മലയാളിയുടെ കാവ്യവഴികളില്‍ യൂസഫലി കേച്ചേരി എന്ന നാമധേയത്തിന്റെ പ്രസക്തികളിലൊന്ന്് അദ്ദേഹത്തിനുമുമ്പ് അതുമാതിരി പേരുള്ള അത്രയും അറിയപ്പെടുന്ന ആരുമില്ല എന്നതാണ്. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍ തുടങ്ങിയ തലങ്ങളില്‍ അദ്ദേഹത്തെ പ്രസക്തനാക്കുന്ന മറ്റുകാര്യങ്ങള്‍ക്കപ്പുറത്ത് വരുന്നതാണത്. കൊളോണിയല്‍ യജമാനന്മാരോടും അവരുടെ വിദ്യാഭ്യാസരീതി ഉള്‍പ്പെടെയുള്ളവയോടുമുള്ള വെറുപ്പിനാലും മറ്റ് കാരണങ്ങളാലും സംസ്‌കാരത്തിന്റെ പൊതുവഴിയില്‍നിന്ന് മാറിനടന്ന മാപ്പിളമാര്‍ പില്‍ക്കാലത്ത് അതിവേഗം അവിടേക്ക് നടന്നുകേറിയെത്തുകയും സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാവുകയും ചെയ്തു. പക്ഷേ, കവിതയുടെ മുഖ്യധാരയില്‍ സജീവമാവാന്‍ മുസ്ലിം സമുദായത്തിന് യൂസഫലി കേച്ചേരിയോളം കാത്തിരിക്കേണ്ടി വന്നു. ഏറ്റവും പഴക്കമുള്ള സാഹിത്യരൂപമായ കവിത എവിടെയും എക്കാലത്തും മിത്തുകളെ ഉപജീവിച്ചുകൊണ്ടാണ് വളര്‍ന്നുവന്നത്. ഇവിടെയും അങ്ങനെത്തന്നെ. മിത്തുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ ഒക്കെയും സമൂഹത്തിന്റെ പൊതു ഈടുവെപ്പുകളുടെ ഭാഗമെങ്കിലും നമ്മുടെ സവിശേഷമായ ജാതി സമ്പ്രദായത്തിന്റെയും മിത്തുകള്‍ക്കുള്ള മതപരമായ വിശ്വാസാനുഷ്ഠാനങ്ങളുടെ പ്രാമാണികതയാലും ആ ഘടനയ്ക്കു പുറത്തുള്ളവര്‍ക്കും ജാതിയില്‍ കുറഞ്ഞവര്‍ക്കുമെല്ലാം കവിതയുടെ പൂമുഖത്തേക്കുള്ള പ്രവേശം ദുഷ്‌കരമായിരുന്നു. അതുകാണ്ടുതന്നെ ജാതിക്കുപുറത്തുള്ള സമൂഹങ്ങള്‍ കവിതയുടെ സമാന്തരവഴികള്‍ ഉണ്ടാക്കിപ്പോന്നു. കേരളീയ മാപ്പിളമാര്‍ അവരുടെ ആത്മാവിഷ്‌കാരം അറബി മലയാളത്തില്‍ അറബിയും മലയാളവും തമിഴുമെല്ലാം കലര്‍ന്ന സങ്കരഭാഷയില്‍ മാപ്പിളപ്പാട്ടുകള്‍ എന്ന കാവ്യരൂപത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.

സാധാരണ യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന യൂസഫലിക്ക് മാപ്പിളപ്പാട്ടിന്റെ സമ്പന്നമായ പൈതൃകമുണ്ടായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം നേടിയ സംസ്‌കൃതഭാഷാ പരിജ്ഞാനം ജന്മസിദ്ധമായ കവിപ്രതിഭയെ ഉദ്ദീപിപ്പിക്കുകയും മലയാള കവിതയുടെ മുഖ്യധാരയിലേക്ക് കയറിയിരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുകയും ചെയ്തു. അങ്ങനെ യൂസഫലി കേച്ചേരി സാഹിത്യമണ്ഡലത്തില്‍, നിലനില്‍ക്കുന്ന മാനദണ്ഡങ്ങളും കൈക്കണക്കുകളും തെറ്റിക്കാതെത്തന്നെ തന്റെ വിപുലമായ ലോകസാഹിത്യപരിജ്ഞാനവും സംസ്‌കൃതപാണ്ഡിത്യവും മാപ്പിളപ്പാട്ട് സംസ്‌കാരവും സമന്വയിച്ച് ഉരുവംകൊണ്ട കാവ്യപ്രതിഭയുടെ മുഴക്കം കേള്‍പ്പിച്ചു. നവോത്ഥാനം വെളിച്ചംവിതച്ച പുരോഗാമിത്വവും പ്രബുദ്ധതയും യൂസഫലിയിലും അറിഞ്ഞോ അറിയാതെയോ സ്വാധീനംചെലുത്തി. ഒരുപക്ഷേ, മലയാളകവിതയുടെ പൊതു ഇടം യൂസഫലിക്കുമുന്‍പും പിന്‍പും എന്ന ഒരു തരംതിരിവുപോലും അപ്രസക്തമല്ലാത്തവിധത്തില്‍ ആ പ്രവേശത്തിനുണ്ട് ഒരു സാംസ്‌കാരികഅര്‍ഥം.

