സംഗീത സമനാമമാണ് സഹൃദയ ഭാരതീയന് ഗാനഗന്ധര്‍വന്‍ യേശുദാസ്. ആ സര്‍ഗസംഗീതത്തിന് 2015 ജനവരി 10 ശനിയാഴ്ച 75-ാം പിറവി ദിനം. ഇക്കുറി ഗാനസമ്രാട്ട് മുഹമ്മദ് റഫിയുടെ 90-ാം ജന്മദിനവും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പിറന്നാളും (പിറന്ന നാള്‍-ധനുമാസ ഉത്രാടം) കഴിഞ്ഞ ഡിസംബര്‍ 24 ബുധനാഴ്ച ഒന്നിച്ചുവന്നതും സിനിമാസംഗീതശ്രുതിചേരലായി!

ഇത് നിങ്ങള്‍ വായിക്കുമ്പോള്‍ അദ്ദേഹം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ധ്യാനനിരതനായി മുഖ്യ അര്‍ച്ചകന്‍ ഗോവിന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ കുടുംബസമേതം സങ്കല്പം ചെയ്ത്, ഓലകമണ്ഡപമെന്ന സരസ്വതീമണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തി, ഹോമവേദിയില്‍ 'ചണ്ഡികാഹോമ'ത്തിന് ചമ്രം പടിഞ്ഞിരിക്കുകയാവും. കാഞ്ഞങ്ങാട് രാമചന്ദ്രനെന്ന കര്‍ണാടക സംഗീതജ്ഞന്റെ നേതൃത്വത്തില്‍ ഒരു പകല്‍ നീളുന്ന 'യേശുദാസ് സംഗീതോത്സവം' പിറന്നാള്‍ സമ്മാനമായി അവിടെ അരങ്ങേറുന്നുണ്ടാവും.

പഞ്ചവേദമാണ് ഈ സ്വരജന്മം! ഗാനഗന്ധര്‍വനെന്ന് മഹാകവി ജി. ശങ്കരക്കുറുപ്പ് ആദ്യമായി വിശേഷിപ്പിച്ച ഗായകനെ
'ഈ ഗായകപുണ്യസ്വര-നിര്‍വൃതിയാലേകമായ് ഭവിച്ചപ്പോള്‍ പലതായ് കാണപ്പെടുമീ പാരിന്‍ സത്തായി ശങ്കരാദൈ്വതം' (സപ്തസ്വരസപ്തതി) എന്ന് മംഗളസ്തുതിയെഴുതി മഹാകവി അക്കിത്തം, യേശുദാസിനെ നിറനിലവിളക്കെടുത്ത് 'ദേവായന'ത്തില്‍ എതിരേറ്റതും (23.09.2009) മലയാള കാമിനി മാധവിക്കുട്ടി, കൈതപ്രത്തിന്റെ ഒരു സംഗീതആല്‍ബം എറണാകുളം 'ഗംഗോത്രി' ഹാളില്‍ വെച്ച് യേശുദാസില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ അദ്ദേഹത്തെ ഒന്ന് തൊടണമെന്നാഗ്രഹിച്ചതും 250 ദാസ് കച്ചേരികള്‍ കേട്ട് ഗായകനെ ഗവേഷണവിഷയമാക്കിയ വൈജ്ഞാനിക സാഹിത്യകാരിയും സംഗീതചികിത്സകയുമായ ഡോ. സുവര്‍ണ നാലപ്പാട്ട്, തന്റെ ഏക മകന്‍ അഭിലാഷിന്റെ കല്യാണത്താലി ദാസേട്ടനെക്കൊണ്ട് ആശീര്‍വദിപ്പിച്ചതും ബംഗളുരു നിവാസിനി ശോഭ തന്റെ പൂജാമുറിയില്‍ യേശുദാസിന്റെ ചിത്രവും വെച്ചു പൂജിക്കുന്നതും പാലാക്കാരന്‍ ജയന്‍ പ്ലാക്കൂട്ടത്തില്‍ (സ്റ്റൗ റിപ്പയറര്‍) ആനവാല്‍മോതിരംപോലെ, രോമാഞ്ചദായകനായ ഗായകന്റെ രോമംകൊണ്ട് 'ഗാനവാല്‍ മോതിരം' കെട്ടിച്ച് കൈയിലിടാന്‍ ആഗ്രഹിക്കുന്നതും യേശുദാസിന്റെ 'ഫോട്ടോ ബയോഗ്രഫി' ചെയ്ത് ലോകത്തിലാദ്യമായി ഒരു ഗായകന്റെ ചിത്രപ്രദര്‍ശനം നടത്തി 'ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്‌സി'ല്‍ ഇടംപിടിച്ച കൊല്ലം സ്വദേശി ലീന്‍ തോബിയാസ് ഇന്നും ക്യാമറക്കണ്ണോടെ കൊതിമൂത്ത് ഈ ഗാനമൂര്‍ത്തിയെ നോക്കിനില്‍ക്കുന്നതും യേശുദാസിന്റെ സോക്‌സ് അമൂല്യനിധിയായി അബുദാബിയിലെ ആശാ തോമസ് കാത്തുസൂക്ഷിക്കുന്നതും ദാസേട്ടന്‍ കേരളത്തിലെത്തിയെന്നുകേട്ടാല്‍ വടക്കന്‍ പറവൂരിലെ ഡോ. സി.എം. രാധാകൃഷ്ണന്‍ തന്റെ 'ശാന്തി ഹോസ്പിറ്റല്‍' വിട്ട് ഓടുന്നതും കണ്ണൂര്‍ സ്വാമിനാഥന്‍ തന്റെ ശിഷ്ടായുസ്സ് ഈ സംഗീത പുരുഷന് പകര്‍ന്നു നല്കാന്‍ മൂകാംബികാദേവിയോട് അപേക്ഷിക്കുന്നതും പ്രണയിക്കണം, പരിണയിക്കണം, കൂടെപ്പാടണം, കൂട്ടുകൂടണം, ഓട്ടോഗ്രാഫും ഫോട്ടോഗ്രാഫും വേണം എന്നൊക്കെ എത്രയോ ലക്ഷങ്ങള്‍ അഭിലഷിക്കുന്നതും ഓര്‍ക്കുക.

