കൊല്‍ക്കത്ത: കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പശ്ചിമബംഗാളില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള സി.പി.എം. ബംഗാള്‍ ഘടകത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സി.പി.എമ്മിന്റെ നീക്കം ആത്മഹത്യപരവും ആത്യന്തികമായി തൃണമൂല്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നതുമാണെന്നും മുന്നറിയിപ്പ് നല്‍കി ബംഗാള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ആര്‍.എസ്.പിയും ഫോര്‍വേഡ്‌ബ്ലോക്കും രംഗത്തുവന്നു.

അതേസമയം കോണ്‍ഗ്രസ്സുമായി ധാരണ ഉണ്ടാക്കുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ പ്ലീനത്തിന് ശേഷമേ പാര്‍ട്ടി ആലോചന നടത്തുകയുള്ളൂവെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് പാര്‍ട്ടിയില്‍ യോജിപ്പുണ്ടെന്നോ വിയോജിപ്പുണ്ടെന്നോ പറയാനാകില്ല. ഇത്തരം സാധ്യതകള്‍ സംസ്ഥാനസമിതി ചര്‍ച്ച ചെയ്യും. പക്ഷേ, പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവു നയരേഖയ്ക്ക് അനുസൃതമായിരിക്കണം തീരുമാനം. ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളുമായും ആലോചിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും മുഹമ്മദ് സലിം പറഞ്ഞു.

കോണ്‍ഗ്രസ്സുമായി സി.പി.എമ്മോ ഇടതുമുന്നണിയോ പ്രത്യക്ഷരാഷ്ട്രീയ ബന്ധത്തിന് മുതിര്‍ന്നാല്‍ കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ അവശേഷിക്കുന്ന പ്രവര്‍ത്തകര്‍ കൂടി തൃണമൂല്‍കോണ്‍ഗ്രസ്സിലേക്ക് ചേക്കേറാനിടയാക്കുമെന്നും അത് ആത്യന്തികമായി തൃണമൂല്‍കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുമെന്നും ഫോര്‍വേഡ്‌ബ്ലോക്ക് ജനറല്‍സെക്രട്ടറി ദേവബ്രത ബിശ്വാസ് പറഞ്ഞു.

കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് സി.പി.എം. ശ്രമിക്കുമെന്ന് കരുതുന്നില്ലെന്ന് ആര്‍.എസ്.പി. ദേശീയസെക്രട്ടേറിയറ്റംഗം മനോജ് ഭട്ടാചാര്യ പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. ചിലപോക്കറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് സ്വാധീനമുള്ളതെന്നും മനോജ്ഭട്ടാചാര്യ പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസ്സുമായി തന്ത്രപരമായ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള നീക്കവുമായി സി.പി.എം. മുന്നോട്ടു പോകുമെന്നുതന്നെയാണ് സൂചനകള്‍. ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്നതുപോലെ തൃണമൂല്‍ സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ വിശാലവേദിയുണ്ടാക്കി കോണ്‍ഗ്രസ്സുമായി സഹകരിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ പാര്‍ട്ടി കേരളഘടകത്തിന് വലിയ എതിര്‍പ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ല. ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ കാലത്തും സമാനസ്ഥിതി കേരളത്തില്‍ പാര്‍ട്ടി നേരിട്ടിട്ടുണ്ടെന്നും ബംഗാളിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.