നമ്മള്‍പോകുന്നിടത്തെല്ലാം യേശുദാസ് കൂടെയുണ്ട്.അനുരാഗമായി, ആശ്വാസമായി, തണലായി,താരാട്ടായി,വിരഹമായി, വേദനയായി.. റേഡിയോയോട് മലയാളി ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത് ഈ ശബ്ദത്തില്‍ പാടാനായിരുന്നു. ഏഴല്ലെഴുന്നൂറ് സ്വരങ്ങളാലെത്ര വാര്‍മഴവില്ലുകളാണ് യേശുദാസ് തീര്‍ത്തത്. ഒരിക്കലും മായാത്ത ഇന്ദ്രധനുസ്സുകള്‍.

അന്നു കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണില്‍..അന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതില്‍..എന്ന് യേശുദാസ് പാടിയപ്പോള്‍ ആ സ്ത്രീ മുഖം തുടച്ചു.പൂക്കളുള്ള സാരിയുടുത്ത് ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോയ നാളുകളാണോ അവരപ്പോള്‍ ഓര്‍ത്തത്.ഹൃദയ സരസ്സിലെ പ്രണയപുഷ്പമേ..എന്ന വിളികേട്ട കാലം.

കാണുമ്പോള്‍ അപാരസുന്ദരമായ നീലാകാശത്തിനു കീഴേ വെള്ളമേഘശകലം പോലെ നില്‍ക്കുകയായിരുന്നു യേശുദാസ്. ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന..എന്ന് പാടിയാല്‍ കേള്‍ക്കുന്ന അത്രയും അരികെയായിരുന്നു തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍. അവിടത്തെ സഹപാഠികള്‍ക്കു നടുവില്‍ അദ്ദേഹമപ്പോള്‍ ദാസപ്പന്‍ ആയിരുന്നു. കൂടെ നിന്നവരുടെയെല്ലാം തലകള്‍ക്കായിരുന്നു വെള്ളനിറം.യേശുദാസിന്റെ വസ്ത്രങ്ങള്‍ക്കു മാത്രവും.ഒന്നു നുള്ളിനോവിക്കുക പോലും ചെയ്യാതെ പ്രായം ആരാധകനായി അകന്നു നില്‍ക്കുകയാണ്.എത്രയോ വര്‍ഷമായി യേശുദാസിന് ഒരേ രൂപം. ഋതുഭേദങ്ങളില്ലാത്ത മനുഷ്യന്‍.മഞ്ഞ, സ്വര്‍ണ്ണത്തേയും പച്ച, പാടങ്ങളേയുമെന്നപോലെ വെള്ള, കേരളത്തെ യേശുദാസിനെ ഓര്‍മ്മിപ്പിക്കുന്നു.


യേശുദാസ് ശരത്കൃഷ്ണയുമായി സംസാരിക്കുന്നു
എന്തേ യേശുദാസിനിത്ര വെളുപ്പു നിറം?


ഈ വെള്ളക്കൊരു പ്രത്യേകതയുണ്ട്... ആ പ്രത്യേകത എന്താണെന്നു വച്ചാല്‍ വെള്ള വസ്ത്രമിട്ടാല്‍ വീട്ടിലെ ഇല്ലായ്മ മറയ്ക്കാം.പണ്ട് അധികം ഉടുപ്പുകളൊന്നുമില്ലായിരുന്നു.ആകെയുള്ളത് വെള്ള നിറത്തില്‍ ഒന്നോ രണ്ടോ എണ്ണം മാത്രം.അത് മാറി മാറി ഇടും. കാണുന്നവരോര്‍ക്കും വെള്ള മാത്രം ഇടുന്നയാളാണെന്ന്.അങ്ങനെ തുടങ്ങിയതാണ്.പിന്നെപ്പിന്നെ വെള്ളയോട് എന്തോ ഒരു ഇഷ്ടം തോന്നി. ഒരുപാട് ആത്മവിശ്വാസം അനുഭവപ്പെട്ടുതുടങ്ങി അതിടുമ്പോള്‍.ഒരു പോസീറ്റീവ് എനര്‍ജിയുണ്ട് ഈ നിറത്തിന്.


എവിടെ നിന്ന് കിട്ടി ഈ സ്വരം. അതിനു വേണ്ടി എന്തു പുണ്യമാണ് ചെയ്തത്?