കേവലം ഒരു സിനിമാപ്പാട്ടുകാരനല്ല കാലം നമിക്കുന്ന കര്‍ണാടക സംഗീതജ്ഞന്‍ കൂടിയാണ് യേശുദാസ്. ഈ ദക്ഷിണേന്ത്യന്‍ സംഗീതം സാധ്യമായ സാധകന് ഇതര സംഗീതങ്ങളെല്ലാം ഇണങ്ങുമെന്നാണ് ദാസേട്ടന്റെ വായ്ത്താരി. സംഗീതം മാറ്റിനിര്‍ത്തിയാല്‍ ആരാണ്, എന്താണ് ഈ ഗന്ധര്‍വന്‍?


അമേരിക്കയിലെ ആശാരി, അഭിരാമപുരത്തെയും


സാക്ഷാല്‍ യേശുദേവന്റെ പിതാവ് ജോസഫിനെപ്പോലെ, അഞ്ചുകട്ടപ്പാട്ടുകാരനായ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ ഈ ആദ്യസന്താനവും അസ്സല്‍ ഒരു ആശാരിയാണ്. ചന്തത്തില്‍ ചിന്തേരിട്ട് അമേരിക്കയില്‍ ഡള്ളസിലെ വീട്ടിലുള്ള റിക്കാര്‍ഡിങ് സ്റ്റുഡിയോ സ്വന്തമായി നിര്‍മിച്ചത് യേശുദാസിലെ പെരുംതച്ചനാണ്. മുഴക്കോലും ഉളിയും കൊട്ടുവടിയുമൊക്കെയായി ചെന്നൈ അഭിരാമപുരത്ത് ഇപ്പോള്‍ പണിതീരാത്ത വീട്ടിനകത്തും ഈ 'ദാസാശാരി'യെ കാണാനാകും.


കായികഗായകന്‍


ടെന്നിസിനോട് പാട്ടിനോളം തന്നെ പ്രണയമുണ്ട് 'കായികഗായകന്'. മുന്‍കാല ചലച്ചിത്രസംവിധായകന്‍ പി.എ. തോമസ് അന്നൊരിക്കല്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ഒരു 'സെലിബ്രിറ്റി മാച്ചി'ല്‍ വിഖ്യാതനായ വിജയ് അമൃതരാജിനെ കോര്‍ട്ടില്‍ എതിരിട്ടത് ആദ്യ റിക്കാര്‍ഡിങ്ങിന്റെ ആനന്ദാനുഭൂതിയായി അയവിറക്കുന്നു. കൗമാരത്തില്‍ത്തന്നെ കാല്‍പ്പന്തിലും കമ്പംകയറി മൈതാനത്തിറങ്ങിയെങ്കിലും അധികം വൈകാതെ ഈ ഇഷ്ടത്തിന്റെ ബൂട്ടഴിച്ചുവെച്ച് ടെന്നിസ് കളിത്താളം വീണ്ടെടുത്തു. വോളിബോളിലും 'തുക്കടാ' കമ്പമുണ്ട്.


