സംഗീതത്തോട് പ്രേമം തുടങ്ങുന്ന കാലത്ത്, റേഡിയോയിലെ വിവിധ് ഭാരതിയില്‍ ഭാരതീയ സംഗീതത്തെക്കുറിച്ച് പത്തിരുപത് മിനിറ്റ് നീളുന്ന ഒരു പരിപാടി കേള്‍ക്കാറുണ്ടായിരുന്നു. അതില്‍ എന്നെ ആകര്‍ഷിച്ചത് നിഖില്‍ ബാനര്‍ജിയുടെയും രവിശങ്കറിന്റെയും അബ്ദുള്‍ഹലിം ജാഫര്‍ഖാന്റെയും സിതാര്‍വാദനമായിരുന്നു. ഒരു രാഗം വായിച്ചുകഴിഞ്ഞശേഷം പോപ്പുലറായ ഒരു ചലചിത്രഗാനം കൂടി വായിക്കുന്നതായിരുന്നു അന്നത്തെ രീതി. സിത്താറിന്റെ ത്രസിപ്പിക്കുന്ന നാദംകേട്ട് ഞാന്‍ അദ്ഭുതപ്പെട്ടു. അതെന്നെ കീഴടക്കി. ഞാന്‍ പണ്ഡിറ്റ്ജിക്കും നിഖില്‍ദായ്ക്കും ഹലിം സാഹബിനും പൂര്‍ണമായി കീഴടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം ഞാനുമൊരു സിത്താര്‍ വാദകനായി. അതിന്റെ ഏഴുതന്ത്രികളില്‍ എന്റെ ജീവിതവും സമര്‍പ്പിച്ചു.

ഗുരുവിനെ തേടിയുള്ള എന്റെ യാത്ര അവസാനിച്ചത് ധര്‍വാറിലെ ഉസ്താദ് ബാലേഖാന്റെ മുന്നിലാണ്. ആ സംഗീതോപകരണത്തെ അറിയുംതോറും സ്‌നേഹം കൂടിക്കൂടി വന്നു. ഏത് ഉദാഹരണം ഗുരു പറയുമ്പോഴും പണ്ഡിറ്റ്ജി കടന്നുവരും. ഒരിക്കല്‍ മുള്‍ത്താനി രാഗത്തെക്കുറിച്ച് ഗുരു വിശദീകരിച്ചപ്പോള്‍ ആ രാഗത്തിലുള്ള പണ്ഡിറ്റ് രവിശങ്കറുടെ വാദനം പ്രത്യേകം എടുത്തുപറഞ്ഞു. ലോകത്ത് ഇന്നേവരെ ആരും മുള്‍ത്താനി ഇത്ര സമഗ്രമായി, ഭാവാത്മകമായി വായിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച് ആ വാദനം കേട്ടപോലെ ഗുരു കണ്ണടിച്ചിരുന്നു. പിന്നീട് ഞാനതുകേട്ടപ്പോള്‍, മനുഷ്യചിന്തകള്‍ക്കും ഭാവനയ്ക്കും അപ്പുറമാണ് പണ്ഡിറ്റ്ജിയുടെ ആ രാഗവാദനമെന്ന് ഉറപ്പായി.

ഇന്ത്യന്‍ സംഗീതത്തെ പാശ്ചാത്യരുമായി ഇത്രയധികം അടുപ്പിച്ച മറ്റൊരു സംഗീതജ്ഞനുമില്ല. ഇന്ത്യന്‍ സംഗീതത്തിന്റെ മഹത്ത്വം, പാശ്ചാത്യ രാജ്യങ്ങളിലെ സംഗീതജ്ഞരെ ബോധ്യപ്പെടുത്തിയത് പണ്ഡിറ്റ്ജിയായിരുന്നു. പാശ്ചാത്യ സംഗീതത്തെ ഇന്ത്യന്‍ സംഗീതവുമായി സമന്വയിപ്പിക്കുന്നതിലും അദ്ദേഹം അതീവതാത്പര്യം കാട്ടി. അതുവെറുമൊരു സങ്കലനം ആയിരുന്നില്ല. രണ്ടു സംഗീതത്തെയും ഭക്തിയോടുകൂടിയാണ് അദ്ദേഹം സമീപിച്ചത്.

സിത്താറില്‍, ഗുരു പഠിപ്പിച്ചതിനേക്കാള്‍ അപ്പുറത്തേക്ക് പോകാനും പണ്ഡിറ്റ്ജിക്ക് കഴിഞ്ഞു. ബാബാ അല്ലാവുദ്ദീന്‍ഖാന്റെ ശിഷ്യന്‍ന്മാര്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ തന്നെ കുലപതികളാണ്. പണ്ഡിറ്റ് നിഖില്‍ ബാനര്‍ജി, പന്നലാല്‍ഘോഷ്, അലിഅക്ബര്‍ഖാന്‍, അന്നപൂര്‍ണദേവി, പണ്ഡിറ്റ് രവിശങ്കര്‍ എന്നിവര്‍ പില്‍ക്കാലത്ത് ഭാരതീയ സംഗീതത്തെ പോഷിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ആ സംഗീതത്തെ അതിര്‍ത്തി കടന്ന് പാശ്ചാത്യസദസ്സിന്റെ മുന്നിലെത്തിച്ചവരില്‍ പ്രധാനികള്‍ പണ്ഡിറ്റ് രവിശങ്കറും അലിഅക്ബര്‍ഖാനുമാണ്. പണ്ഡിറ്റ്ജി പിന്നീട് അവിടെനിന്നും മുന്നോട്ടുപോയി. ബീറ്റില്‍സുമായും ഫിലിപ്പ്ഗ്ലാസുമായും ഒട്ടേറെ പ്രസിദ്ധ കലാകാരന്മാരുമായും അദ്ദേഹം നടത്തിയ സംഗീത പരീക്ഷണങ്ങളുടെ അടിസ്ഥാനം, മികച്ച സംഗീതത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ മാത്രമായിരുന്നു. അതേസമയം, സിത്താറിന്റെ മൗലികമായ പാരമ്പര്യം, രാഗാവതരണ വേളയില്‍ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുകയും ചെയ്തു. സിനിമയിലും മറ്റും അദ്ദേഹം നടത്തിയ ഉദ്യമങ്ങളും എടുത്തുപറയേണ്ടതാണ്.

സംഗീതത്തിന്റെ അനന്തസാധ്യതകള്‍ ആരായാന്‍, സംഗീതം മാത്രമല്ല, ഹൃദയവും വേണം. പണ്ഡിറ്റ്ജിക്ക് ഇതു രണ്ടുമുണ്ടായിരുന്നു. സിത്താറുമായി ഇന്ത്യയില്‍ എവിടെച്ചെന്നാലും സംഗീതപ്രേമികള്‍, ആദ്യം പറയുന്നപേര് പണ്ഡിറ്റ്ജിയുടെതാണ്. സിത്താറും പണ്ഡിറ്റ്ജിയും പരസ്പര പൂരകമാണ്. സിത്താറിന്റെ തന്ത്രികളെ മീട്ടുന്നവര്‍ ആ ആത്മാവിനെ പ്രണമിക്കാതിരിക്കില്ല.