ഈ ലോകത്തിന്റെ കാര്യത്തില്‍ നമുക്ക് വല്ല പിടിയുമുണ്ടോ?നമ്മള്‍ എവിടെ നിന്ന് വന്നു എന്ന് ആലോചിച്ചാല്‍ എന്തുത്തരമാണ് കിട്ടുക.എന്റെ ശബ്ദത്തെക്കുറിച്ച് കെട്ടുകഥകള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്.അതൊന്നും ശരിയല്ല.എത്ര ജന്മമെടുത്തു നാം,ഇനിയെത്ര ജന്മമുണ്ടാകും എന്നൊക്കെ ആലോചിക്കാറുണ്ട്.എത്രയോ ജന്മങ്ങളിലൂടെ കടന്നു വന്ന് എന്നിലെത്തി നില്‍ക്കുന്നതാകാം ഈ സംഗീതം.


ഏഴു പതിറ്റാണ്ട് ശബ്ദത്തില്‍ എന്ത് മാറ്റം വരുത്തി?


അനുഭവമാണ് ഏറ്റവും വലുത്.അതിനാണ് വിലകൊടുക്കേണ്ടത്.ചെറുപ്പത്തില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ അനുഭവത്തിന്റെ ബലത്തില്‍ ഈ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്നുണ്ട്.രാഗാലാപനത്തിലൊക്കെയാണ് അത് പ്രയോജനപ്പെടുക.


ഈശ്വരന്‍,പ്രണയം, കാരുണ്യം, ദു:ഖം ഈ വാക്കുകളില്‍ ഏതാണ് ഏറ്റവും ഉള്ളില്‍ തട്ടി പാടാറുള്ളത്?


വാക്കുകള്‍ക്കല്ല അക്ഷരങ്ങള്‍ക്കാണ് ശക്തികൊടുക്കാറ്.കൃഷ്ണനെന്നും ക്രിസ്തുവെന്നും പാടുമ്പോള്‍ ഒരേ പോലെയാണല്ലോ എന്ന് ആരോ ഒരിക്കല്‍ ചോദിച്ചു. രണ്ടിലും ഒരേ പോലുള്ള അക്ഷരങ്ങള്‍ ഉണ്ട്.അതു തന്നെ കാരണം. ഓം എന്നെഴുതാനും,കുരിശു വരയ്ക്കാനും,ചന്ദ്രക്കലയിടാനും ആദ്യം നമ്മള്‍ തുടങ്ങുന്നത് ഒരു ബിന്ദുവില്‍ നിന്നാണ്.(കടലാസില്‍ മൂന്ന് ബിന്ദുക്കള്‍ വരച്ച്കാണിക്കുന്നു)ഈ ബിന്ദുക്കള്‍ തമ്മില്‍ ദൂരമില്ല.സിനിമയില്‍ പാടിത്തുടങ്ങിയകാലത്ത് യേശുദാസ് എന്ന പേരുമാറ്റാന്‍ പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്.പകരം എന്തൊക്ക പേരുകളാണ് ആലോചിച്ചത്?


അന്ന് പ്രേം ചേര്‍ത്തുള്ള പേരുകളായിരുന്നു ഫാഷന്‍. പ്രേംദാസ് എന്നൊക്കെയാണ് ഉദ്ദേശിച്ചത്.പേരുമാറ്റിയിട്ട് ആരുമാകേണ്ടെന്ന് അച്ഛനാണ് പറഞ്ഞത്.എന്തു വലിയ ഉപദേശമായിരുന്നു അത്.


ആദ്യകാലത്ത് താടിയും മീശയുമില്ലായിരുന്നു.പിന്നെ എങ്ങനെ ഇപ്പോഴത്തെ രൂപത്തിലേക്ക് മാറി?ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്തപ്പോഴാണ് ആദ്യമായി താടിവച്ചത്. പിന്നെ അത് വടിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത അസ്വസ്ഥത പോലെ.പാടുമ്പോഴൊന്നും ഒരു സുഖം കിട്ടുന്നില്ല.അങ്ങനെ വളര്‍ത്തിത്തുടങ്ങിയതാണിത്.

യേശുദാസ് പാടുന്നത് ഏറ്റവുമരികെ കേള്‍ക്കുന്നതിന്റെ മോടിയുണ്ടതിന്.ഏഴു സ്വരങ്ങളും തഴുകി നില്‍ക്കുന്നതുകൊണ്ടാകാം ഒരുകാലം അതൊരു അടയാളം കൂടിയായി.പാടുന്നവരെല്ലാം യേശുദാസ് എന്ന കൊടുമുടിയിലേക്കുള്ള മലചവിട്ടുമ്പോള്‍ താടി വളര്‍ത്തിത്തുടങ്ങി.


ഗന്ധര്‍വന്‍ എന്ന വിശേഷണം കേള്‍ക്കുമ്പോള്‍ എന്താണ് തോന്നുക?