അന്ധവിശ്വാസമല്ല, സ്വന്തവിശ്വാസം


ജ്യോതിഷത്തിലും സിദ്ധന്മാരിലും വിശ്വസിക്കുന്നു. അന്ധവിശ്വാസമാണോ എന്നു ചോദിച്ചാല്‍ 'സ്വന്തവിശ്വാസ'മാണെന്നാണ് അദ്ദേഹത്തിന്റെ മറുമൊഴി. നക്ഷത്രജ്യോതി കണ്ടുനടന്നാണ് ആട്ടിടയര്‍ ഉണ്ണിയേശുദര്‍ശനം നേടിയത്. നാളത്തെ കച്ചേരിക്കു മുമ്പുള്ള മൗനദീക്ഷയും ഗൃഹപാഠം ചെയ്യലുംപോലെ ഭാവിയെ പാട്ടിലാക്കാനുള്ള കരുതലുകളും കവടിക്കാരുമൊത്തുള്ള കൂടിയാലോചനകളും നടത്താറുണ്ട്. മിത്രന്‍ നമ്പൂതിരിപ്പാട് മുതല്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രി വരെയുള്ള ജ്യോതിഷികളും ചുട്ടകോഴിയെ പറപ്പിക്കുന്ന വടാന്തോടത്ത് നീലകണ്ഠപ്പിള്ളയെപ്പോലുള്ള മന്ത്രവാദികളും പെന്‍ഡുലം സബാസ്റ്റിന്‍ അടക്കമുള്ള അനേകം ത്രികാലജ്ഞരും വെളിപ്പെടുത്തലുകളിലൂടെ വെളിപാടുകളിലൂടെ ഈ അതിശയഗാനത്തെ അത്യതിശയിപ്പിച്ചിട്ടുണ്ടത്രെ.


താളാത്മകമായ കൃത്യനിഷ്ഠ


കര്‍മതാളമായി കൃത്യനിഷ്ഠ പാലിക്കുക ദാസേട്ടന്റെ ചിട്ടയാണ്. മഹാഗായകനെ നമുക്ക് മാതൃകയാക്കാവുന്ന ആദിതാളം. 2009 സപ്തംബര്‍ 23 ബുധനാഴ്ച. ഞങ്ങള്‍ മഹാകവി അക്കിത്തത്തിന്റെ കുമരനല്ലൂര്‍ വസതിയായ ദേവയാനത്തിലേക്ക് പോകുകയാണ്. അതിനിടയ്ക്ക് വൈകീട്ട് 4.30-ന് തൃശ്ശൂര്‍ റീജണല്‍ തിയേറ്ററില്‍ യേശുദാസ് ഉദ്ഘാടകനാകുന്ന 'മെഴ്‌സി രവി അനുസ്മരണവും' ഉണ്ട്. കൃത്യസമയത്ത് പരിപാടിക്കെത്തിയപ്പോള്‍ അവിടെ 'ഖാദിയന്മാ'രുടെ രീതിപോലെ ഒരാള്‍പോലുമെത്തിയിട്ടില്ല! പാടുപെട്ട് പാര്‍ലമെന്റംഗം പി.സി. ചാക്കോയെ വിളിച്ചുവരുത്തി. 5.30-ന് ഒരുവിധം ചടങ്ങ് നടത്തിച്ച് 'ഗാന്ധിയന്‍ ഗായകന്‍' സ്ഥലംവിട്ടു. പണ്ട് ഒരു കച്ചേരിക്ക് പാലക്കാട് മണി അയ്യര്‍, മണി തെറ്റിച്ചുവന്നപ്പോള്‍ കൃത്യസമയത്ത് മൃദംഗമില്ലാതെ കച്ചേരിയാരംഭിച്ച ചെമ്പൈയുടെ ഗുരുമുഖത്തുനിന്നാണ് ഈ ശിഷ്യന്‍ സമയനിഷ്ഠയുടെ സരളിവരിശകള്‍ അഭ്യസിച്ചാചരിക്കുന്നത്.

