പാട്ടിന്റെ അഴകുവിടര്‍ത്തിയ യൂസഫലി കേച്ചേരിക്ക് വിട

ഒപ്പം വന്ന കൂട്ടുകാരന് ഒരു സംശയം: ഇസ്ലാം മതവിശ്വാസിയായിട്ടും എങ്ങനെ ഇത്ര ഭംഗിയായി കൃഷ്ണഭക്തിഗാനങ്ങള്‍ എഴുതാന്‍ കഴിയുന്നു യൂസഫലി കേച്ചേരിക്ക്?

ചോദ്യം കേട്ട് കവി പൊട്ടിത്തെറിക്കുമെന്നാണ് കരുതിയത്. ഭാഗ്യത്തിന് അതുണ്ടായില്ല. പകരം നേര്‍ത്ത മന്ദസ്മിതത്തോടെ പഴയൊരു പാട്ട് ഞങ്ങളെ പാടിക്കേള്‍പ്പിച്ചു അദ്ദേഹം. അമര്‍ (1954) എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ ഗാനം: ഭഭഇന്‍സാഫ് കാ മന്ദിര്‍ ഹേ യേ ഭഗവാന്‍ കാ ഘര്‍ ഹേ, കഹനാ ഹേ ജോ കഹ് ദേ തുജെ കിസ് ബാത് കാ ഡര്‍ ഹേ...''

ഭഭകേള്‍വിക്കാരെ ഭക്തിയുടെ പാരമ്യത്തിലേക്ക് നയിക്കുന്ന ഗാനമാണിത്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സിനിമയില്‍ പിറന്ന ഏറ്റവും തികവാര്‍ന്ന ഭജന്‍'' കവി പറഞ്ഞു. ഭഭഇതെഴുതിയത് ആരെന്നറിയുമോ? മുസ്ലീമായ ശക്കീല്‍ ബദായുനി. ഈണമിട്ടതും പാടിയതും അടിയുറച്ച ഇസ്ലാം മത വിശ്വാസികളായ നൗഷാദും റഫിയും. തീര്‍ന്നില്ല. ക്ഷേത്ര പശ്ചാത്തലത്തില്‍ ഗാനം ഹൃദയ സ്പര്‍ശിയായി ചിത്രീകരിച്ചത് മെഹബൂബ് ഖാന്‍. രംഗത്ത് അഭിനയിച്ചത് യൂസഫ് ഖാനും മുംതാസ് ജഹാന്‍ ബീഗം ദഹലവിയും. നമ്മള്‍ അവരെ അറിയുക ദിലീപ് കുമാറും മധുബാലയുമായാണ്. ഈ പറഞ്ഞവരില്‍ ആരെങ്കിലും ഉണ്ടോ ഹിന്ദുക്കളായി? അതാണ് സിനിമാ സംഗീതത്തിന്റെ മഹത്വം. ഇവിടെ ജാതിയും മതവും ഇല്ല. പണ്ഡിതനും പാമരനുമില്ല; ആകെയുള്ളത് ഗാനശില്‍പ്പികളും ശ്രോതാവും മാത്രം. '' ബൈജു ബാവരാ എന്ന ചിത്രത്തിന് വേണ്ടി ശക്കീല്‍ ബദായുനി നൗഷാദ് റഫി ടീമൊരുക്കിയ മറ്റൊരു വിഖ്യാത ഭജന്‍ ഗാനവും ഓര്‍മ്മയില്‍ നിന്ന് മൂളിത്തന്നു, അന്ന് യൂസഫലി: മന്‍ തര്‍പത് ഹരിദര്‍ശന്‍ കോ ആജ്, മോരെ തും ബിന്‍ ബിഗരെ സഗരെ കാജ്....''വെറും സിനിമാക്കാര്‍ മാത്രമായി കാണാന്‍ പറ്റില്ല നൗഷാദിനെയും റഫിയേയും. സംഗീതത്തിന്റെ ആത്മീയതലം തിരിച്ചറിഞ്ഞ മഹാനുഭവന്‍മാരായിരുന്നു അവര്‍. കൃഷ്ണനേയും ക്രിസ്തുവിനെയും അല്ലാഹുവിനേയും അവര്‍ക്കെങ്ങനെ വേറിട്ട് കാണാന്‍ കഴിയും? ആ വിശ്വാസത്തിന്റെ ഒരംശം എന്നിലും ഉണ്ടായിരിക്കാം. റസൂലേ നിന്‍ കനിവാലേ എന്നെഴുതിയ അതേ പേന കൊണ്ട് കൃഷ്ണകൃപാ സാഗരം എന്നും കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ എന്നും എഴുതാന്‍ കഴിഞ്ഞത് അതുകൊണ്ടാകാം...'' ഒന്നും പറയാതെ വിസ്മിത നേത്രനായി നിന്നു സുഹൃത്ത്.

