ഇന്ത്യന്‍ സംഗീതത്തിന്റെ 'ഷോമാനാ'യിരുന്നു പണ്ഡിറ്റ് രവിശങ്കര്‍. ഇന്ത്യന്‍ സംഗീതത്തിന്റെ വിവിധ പാരമ്പര്യരീതികളെ സംയോജിപ്പിച്ച് ജനപ്രിയ ശൈലിയില്‍ അവതരിപ്പിച്ച ആഗോളീകരണത്തിന്റെ പ്രയോക്താവ്.

പണ്ഡിറ്റ് രവിശങ്കറിന്റെ വിജയം തുടങ്ങുന്നത് പാരമ്പര്യത്തില്‍ നിന്നുതന്നെയാണ്. ഇന്നത്തെ രാജസ്ഥാനിലെ കല്‍വാറില്‍ ദിവാനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ശ്യാംശങ്കര്‍. വലിയ പണ്ഡിതനായ അദ്ദേഹത്തിന് ഭാരതീയ സംസ്‌കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും അഗാധമായ അറിവുണ്ടായിരുന്നു.

മൂത്തമകന്‍ ഉദയ്ശങ്കറിനെ അദ്ദേഹം ബോംബെ ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലേക്ക് അയച്ചു. നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഉദയ് ശങ്കര്‍ കഥകളി, ഭരതനാട്യം, കഥക്, ഒഡീസി, നാടോടി നൃത്തം എന്നിവയിലെല്ലാം വൈദഗ്ധ്യം നേടി. ഇവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ നൃത്തശൈലിയും അദ്ദേഹം ആവിഷ്‌കരിച്ചു.

പിന്നീട് ഈ ശൈലിയാണ് രവിശങ്കര്‍ സംഗീതത്തില്‍ പ്രയോഗിച്ചത്. ഇംഗ്ലണ്ടില്‍ പഠനത്തിനുപോയ ഉദയ്ശങ്കര്‍ പിന്നീട് സ്വന്തം ഡാന്‍സ് ട്രൂപ്പിന്റെ പ്രകടനം അവിടെ നടത്തിത്തുടങ്ങി. സംഗീതത്തിലും നൃത്തത്തിലും അറിവുണ്ടായിരുന്ന സഹോദരന്മാരായ രാജേന്ദ്രശങ്കര്‍, ശോഭീന്ദ്രശങ്കര്‍, രവീന്ദ്രശങ്കര്‍ എന്നിവരെയും അദ്ദേഹം കൂടെ കൂട്ടി. അവിടെ സിത്താര്‍, ദില്‍രുബ, ഡാന്‍സ് എന്നിവയെല്ലാം ചേര്‍ത്തുള്ള ഉദയ്ശങ്കറിന്റെ പ്രകടനം പാശ്ചാത്യര്‍ക്ക് സ്വീകാര്യമായി.

ഈ സാധ്യത ഉപകരണസംഗീതത്തില്‍ പ്രയോഗിക്കുകയായിരുന്നു പിന്നീട് രവിശങ്കര്‍. 1956-ലാണ് അദ്ദേഹത്തിന്റെ പാശ്ചാത്യയാത്ര ഔദ്യോഗികമായി തുടങ്ങുന്നതെങ്കിലും ജ്യേഷ്ഠനോടൊത്തുള്ള പ്രകടനങ്ങളാണ് ഇതിന് വഴിതെളിയിച്ചത്.

രവിശങ്കറിന്റെ ആദ്യത്തെ പൊതുപരിപാടി 1939-ലായിരുന്നു. ഗുരുവായ അലാവുദ്ദീന്‍ ഖാന്‍ സരോദിലായിരുന്നു വിദഗ്ധന്‍. ഗുരുമുഖത്തുനിന്നുള്ള പരിശീലനം 1944-ല്‍ അവസാനിച്ചു. അതിനുശേഷം മുംബൈയിലെത്തിയ അദ്ദേഹം എച്ച്.എം.വി.യിലെ ഭാരതത്തിലെ പ്രതിനിധികളുമായി കൂട്ടായ്മയുണ്ടാക്കി. 1946-ല്‍ ആകാശവാണിയിലെ മ്യൂസിക് ഡയറക്ടറായി.