ജനവരി 10-ന് കൊല്ലൂരിലും ഫിബ്രവരിയില്‍ പാര്‍ഥസാരഥി ആറാട്ടിന് ചെമ്പൈയിലും മാര്‍ച്ച് 31-ന് കൊച്ചി അധികാരിവളപ്പ് കപ്പേളയിലും ഒക്ടോബര്‍ 1-ന് തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിലും 2-ന് സര്‍ക്കാറിന്റെ ഗാന്ധിജയന്തി പരിപാടിയിലും ഡിസംബര്‍ ജനവരികളില്‍ ചെന്നൈ മാര്‍കഴി സംഗീതോത്സവത്തിലും ഒക്കെ ദാസേട്ടന്റെ വാര്‍ഷിക സംഗീതചര്യകള്‍ കിറുകൃത്യമായി പാലിക്കപ്പെടുന്നത് കാണാം. സിനിമയിലെത്തിയപ്പോള്‍ തനിമയുള്ള തന്റെ പേര് മാറ്റണം എന്നു പറഞ്ഞവരോട് അവന്‍ പാടിയാലും ഇല്ലെങ്കിലും അവന്റെ പേര് യേശുദാസ് എന്നുതന്നെയായിരിക്കുമെന്നായിരുന്നു അപ്പച്ചന്റെ മറുപടിയെന്നും ആ തന്റേടമാണ് തന്റെതുമെന്നും ഗായകന്‍ നിലപാട് വ്യക്തമാക്കുന്നു.


കൃഷ്ണമൂര്‍ത്തിയെന്ന ദര്‍ശനം


ദാര്‍ശനികരില്‍ ജെ. കൃഷ്ണമൂര്‍ത്തി പ്രിയങ്കരനാണ്. സംഗീതശാസ്ത്രഗ്രന്ഥങ്ങളും ആത്മീയഗ്രന്ഥങ്ങളുമാണ് അകം നിറയെ. അതാണ് ജ്ഞാനഭക്ഷണവും ('ഈറ്റ് റൈറ്റ് ഫോര്‍ യുവര്‍ ടൈപ്പ്' എന്ന ഗ്രന്ഥം പഠിച്ച് ഭൗതികഭക്ഷണം ക്രമീകരിച്ചിരിക്കുന്നു)


സുസ്വരസൗഹൃദം


സൗഹൃദം സംഗീതംപോലെ ശ്രുതി ശുദ്ധമായി അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന വ്യക്തി. അര നൂറ്റാണ്ടിലേറെയായി ആത്മബന്ധമുള്ള സതീര്‍ഥ്യന്‍ ചേര്‍ത്തല ഗോവിന്ദന്‍കുട്ടി. തോപ്പുംപടി സെന്റ് സബാസ്റ്റിന്‍സ് ഹൈസ്‌കൂളിലെ പോളും എന്‍.എക്‌സ്. ജോസഫും അടക്കമുള്ള വന്‍ ചങ്ങാതിക്കൂട്ടം. ഗോവിന്ദന്‍കുട്ടിക്ക് ദാസും ദാസിന് ഗോവിന്ദന്‍കുട്ടിയും എടാപോടാ ഏകോദരസഹോദരങ്ങളാണ്. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ സംഗീതഭൂഷണം പഠനകാലം (1958-60) സംസ്‌കൃതം കടുകട്ടി. അരക്കൊല്ല പ്പരീക്ഷയ്ക്ക് രാത്രി മെഴുകുതിരി വെളിച്ചത്തില്‍ 'ദുര്‍ദ്ദാന്തഃ സിംഹഃ' (അടങ്ങാത്ത സിംഹം) പാഠം കൂട്ടുപഠനം നടത്തുകയാണ്. തലയില്‍ കേറുന്നില്ല. പുസ്തകം മടക്കി നേരെ സെന്‍ട്രല്‍ തിയേറ്ററിലേക്ക് വെച്ചുപിടിച്ചു. 'ബാഗ്ദാദ് തിരുടന്‍' സിനിമ അപ്പോഴേക്കും ആരംഭിച്ചിരുന്നു. ഇരുട്ടില്‍ തപ്പി ഒരുവിധം ഇരുവരും ഇരിപ്പിടത്തിലമര്‍ന്നു. മുന്‍നിരയിലിരുന്നയാളോട് എപ്പോള്‍ പടം തുടങ്ങിയെന്ന് തിരക്കി. 'ഇപ്പത്താന്‍ ആരംഭം' എന്ന് പിന്‍തിരിഞ്ഞ് പറഞ്ഞത് പ്രിന്‍സിപ്പല്‍ കുമാരസ്വാമി! സ്വാമിക്ക് ഇരുട്ടത്ത് സംഗീതശിഷ്യരെ പിടികിട്ടിയില്ല. ഭാഗ്യം. പിറ്റേന്ന് സംസ്‌കൃതം പരീക്ഷിച്ചപ്പോള്‍ ഗോവിന്ദന്‍കുട്ടിക്കും പകര്‍പ്പെഴുത്തുകാരന്‍ യേശുദാസിനും അരേശ മാര്‍ക്ക് വീതം! പദ്മം മാഡം എന്ന പി. പദ്മം അമ്മയായിരുന്നു സംസ്‌കൃതം ടീച്ചര്‍. ആ സംസ്‌കൃതചിത്തയ്ക്കു കീഴില്‍ പിന്നീടങ്ങോട്ട് സമര്‍ഥമായി പഠിച്ച് യേശുദാസ് സംസ്‌കൃതത്തില്‍ 'സാമാന്യ വ്യുല്‍പ്പത്തി' നേടിയെടുത്തു.ചിത്രകലാദാസന്‍