മൂന്നോ നാലോ തവണയേ യൂസഫലിയുമായി സംസാരിച്ചിട്ടുള്ളൂ. എല്ലാ സംഭാഷണങ്ങളും ചെന്നെത്തുക ഒരൊറ്റ വ്യക്തിയിലാണ് സംഗീത സംവിധായകന്‍ നൗഷാദ് അലിയില്‍. ''നൗഷാദ് ആണ് എന്നെ പാട്ടെഴുത്തുകാരനാക്കി മാറ്റിയത്,'' യൂസഫലി ഒരിക്കല്‍ പറഞ്ഞു. '' എന്നെങ്കിലും നൗഷാദിനെ നേരില്‍ കാണണം എന്നായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ മോഹം. ആ മോഹം ഉള്ളില്‍ വളര്‍ത്തിയത് ഞങ്ങളുടെ നാട്ടുകാരനായ ഇപ്പുട്ടി എന്ന സാധാരണ മനുഷ്യനാണ്. നാട് വിട്ടു കുറച്ചു കാലം ബോംബെയില്‍ ചെന്ന് ജോലി ചെയ്ത ശേഷം ഇപ്പുട്ടി തിരിച്ചുവന്നത് ഒരു പെട്ടി നിറയെ ഗ്രാമഫോണ്‍ റെക്കോര്‍ഡുമായാണ്. നൗഷാദിന്റെ പാട്ടുകളായിരുന്നു ആ ഡിസ്‌കുകളില്‍ എമ്പാടും. ഒഴിവുള്ളപ്പോള്‍ പത്തു വയസ്സുകാരനായ എനിക്ക് വേണ്ടി ഇപ്പുട്ടി ആ പാട്ടുകള്‍ ഗ്രാമഫോണില്‍ പാടിക്കും. 'ദില്ലഗി'യിലെയും 'അന്മോല്‍ ഘടി'യിലെയും ഒക്കെ പാട്ടുകള്‍ ഞാന്‍ ആദ്യം കേട്ടത് ആ റെക്കോര്‍ഡുകളില്‍ നിന്നാണ്; ഇപ്പുട്ടിയുടെ വിശദമായ വിവരണത്തിന്റെ അകമ്പടിയോടെ. ഉറുദു ഭാഷയുടെ സൌന്ദര്യം ആദ്യമായി തിരിച്ചറിഞ്ഞതും ആ പാട്ടുകളില്‍ നിന്ന് തന്നെ.''

അന്നൊന്നും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല നൗഷാദിനെ നേരില്‍ കാണാന്‍ കഴിയുമെന്ന്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു നാള്‍ മുംബൈ കാര്‍ട്ടര്‍ റോഡിലെ ''ആഷിയാന''യുടെ അകത്തളത്തില്‍ നൗഷാദിന്റെ ഹാര്‍മോണിയത്തിനു മുന്നില്‍ കടലാസും പേനയുമായി ചമ്രം പടിഞ്ഞിരിക്കേ യൂസഫലിയുടെ മനസ്സില്‍ തെളിഞ്ഞത് ഇപ്പുട്ടിയുടെ മുഖമാണ്. ധ്വനി (1988) എന്ന ചിത്രത്തില്‍ നൗഷാദിന്റെ ഈണത്തില്‍ പാട്ടുകള്‍ എഴുതാന്‍ ചെന്നതായിരുന്നു കവി. ഈണവും പാട്ടും വഴിക്കുവഴിയായി പിറന്നു: മാനസനിളയില്‍, അനുരാഗലോല ഗാത്രി, ഒരു രാഗമാല, ആണ്‍കുയിലേ, രതിസുഖസാരമായി. അവസാനത്തെ പാട്ടെഴുതും മുന്‍പ് നൗഷാദ് പറഞ്ഞു: ട്യൂണിട്ട് എഴുതിയത് മതി. ഇനി ഒരു കവിത തരൂ. ഞാന്‍ ഈണമിട്ടു നോക്കട്ടെ. നേരത്തെ എഴുതിവെച്ചിരുന്ന സംസ്‌കൃത ഗാനം വിനയപൂര്‍വ്വം നൗഷാദിനെ ഏല്‍പ്പിക്കുന്നു യൂസഫലി. ''യമന്‍ കല്യാണ്‍ രാഗത്തിലാണ് ഞാന്‍ ഈ പാട്ട് ചിട്ടപ്പെടുത്തുക'' വരികള്‍ വായിച്ചു കേട്ടപ്പോള്‍ സംഗീത സംവിധായകന്‍ പറഞ്ഞു. നൗഷാദിന്റെ ഹാര്‍മോണിയത്തില്‍ അന്ന് പിറന്നുവീണ പാട്ടാണ് ജാനകീ ജാനേ.

