സിത്താര്‍ എന്ന സംഗീത ഉപകരണത്തില്‍ പണ്ഡിറ്റ് രവിശങ്കറിന് മാത്രമായ ശബ്ദം ഉണ്ടായിരുന്നു. മറ്റാര്‍ക്കും മീട്ടാനാകാത്ത സ്വരം
എണ്‍പതുകളില്‍, സംഗീതം നെഞ്ചേറ്റി പുണെയിലെത്തിയ ഞാന്‍ ആദ്യമായൊരു ടേപ്പ് റെക്കോഡര്‍ വാങ്ങി. അതില്‍ ആദ്യമിട്ടു കേട്ട കാസറ്റിലെ രാഗംപോലും ഇന്നും കാതുകളില്‍ മുഴങ്ങുന്നു. വാരാണസിയുടെ പുത്രന് പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താറായിരുന്നു അത്. അന്നാദ്യം കേട്ട ആഭോഗി രാഗം, സിത്താര്‍ തന്ത്രികളിലെ മാന്ത്രികത, അതിന്നും കാതുകളില്‍ പാടിക്കൊണ്ടേയിരിക്കുന്നു. പിന്നീട് രവിശങ്കര്‍ രൂപപ്പെടുത്തിയ 'റസീയ' രാഗം ഉള്‍പ്പെടെയുള്ള സംഗീത വിസ്മയങ്ങള്‍ ആ ടേപ്പ്റെക്കോര്ഡറിലൂടെ കേട്ടു. ഒരിക്കലും വിട്ടുപോകാന്‍ കൂട്ടാക്കാതെ ഉള്ളില്‍ പതിഞ്ഞുകിടന്ന് പാടിക്കൊണ്ടിരിക്കുന്ന സംഗീതം. പണ്ഡിറ്റ് രവിശങ്കര്‍ എന്ന മഹാപ്രതിഭയോട് അങ്ങനെ ആരാധന കൂടിക്കൂടിവന്നു. അക്കാലത്ത്'പഥേര്‍ പാഞ്ചലി' ഉള്‍പ്പെടെയുള്ള സിനിമകളില്‍ അദ്ദേഹം പകര്‍ന്ന സംഗീതം ആ കലാസൃഷ്ടികളുടെ ജീവനായി മാറി.
സിത്താര്‍ പഠിക്കാനായിരുന്നു ഞാന്‍ പുണെയിലേക്ക് വണ്ടികയറിയത്. പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യനാവുക പ്രയാസം. അദ്ദേഹമെപ്പോഴും വിദേശത്തായിരുന്നു. ഒടുവില്‍ രവിശങ്കറിന്റെ ശിഷ്യന് പണ്ഡിറ്റ് സച്ചിദാനന്ദ ഭാട്കേയുടെ ശിക്ഷണത്തില്‍ സിത്താര്‍ പഠനം ആരംഭിച്ചു. രവിശങ്കറിന്റെ ഹിന്ദുസ്ഥാനി 'സെനിയ' ഖരാനയില്തന്നെ ഞാനുമങ്ങനെ ഭാഗമായി. ഗുരുമുഖം കാണാതെതന്നെ ഞാനും ആ മഹാസംഗീതജ്ഞന്റെ ശിഷ്യനായി. ഇപ്പോഴും ഞാന്‍ സംഗീതത്തില്‍ മേവാത്തി ഖരാനയും സിത്താറില്‍ പണ്ഡിറ്റ്ജിയുടെ സെനിയ ഖരാനയും തന്നെയാണ് പിന്തുടരുന്നത്. 1986-ലാണ് അദ്ദേഹത്തിന്റെ സിത്താര്‍ കച്ചേരി ആദ്യമായി നേരിട്ട് ആസ്വദിക്കുന്നത്. വായ്പ്പാട്ടില്‍ ഓരോരുത്തര്‍ക്കും ഓരോ സ്വരം ഉള്ളതുപോലെ, സിത്താര്‍ എന്ന സംഗീതോപകരണത്തില്‍ പണ്ഡിറ്റ് രവിശങ്കറിനു മാത്രമായ ശബ്ദം ഉണ്ടായിരുന്നു. മറ്റാര്‍ക്കും മീട്ടാനാകാത്ത സ്വരം. പിന്നീടൊരിക്കല്‍ ഹൈദരാബാദില്‍ നടന്ന ഒരു സംഗീതക്കച്ചേരി അടുത്തടുത്ത ഇരിപ്പിടങ്ങളിലിരുന്ന് ഞങ്ങള്‍ ആസ്വദിച്ചു. അന്ന് പരിചയം പുതുക്കി. എന്നെയദ്ദേഹം ആശീര്‍വദിച്ചു.
ലോകംകണ്ട ഏറ്റവും വലിയ സംഗീത സംവിധായകന്‍കൂടിയായിരുന്നു രവിശങ്കര്‍. ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചയാള്. ഇന്ത്യന്‍ സംഗീതം എന്നാല്‍ സിനിമാ സംഗീതമല്ലെന്ന് പാശ്ചാത്യരെ ബോധ്യപ്പെടുത്തിയതില്‍ പ്രധാന പങ്ക് അദ്ദേഹത്തിനുണ്ട്. മാത്രമല്ല അവിടങ്ങളിലെ പോപ്പ് സംഗീതജ്ഞരെപ്പോലും സ്വാധീനിക്കുകയും ഇന്ത്യന്‍ സംഗീതത്തിന്റെ അടിമകളാക്കുകയും ചെയ്തു. മൂന്നുതവണ ഗ്രാമി അവാര്‍ഡ് നേടിയത് ഇതിന് തെളിവ്. വിദേശ ശിഷ്യരുടെ നിരതന്നെ അദ്ദേഹത്തിനുണ്ട്. മികച്ച കഥക്ക് നര്ത്തകന് കൂടിയായിരുന്നു രവിശങ്കര്‍.
ഒരിക്കല്‍പോലും അദ്ദേഹത്തിനൊപ്പമോ അദ്ദേഹത്തിന് മുന്നിലോ കച്ചേരി നടത്താന്‍ കഴിഞ്ഞില്ല എന്ന സങ്കടം അവശേഷിക്കുന്നു. ഒരു മഹാഗുരുവിന്റെ നഷ്ടമാണിത്. വ്യാഴാഴ്ച ദോഹയില്‍ നടക്കുന്ന എന്റെ കച്ചേരി പണ്ഡിറ്റ് രവിശങ്കറിനുള്ള സമര്‍പ്പണമാണ്. നേരത്തേ നിശ്ചയിച്ച ഈ പരിപാടി സിത്താര്‍ സംഗീതജ്ഞന് പണ്ഡിറ്റ് രവീന്ദ്രചാരിയുമായി ചേര്‍ന്നുള്ള ജുഗല്ബന്ദിയായത് ആകസ്മികം. സിത്താര്‍ സംഗീതം ചേരുന്ന 'മൃദൃമലഹാര്' എന്ന ഈ പരിപാടി എന്റെ ജീവിതത്തിലുടനീളം പാടിക്കൊണ്ടിരിക്കുന്ന മഹാഗുരുവിന് സമര്‍പ്പിക്കുന്നു.