1954-ല്‍ അന്നത്തെ സോവിയറ്റ് യൂണിയനിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രകടനം 1956-നുശേഷമാണ് അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളില്‍ പ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങിയത്. അവയില്‍ മൊണ്ടേരി പോപ് ഫെസ്റ്റിവല്‍, റോയല്‍ ഫെസ്റ്റിവല്‍ എന്നിവയിലെ പ്രകടനം പ്രശസ്തമാണ്. 1967-ല്‍ കാലിഫോര്‍ണിയയില്‍ വെച്ച് ഉസ്താദ് അല്ലാരാഖയുമായി ചേര്‍ന്ന് തന്റെ സിത്താര്‍ പ്രകടനം കാഴ്ചവെക്കുകയുണ്ടായി. 1974-ല്‍ ബീറ്റില്‍ ഗായകന്‍ ജോര്‍ജ് ഹാരിസണുമൊത്ത് നോര്‍ത്ത് അമേരിക്കയില്‍ നിരവധി പ്രകടനങ്ങള്‍ കാഴ്ചവെച്ചു. 1997-ല്‍ അദ്ദേഹവുമൊത്ത് 'ചാന്റ്‌സ് ഓഫ് ഇന്ത്യ' എന്ന ആല്‍ബം പുറത്തിറക്കി.

സംസാരിക്കാനും പാടാനും വിവിധ ഉപകരണസംഗീതം വായിക്കാനും ഡാന്‍സിലുമുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ച ഒരു പെര്‍ഫോര്‍മറാക്കി മാറ്റി. ആ രീതിയില്‍ അദ്ദേഹം കറകളഞ്ഞ ഒരു കലാകാരനായിരുന്നു.

ഉപകരണസംഗീതത്തില്‍ വിദഗ്ധരല്ലാത്തവര്‍ക്കും മനസ്സിലാകുന്ന ലഘുശൈലിയാണ് അദ്ദേഹം ഉപയോഗിച്ചത്. പാരമ്പര്യവഴിയില്‍നിന്ന് വ്യതിചലിച്ചെങ്കിലും താളബോധമില്ലാത്തവര്‍ക്കും സ്വീകരിക്കാന്‍ പറ്റിയവയായിരുന്നു അത്. ഭാരതസംഗീതത്തെ വിദേശത്ത് ആകര്‍ഷകമാക്കിയത് താളമായിരുന്നു. കര്‍ണാട്ടിക് സംഗീതത്തില്‍ നിന്നാണ് താളം ലഭിച്ചത്. ബോംബെയിലെ പഠനവും ജ്യേഷ്ഠന്റെ നൃത്തഗ്രൂപ്പിലുണ്ടായിരുന്ന ദക്ഷിണേന്ത്യന്‍ നര്‍ത്തകരും സംഗീതജ്ഞരും കര്‍ണാട്ടിക് സംഗീത്തില്‍ നിന്നുള്ള താളം പഠിക്കുന്നതിനും ഹിന്ദുസ്ഥാനിയില്‍ പ്രയോഗിക്കുന്നതിനും അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിന്റെ അവതരണശൈലി പാശ്ചാത്യരുമായി താദാത്മ്യം പ്രാപിക്കുന്നതായിരുന്നു.

വാദ്യത്തില്‍ നിന്നുവരുന്ന കേവലനാദത്തിന്റെ ആകര്‍ഷണീയതയാണ് അദ്ദേഹത്തെ വിദേശങ്ങളിലും സ്വീകാര്യനാക്കിയത്. അവതരണത്തോടൊപ്പം അതേക്കുറിച്ച് അദ്ദേഹം ആസ്വാദകര്‍ക്ക് മനസ്സിലാകുന്ന ഭാഷയിയില്‍ സ്റ്റേജില്‍ വിശദീകരിച്ചും കൊടുത്തു. രവിശങ്കര്‍ ഇന്ത്യന്‍ സംഗീതത്തിലെ 'ഷോമാന്‍' ആയിരുന്നു. പെര്‍ഫോര്‍മെന്‍സിനുള്ള എല്ലാ കാര്യത്തിലും സമ്പൂര്‍ണത ഉറപ്പുവരുത്തി. വേഷവിധാനത്തില്‍ പോലും അത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