ഗായകന്റെ മറ്റൊരു ഭ്രമമാണ് ചിത്രരചന. ഛായാചിത്രങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവ മനോഹരമാക്കും. മഹാത്മാഗാന്ധി, യേശുക്രിസ്തു തുടങ്ങി പ്രധാന ശിഷ്യന്‍ മണ്ണംപേട്ട മാതാ ഹൈസ്‌കൂള്‍ സംഗീതാധ്യാപകന്‍ കെ.ജെ. ബേബി വരെ ആ ചിത്രമെഴുത്തു വൈചിത്ര്യത്തിലെത്തി. ഒരിക്കല്‍ മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍, താടിയും മോടിയുമുള്ള യേശുദാസിനെ കൊച്ചി തേവരയിലുള്ള സഹോദരി ജയമ്മയുടെ വീട്ടില്‍വെച്ച് വരച്ച് കൈയൊപ്പു ചാര്‍ത്തി വാങ്ങിയപ്പോള്‍ പ്രതിഫലമായി തിരക്കില്ലാത്ത മറ്റൊരു ദിവസം മദനനെ താന്‍ വരച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത ചിത്രകലാദാസന്റെ നിറഞ്ഞ ആത്മവിശ്വാസത്തിന് ഞാനും സാക്ഷിയായിരുന്നു.


മാനവികതയുടെ ഗാനമാലിക


മാനവികതയുടെ ഗാനമാലികയാണ് ഈ മനുഷ്യന്‍. കണ്ണീരില്‍ ഈ 'കല്‍ക്കണ്ഠ' നാദം അലിയും. ഹൃദയതാളമായി 333 ശസ്ത്രക്രിയകള്‍, 21 കോക്ലിയര്‍ ഇംപ്ലാന്റേഷനുകള്‍, ജീവന്‍രക്ഷാ മരുന്നുവില വര്‍ധനക്കെതിരെയുള്ള രൗദ്രരാഗങ്ങള്‍, സര്‍ക്കാരും ആസ്പത്രി അധികാരികളുമൊത്ത് പല താളവട്ട ചര്‍ച്ചകള്‍, അപ്പച്ചന്റെ പേരില്‍ പെരുമ്പടപ്പ് ഫാത്തിമമാതാ ആസ്പത്രിയില്‍ ഡയാലിസിസ് യന്ത്രസമര്‍പ്പണം, മറുകൈയും മറു മനസ്സുമറിയാത്ത എത്രയെത്ര ഭൂതദയാ ഭൂപാളങ്ങള്‍!