സമീകരണമല്ല, ശ്രീനാരായണഗുരുവിനെപ്പോലുള്ള യുഗപുരുഷന്മാരുടെ കര്‍മരീതികളുടെ വിദൂരസാമ്യം ഇവിടെ ശ്രദ്ധിച്ചുപോകാവുന്നതാണെന്ന് തോന്നുന്നു. ആയിരത്താണ്ടുകളുടെ പാരമ്പര്യത്തിന്റെ കടുംകെട്ടുകളെ പൊട്ടിക്കാനും അഷ്ടബന്ധങ്ങളുടെ അടിത്തറ ഇളക്കാനും ഗുരു ഉപയോഗിച്ചത് സംസ്‌കൃതവും ആര്യവുമായ ആയുധങ്ങള്‍ തന്നെയായിരുന്നു. ഇവിടെ കവി സാഹിത്യത്തിന്റെ മതേതരവും വിശാലവുമായ ഒരു ഭൂമികയെ സാര്‍ഥകമാക്കാന്‍ അതേവഴി തന്നെയാണ് തിരഞ്ഞെടുത്തത്. അല്ലാത്തപക്ഷം എന്തു സംഭവിക്കുമായിരുന്നു എന്നതിനെക്കുറിച്ചുള്ള ആലോചന തത്കാലം വിടുന്നു. മലയാളത്തിലെ ഏറ്റവും മികച്ചവയില്‍ പെടുത്താവുന്ന കൃഷ്ണഭക്തികാവ്യങ്ങളും ഗാനങ്ങളും രചിച്ച കവി മലയാളിയുടെ ഉദാരവും വിശാലവുമായ മതേതര ഭൂമികയില്‍ സുധീരമായി തന്റെ കാലുറപ്പിച്ചു നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൃഷ്ണകവിതകള്‍ പൂര്‍വസൂരികളും സമകാലികരുമായ ഏത് ഭക്തകവിയുടെയും രചനകളോടൊപ്പവും തോള്‍ചേര്‍ന്ന് നില്‍ക്കാന്‍ കെല്‍പ്പുള്ളവയാണുതാനും.

ഭവിഷ്യല്‍ പുരാണം മുതലായവയുടെ പശ്ചാത് ശോഭയിലും ഖുര്‍ആനികമായ പ്രവാചക സങ്കല്‍പ്പത്തിന്റെ പിന്‍ബലത്തിലും കൃഷ്ണസങ്കല്‍പ്പത്തെ അദ്ദേഹം മതാതീതമായ ഒരു തലത്തിലേക്ക് ഉയര്‍ത്തി. യഥാര്‍ഥത്തില്‍ ആത്മീയത എന്നത് മതാതീതമോ ഒരുവേള മതബാഹ്യം തന്നെയോ ആകുന്നുവല്ലോ. ഇവിടെ കവി തന്റെ സ്വകീയമായ വിശ്വാസ സങ്കല്‍പ്പങ്ങളുടെ നിലപാടുതറയില്‍ കാലുറപ്പിച്ചുകൊണ്ടുതന്നെ തന്റെ ചേതനയെ ഒരു ബഹുസ്വരസമൂഹത്തിന്റെ അരോഗദൃഢതയ്ക്ക് ഉപകാരപ്പെടുംവിധം സ്വരപ്പെടുത്തുകയായിരുന്നു. അവിസ്മരണീയങ്ങളായ നിരവധി രചനകള്‍ സംഭാവനചെയ്ത് ചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കേച്ചേരി ഈ മണ്ഡലത്തില്‍ പി. ഭാസ്‌കരന്റെ പിന്തുടര്‍ച്ചാവകാശിയാണെന്ന് പറയാം. മാപ്പിളപ്പാട്ടുകളെ പൊതുധാരയിലേക്ക് ആനയിച്ച് അതിനെ കേരളീയ ബഹുസ്വരസമൂഹത്തിന്റെ സ്വന്തമാക്കിത്തീര്‍ത്ത ഭാസ്‌കരന്‍രാഘവന്‍ ദ്വയത്തെ എന്നപോലെ യൂസഫലി ബാബുരാജ് ദ്വയവും ആദരവര്‍ഹിക്കുന്നു. മൈലാഞ്ചിക്കാട്ടില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി എന്ന മട്ടിലുള്ള ജനപ്രിയഗാനങ്ങളും ജാനകീജാനേ, കൃഷ്ണകൃപാസാഗരം തുടങ്ങിയ പ്രൗഢരചനകളും ആ വിരല്‍ത്തുമ്പുകള്‍ക്ക് അയത്‌നലളിതമായി വഴങ്ങി. മലയാളിയുടെ മതേതരവും ബഹുസ്വരവുമായ സാംസ്‌കാരിക പ്രബുദ്ധതയെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന പേരുകളില്‍ ഒന്നായി വരുംകാലം യൂസഫലി കേച്ചേരി എന്ന കവിയെ അടയാളപ്പെടുത്തും എന്നതില്‍ സംശയമില്ല.