പാരമ്പര്യമായ സിത്താര്‍ സംഗീതത്തില്‍ വിലായത് ഖാനെപ്പോലെയോ അദ്ദേഹത്തിന്റെ മകന്‍ ഇനായത് ഖാനെപ്പോലെയോ വലിയവനായിരുന്നില്ല പണ്ഡിറ്റ് രവിശങ്കര്‍. സിത്താറിന്റെ തനത് പാരമ്പ്യത്തില്‍ നിന്ന് വ്യതിചലിച്ച് രാഗവും താളവും അവതരണവും കൊണ്ട് ഇന്ത്യന്‍ സംഗീതത്തെ കൂടുതല്‍ പ്രശസ്തവും സ്വീകാര്യതയുമുള്ളതാക്കാന്‍ കഴിഞ്ഞതാണ് രവിശങ്കറിന്റെ വിജയം.

വിവിധ സംഗീതത്തെ യോജിപ്പിക്കാനുള്ള രവിശങ്കറിന്റെ കഴിവ് തിരിച്ചറിഞ്ഞതാണ് ബീറ്റില്‍സിന്റെ ജോര്‍ജ് ഹാരിസണെ അദ്ദേഹത്തിലേക്കെത്തിച്ചത്. വയലിനിസ്റ്റായ യഹൂദി മെനുഹിന്‍, പാശ്ചാത്യ ഫ്ലൂട്ടിസ്റ്റായ പെരെ റസാല്‍, ജാപ്പനീസ് ഫ്ലൂട്ടിസ്റ്റായ ഷകുഹാച്ചി, കടോ വിദഗ്ധനായ മുസുമു മിയാഷിത എന്നിവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച ഫ്യൂഷന്‍ സംഗീതവും ജനപ്രിയമായി. ഇന്ത്യയില്‍ നിന്നും ഒരു സംഗീതജ്ഞര്‍ക്കും കിട്ടാത്ത സ്വീകാര്യതയാണ് പാശ്ചാത്യലോകത്ത് ഇതുമൂലം അദ്ദേഹത്തിന് ലഭിച്ചത്.

സത്യജിത്ത് റായിയുടെ മൂന്നു ഭാഗങ്ങളിലായുള്ള അപുത്രയത്തിന്റെ (പഥേര്‍ പാഞ്ചലി, അപുര്‍ സര്‍സാര്‍, അപരാജിതോ), റിച്ചാര്‍ഡ് അറ്റന്‍ബറോവിന്റെ 'ഗാന്ധി' എന്നിവയിലെ സംഗീതം അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി. ഗാന്ധിയുടെ മരണശേഷം രചിച്ച മോഹന്‍കല്യാണ്‍ രാഗം ഏറെ പ്രശസ്തമാണ്. നെഹ്രുവിന്റെ 'ഡിസ്‌കവറി ഓഫ് ഇന്ത്യ' ഡാന്‍സും മ്യൂസിക്കും സംയോജിപ്പിച്ച് വേദിയിലെത്തിച്ചു.

ഇന്ത്യയ്ക്കകത്തും പുറത്തും അദ്ദേഹത്തിന് അനവധി ശിഷ്യരുണ്ട്. സിത്താറില്‍ കാര്‍ത്തിക്കുമാര്‍, ജയ ബോസ്, സന്തൂറില്‍ തരുണ്‍ ഭട്ടാചാര്യ, ബാംസുരിയില്‍ റോണു മജുംദാര്‍ എന്നിവര്‍ അവരില്‍ പ്രശസ്തരാണ്.

1969-ല്‍ രചിച്ച 'മൈ മ്യൂസിക് മൈ ലൈഫ് ' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഭാരതീയ സംസ്‌കൃതിയുടെ പ്രതീകങ്ങളായ ശാസ്ത്രീയസംഗീതം, യോഗ, തന്ത്ര, മന്ത്ര എന്നിവയെല്ലാം മുതലെടുക്കുന്ന ചില പാശ്ചാത്യ പ്രവണതകളെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

(വിവരങ്ങള്‍ക്ക് ഹിന്ദുസ്ഥാനി സംഗീതജ്ഞരായ ആര്‍.കെ. ദാസ്, മധു ഗാര്‍ഗ് എന്നിവരോടും എ.ഡി. മാധവനോടും കടപ്പാട്)