തന്റെ പ്രിയപുത്രന്റെ സര്‍ഗസിദ്ധിയുടെ അസാധാരണത്വം മനസ്സിലാക്കിയ ഒരു പിതാവ്; സുഹൃദ് വൃന്ദങ്ങള്‍ക്ക് സ്‌നേഹനിധിയായ കലാകാരനായിരുന്നു അദ്ദേഹം പ്രതിഭാധനനായ ഗായകനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ്. പുത്രന്റെ വ്യക്തിസത്തയിലെ രത്‌നശോഭ തിരിച്ചറിയുക മാത്രമല്ല അദ്ദേഹം ചെയ്തത്. അവനിലെ സൗഭാഗ്യതാരകത്തിന്റെ ഉദയവും ഉയര്‍ച്ചയും പിതൃസ്‌നേഹത്തിന്റെ പവിത്രദൃഷ്ടിയാല്‍ അദ്ദേഹം നോക്കിക്കണ്ടു.വിധി കനിഞ്ഞുനല്‍കിയ കാലമത്രയും അച്ഛന്റെ സന്തതസഹചാരിയായിരുന്ന ഈ അപൂര്‍വ സന്താനമാകട്ടെ, ആ സവിധത്തില്‍നിന്ന് സമ്പാദിച്ചത് പിതൃത്വത്തിന്റെ മാത്രമല്ല, ഗുരുത്വത്തിന്റെയും സുകൃതങ്ങളായിരുന്നു. അങ്ങനെ അഗസ്റ്റിന്‍ ജോസഫ്, യേശുദാസിന് ഗുരുനാഥനും വഴികാട്ടിയുമായ പിതാവായി. കാലത്തിന്റെ ഹൃദയവിപഞ്ചികയില്‍ ശാശ്വതികവും വിശ്രുതവുമായ ശ്രുതിമീട്ടിയ യേശുദാസിന്റെ കഴിവ് കണ്ടെത്തിക്കൊണ്ട് ഭാവിതലമുറകള്‍ക്കായി അമൂല്യമായൊരു സ്വരാമൃതം കണ്ടെടുക്കുകയായിരുന്നു സാത്വികനായ ആ താതന്‍. മകന്റെ പ്രതിഭയെ വളര്‍ത്തിയതും പ്രോത്സാഹിപ്പിച്ചതുമെല്ലാം അച്ഛനായി. അറബിഭാഷയിലെ ഒരു പഴമൊഴിയില്‍ പറയുന്നതുപോലെ, പുത്രന്‍ പിതാവിന്റെ പൊരുളായി.

ക്ലേശങ്ങള്‍ സഹിക്കാതെ കീര്‍ത്തിയെ പ്രാപിക്കാനാവില്ല. തന്റെ കാമനയിലെ കലാകലികയെ കരപല്ലവങ്ങളിലൊതുക്കാന്‍ യേശുദാസിനും മുള്ളുകളെ നേരിടേണ്ടതുണ്ടായിരുന്നു. തിരസ്‌കാരങ്ങള്‍ക്കുപിറകെ തിരസ്‌കാരങ്ങള്‍ അദ്ദേഹം അനുഭവിച്ചു. അനവദ്യ സുന്ദരമായ ആ വാണീവിശേഷത്തെ ആകാശവാണിപോലും സ്വീകാര്യമായിക്കണ്ടില്ല. സിനിമാ സ്റ്റുഡിയോകളുടെ കവാടങ്ങള്‍ പ്രാരംഭഘട്ടത്തിലെ പരീക്ഷണവീഥികളില്‍ ആ പ്രതിഭയ്ക്കായി തുറക്കപ്പെട്ടില്ല.

ശൂന്യതയുടെ താഴ്‌വാരത്തു നിന്ന് ധന്യതയുടെ മലമുകളിലേക്ക് അച്ഛന്‍ മകനെ കൈപിടിച്ചുനടത്തി. 'എന്റെ മകനെ ഞാന്‍ മാഷിനെ ഏല്പിക്കുകയാണ്' പി. ഭാസ്‌കരനോടായി അദ്ദേഹം പറഞ്ഞു. മരണക്കിടക്കയിലും പുത്രനുവേണ്ടി ആ പിതാവിന്റെ ഹൃദയം ത്രസിച്ചു. ദേവരാജന്‍ മാസ്റ്ററെ അദ്ദേഹം ഉണര്‍ത്തി 'എന്റെ മോന്റെ കാര്യം നോക്കിക്കൊള്ളണം'.