അവശനും അശരണനുമായ പല്ലവി നരസിംഹാചാര്യയെന്ന 'പല്ലവിസ്വാമി' യെ അന്ത്യകാലത്ത് വീട്ടില്‍കൊണ്ടുവന്ന് പിതൃനിര്‍വിശേഷം സ്‌നേഹിച്ച്, ശുശ്രൂഷിച്ച് അദ്ദേഹത്തിന്റെ ആഗ്രഹാര്‍ഥം പല്ലവികള്‍ പാടി പ്രചരിപ്പിച്ച് മരണത്തില്‍ മകന്റെ സ്ഥാനത്തുനിന്ന് വായ്ക്കരിയിട്ട് ശേഷക്രിയകള്‍ ചെയ്ത മനുഷ്യ മംഗളരാഗം. ഈ രാഗത്തില്‍ അനുരാഗം പൂണ്ടാണ് പാരീസ് ഉണ്ണികൃഷ്ണും (കവിയൂര്‍) ഭാര്യ സംഗീതാധ്യാപിക സുഷമകുമാരിയും തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടുപേര് 'ഥ'ഢഎടഎഗഎ' (യേവസക - യേശുദാസ്, വയലാര്‍, സത്യന്‍, കണ്ണിമാങ്ങാക്കറി - ഇഷ്ടങ്ങള്‍ ചേര്‍ത്തുവെച്ച്) എന്നാക്കിയത്.

ഇങ്ങനെയൊക്കെ മഹത്ത്വമോഹനമായി പാടിപ്പറന്നുനടന്ന ആകാശഗന്ധര്‍വനെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വര്‍ഷങ്ങള്‍ക്കുമുന്‍പ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുമുണ്ട്. സാമജമായ ഈ സംഗീതത്തിന് 'ആശ്ചര്യചൂഡാമണി' യായി ഒരു സാധാരണക്കാരനുണ്ട് അങ്ങ് തിരുവല്ലയില്‍.
കുരിശു ജംഗ്ഷനുസമീപമുള്ള 'സ്‌പൈക് ബ്യൂട്ടി പാര്‍ലറി'ലെ ഹെയര്‍ ഡ്രസ്സര്‍ കെ.കെ. സുരേഷ്. മഹാരാജാ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് മുതല്‍ മന്ത്രി മാണിക്കുവരെ മുടി മിനുക്കിയ സുരേഷ് കഴിഞ്ഞ ഏഴുവര്‍ഷമായി പാട്ടുകാരന്റെ വെട്ടുമുടിയത്രയും പ്ലാസ്റ്റിക് കൂടുകളില്‍ ശേഖരിച്ചു വെച്ചിരിക്കുന്നയാള്‍! ഗന്ധര്‍വയുഗത്തിനുശേഷം ഇത് ഏറെ വിലമതിക്കപ്പെടുമെന്ന് അയാള്‍ വിശ്വസിക്കുന്നുമുണ്ട്. 'ബാര്‍ബറായല്ല ബ്രദറാ'യാണ് സുരേഷിന് ദാസവാസസ്ഥലങ്ങളില്‍ സ്ഥാനമത്രെ. പുറത്തിറങ്ങാനിരിക്കുന്ന തന്റെ 'കേശാലങ്കാര' ഗ്രന്ഥത്തിന്റെ അവതാരികാകാരന്‍ ഗാനഗന്ധര്‍വനാണെന്ന് സുരേഷ് വെളിപ്പെടുത്തുന്നു. നിഷ്‌കളങ്ക ഹാസ്യവും നുറങ്ങുകഥളും കേള്‍ക്കാന്‍ കാതുതരുന്ന ദാസേട്ടന്‍ എപ്പോള്‍ കാണുമ്പോഴും ഇടുക്കി മലയോരപ്രദേശത്ത് പുഴപാടും തീരത്ത് കുറച്ച് സ്ഥലം വേണമെന്ന് ഓര്‍മിപ്പിക്കുന്നത് ''ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി'' എന്നു ചോദിക്കുന്ന ഹരിതമനസ്സിന്റെ പ്രകൃതിഭംഗിയാണെന്ന് സുരേഷ് നിരീക്ഷിക്കുന്നു.


