ന്യൂഡല്‍ഹി: സംഗീതം ശാന്തിയാണ്; സമാധാനവും; സംഘര്‍ഷഭരിതമായ മനസ്സുമായി ഇവിടെ ഇടം തേടുക പ്രയാസം. 'സമാധാനത്തിന്റെ അംബാസഡര്‍' എന്ന് വിശേഷിപ്പിക്കാവുന്ന പണ്ഡിറ്റ് രവിശങ്കറിന്റെ വസതിക്ക് മുന്നില്‍ കാവല്‍ക്കാരില്ല; 'സംഗീതത്തിലൂടെ സമാധാനം' എന്ന ഫലകം മാത്രം, പടിവാതിലില്‍.

'രവിശങ്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്ട്‌സ്: ഇവിടെ സംഗീതം ആരേയും പഠിപ്പിക്കുന്നില്ല; പഠിക്കുകയാണ്'.

'റിമ്പ' എന്ന ചുരുക്കപ്പേരുള്ള ഈ സെന്ററിന്റെ ഇപ്പോഴത്തെ മാനേജര്‍ കൗശിക് കുമാര്‍ 1979-ല്‍ ഗുരുകുലസമ്പ്രദായത്തില്‍ ഇതാരംഭിക്കുമ്പോള്‍ പണ്ഡിറ്റ്ജി ആഗോളതലത്തില്‍ പ്രസിദ്ധിയുടെ കൊടുമുടിയില്‍ എത്തിയിരുന്നു. 2000-ത്തിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് നഗരത്തിലെ ചാണക്യപുരിയിലേക്ക് മാറ്റുന്നത്.

ലോകത്താകമാനമുള്ള സംഗീതജ്ഞര്‍ ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ ഒരുമിക്കുമ്പോള്‍, അവരുടെ മികവുകള്‍ പങ്കുവെക്കുമ്പോള്‍ അത് പുതിയൊരു പിറവിയിലേക്ക് നയിക്കുന്നു.

സാധാരണ പണ്ഡിറ്റ്ജി വര്‍ഷത്തിലൊരിക്കലാണിവിടെ ഉണ്ടാവാറുള്ളത്. പക്ഷേ, ആ വരവില്‍ നാലഞ്ചുമാസം അദ്ദേഹം ശിഷ്യരുടെ ഇടയിലുണ്ടാകും- അവരുടെ പാഠപുസ്തകമായി.

ഈ സമയം സംഗീതജ്ഞരുടെ ഒഴുക്കാണിങ്ങോട്ടെന്ന് കൗശിക്കുമാര്‍. ഇക്കാലമത്രയും സിത്താറിന്റെ മാന്ത്രിക ലോകത്തേക്ക് പണ്ഡിറ്റ്ജി അവരെ കൈപിടിച്ച് നയിക്കും. ഒപ്പം, ഇന്‍സ്റ്റിറ്റിയൂട്ടിലെത്തുന്ന വിഖ്യാത സംഗീതജ്ഞര്‍ അവരുടെ സിദ്ധികളും പങ്കുവെക്കും.

ലോകോത്തര സംഗീതജ്ഞര്‍ ഒരുമിക്കുന്ന 'റിമ്പ ഫെസ്റ്റിവല്‍' ഫിബ്രവരിയിലാണ്.

പണ്ഡിറ്റ്ജിയുടെ ഇന്ത്യയിലെ വീടും ഇതുതന്നെ. 2011 നവംബറിലാണ് അദ്ദേഹം അവസാനമായി ഇവിടെയെത്തിയത്. 2012 മാര്‍ച്ച്‌വരെ അദ്ദേഹം ഇവിടെയുണ്ടായിരുന്നു.

ഏഴുപതിറ്റാണ്ടുകാലം ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന് പരിചിതമാക്കിയ പണ്ഡിറ്റ്ജി അന്ന് ഇന്‍സ്റ്റിറ്റിയൂട്ട് വിടുമ്പോള്‍ വരുന്ന ഫെസ്റ്റിവലും മനസ്സില്‍ കുറിച്ചിട്ടിരുന്നു എന്ന് കൗശിക്. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ തന്നെ ഇക്കുറിയും ഫെസ്റ്റിവല്‍ ഉണ്ടാകുമെന്ന് കൗശിക് പറയുമ്പോള്‍ ഒന്നുകൂടി വായിച്ചെടുക്കാനാകുന്നു, 'പണ്ഡിറ്റ്ജിയുടെ അദൃശ്യസാന്നിധ്യത്തില്‍' എന്നു തന്നെ.