അതൊക്കെ വെറുതെയല്ലേ..അതിനേക്കാള്‍ ഉപരി ദാസേട്ടന്‍ എന്ന വിളിയാണ് എനിക്കിഷ്ടം.അതിന്റെ സന്തോഷം മറ്റൊരു സംബോധനയും നല്‍കുന്നില്ല.


കൂട്ടുകാര്‍ക്കരികില്‍ യേശുദാസ് കുസൃതിക്കാരനായ ഒരു കുട്ടിയെപ്പോലെയാണല്ലോ?


കുട്ടിയായിരിക്കുന്നതല്ലേ നല്ലത്.എന്തിനാ വളരണത്.


ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത കുട്ടി വിജയ് യേശുദാസിന്റെ മകള്‍ അമേയ ആണ്.താരാട്ടു പാടാന്‍ ആരും കൊതിക്കുന്ന ഒരു അപ്പൂപ്പനുണ്ടല്ലോ?


വിജു പാടിയ കൂവരം കിളി പൈതലേ ആണ് അവളുടെ ഇഷ്ടപ്പെട്ട പാട്ട്.അതു കേട്ടാലെ ഉറങ്ങൂ.ഞാന്‍ പാടിക്കൊടുക്കാറില്ലെങ്കിലും അവളുടെ അച്ഛനും അമ്മയും എപ്പോഴും പാടിക്കൊടുക്കും.അയ്യപ്പന്റെ നാളായ ഉത്രം ആണ് അവളുടെ നാള്‍.എന്റെ അച്ഛന്റെ നാളും അതു തന്നയായിരുന്നു.ഇതൊക്കെ കാണുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും.എന്റെ ജീവിതത്തില്‍ അയ്യപ്പന്‍ അത്രയും നിറഞ്ഞു നില്‍ക്കുകയാണ്.


മക്കള്‍ക്ക് താരാട്ടു പാടിയിട്ടുണ്ടോ?


അന്ന് ഏത് അച്ഛനും ചെയ്യുന്നതുപോലെ ഞാനും ചെയ്തിട്ടുണ്ടാകാം. ഏത് പാട്ടെന്നൊന്നും ഓര്‍ക്കുന്നില്ല. പണ്ട് വിജു ഹരിവരാസനം പാടുന്നതും വിനോദും വിശാലും പക്കമേളമൊരുക്കുന്നതും ഓര്‍മ്മയുണ്ട്.


മണി പതിനൊന്ന് കഴിഞ്ഞു.ശബരിമലയില്‍ അയ്യപ്പന്‍ ഇപ്പോള്‍ ഹരിവരാസനം കേട്ട് ഉറങ്ങിയിട്ടുണ്ടാകും.?


അയ്യപ്പനെ ഉറക്കിയിട്ട് വേണം എനിക്കുറങ്ങാന്‍. ഒന്നു ചിരിച്ച ശേഷം യേശുദാസ് വീണ്ടും പറഞ്ഞു. ഒരു നോട്ടമെങ്കിലും കിട്ടാന്‍ കൊതിച്ച് ഒരു മഹാശക്തിക്ക് മുന്നില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് പേര്‍.അവരില്‍ നിന്ന് എന്നെ മാത്രം അടുത്തു വിളിച്ച് പാടൂ..എന്ന് പറയുമ്പോഴുണ്ടാകുന്ന വികാരമില്ലേ അതാണ് ഹരിവരാസനം എനിക്ക് തരുന്നത്.മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പാടാന്‍ അയ്യപ്പന്‍ പറഞ്ഞു.ഞാന്‍ പാടി.


നടയ്ക്ക് മുന്നില്‍ നിന്ന് ഹരിവരാസനം കേട്ടിട്ടുണ്ടോ?


ഇല്ല. പമ്പയില്‍ വച്ച് ഒരിക്കല്‍ കേട്ടു. മലയുടേയും കാടിന്റേയും നിശബ്ദതയിലും തണുപ്പിലും നടുവില്‍ നിന്നു വേണം അത് കേള്‍ക്കാന്‍. ആ പാട്ടിന്റെ അനുഭൂതി അപ്പോഴേ ശരിക്ക് അനുഭവിക്കാനാകൂ.


എന്നെങ്കിലും ഗുരുവായൂര്‍നട മുന്നില്‍ തുറന്നാല്‍ ആദ്യം ഓമല്‍ച്ചൊടികള്‍ ചുംബിക്കുമോ അതോ ഓടക്കുഴല്‍ ചോദിക്കുമോ?


അതേപ്പറ്റി ചിന്തിക്കുമ്പോള്‍ പണ്ടൊക്കെ എനിക്ക് വലിയ ദു:ഖമുണ്ടായിരുന്നു.ഇപ്പോ ഒന്നുമില്ല