പാട്ടെഴുത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനം

മെലഡിയോയിലൂടെ ഒഴുകിവരുന്ന യേശുദാസിന്റെയും എസ്. ജാനകിയുടെയും പി. സുശീലയുടെയും നിത്യഹരിതഗാനങ്ങള്‍ ശ്രവിക്കുമ്പോഴൊക്കെ പാട്ടിന്റെ മുന്നോടിയായിവരുന്ന ഗാനശില്പികളെക്കുറിച്ചുള്ള അറിയിപ്പുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ആ പാട്ടുകളില്‍ ഒന്നിന്റെയെങ്കിലും രചയിതാവിന്റെ പേര് യൂസഫലി കേച്ചേരി എന്നായിരിക്കും. വയലാര്‍ രാമവര്‍മയുടെയും പി. ഭാസ്‌കരന്റെയും ഒ.എന്‍.വി.യുടെയും തട്ടകമായിരുന്ന മലയാള ചലച്ചിത്രഗാനരംഗത്തേക്ക് യൂസഫലി കേച്ചേരി എന്ന കവി കടന്നുവന്നിട്ട് അമ്പതുവര്‍ഷം പിന്നിടുകയാണ്. അമ്പതുവര്‍ഷംകൊണ്ട് മലയാളിക്ക് ലഭിച്ചതാവട്ടെ അഞ്ഞൂറില്പരം ചലച്ചിത്രഗാനങ്ങള്‍.

1963-ല്‍ 'മൂടുപടം' എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് കേച്ചേരി ആദ്യമായി തൂലിക ചലിപ്പിച്ചത്. 'സിന്ദൂരച്ചെപ്പി'ലെ ജി. ദേവരാജന്‍ ചിട്ടപ്പെടുത്തിയ ''ഓമലാളെ കണ്ടൂഞാന്‍ പൂങ്കിനാവില്‍'' എന്ന ഗാനത്തോടുകൂടി യൂസഫലി കേച്ചേരി എന്ന ഗാനരചയിതാവിനെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. സംസ്‌കൃതത്തിലെ അവഗാഹം കേച്ചേരിയെ ചലച്ചിത്രഗാനരംഗത്ത് വേറിട്ടുനിര്‍ത്തി. 'മഴ'യിലെ ''ഗേയം ഹരിനാമധേയം'' എന്ന സംസ്‌കൃതഗാനത്തിനാണ് കേച്ചേരിക്ക് 2000-ലെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഒട്ടേറെ കൃഷ്ണഭക്തിഗാനങ്ങള്‍ പിറന്നുവീണതും ആ തൂലികത്തുമ്പത്തുനിന്നുതന്നെ.

ഭാഷാവൈകല്യം തന്റെ ഗാനങ്ങളെ തീണ്ടാതിരിക്കാനുള്ള കാരണം സംസ്‌കൃതപഠനമാണെന്ന് കവി പറയുന്നു. ചലച്ചിത്രഗാനങ്ങളെ കൂടാതെ ഏതാനും തിരക്കഥകളും കേച്ചേരിയുടേതായുണ്ട്. 'മരം', 'വനദേവത', 'നീലത്താമര' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തും അദ്ദേഹം ശോഭിച്ചു.

ഒരു ഗ്രാമത്തിലെ യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരാളെ സംബന്ധിച്ച് കവിതയും ഗാനരചനയുമൊക്കെ അന്യമായിരിക്കും. പക്ഷേ, അമ്മിഞ്ഞപ്പാലിനൊപ്പം താരാട്ടുപാട്ടുകളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും തന്റെ മാതാവില്‍നിന്നു കിട്ടിയ സംഗീതധാരയാണ് യൂസഫലിയിലെ കവിയെ വളര്‍ത്തിയത്. നാരായണപ്പിഷാരടിയുടെ ശിക്ഷണത്തിലുള്ള സംസ്‌കൃതപഠനമാവട്ടെ ആ കഴിവിനെ പരിപോഷിപ്പിക്കുകയും ചെയ്തു.

കേച്ചേരിപ്പാട്ടുകളെ ശ്രോതാക്കള്‍ നെഞ്ചേറ്റുന്നതിനുപിന്നില്‍ ആ ഗാനങ്ങളിലെ കവിതയൂറുന്ന ശീലുകളാണ്. അമ്പതുവര്‍ഷക്കാലത്തെ ഗാനരചനാ ചരിത്രത്തില്‍ എത്ര കേട്ടാലും മതിവരാത്ത എത്രയെങ്കിലും ഗാനങ്ങള്‍ എടുത്തുകാട്ടാന്‍ കഴിയും. ''പേരറിയാത്തൊരു നൊമ്പരത്തെ/പ്രേമമെന്നാരോ വിളിച്ചു''-എന്ന ഗാനമെഴുതുമ്പോള്‍ കവി വാര്‍ധക്യത്തോടടുത്തിരുന്നെങ്കിലും ''സുറുമയെഴുതിയ മിഴികളേ.....'' എന്ന ഗാനമെഴുതിയ (1967) യുവകവിയെത്തന്നെയാണ് നാം ആ ഗാനമാധുരിയില്‍ ദര്‍ശിച്ചത്.


അഞ്ഞൂറിലധികം ഗാനങ്ങള്‍; മുപ്പത്തിരണ്ട് സംഗീത സംവിധായകര്‍1963-ല്‍ 'മൂടുപടം' എന്ന ചിത്രത്തിനുവേണ്ടി ബാബുരാജ് സംഗീതം നല്‍കി ബാബുരാജ് തന്നെ ആലപിച്ച ''മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി/മൈക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ട് കത്തിച്ച വമ്പതി....'' എന്ന ഗാനമാണ് യൂസഫലി കേച്ചേരിയുടേതായി മലയാളിക്കുകിട്ടിയ ആദ്യഗാനം. 1967-ല്‍ പുറത്തിറങ്ങിയ 'ഉദ്യോഗസ്ഥ'യില്‍ ബാബുരാജിന്റെ തന്നെ ഈണത്തില്‍ യേശുദാസും എസ്. ജാനകിയും ഒരുമിച്ചുപാടിയ ''എഴുതിയതാരാണ് സുജാത-നിന്റെ/കടമിഴിക്കോണിലെ കവിത'' എന്ന ഗാനമാണ് യേശുദാസിന്റെതായി വന്ന യൂസഫലിയുടെ ആദ്യഗാനം. 'സിന്ദൂരച്ചെപ്പി'ല്‍ ജി. ദേവരാജന്‍ ഈണം നല്‍കിയ (1971) ''ഓമലാളെ കണ്ടൂഞാന്‍ പൂങ്കിനാവില്‍/താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍....'' എന്ന ഗാനം സംഗീതപ്രേമികളെ തെല്ലൊന്നുമല്ല ആനന്ദത്തിലാറാടിച്ചത്. ''തമ്പ്രാന്‍ തൊടുത്തത് മലരമ്പ്'', ''പൊന്നില്‍ കുളിച്ച രാത്രി'', ''തണ്ണീരില്‍ വിരിയും താമരപ്പൂ'', ''മണ്ടച്ചാരേ മൊട്ടത്തലയാ'' എന്നീ ഗാനങ്ങളും യേശുദാസിന്റെയും മാധുരിയുടെയും സുശീലാദേവിയുടെയും ശബ്ദത്തില്‍ അവര്‍ നെഞ്ചേറ്റി.