എഴുപത്തഞ്ചാം പിറന്നാളിന്റെ വേളയില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള അസംഖ്യം ആസ്വാദകര്‍ക്കൊപ്പം മലയാളിസമൂഹം ആ പുലര്‍കാലത്തിന് വന്ദനം പറയുകയും ആ നല്ലകാലത്തിന് അഭിനന്ദനം അര്പ്പിക്കുകയും ചെയ്യുന്നു. ജേതാവായ ഈ മഹാഗായകന് തന്റെ വിനീതമായ രാഗവിസ്താരത്തില് തീര്ത്ത രാജ്യം ആര്ക്കുമുമ്പിലും കീഴടങ്ങുന്നില്ല. പക്ഷേ, തന്റെ ദൈവത്തെ അദ്ദേഹം വണങ്ങിക്കൊണ്ടേയിരിക്കുന്നു.

കേരള സംസ്ഥാനത്തിന്റെ ഈ ആസ്ഥാനഗായകന് ദക്ഷിണേന്ത്യന് ഭാഷകളിലെല്ലാം പാടി. കേരളത്തിനുപുറമേ അയല്‌സംസ്ഥാനങ്ങളിലെ നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. തെന്നിന്ത്യ ജയിച്ചശേഷം ഉത്തരേന്ത്യന് ഭാഷകളിലും വെന്നിക്കൊടിനാട്ടി.

പശ്ചിമ ബംഗാളിന്റെ പോലും ഔദ്യോഗികമുദ്രകള്‍ അദ്ദേഹത്തില്‍ ചാര്‍ത്തപ്പെട്ടു. ദേശീയഭാഷയായ ഹിന്ദിയിലും സുപ്രസിദ്ധമായ സുന്ദരഗാനങ്ങള് അദ്ദേഹം ആലപിക്കുകയും ദേശീയ പുരസ്‌കാരവും ഇതര ആദരങ്ങളും നേടുകയും ചെയ്തു. ഹിന്ദിയില്‍ പാടിയിരുന്ന അതിപ്രശസ്തരായ ദേശീയ ഗായകര്‌ക്കൊന്നും ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വിപുലമായി പാടാന്‍ കഴിഞ്ഞിട്ടില്ല. ഉത്തര, ദക്ഷിണ ഭാരതീയ ഭാഷകളിലും ദേശീയഭാഷയിലും ഒരുപോലെ പാടിയ യേശുദാസിന്റെ സ്വരപ്രവാഹത്തില് ഗംഗ, യമുന, കാവേരി, ഗോദാവരി, പേരാര്, പെരിയാര്‍ ഓളങ്ങളുടെ താളൈക്യത്തിന്റെ പ്രതിസ്പന്ദമുണ്ട്. അതായത് കേരളത്തിന്റെ ആസ്ഥാന ഗായകന് ദേശീയോദ്ഗ്രഥനത്തിന്റെ സാംസ്‌കാരിക സ്ഥാനപതി കൂടിയാകുന്നു. വലിയവരായ ഇന്ത്യക്കാരുടെ നിരയില്‍ സ്ഥാനംനേടിയ മഹോന്നതനായ കേരളീയനാണ് അദ്ദേഹം. സാമൂഹിക സൗഹൃദത്തിന്റെയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും ശ്രുതിയിണക്കം മുഴക്കുന്ന അദ്ദേഹം നമ്മുെട ബഹുസ്വരതയുടെ ബഹുമാന്യമായ സ്വരവിന്യാസത്തെയാണ് നിത്യമധുരിമയോടെ ആവിഷ്‌കരിച്ചിരിക്കുന്നത്.സംസ്‌കാരത്തിന്റെ ബഹുത്വത്തെ സാക്ഷാത്കരിച്ച ഈ സ്വരമാധുര്യം അതിന്റെ വൈവിധ്യസൗന്ദര്യംകൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. നാനാവിധ രാഗവീഥികളിലൂടെ സഞ്ചരിക്കുന്ന സാധാരണ ഗാനങ്ങള്‍ക്ക് പുറമേ ശാസ്ത്രീയസംഗീതം, ഖവ്വാലി, ഗസല്‍ തുടങ്ങിയ മേഖലകളുടെ സങ്കേതങ്ങളെല്ലാം അതില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രമേയം പരിഗണിക്കുമ്പോള്‍ സ്‌നേഹം, വിരഹം, മരണം, ഭക്തി, ഹാസ്യം, വിപ്ലവം, രാഷ്ട്രീയം എന്നിവയെല്ലാം അതിന്റെ വിസ്മയകരമായ ആവിഷ്‌കാരങ്ങള്ക്ക് വിഷയീഭവിക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ മണ്ണും ആകാശവും വായുവും വെള്ളവും കാറ്റും പുഴയും കാടും കടലും വൃക്ഷവും പക്ഷിയും ഉത്സവവും ആഘോഷവും കലയും സാഹിത്യവുമെല്ലാം യേശുദാസിന്റെ സ്വരസുധയിലൂടെ മാദകമായ മനോഹാരിതയെ പ്രാപിക്കുന്നു. ഈ സ്വരാമൃതം കോരിക്കുടിച്ചും അതിന്റെ രസനിഷ്യന്ദിയായ ആനന്ദനിര്വൃതിയില് ലയിച്ച് സാന്ത്വനവും സായുജ്യവും നേടിയും മലയാളി തന്റെയുള്ളില്‍ത്തന്നെ ഒരു യേശുദാസിനെ സൃഷ്ടിച്ചിരിക്കുന്നു. സാര്വത്രികനും സാര്വകാലികനുമായ ആ സ്‌നേഹഗായകന് മലയാളിയുടെ ആത്മസ്വരമായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഒരു ജനതയുടെ ആത്മനാദമായി മാറാന്‍ സൗഭാഗ്യം സിദ്ധിച്ച ഗായകകലാകാരനാകുന്നു യേശുദാസ്. ആ സ്വരസൗരഭ്യം അവരുടെ ആത്മാവിന്റെ നാസാരന്ധ്രങ്ങളെയാണ് ഉണര്‍ത്തുന്നത്.

