മുംബൈ: മുംബൈയുടെ എക്കാലത്തെയും സാംസ്‌കാരികവഴികളിലെ നിറസാന്നിധ്യമായിരുന്നു രവിശങ്കര്‍. മുംബൈയുടെ ചരിത്രവഴികളില്‍ നിറഞ്ഞ് രവിശങ്കര്‍ ഉണ്ടായിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാന കാലയളവില്‍ രുപംകൊണ്ട ഇപ്റ്റയുടെ മുംബൈ സാരഥികള്‍ക്കൊപ്പം അവരുടെ ആവേശങ്ങള്‍ക്കൊപ്പം പണ്ഡിറ്റ് രവിശങ്കറും നിറഞ്ഞുനിന്നു. ആദര്‍ശം മാത്രം ഭക്ഷിച്ച് ജീവിച്ച നാളില്‍ മഹാരഥന്മാര്‍ക്കൊപ്പം കാലൂന്നി അക്കാലത്ത് രവിശങ്കറും കുടെനിന്നു. പണ്ഡിറ്റ് രവിശങ്കര്‍ ആവുന്നതിന് മുമ്പിലെ നാളുകളായിരുന്നു അത്.
കെ.എ.അബാസ്, അലി സര്‍ദാര്‍ ജഫ്രി, കൈഫി അസ്മി, മജ്‌റൂഹ് സുല്‍ത്താന്‍ പുരി, ബല്‍രാജ് സാഹ്നി, മുള്‍ക്‌രാജ് ആനന്ദ്, സുധീര്‍ ലുധിയാന്‍വി, ഹോമിഭാഭ, എ.കെ.ഹംഗല്‍ എന്നീ മഹാരഥന്മാര്‍ക്കൊപ്പമുള്ള സൗഹൃദങ്ങളില്‍ അക്കാലത്ത് രവിശങ്കറും നിറഞ്ഞുനിന്നിരുന്നു. ഇപ്റ്റ ചെയ്ത നാടകങ്ങളിലെ നിറഞ്ഞുനിന്ന സംഗീതം രവിശങ്കറിന്റേതായിരുന്നു.
ഈ സൗഹൃദമാണ് കെ.എ.അബാസ് ചലച്ചിത്രകാരനായി മാറിയ ധര്‍ത്ത് കെ.ലാല്‍ എന്ന ചിത്രത്തില്‍ സംഗീതസംവിധായകനായി പണ്ഡിറ്റ് രവിശങ്കറെ കണ്ടെത്തിയത്. അക്കാലത്ത് ഇപ്റ്റയുടെ ഭാഗമായിരുന്ന സംവിധായകന്‍ ചേതന്‍ ആനന്ദ്, കെ.എ.അബാസിന്റെ കഥയില്‍ രുപപ്പെടുത്തിയ നീച്ച നഗര്‍ എന്ന ചിത്രത്തിന്റെയും സംഗീതവും രവിശങ്കറിന്റേതായിരുന്നു. പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ സിനിമാ സംരംഭം നീച്ച നഗറായിരുന്നു.
നീച്ച നഗറിന് സംഗീതം നല്‍കിയതിനെപ്പറ്റി പണ്ഡിറ്റ് രവിശങ്കര്‍ പറഞ്ഞത് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും നാടോടിസംഗീതത്തെയും പാശ്ചാത്യസിംഫണിയെയും സമ്മേളിപ്പിച്ചാണ് ആ സിനിമയ്ക്ക്‌സംഗീതമൊരുക്കിയതെന്നാണ്. സംഗീതത്തിന്റെ എല്ലാ വഴികളെയും തിരിച്ചറിയാനുള്ള അഭിരുചി ചേതന്‍ ആനന്ദിനുണ്ടായിരുന്നു. അക്കാലത്തെ റിക്കാര്‍ഡിങ് വളരെ പ്രയാസമുള്ളതായിരുന്നു. രവിശങ്കര്‍തന്നെ മുമ്പ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീടാണ് സത്യജിത് റായിയിലേക്കും ലോകസംഗീത ധാരയിലേക്കും പണ്ഡിറ്റ് രവിശങ്കര്‍ പരന്നൊഴുകിയത്.
പ്രശസ്ത വയലിനിസ്റ്റ് യെഹൂദി മെന്യൂനെ പരിചയപ്പെടുത്തിയത് ആകാശവാണിയുടെ ഡയറക്ടറായിരുന്ന മലയാളി വി.കെ. നാരായണമേനോനാണ്. ആ മലയാളി നല്‍കിയ പരിചയമാണ് സിത്താറിന്റെ തന്ത്രികളില്‍നിന്ന് വിസ്മയങ്ങള്‍ വിരിയിക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചു കൊടുത്തത്. രവിശങ്കര്‍ എന്ന പ്രതിഭയെ ലോകം വീണ്ടെടുക്കുന്നതും അങ്ങിനെയാണ്.
1964-ലാണ് ഞാന്‍ മുംബൈയില്‍ എത്തുന്നത്. ജാവേദ് അക്തര്‍ ഓര്‍ക്കുന്നു. അക്കാലത്ത് തന്നെയാണ് പണ്ഡിറ്റ് രവിശങ്കറുമായി ബന്ധം തുടങ്ങുന്നത്. അത് അവസാനം വരെ തുടര്‍ന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ അവസാനവാക്കായിരുന്നു പണ്ഡിറ്റ്ജി. ഈ വിയോഗത്തോടെ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതമാണ് അനാഥമായത്. പകര്‍പ്പവകാശത്തിന്റെ പ്രശ്‌നത്തില്‍ പണ്ഡിറ്റ്ജി നമ്മോട് അടുത്ത് സഹകരിച്ചിരുന്നു. രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി സംസാരിച്ചത്. ഇത്രവേഗത്തില്‍ ഒരു വിയോഗം പ്രതീക്ഷതല്ല. ജാവേദ് അക്തര്‍ പറയുന്നു.
മുംബൈയില്‍നിന്ന് വിരിഞ്ഞ്, സൗരഭ്യം പടര്‍ത്തി ലോകത്തോളം പടര്‍ന്ന പണ്ഡിറ്റ് രവിശങ്കര്‍ പിന്നീട് എത്രയോതവണ മുംബൈയില്‍ എത്തി ജുഗല്‍ബന്ദികളിലുടെ കത്തിപ്പടര്‍ന്നു. സിത്താര്‍ തന്ത്രികളില്‍ സംഗീതവിസ്മയം വിരിയിച്ച മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ ഇനിയില്ല.
ഗുരുപുത്രിയായ തന്റെ ആദ്യഭാര്യ അന്നപൂര്‍ണാദേവിയെ ഏകയായി ജീവിക്കാന്‍ അനുവദിച്ച നഗരം കുടിയാണ് മുംബൈ. വാര്‍ഡന്‍ റോഡിലെ ആറു നിലയുള്ള കെട്ടിടത്തില്‍ അമ്പത്തിരണ്ട് വര്‍ഷമായി ആരാലും ബന്ധമില്ലാതെ അലാവുദ്ദീന്‍ഖാന്റെ മകള്‍ ജീവിക്കുന്നു. രവിശങ്കറില്ലാത്ത മുംബൈയില്‍ ഇനി അന്നപൂര്‍ണാദേവി ഉണ്ടാവും. ദുഖം ഖനീഭവിച്ച രവിശങ്കറിന്റെ ജീവിതത്തിലെ മറ്റൊരധ്യായം പോലെ.