പില്‍ക്കാലത്ത് കമല്‍ സംവിധാനം ചെയ്ത ഗസല്‍ എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിക്കേണ്ടതായിരുന്നു യൂസഫലി-നൗഷാദ് ടീം. നിര്‍ഭാഗ്യവശാല്‍ ആ പുന:സമാഗമം നടന്നില്ല. പകരം സംഗീതസംവിധായകനായി വന്നത് മറ്റൊരു മഹാപ്രതിഭയാണ് രവി. ''മനസ്സ് കൊണ്ട് കവിയായിരുന്നു രവി സാബ്.'' യൂസഫലിയുടെ വാക്കുകള്‍. ''പുതിയ തലമുറയിലെ മലയാളികളായ സംഗീത സംവിധായകര്‍ക്ക് പോലും ആദ്യം ഈണമിട്ട ശേഷം അതില്‍ വരികള്‍ കുത്തി നിറയ്ക്കുന്നതിലാണ് താല്‍പര്യം. അര്‍ഥം അറിഞ്ഞു സംഗീതം നല്‍കണമെന്ന് നിര്‍ബന്ധവുമില്ല. എന്നാല്‍ ഉത്തരേന്ത്യക്കാരനായ രവി എന്നും കവിതയ്ക്ക് പ്രാമുഖ്യം നല്‍കി. വരികള്‍ എഴുതി വാങ്ങി, അവയുടെ അര്‍ഥം രചയിതാവില്‍ നിന്ന് ഗ്രഹിച്ച ശേഷമേ അദ്ദേഹം കമ്പോസ് ചെയ്യാന്‍ ഇരിക്കൂ. നല്ലൊരു കവിത കയ്യില്‍ കിട്ടിയാല്‍ അദ്ദേഹത്തിന്റെ മുഖത്തു വിരിയുന്ന ആഹ്ലാദം കാണേണ്ടതാണ്.'' അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങളും ഗസലുകളും തികച്ചും കേരളീയ പശ്ചാത്തലത്തിലുള്ള ഗാനങ്ങളും ഈ സഖ്യത്തില്‍ നിന്ന് നമുക്ക് ലഭിച്ചിട്ടുണ്ട്. സംഗീതമേ അമരസല്ലാപമേ, കണ്ണാടി ആദ്യമായെന്‍, ആന്ദോളനം ദോളനം (സര്‍ഗം), വടക്കുനിന്നു പാറിവന്ന, സംഗീതമേ നിന്റെ (ഗസല്‍), പാര്‍വണേന്ദു മുഖി, വൈശാഖ പൗര്‍ണമിയോ (പരിണയം), വാതില്‍ തുറക്കൂ നീ (ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍) എന്നീ ഗാനങ്ങള്‍ ഓര്‍ക്കുക.