ഗന്ധര്വഗായകന്‍ എന്ന പതിവ് വിേശഷണത്തെപ്പോലും പിറകിലാക്കുകയോ തോല്പിക്കുകയോ ചെയ്യുന്ന മാനവത്വത്തിന്റെ ദൗത്യമാണിത്. മനുഷ്യന്റെ മണവും മനുഷ്യത്വത്തിന്റെ മഹത്ത്വവുമാണ് അതിന്റെ മേന്മ നിര്‍ണയിക്കുന്നത്. യേശുദാസിന്റെ ഏറ്റവും മികവുറ്റ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ശോകഗാനങ്ങളാണെന്ന് വിശ്വസിക്കുന്ന നിരവധി മലയാളികളുണ്ട്. ദു:ഖത്തിലും കദനത്തിലുമാണ് മാനവനും മാനവികതയും ഏറ്റവും ശക്തമായി ആവിഷ്‌കരിക്കപ്പെടുന്നത്. ആത്മാവിന്റെ തേങ്ങലാണ് നാദം. കരള്‍ച്ചോരയില്‍ കുതിര്‍ന്ന സ്വരമാണ് ഗായകന്റെ മൂലധനം. സംഗീതോപകരണ യന്ത്രങ്ങളല്ല, ഹൃദയതന്ത്രികളാണ് അതിന്റെ പ്രഭവകേന്ദ്രം.
വാക്കുകളെ വികാരങ്ങളില്‍ ചാലിച്ചെടുക്കുക മാത്രമല്ല തന്റെ ആത്മാംശത്തില്‍നിന്ന് അതിന് പ്രാണന്‍ പ്രദാനംചെയ്യുന്നുമുണ്ട് യേശുദാസ്. കലാപരമായ തനിമയുടെ മുഴുനന്മയും സാക്ഷാത്കരിക്കപ്പെടുന്ന തീര്‍ത്തും കളങ്കരഹിതമായ ഈ പ്രക്രിയയില്‍ അക്ഷരങ്ങള്‍ക്ക് ജീവന്‍വെക്കുന്നു. പാടുമ്പോള്‍ പാട്ടിലെ സന്ദര്‍ഭം ഓര്‍ക്കാറുണ്ടോ എന്ന് ഒരിക്കല്‍ യേശുദാസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, അതിനേക്കാള്‍ ശ്രുതിയിലായിരിക്കും ശ്രദ്ധ എന്നാണ്. അതായത് ആലാപനത്തിന്റെ ആത്മാവില്‍. അതാണ് ഗാനസന്ദര്‍ഭത്തിന്റെപോലും ജീവന്‍. സ്വരസിദ്ധിയോടൊപ്പം മനോധര്‍മവും. യേശുദാസില്‍ ഇത് രണ്ടും ചേര്‍ന്നൊരു അദ്വൈതമുണ്ടായി.

