ഗാനരചനയിലും കവിതയിലും തന്റെ സവിശേഷ മുദ്ര ചാര്‍ത്തിയ യൂസഫലി കേച്ചേരിക്ക് മെയ് 16-ന് 80 വയസ്സ് തികഞ്ഞപ്പോള്‍ ആര്‍.കെ. ദാമോദരന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ കുറിപ്പ്'കൃഷ്ണകൃപാസാഗരം' പൂകുന്ന കേച്ചേരിപ്പുഴയാണ് യൂസഫലി കേച്ചേരി. കേച്ചേരി, കവിതയുടെ ചേരിയാണ്. അദ്ദേഹത്തെ ചെറുശ്ശേരിയുടെ പുനര്‍ജന്മമായി ഗണിച്ചാല്‍ ആ കവിത ആധുനിക കൃഷ്ണപ്പാട്ട് തന്നെ.

അവതീര്‍ണമായ വിശുദ്ധഗ്രന്ഥം അള്ളാഹുവിന്റെ നാമത്തില്‍ വായിക്കുകയും ഭാരതീയ ആധ്യാത്മികതയില്‍ വായനയും ഭാവനയും കോര്‍ത്തുവെക്കുകയും ചെയ്ത യഥാര്‍ഥ 'ഇന്ത്യന്‍ ഇസ്ലാ'മാണ് ഈ കവി. 'ആലില'യില്‍ പള്ളികൊണ്ട് ആര്‍ഷനഭസ്സിലേക്ക് നോക്കി ആ കവിത അള്ളാഹുവിനെയും ദര്‍ശിക്കുന്നു. ഈ 'അദൈ്വത'ദര്‍ശനം തന്നെയാണ് 'കൃഷ്ണകൃപാസാഗരം' ചേര്‍ന്ന 'കേച്ചേരിപ്പുഴ'യെന്ന കവിതയും ഗാനവും. അശീതിയിലേക്ക് ഈ കേച്ചേരിപ്പുഴയൊഴുകുമ്പോള്‍ യൂസഫലി കേച്ചേരിയെന്ന ഗാനകവിത ആര്‍ഷജ്ഞാനത്തിന്റെയും ആസ്തിക്യബോധത്തിന്റെയും അമരവാണിയുടെയും പുണ്യതീര്‍ഥമാകുന്നു. 'ആയിരംനാവുള്ള മൗന'ഭാഷയില്‍ അത് ഭാരതീയതയെയും ഭഗവാനെയും വാഴ്ത്തുന്നു.

'തുളസീ കൃഷ്ണതുളസീ, നിന്‍-
നെഞ്ചിലെരിയുന്ന ചന്ദനത്തിരിയിലൊ-
രഭൗമ ദിവ്യസുഗന്ധം,
ഒരധ്യാത്മ ദിവ്യസുഗന്ധം'
(സരസ്വതീ ശാപംമൂലം വിഷ്ണുപത്‌നീപദം വിട്ട് ഭൂമിയില്‍ തുളസിച്ചെടിയായി ജനിച്ച ലക്ഷ്മീദേവിയുടെ പുരാവൃത്തം) എന്നുപാടി ആ ദിവ്യസുഗന്ധം അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് യൂസഫലി.

'കൃതാര്‍ഥന്‍ ഞാന്‍' എന്ന പ്രഥമ കവിതയിലും (മാതൃഭൂമി ആഴ്ചപ്പതിപ്പ് -ബാലപംക്തി 1954) 'മയിലാഞ്ചിത്തോപ്പില്‍' എന്ന പ്രഥമഗാനത്തിലും (മൂടുപടം-1963) സമാരംഭിച്ച കേച്ചേരിയുടെ കവനകൗതുകം 'ന അനൃഷി കവിഃ' എന്ന തത്ത്വവാക്യമറിഞ്ഞ് ആത്മീയ തപസ്ഥാനം തേടി ആര്‍ഷസഞ്ചാരം ചെയ്തു.
കവിതയില്‍ 'കേച്ചേരിപ്പുഴ'യാകുന്ന ഈ കവി, 'അപ്ലൈഡ് പോയട്രി' എന്ന് വിശേഷിപ്പിക്കുന്ന ഗാനത്തില്‍ 'കല്ലായിപ്പുഴ'യെന്ന ചെല്ലപ്പേരിലൊഴുകിയെത്തുന്നു. കേച്ചേരിപ്പുഴത്തീരത്തുനിന്ന് കാവ്യോദയത്തിന്റെ 'സിന്ദൂരച്ചെപ്പ്' തുറന്നുകാട്ടുന്ന അദ്ദേഹം കല്ലായിക്കടവത്തെ 'മരം' കടഞ്ഞ് മാരശില്പങ്ങള്‍ രചിക്കുന്നു.

ആ കവനവൈഭവം 1979-ല്‍ ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. 'അനുഭവങ്ങളേ നന്ദി' എന്ന ഐ.വി. ശശി ചിത്രം. ദേവരാജ സംഗീതത്തില്‍ ആദ്യമായി ഒരു ഗാനം രചിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.എസ്. ആന്റണിയുമൊത്ത് മദിരാശി മഹാലിംഗപുരം കാംദാര്‍ നഗറിലുള്ള ദേവരാജന്‍ മാഷിന്റെ വീട്ടില്‍പോയി. ഞാന്‍ എഴുതിയ ശീര്‍ഷകഗാനം (യേശുദാസ് പാടുന്നത്) മാഷിനെ ഏല്പിച്ചു. ഗാനം നിഷ്‌കരുണം നിരസിച്ച മാസ്റ്റര്‍ ആ ഗാനം മാറ്റി എഴുതാന്‍ നിര്‍ദേശിച്ചത് യൂസഫലി കേച്ചേരിയോടായിരുന്നു.