ജി ദേവരാജന്‍ ആയിരുന്നു യൂസഫലിയുടെ എക്കാലത്തെയും പ്രിയ സംഗീത സംവിധായകന്‍. കൂടുതല്‍ രചനകള്‍ക്ക് ഈണമിട്ടതും ദേവരാജന്‍ തന്നെ നൂറ്റി അന്‍പതോളം. ''സംഗീതത്തിലേക്ക് വരികളെ സന്നിവേശിപ്പിക്കുകയല്ല, വരികളില്‍ സംഗീതം നിറയ്ക്കുകയാണ് ദേവരാജന്‍ ചെയ്യുക. വരികള്‍ക്ക് മാത്രമല്ല വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കും വരെ ഈണം നല്കും അദ്ദേഹം. സിന്ദൂരച്ചെപ്പിലെ പൊന്നില്‍ കുളിച്ച രാത്രി എന്ന പാട്ടിന്റെ സൃഷ്ടി മറക്കാനാവില്ല. വരികള്‍ എഴുതിക്കൊടുത്തപ്പോള്‍, മൂന്നാവര്‍ത്തി അവ വായിച്ച ശേഷം എന്റെ മുഖത്ത് നോക്കി അമര്‍ത്തിയൊന്നു മൂളി അദ്ദേഹം. പിന്നെ പതുക്കെ ചോദിച്ചു: ഇക്കിളി കൂട്ടുന്ന രാത്രിയാണ് അല്ലേ? പോരാത്തതിന് തണുത്ത നിലാവും തേന്മലരിന്റെ സുഗന്ധവും.'' എന്തിനാണ് ആ വാക്കുകള്‍ ദേവരാജന്‍ എടുത്തു പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല യൂസഫലിക്ക്. ഭഭഅദ്ദേഹം പാടിക്കേള്‍പ്പിച്ച ഈണത്തില്‍ എല്ലാമുണ്ടായിരുന്നു നിലാവും, രാത്രിയുടെ ഗന്ധവും, ഈറന്‍ കാറ്റും എല്ലാം. ഒരു ഐന്ദ്രജാലികനെ പോലെ പ്രകൃതിയെ ഈണത്തിലേക്ക് ആവാഹിക്കുകയായിരുന്നു ദേവരാജന്‍. ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ നിലാവുള്ള രാത്രിയുടെ എല്ലാ അനുഭൂതിയും മനസ്സില്‍ വന്നു നിറയും.'' ദേവരാജനുമായി ചേര്‍ന്നു സൃഷ്ടിച്ച ഗാനങ്ങളില്‍ ഭഭമലരേ മാതള മലരേ'' (ആ നിമിഷം) ആയിരുന്നു മറ്റൊരു പ്രിയ ഗാനം. മൃദുമന്ത്രണത്തിന്റെ ഭാവമുള്ള പാട്ട്. മലയാളത്തിലെ ലക്ഷണമൊത്ത ഗസലുകളില്‍ ഒന്ന് എന്നും പറയാം. പൂമണിമാരന്റെ കോവിലില്‍, അനുരാഗം കണ്ണില്‍ മുളയ്ക്കും (മിണ്ടാപ്പെണ്ണ്!), ഓമലാളെ കണ്ടു ഞാന്‍ (സിന്ദൂരച്ചെപ്പ്), പതിനാലാം രാവുദിച്ചത് (മരം), വെണ്ണയോ (ഇതാ ഇവിടെ വരെ), വേമ്പനാട്ടു കായലിന് (രണ്ടു ലോകം), മുറുക്കി ചുവന്നതോ (ഈറ്റ), സംഗീതമേ നിന്‍ പൂഞ്ചിറകില്‍ (മീന്‍)... യൂസഫലി-ദേവരാജന്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ നിര നീളുന്നു. ഭഭആദ്യം ഈണമിട്ട ശേഷം പാട്ടെഴുതുക എന്ന രീതിയും പരീക്ഷിച്ചിട്ടുണ്ട് ഞങ്ങള്‍വെറുതെ ഒരു കൌതുകത്തിന്. അതും ഹിറ്റായിരുന്നു വനദേവതയിലെ സ്വര്‍ഗം താണിറങ്ങി വന്നതോ..''