കവിയും വാഗ്ഗേയകാരനും


''ഉണ്ടെന്നും ഇല്ലെന്നും കരുതി മനസ്സു നീറിപ്പുകയ്ക്കരുതേ മനുഷ്യാ'' ആസ്തികസ്വരമുള്ള അദ്ഭുതഗായകന്റെ 'അന്വേഷണ'മെന്ന കവിതയുടെ (2004) ആരംഭവരികളാണിത്.
25-ാം ദേശീയ കായികമേളയുടെ സന്ദേശഗാനമുള്‍പ്പെടെ (രചന- ജാവേദ് അക്തര്‍, സംഗീതം- ഹരിഹരന്‍) എണ്ണം പറഞ്ഞ, എണ്ണിയാല്‍ തീരാത്ത പാട്ടുകള്‍ പാടിയ ഈ സപ്തസ്വരസന്തതി തമിഴില്‍ 'നല്ലതൈ നിനൈ മനമേ', 'നാമം നല്ല നാമം രാമനാമം', 'രഞ്ജിനി' തുടങ്ങിയ പത്തോളം ശാസ്ത്രീയ കീര്‍ത്തനങ്ങളും 'കാണിപ്പൊന്ന്' എന്ന മലയാള അയ്യപ്പഗാന ആല്‍ബത്തിനുവേണ്ടി (2006) 'സ്വാമിയെന്‍ നാദത്തിന്‍ ഉറവിടം', 'പുള്ളോന്റെ പാട്ടുകള്‍' എന്നീ ഏതാനും ഗാനങ്ങളും രചിച്ച് സംഗീതസാക്ഷാത്കാരവും നിര്‍വഹിച്ച് ആലാപനം ചെയ്ത് വാഗ്ഗേയകാരനെന്ന വലിയ ബഹുമതിക്കുകൂടി അര്‍ഹനായി. 1971-ല്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പദവി അലങ്കരിച്ച ഗാനഗന്ധര്‍വനെ കരുണാകര ഭരണകാലത്ത് പി. ടി. തോമസ് എം.എല്‍.എ.യുടെ സബ്മിഷനെത്തുടര്‍ന്ന് 'ആസ്ഥാനഗായക' ബഹുമതി നല്‍കി ആദരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.


ശിഷ്യവാത്സല്യാതിരേകം


ശിഷ്യവാത്സല്യത്തില്‍ ദക്ഷിണാഫ്രിക്കനായ പാട്രിക്കിനെയും ഉത്തരേന്ത്യനായ ലെന്‍ജിഷിനെയും ബംഗളുരു സിദ്ധരാജിനെയും ഫാ. പോള്‍ പൂവത്തുങ്കലിനെയും ബേബിയെയും മറ്റു ശിഷ്യഗണങ്ങളെയും ഒരുപോലെ കാണുന്ന ഗുരു, 1999 ഡിസംബര്‍ 6 ഭാരതബന്ദ് ദിനത്തില്‍ വാക്കുപാലിക്കാന്‍ കാറിലേറി തന്റെ കല്യാണനിശ്ചയത്തിനെത്തിയത് ബേബിക്ക് അവിശ്വസനീയാനുഭവമായിരുന്നു. ജയലളിത ജയിലിലായി തമിഴ്‌നാട് തീപ്പന്തമായപ്പോള്‍ 2014 സപ്തംബര്‍ 28 ഞായറാഴ്ച ചെന്നൈയില്‍ നിന്ന് സധൈര്യം പറന്നുവന്ന് പാലക്കാട്ട് തന്റെ 33-ാം ആലാപനവര്‍ഷാഘോഷവേദിയെ അനുഗ്രഹാശിസ്സു വര്‍ഷിച്ച ജ്യേഷ്ഠഗായകനെ ഉണ്ണിമേനോനും നന്ദിവചസ്സുകളര്‍പ്പിച്ചു വാഴ്ത്തുന്നു. തൈക്കാട്ടുശ്ശേരി രാജുവെന്ന സാരഥി കാറിലിരുന്നുപോലും 'കനകാംഗി', 'രത്‌നാംഗി'മാരെ കരളിലേറ്റുന്ന സംഗീത സാര്‍വഭൗമനെ ടോപ്ഗിയറില്‍ പ്രകീര്‍ത്തിക്കുമ്പോള്‍ ദാസദര്‍ശനങ്ങളുടെ ആംഗല ഭാഷാന്തരീകരണം നിര്‍വഹിച്ച ('മൈ ലൈഫ് ആന്‍ഡ് മൈ തോട്‌സ്') തിരുവനന്തപുരത്തെ കെ. വേണുഗോപാലപ്പിഷാരടിയാകട്ടെ ദാസേട്ടന്റെ പ്രവചനസിദ്ധിയെ സ്വാനുഭവത്തിന്റെ വിസ്മയസ്ഥായിയില്‍ വിവരിക്കുന്നു. ചങ്ങമ്പുഴ, കവിതയെയെന്നപോലെ മട്ടന്നൂര്‍ കൊട്ടിനെയെന്നപോലെ യേശുദാസ് അമരസംഗീതത്തെ അതിസാധാരണ സംഗീതമാക്കിയെന്നതാണ് വസ്തുത. സംഗീതശേഷം സരസഭാഷണത്തിനാണ് അദ്ദേഹം കൗതുകക്കാതു നല്‍കുകയെന്ന് അക്കിത്തത്തിന്റെയും വൈദ്യമഠത്തിന്റെയും വസതികളിലേക്കും പൂമുള്ളി മനയിലേക്കുമൊക്കെ ആനയിച്ചാനന്ദിച്ച ഞാങ്ങാട്ടിരി വേണു അറിഞ്ഞുപറയുന്നു.


