും. റെസിഡന്റ്‌സ് അസോസിയേഷനുകള്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്നിവയിലൊക്കെ ഇടപെടും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിലൂന്നിയുള്ള സാമൂഹികപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ഇടത്തരക്കാരില്‍ ആശയപ്രചാരണത്തിന് ശ്രദ്ധപതിപ്പിക്കും.