ആദ്യ ചിത്രമായ മൂടുപടത്തില്‍ തന്നെ ആരാധനാപാത്രമായ ബാബുരാജുമായി ഒന്നിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതി യൂസഫലി . ഭഭമൈലാഞ്ചിത്തോപ്പില്‍'' എന്ന ആ ഗാനം സ്വരപ്പെടുത്തിയതും പാടിയതും ബാബുരാജ് തന്നെ. ഭഭ ചെന്നൈയിലെ ഏതോ ഹോട്ടല്‍ മുറിയില്‍ ഇരുന്ന് ഹാര്‍മോണിയത്തില്‍ ഭഅമ്മു'വിലെ ഗാനം ബാബു ചിട്ടപ്പെടുത്തുന്നതിന്റെ മങ്ങിയ ചിത്രം ഇന്നുമുണ്ട് ഓര്‍മ്മയില്‍. ഉത്സവത്തിനുള്ള ആളുണ്ടായിരുന്നു അവിടെ. കട്ടിലിലും കസേരയിലും തറയിലും ഒക്കെയായി കൂടിയിരുന്നു അവര്‍. . ഇടയ്ക്കിടെ വാഹ് വാഹ് വിളികള്‍ മുഴക്കി. മധുചഷകങ്ങള്‍ നിറയുകയും ഒഴിയുകയും വീണ്ടും നിറയുകയും ചെയ്തു. പക്ഷെ വരികള്‍ എഴുതിയ കടലാസ് ഹാര്‍മോണിയത്തിന്മേല്‍ വെച്ച് ബാബു പാടിത്തുടങ്ങിയപ്പോള്‍ അന്തരീക്ഷമാകെ മാറി. എല്ലാ ബഹളവും സ്വിച്ചിട്ട പോലെ നിലച്ചു. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. ആ നിശബ്ദതയിലേക്ക് ബാബുവിന്റെ ഭാവദീപ്തമായ നാദം ഒഴുകിവന്നു: ഭഭതേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ...'' ചരണത്തിലെ ഭശോകത്തിന്‍ സാഗരതീരത്തില്‍ ഏകയായ് കണ്ണീരണിഞ്ഞു ഞാന്‍ നില്‍പ്പൂ' എന്ന ഭാഗമെത്തിയപ്പോള്‍ കേള്‍വിക്കാരില്‍ ആരോ വിതുമ്പി. ഒന്നും അറിയുന്നുണ്ടായിരുന്നില്ല ബാബു. കണ്ണുകള്‍ അടച്ച് അദ്ദേഹം പാടിക്കൊണ്ടേയിരുന്നു..''

ബാബുരാജിന്റെ ഏറ്റവും മികച്ച ഈണങ്ങള്‍ പലതും യൂസഫലിയുടെ വരികളില്‍ നിന്ന് പിറന്നവയാണ്: സുറുമയെഴുതിയ മിഴികളെ (ഖദീജ), എഴുതിയതാരാണ് സുജാത, അനുരാഗ ഗാനം പോലെ (ഉദ്യോഗസ്ഥ), ഇക്കരെയാണെന്റെ താമസം, പാവാടപ്രായത്തില്‍, കണ്മണിയേ (കാര്‍ത്തിക), അമൃതും തേനും എന്തിനു വേറെ (അഞ്ചു സുന്ദരികള്‍), ആടാനുമറിയാം (പ്രിയ), കടലേ നീലക്കടലേ (ദ്വീപ്)... എല്ലാം പ്രണയസുരഭിലമായ ഗാനങ്ങള്‍. സംഗീത സംവിധായകരുടെ മൂന്നോ നാലോ തലമുറയ്‌ക്കൊപ്പം ഹിറ്റുകളില്‍ പങ്കാളിയായിട്ടുണ്ട് യൂസഫലി. രാഘവന്‍ (തച്ചോളി അമ്പുവിലെ നാദാപുരം പള്ളിയിലെ, അനുരാഗക്കളരിയില്‍ ), എം ബി ശ്രീനിവാസന്‍ (ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലെ വിശ്വമഹാക്ഷേത്ര സന്നിധിയില്‍, വിവാഹ നാളില്‍ ), ശ്യാം (ഈ നാടിലെ അമ്പിളി മണവാട്ടി, നാടോടിക്കാറ്റിലെ വൈശാഖ സന്ധ്യേ, കരകാണാക്കടലല മേലെ), കെ ജെ ജോയ് (സായൂജ്യത്തിലെ മറഞ്ഞിരുന്നാലും, ഇതാ ഒരു തീരത്തിലെ അക്കരെയിക്കരെ നിന്നാല്‍, ഹൃദയം പാടുന്നുവിലെ തെച്ചിപ്പൂവേ), അര്‍ജുനന്‍ (നിറമാലയിലെ കണ്ണീരിന്‍ കവിതയിതെ), യേശുദാസ് (സഞ്ചാരിയിലെ റസൂലേ നിന്‍ കനിവാലെ), ശങ്കര്‍ ഗണേഷ് (ചിരിക്കുടുക്കയിലെ ചിത്രകന്യകേ), എം എസ് വിശ്വനാഥന്‍ (പഞ്ചമിയിലെ രജനീഗന്ധി വിരിഞ്ഞു), എസ് പി വെങ്കിടേഷ് (ഭീഷ്മാചാര്യയിലെ ചന്ദനക്കാറ്റെ), മോഹന്‍ സിതാര (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമിലെ ആലിലക്കണ്ണാ, ദീപസ്തംഭം മഹാശ്ചര്യത്തിലെ നിന്റെ കണ്ണില്‍, ജോക്കറിലെ കണ്ണീര്‍ മഴയത്ത് ), പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് (സ്‌നേഹത്തിലെ പേരറിയാത്തൊരു നൊമ്പരത്തെ), രവീന്ദ്രന്‍ (മഴയിലെ വാര്‍മുകിലെ, ഗേയം ഹരിനാമധേയം), വിദ്യാസാഗര്‍ (മധുരനൊമ്പരക്കാറ്റിലെ ദ്വാദശിയില്‍)...

ഭഭകൃഷ്ണകൃപാ സാഗരം എന്ന പാട്ട് കേട്ടപ്പോള്‍ അത് മുത്തുസ്വാമി ദീക്ഷിതരുടെയോ ശ്യാമശാസ്ത്രിയുടെയോ രചന ആവും എന്നാണു ഞാന്‍ ധരിച്ചത്,'' സര്‍ഗത്തിന്റെ 175 ആം ദിനാഘോഷ വേളയില്‍ ആശംസാ പ്രസംഗം നടത്തവേ ഡോ. സി .കെ രാമചന്ദ്രന്‍ പറഞ്ഞു. ഭഭനമ്മുടെ യൂസഫലി കേച്ചേരിയാണ് അതെഴുതിയത് എന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. ഒരു യഥാര്‍ത്ഥ കൃഷ്ണഭക്തനല്ലാതെ മറ്റാര്‍ക്കും അത്രയും മനോഹരമായ ആ വരികള്‍ എഴുതാനാവില്ല എന്ന് വിശ്വസിക്കുന്നു ഞാന്‍..'' ഡോക്ടറുടെ വാക്കുകള്‍ കേട്ട് വേദിയിലിരുന്നു കണ്ണ് തുടച്ച യൂസഫലിയെ വികാരവായ്‌പ്പോടെ ഓര്‍ക്കുന്നു സര്‍ഗത്തിന്റെ സംവിധായകന്‍ ഹരിഹരന്‍. ഭഭഎല്ലാ അവാര്‍ഡുകള്‍ക്കും മുകളില്‍ നില്‍ക്കുന്ന ബഹുമതിയായിരുന്നു അത്'' പിന്നീടൊരിക്കല്‍ യൂസഫലി പറഞ്ഞു. ഭഭ രണ്ടു മഹാരഥന്മാരുടെ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ആ നിമിഷം എന്റെ മനസ്സ് ഇ.പി ഭരത പിഷാരടിയുടെയും, കെ പി നാരായണ പിഷാരടിയുടെയും. സംസ്‌കൃത ഭാഷയുടെ അതിവിശിഷ്ട ലോകത്തേക്ക് എന്നെ ആനയിച്ച ഗുരുക്കന്മാര്‍. എനിക്ക് ലഭിച്ച എല്ലാ ബഹുമതികളും ഞാന്‍ അവരുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു; പിന്നെ നജ്മക്കുട്ടി എന്ന ഒരു പാവം വീട്ടമ്മയുടേയും. മാപ്പിളപ്പാട്ടിന്റെ മധുമഴയില്‍ എന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ചത് അവരാണ് എന്റെ പ്രിയപ്പെട്ട ഉമ്മ.''