''അനുഭവങ്ങളേ നന്ദി, അശ്രുകണങ്ങളേ നന്ദി, അപാര ജീവിത വിദ്യാലയത്തിലെ ആചാര്യന്മാരേ നന്ദി'' -ഇങ്ങനെ ഒരു പാട്ടുപല്ലവി രചിച്ച് 'അനുഭവമാണ് മഹാഗുരു'വെന്ന തത്ത്വദര്‍ശനം അദ്ദേഹം പകര്‍ന്നുതന്നു. 'ദേവന്റെ കോവിലില്‍ കൊടിയേറ്റ്, ഇന്നെന്‍ ദേവിതന്‍ കാവില്‍ മുടിയേറ്റ്' എന്ന എന്റെ സുശീല-മാധുരി യുഗ്മഗാനം ചിട്ടപ്പെടുത്തി യൂസഫലിയെന്ന കവിപ്രതിഭയ്‌ക്കൊപ്പം ദേവരാജന്‍ മാസ്റ്റര്‍ എന്നെയും ഉള്‍ക്കൊണ്ടത് അന്ന് കവിയശഃപ്രാര്‍ഥിയായി നടന്നിരുന്ന എനിക്ക് ഒരു മധുരാനുഭവവുമായി. അന്നുമുതല്‍ യൂസഫലിയെന്ന കവിയുടെ കാല്‍നഖേന്ദു മരീചികള്‍ എനിക്കെന്റെ സര്‍ഗപഥത്തില്‍ വെളിച്ചമാവുകയായിരുന്നു.

സരളതയാണ് ആ സരസ്വതി. സംസ്‌കൃതമാണ് ആ ഭാരതി. കെ.പി. നാരായണപ്പിഷാരടിയെന്ന മഹാഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് അദ്ദേഹം 'ജാനകീ ജാനേ രാമാ' എന്ന ഗാനരാമായണവും ഗുരുവായൂര്‍പുരത്തെ 'ജനിമോക്ഷകര'മെന്ന് വിശേഷിപ്പിച്ച് ഗാനകൃഷ്ണായനവും മലയാളത്തിന് സമര്‍പ്പിച്ചു. 'സാമജസഞ്ചാരിണി'യായ അമരവാണിയെ പച്ചമലയാളം പോലെ പാട്ടിലാക്കി !
''ശ്രുതിഃമാതാ ലയഃ പിതാ'' എന്ന സംഗീതപാഠം, 'ശ്രുതിയമ്മ ലയമച്ഛന്‍, മകളുടെ പേരോ സംഗീതം' എന്ന് ഭാഷാന്തരം ചെയ്ത് കേച്ചേരി, കച്ചേരി ചെയ്തപ്പോള്‍ അത് സരളമലയാളത്തില്‍ പിഷാരടി മാഷിനുള്ള 'പാവന ഗുരുവന്ദന'മാവുകയായിരുന്നു.

പ്രണയത്തിന്റെ പ്രസാദാത്മകമായ 'ഓമലാളേ കണ്ടു ഞാന്‍', 'പതിനാലാം രാവുദിച്ചത്', 'അനുരാഗഗാനം പോലെ', 'അഞ്ചുശരങ്ങളും'... തുടങ്ങി എത്രയോ മനോഹരഗാനങ്ങളെഴുതിയ യൂസഫലി കേച്ചേരിയെന്ന പൂര്‍വസൂരിയുടെ 'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോവിളിച്ചു, മണ്ണില്‍ വീണുടയുന്ന നൊമ്പരത്തെ കണ്ണുനീരെന്നും വിളിച്ചു' എന്ന വിഷാദാത്മകഗാനമാണ് (ചിത്രം-സ്‌നേഹം, സംഗീതം -പെരുമ്പാവൂര്‍ ജി.) എന്തോ, എനിക്കേറെ പ്രിയം. 'ആലില'യെന്ന കവിതയും, 'ആലിലക്കണ്ണാ' എന്ന ഗാനവും 'മധുരിപു'വായ ഭഗവാന്‍ കവിയുടെ മാനസമുരളിയെ ചുംബിച്ചുണര്‍ത്തി ഭാവനയെ 'ആന്ദോളനം' ചെയ്യിച്ച് സൃഷ്ടിച്ചതുതന്നെയെന്നാണ് 'ഇദം ന മമ' എന്നറിയുന്ന ഇക്കവിയുടെ ആത്മവിശ്വാസം. പാരമ്പര്യവാദിയായ ഇദ്ദേഹം മലയാള കവിതയുടെ ഛന്ദസ്സും മലയാള ഗാനത്തിന്റെ ചന്തവുമാണ്.

കൈരളിയുടെയും കവിതയുടെയും കണ്ണന്റെയും കരുണാകരന്റെയും (മുന്‍ മുഖ്യമന്ത്രി) ഒക്കെ കരള്‍കവര്‍ന്ന ഇദ്ദേഹം മെയ് 16 വെള്ളിയാഴ്ച അശീതി (80-ാം പിറന്നാള്‍) ആഘോഷിക്കുമ്പോള്‍ 'ബ്രഹ്മരാഗ'മായി എന്റെ, കാവ്യാസ്വാദക മനസ്സുകളുടെ, മംഗളാശംസകള്‍ നേരുന്നു; നാരായണീയ നാകഭാഷയില്‍ ആയുരാരോഗ്യസൗഖ്യങ്ങളും!