കോഴിക്കോട് ടാഗോര്‍ ഹാളിലെ ഒരു സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗങ്ങള്‍ക്കുശേഷം യേശുദാസിന്റെകൂടെ സദസ്സില്‍വന്ന് ഇരുന്നു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത യുവഗായകര്‍ ആലാപനം ആരംഭിച്ചു. ആകസ്മികമായി വേദിയില്‍നിന്ന് ഒരറിയിപ്പുവന്നു. ഒട്ടും സന്നദ്ധനല്ലാതെ തീര്‍ത്തും നിര്‍ബന്ധിതനായും എന്നാല്‍, അഭ്യര്‍ഥന മാനിച്ചും വേദിയിലേക്ക് പോകുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ല. ഏതൊരു സര്‍ഗക്രിയയ്ക്കും അനിവാര്യമായ പശ്ചാത്തലത്തെ അത് ഓര്‍മപ്പെടുത്തി. യേശുദാസ് പറഞ്ഞു: 'ഉറങ്ങുന്ന കുഞ്ഞിനെ പൊടുന്നനെ വിളിച്ചുണര്‍ത്തി ഊണ് കഴിപ്പിക്കുന്നതുപോലെയാണിത്. എന്തിനും ഏതിനും ഒരു സിറ്റ്വേഷന്‍ ആവശ്യമാണ്. അപ്പം ചുട്ടെടുക്കുന്നതുപോലെ പാട്ട് ഉണ്ടാക്കിയെടുക്കാനാവില്ല'. തന്റെ പാട്ട് നന്നാക്കാനും മികവുറ്റതാക്കാനും എത്ര പാടുപെടാനും യേശുദാസ് തയ്യാറാകുമായിരുന്നുവെന്ന് പ്രശസ്ത സംഗീതസംവിധായകര്‍ പറയുകയുണ്ടായതും ഇതിനോട് ചേര്‍ത്തുവെക്കേണ്ടതുണ്ട്. സ്വകീയ സ്വരത്തിനുമുന്നില്‍ ജീവദായകശക്തിയുമായി നിലകൊള്ളുന്ന ആത്മാര്‍ഥതകൊണ്ടാണ് ഒരു ചെറിയ മൂളല്‍പോലും മനോഹരമായൊരു ഗാനമാക്കാന്‍ യേശുദാസിന് സാധിക്കുന്നത്. ടോള്‍സ്റ്റോയ് പ്രസ്താവിച്ച ഹൃദയദ്രവീകരണശേഷി ഈ മഹാഗായകന്റെ കലയില്‍ പ്രകടമായത് ഇഖ്ബാല്‍ ചൂണ്ടിക്കാട്ടിയ കരള്‍ച്ചോരയില്‍ അതിനെ ചാലിച്ചെടുത്തതുകൊണ്ടായിരുന്നു. ഹൃദയത്തില്‍നിന്ന് ജന്മംകൊള്ളുന്നതെന്തും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. 'ദില്‍ കെ ടുക്ക്‌ഡേ ടുക്ക്‌ഡേ കര്‍ക്കേ മുസ്‌കുരാക്കേ ചല്‍ ദിയേ...' യേശുദാസ് തന്നെ പാടിയതുപോലെ ആ സുസ്മിതം കരളിനെ കഷ്ണംകഷ്ണമാക്കി. പക്ഷേ, ഈ ഹൃദയാനുഭവം ആനന്ദ പ്രകര്‍ഷമാണ് പകര്‍ന്നേകുന്നത്.
കോഴിക്കോട് ബൈപ്പാസിലൂടെ യേശുദാസിനൊപ്പം യാത്ര ചെയ്യുകയായിരുന്നു. വാഹനത്തിലെ ഓഡിയോ സെറ്റില്‍നിന്ന് ആ നാദധാര തഴുകിത്തലോടിവന്നു: 'സുഖം, ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍മാത്രം മനം, അതുതേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം'. യേശുദാസിന്റെ ജീവിതയാത്രയിലെ ചില വൈകാരികരംഗങ്ങള്‍ ഓര്‍ത്തുകൊണ്ടിരുന്നു.

ആസ്പത്രിയില്‍നിന്ന് അച്ഛന്റെ ദേഹം കൊണ്ടുപോകാന്‍ ഉടന്‍ പണം അധികൃതര്‍ ആവശ്യപ്പെട്ടുനിന്ന നിസ്സഹായത. ഏറെക്കാലത്തിനുശേഷം അമ്മയുടെ ദേഹം ആസ്പത്രിയില്‍നിന്ന് എടുക്കുമ്പോള്‍ ബില്ലടയ്‌ക്കേണ്ട സമയത്ത് അതെല്ലാം പിന്നീടുമതി എന്നറിയിച്ച ഔദാര്യം... രണ്ടിനുമിടയിലുള്ള അകലം! പെങ്ങള്‍ മാരകമായ അസുഖം പിടിപെട്ട് മരിച്ചതും അതേ അസുഖം യേശുദാസിനെയും ബാധിച്ചതും. മരണശയ്യയില്‍ നിന്നെഴുന്നേറ്റ്, 'എന്നുള്ളം പരവശമോ...' എന്ന് അദ്ദേഹം പാടിയതും!
എല്ലാം ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ പറയണമെന്നു തോന്നി, ഈ കവിവാക്യം:

'നിന്നെക്കുറിച്ചു കേട്ടത് നീ മണ്ണില്‍നിന്നു വന്നുവെന്നാണ്‍ എന്നാല്‍, നിന്റെ പ്രകൃതത്തില്‍ പ്രകടമാകുന്നതോ ചന്ദ്രശോഭയും നക്ഷത്രവീര്യവും!'