തൃശ്ശൂര്‍: എഴുതിത്തീരാത്ത ഗാനങ്ങള്‍ ബാക്കിവെച്ച് യൂസഫലി കേച്ചേരി മടങ്ങി. മലയാളിക്ക് മറക്കാനാവാത്ത സുന്ദരഗാനങ്ങളും കവിതകളും സമ്മാനിച്ച അദ്ദേഹം തന്റെ എണ്‍പതാം വയസ്സിലാണ് വിടവാങ്ങിയത്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

ശനിയാഴ്ച അഞ്ചരയോടെ എറണാകുളം അമൃത ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാത്രിയോടെ കേച്ചരിയിലെ വീട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച രാവിലെ 11 മുതല്‍ ഒരുമണിവരെ സാഹിത്യ അക്കാദമയില്‍ പൊതുദര്‍ശനത്തിനു വെക്കും. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ പട്ടിക്കര പറപ്പൂര്‍ തടത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ 1934 മെയ് 16ന് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മക്കുട്ടിയുടെയും മകനായി ജനിച്ച യൂസഫലി കുട്ടിക്കാലത്തുതന്നെ അറബിക്കിനോടൊപ്പം സംസ്‌കൃതവും ഖുര്‍ആനോടൊപ്പം രാമായണവും പഠിച്ചാണ് വളര്‍ന്നത്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദവും നേടി. 1962ല്‍ വക്കീലായി എന്‍റോള്‍ ചെയ്‌തെങ്കിലും അധികം വൈകാതെ സാഹിത്യലോകത്തേക്കുതന്നെ തിരികെപ്പോയി.

1954ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യ കവിതയായ 'കൃതാര്‍ത്ഥനായി ഞാന്‍' പ്രസിദ്ധീകരിച്ചു. കെ.പി. നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു. 'സൈനബ'യാണ് ആദ്യ ഗ്രന്ഥം. 1964ല്‍ രാമു കാര്യാട്ടിന്റെ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രഗാനരചനയിലേക്ക് കടന്നത്.

ഇരുന്നൂറോളം ചലച്ചിത്രങ്ങള്‍ക്കായി എഴുനൂറോളം പാട്ടുകള്‍ എഴുതിയിട്ടുള്ള കേച്ചേരിക്ക് 'മഴ' എന്ന ചിത്രത്തിലെ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിന് 2000ല്‍ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മ, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ക്കു പുറമേ ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ള ഏക മലയാളിയാണ് അദ്ദേഹം.
നാലുതവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു. നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റും സംഗീത നാടക അക്കാദമി അസി. സെക്രട്ടറിയുമായിരുന്നു.

അഞ്ച് കന്യകകള്‍, ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, പേരറിയാത്ത നൊമ്പരം, അനുരാഗഗാനം പോല തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഖദീജയാണ് ഭാര്യ. മക്കള്‍: അജിത, ബൈജി, ഹസീന, സബീന, സൂരജ് അലി. മരുമക്കള്‍: എ.ടി.എം. സഗീര്‍ (തൃശ്ശൂര്‍ ഡി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍), അബ്ദുള്‍സമദ് (ബിസിനസ്), അഡ്വ. എം.വി. അന്‍വര്‍, പരേതനായ ഡോ. ഷാജഹാന്‍, ഷെറിന്‍ സൂരജ്.