കേട്ടുമതിവരാത്ത ഒരു മധുരരാഗമാണ് പണ്ഡിറ്റ് രവിശങ്കര്‍. മഹാനായ ആ സംഗീതജ്ഞന്റെ എളിമയും ലാളിത്യവും കണ്ടറിയാന്‍ ലഭിച്ച അപൂര്‍വാവസരത്തിന്റെ ഓര്‍മ മനസ്സിലിപ്പോഴും സൂക്ഷിക്കുകയാണ് മണ്ണൂര്‍ രാജകുമാരനുണ്ണി.

നാലുപതിറ്റാണ്ടുമുമ്പത്തെ വിലമതിക്കാനാവാത്ത ആ കൂടിക്കാഴ്ചയിലേക്ക് രാജകുമാരനുണ്ണി മനസ്സുതുറന്നു. ലോകപ്രശസ്തനായ സിത്താര്‍ മാന്ത്രികനെക്കുറിച്ചുള്ള 'ഈസ്റ്റ് മീറ്റ്‌സ് വെസ്റ്റ്' ഡോക്യുമെന്ററി സംസാരവിഷയമായിരുന്ന കാലം.

ഡോക്യുമെന്ററിക്കുവേണ്ടി വാരാണസിയില്‍ തങ്ങിയ ദിവസങ്ങളില്‍ ഗംഗയുടെ തീരങ്ങളില്‍ സ്വയംമറന്നുനിന്ന രവിശങ്കര്‍ ഒരു രാഗത്തിന് ജന്മംനല്‍കി. അതിന് 'ഗംഗേശ്വരി' എന്ന് പേരിട്ടു.

14-ാമത് മേളകര്‍ത്താരാഗമായ 'വകുളാഭരണ'ത്തില്‍ നിന്ന് ജനിച്ച 'ഗംഗേശ്വരി'യെക്കുറിച്ച് കേട്ടനാള്‍മുതല്‍ പഠിക്കണമെന്ന ആഗ്രഹമായിരുന്നു രാജകുമാരനുണ്ണിക്ക്. ഈശ്വരാനുഗ്രഹംപോലെ ആയിടയ്ക്ക് പണ്ഡിറ്റ് രവിശങ്കര്‍ കേരള കലാമണ്ഡലത്തിലെത്തി. ഡോക്യുമെന്ററിയുടെ ഭാഗമായി 1970ലായിരുന്നു അദ്ദേഹത്തിന്റെ വരവെന്ന് രാജകുമാരനുണ്ണി ഓര്‍ക്കുന്നു.

സ്വീകരിച്ചാലും നിരസിച്ചാലും നേരില്‍ക്കണ്ട് ആഗ്രഹം ഉണര്‍ത്തിക്കാന്‍ തീരുമാനിച്ചു. ചിത്രീകരണത്തിനിടെ ഉച്ചഭക്ഷണത്തിനുപോകുന്ന സംഗീതസാമ്രാട്ടിനെ കലാമണ്ഡലത്തിന്റെ ഇടനാഴിയില്‍വെച്ചാണ് കണ്ടുമുട്ടിയത്.

കലാമണ്ഡലം സൂപ്രണ്ട് കിള്ളിമംഗലം വാസുദേവന്‍നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പരിചയപ്പെട്ടു. നേരത്തേ വിലക്കിയതാണെങ്കിലും നമ്പൂതിരിപ്പാട് രവിശങ്കറിനോട് വെളിപ്പെടുത്തി, 'ഉണ്ണി പാടും, വീണ വായിക്കും'-അദ്ദേഹത്തിന് താത്പര്യമായി.

'ഗംഗേശ്വരി' രാഗം പറഞ്ഞുതരണമെന്നായിരുന്നു രാജകുമാരനുണ്ണിയുടെ അഭ്യര്‍ഥന. ഉച്ചയൂണ് മാറ്റിവെച്ച് രവിശങ്കര്‍ രാഗം പഠിപ്പിക്കാന്‍ തുടങ്ങി. ഒട്ടും മടുപ്പില്ലാതെ മഹാനായ ആ സംഗീതജ്ഞന്‍ പകര്‍ന്നുകൊടുത്ത സംഗീതം ഏറ്റുപാടിയ ഉണ്ണിക്ക് ഹിന്ദുസ്ഥാനിശൈലി എളുപ്പത്തില്‍ വഴങ്ങിയില്ല. എന്നിട്ടും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തലയില്‍ കൈവെച്ചനുഗ്രഹിച്ചു.

അന്ന് രാജകുമാരനുണ്ണിക്ക് 28 വയസ്സേയുള്ളൂ. പ്രായമോ പ്രശസ്തിയോ കണക്കാക്കാതെ തനിക്ക് പണ്ഡിറ്റ് രവിശങ്കര്‍ തന്ന സമയവും സ്‌നേഹവും ഇപ്പോഴും വിസ്മയിപ്പിക്കുന്നു. നിരന്തരമായ കലോപാസനകൊണ്ട് തേജോമയമായ ആ മുഖവും സൗമ്യഭാവവും പിന്നീട് നേരില്‍ കണ്ടിട്ടില്ല. എന്നിട്ടും ഹൃദയത്തെ അത് പ്രകാശഭരിതമാക്കുന്നെന്ന് രാജകുമാരനുണ്ണി പറഞ്ഞു.