ന്യൂഡല്‍ഹി: പണ്ഡിറ്റ് രവിശങ്കറിന്റെ മരണത്തില്‍ പാര്‍ലമെന്‍റ് അനുശോചിച്ചു. രാജ്യത്തിന്റെ ഏറ്റവും പ്രശസ്തനായ സംഗീത അംബാസഡറായിരുന്നു അദ്ദേഹമെന്ന് സ്പീക്കര്‍ മീരാകുമാര്‍ അനുസ്മരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സഭാംഗങ്ങള്‍ രണ്ട് മിനിറ്റ് മൗനമാചരിച്ചു.

അദ്ദേഹത്തിന്റെ മരണത്തിലൂടെ സംഗീതലോകത്ത് നികത്താനാവാത്ത വിടവാണുണ്ടായതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

ഇന്ത്യയുടെ നിധിയാണ് പണ്ഡിറ്റ് രവിശങ്കറെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ആഗോള അംബാസഡറായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. അനുശോചനമറിയിച്ച് രവിശങ്കറിന്റെ കുടുംബത്തിന് അദ്ദേഹം കത്തയച്ചു.

പണ്ഡിറ്റ് രവിശങ്കറിന്റെ മരണത്തോടെ ഒരു കാലഘട്ടം കടന്നുപോയി. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രതിഭയ്ക്കും കലയ്ക്കും മനുഷ്യത്വത്തിനും രാജ്യത്തിനൊപ്പം ഞാനും ആദരാഞ്ജലി അര്‍പ്പിക്കുന്നു -അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. രവിശങ്കറിനൊപ്പം രാജ്യസഭാംഗമായിരിക്കാന്‍ കഴിഞ്ഞത് വ്യക്തിപരമായ നേട്ടമായി കണക്കാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

തലമുറകളുടെ പ്രചോദനമാണ് പണ്ഡിറ്റ് രവിശങ്കറെന്ന് ബി.ജെ.പി. അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.

കേന്ദ്ര പ്രക്ഷേപണ വകുപ്പ് മന്ത്രി മനീഷ് തിവാരി, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍. കിരണ്‍കുമാര്‍ റെഡ്ഡി, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി തുടങ്ങിയവും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.