കേച്ചേരി തന്നെ സംവിധാനം ചെയ്ത 'മരം' എന്ന ചിത്രത്തിലെ ''പതിന്നാലാം രാവുദിച്ചത് മാനത്തോ/കല്ലായിക്കടവത്തോ....'' ജി. ദേവരാജന്റെ ഈണത്തില്‍ യേശുദാസ് മനോഹരമായി ആലപിച്ചപ്പോള്‍ 1973-ലെ ഹിറ്റുഗാനങ്ങളില്‍ അത് എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു. ''കല്ലായിപ്പുഴയൊരു മണവാട്ടി''യും ''മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ''യും ''മൊഞ്ചത്തിപ്പെണ്ണേ നിന്‍ചുണ്ടും'' ഇന്നും ഗാനാസ്വാദകരുടെ ഗൃഹാതുരമായ പാട്ടുകള്‍ തന്നെ. 'വനദേവത' (1976) യിലെ ''സ്വര്‍ഗം താണിറങ്ങി വന്നതോ'' (ജി. ദേവരാജന്‍), 'ദ്വീപി'ലെ (1977) ''കടലേ നീലക്കടലേ/നിന്നാത്മാവിലും....'' (എം.എസ്. ബാബുരാജ്-തലത്ത് മുഹമ്മദ്), ''അനുരാഗക്കളരിയില്‍...'' (കെ. രാഘവന്‍), ''ഓ നീയെന്റെ ജീവനിലുണരുന്ന' (കെ.ജെ. ജോയ്-1978), ''റസൂലേ നിന്‍കനിവാലേ'' (സംഗീതം-കെ.ജെ. യേശുദാസ്-1981), ''മഞ്ഞേവാ മധുവിധുവേള'' (തുഷാരം-1981) (ശ്യാം), ''ധന്യേ നീയെന്റെ ജീവനില്‍'' (1981-ജെറി അമല്‍ദേവ്-'ധന്യ'), ''ആശാനികുഞ്ജത്തില്‍'' (1981-'എന്നെ സ്‌നേഹിക്കൂ, എന്നെ മാത്രം'-കെ.വി. മഹാദേവന്‍), ''പ്രിയനേ ഉയിര്‍ നീയേ'' (1983, ഇളയരാജ-'പിന്‍നിലാവ്'), ''ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ'' (1994-എസ്.പി. വെങ്കിടേശ്-'ഭീഷ്മാചാര്യ'), ''ഇത്ര മധുരിക്കുമോ സ്‌നേഹം'' (1997-ബോംബെ രവി, 'ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍'), ''പേരറിയാത്തൊരു നൊമ്പരത്തെ'' (1998-'സ്‌നേഹം', പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്), ''നിന്റെ കണ്ണില്‍ വിരുന്നുവന്നു'' (1999-മോഹന്‍ സിതാര, 'ദീപസ്തംഭം മഹാശ്ചര്യം'), ''ഗേയം ഹരിനാമധേയം'' (2000-രവീന്ദ്രന്‍, 'മഴ'), ''ശ്രുതിയമ്മ ലയമച്ഛന്‍'' (2000-വിദ്യാസാഗര്‍-'മധുരനൊമ്പരക്കാറ്റ്), ''മാനസനിളയില്‍'' (1988, നൗഷാദ്, 'ധ്വനി'), ''സ്വരരാഗ ഗംഗാപ്രവാഹമേ'' (1992-ബോംബെ രവി, 'സര്‍ഗം') തുടങ്ങി മുപ്പത്തിരണ്ടോളം സംഗീതസംവിധായകരുമൊത്ത് തന്റെ 50 വര്‍ഷക്കാലത്തെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് കവി യൂസഫലി കേച്ചേരി. എ.ടി. ഉമ്മര്‍, എം.കെ. അര്‍ജുനന്‍, ശങ്കര്‍ ഗണേശ്, എം.എസ്. വിശ്വനാഥന്‍, കണ്ണൂര്‍ രാജന്‍, ജെറി അമല്‍ദേവ്, ഗംഗൈ അമരന്‍, ജോണ്‍സണ്‍, ജെ.എം. രാജു, എസ്.പി. വെങ്കിടേശ്, സഞ്ജയ് സലില്‍ ചൗധരി (സലില്‍ ചൗധരിയുടെ മകന്‍), വിദ്യാസാഗര്‍, നടേശ്, ശങ്കര്‍, ഉഷാഖന്ന, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, രതീഷ് കണ്ണന്‍, പി.കെ. രഘുകുമാര്‍ എന്നിവരും വിവിധ കാലങ്ങളില്‍ യൂസഫലിക്കുവേണ്ടി ഈണം നല്‍കിയിട്ടുണ്ട്.

യൂസഫലിയുടെ സര്‍ഗവൈഭവത്തില്‍ പിറന്ന ആവണിപൂക്കള്‍, ആവണിത്തെന്നല്‍, രാഗതരംഗിണി, ആവണിക്കനവുകള്‍,പ്രേമാഞ്ജലി, ഗീതാപ്രണാമം, ശബരിയാത്ര, ഗസല്‍മാല, ഇശല്‍തേന്‍, ഖല്‍ബിലെ ഹൂറി, കിനാവിലെ ഹൂറി, പീലിക്കിരീടം, സംഗീതരത്‌നാകരം, ഒറ്റക്കമ്പിനാദം തുടങ്ങി ഉത്സവഭക്തിഗാനങ്ങളും ആസ്വാദകലോകം കീഴടക്കിയവയാണ്. യേശുദാസ് മധുരോദാരമായി പാടിയ ഓണപ്പാട്ടുകള്‍ കാലാതീതമായി ആസ്വാദകര്‍ ഇന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതിനു പിന്നില്‍ അതിലെ കവിതയൂറുന്ന വരികളാണ്. കൃഷ്ണഭക്തിഗാനങ്ങള്‍ ഇത്ര ഹൃദയാര്‍ദ്രമായി എഴുതിയ കവികള്‍ യൂസഫലി കേച്ചേരിയെപ്പോലെ അധികമുണ്ടാവില്ല.