താളുകളില്‍ തംബുരു മീട്ടി


'ജീവചരിത്രം' (മാത്തുക്കുട്ടി ജെ. കുന്നപ്പിള്ളി), 'സംഗീതമേ ജീവിതം' (കുഞ്ഞിക്കണ്ണന്‍ വാണിമേല്‍), 'അതിശയരാഗം' (രവിമേനോന്‍), 'വിത്തൗട്ട് എ സ്റ്റമ്പിള്‍' (ഡോ സുവര്‍ണ നാലാപ്പാട്ട്), 'ദാസ് ക്യാപിറ്റല്‍' (സുഭാഷ് ചന്ദ്രന്‍), 'സ്വരഗന്ധര്‍വം' (സജി ശ്രീവത്സം) തുടങ്ങി 13-ഓളം രചനകള്‍ ദേവഗായകന്റെ അപദാനഗ്രന്ഥങ്ങളാകുമ്പോള്‍ 'യേശുദാസിന്റെ കരിനിഴല്‍' (കൊച്ചനിയന്‍), 'യേശുദാസ് വിമര്‍ശിക്കപ്പെടുന്നു (ലേഖന സമാഹാരം- എഡിറ്റര്‍ ഷിബുമുഹമ്മദ്) എന്നീ രണ്ടു കൃതികള്‍ ഭാവഗായകന്റെ അപവാദഗ്രന്ഥങ്ങാളാകുന്നുമുണ്ട്!

അക്കിത്തത്ത് പോയി 'ഈശാവാസ്യം' ഗ്രഹിക്കുന്ന ജിജ്ഞാസു, ഇന്ത്യ-പാക് യുദ്ധകാലത്ത് ദേശം മുഴുവന്‍ പാടിനടന്ന് ദേശീയനിധി നിറച്ച ദേശസ്‌നേഹിയായ ഭാരതീയന്‍, ഗുരുവായൂര്‍-മട്ടാഞ്ചേരി മതേതര സത്യാഗ്രഹങ്ങളില്‍ ഉപവസിച്ച മനുഷ്യമതാനുയായി, റോമില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച മലയാളിയേശു- ഇങ്ങനെയൊക്കെയായ ഈ ഇന്ത്യന്‍ ഗാനകല ശത്രുവിനോടുപോലും കാലാന്തരത്തില്‍ കനിയുന്ന 'സ്‌നേഹഗീതാഞ്ജലി'യാണ് പ്രത്യക്ഷ രാഷ്ട്രീയത്തില്‍ അഞ്ചുകട്ടയ്ക്ക് പാടിയിരുന്ന അച്ഛന്‍ 'ഭൃഗജോസഫെന്നെ അഗസ്റ്റിന്‍ ജോസഫിന്റെ ഉപദേശാനുസരണം ഇന്നും ഇടപെടാതെ ഇന്ത്യന്‍ പ്രതീകങ്ങളെ, പ്രതീക്ഷകളെ തുയിലുണര്‍ത്തി ഈ സാമജന്മം പാട്ടു തുടരുമ്പോള്‍, നാദനാരദനോട് ഭാരതീയ സംഗീത ഭഗവാന്‍ കൃഷ്ണന്‍ അരുള്‍ചെയ്ത ഭജനവചനം- 'എന്റെ ഭക്തന്‍ എവിടെ പാടുന്നുവോ അവിടെ ഞാന്‍ പരിലസിക്കുന്നു'- ഈ ഗന്ധര്‍വഗായകനിലും പ്രത്യക്ഷമാകുന്നു! സാന്ദ്രാനന്ദ നാരായണീയ ശ്ലോകം പാടി എന്നും ഏവര്‍ക്കും ആയുരാരോഗ്യമാശംസിച്ചു കൂപ്പുന്ന യുഗഗായകന് മലയാളത്തിന്റെ പിറന്നാള്‍ മംഗളങ്ങള്‍!