കൊല്‍ക്കത്ത: റഷ്യയിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ ഒട്ടേറെ തെറ്റുകളെക്കുറിച്ച് പാര്‍ട്ടിക്കു ധാരണയുണ്ടെന്നും അവയില്‍നിന്ന് പാഠമുള്‍ക്കൊള്ളുമെന്നും സി.പി.എം. സംഘടനാ പ്ലീനം. ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദിയാഘോഷിക്കാന്‍ തീരുമാനിച്ച പ്രമേയത്തിലാണ് റഷ്യയില്‍ സംഭവിച്ച തെറ്റുകളെപ്പറ്റി പരാമര്‍ശിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ സമാനമായ തെറ്റുകള്‍ പറ്റിയിട്ടുണ്ടോ എന്ന് പ്ലീനം അംഗീകരിച്ച പ്രമേയത്തില്‍ പരാമര്‍ശമില്ല.

സോഷ്യലിസമെന്ന ആശയത്തെയും മാര്‍ക്‌സിസത്തിന്റെ സാധുതയെയും കടന്നാക്രമിക്കുകയും പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളെത്തന്നെ നിരോധിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രമേയം പറയുന്നു. സോഷ്യലിസം ഉട്ടോപ്യന്‍ സ്വപ്‌നമല്ലെന്നും ചൂഷണമുക്തമായ ലോകത്തിലേക്കുള്ള ഒരേയൊരു പാതയാണെന്നും ആവര്‍ത്തിച്ചുറപ്പിക്കേണ്ടതുണ്ട്.

ബുദ്ധിജീവികളെയും സാഹിത്യകാരന്മാരെയും മറ്റും പങ്കെടുപ്പിച്ച് സെമിനാറുകളും പ്രദര്‍ശനങ്ങളുമെല്ലാം സംഘടിപ്പിക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിങ്, ജവാഹര്‍ലാല്‍ നെഹ്രു, മുസഫര്‍ അഹമ്മദ് തുടങ്ങിയവരെയും ദേശീയതയുടെ കവിയായ ടാഗോറിനെയും പെരിയാറിനെപ്പോലുള്ള സാമൂഹികപ്രവര്‍ത്തകരെയും സ്വാധീനിച്ചതില്‍ ഒക്ടോബര്‍ വിപ്ലവത്തിനുള്ള പങ്കിന് ഊന്നല്‍നല്‍കണം. ഫാസിസത്തെ പരാജയപ്പെടുത്തിയ ചെമ്പടയുടെ വിജയത്തെപ്പറ്റിയും വിവിധ കോളനിരാജ്യങ്ങളുടെ വിമോചനത്തിലേക്കു നയിച്ച സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ക്കു നല്‍കിയ പിന്തുണയെപ്പറ്റിയും ശാസ്ത്രസാങ്കേതികരംഗത്തെ വികസനത്തെപ്പറ്റിയുമെല്ലാം വിശദീകരിക്കണം -പ്രമേയം പറയുന്നു. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി അവതരിപ്പിച്ച പ്രമേയം ആര്‍.അരുണ്‍കുമാര്‍ പിന്താങ്ങി.
ചൊവ്വാഴ്ച ഉച്ചവരെ ചര്‍ച്ചകളില്‍ 29 പ്രതിനിധികള്‍ സംസാരിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് കെ.കെ.രാഗേഷ് സംസാരിച്ചു.