പണ്ഡിറ്റ് രവിശങ്കറിന്റെ വേര്‍പാട് വ്യക്തിപരമായി ഞങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. അത്രമേല്‍ അടുപ്പമുണ്ടായിരുന്നു ആ കലാകാരനുമായി ഞങ്ങള്‍ക്ക്. ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു രവിശങ്കറും അദ്ദേഹത്തിന്റെ കുടുംബവും. 1975ല്‍ ലണ്ടനിലെ എലിസബത്ത് ഹാളില്‍ ഞങ്ങളുടെ നൃത്തപരിപാടി കാണാന്‍ അദ്ദേഹം എത്തിയിരുന്നു. അന്ന് ഞങ്ങളുടെ പ്രകടനത്തില്‍ അഭിരമിച്ച അദ്ദേഹം പിന്നീട് ഞങ്ങളുടെ ജീവിതത്തിലേക്കു തന്നെ കടന്നെത്തുകയായിരുന്നു. രവിശങ്കര്‍ 'ഘനശ്യാം ദി ബ്രോക്കണ്‍ ബ്രാഞ്ച്' എന്ന മ്യൂസിക്കല്‍ ഓപ്പറ ചിട്ടപ്പെടുത്തിയപ്പോള്‍ അതില്‍ കോറിയൊഗ്രാഫി ചെയ്യാന്‍ വിളിച്ചത് ഞങ്ങളെയായിരുന്നു. ഇതിനായി ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ രണ്ടുമാസക്കാലം ഞങ്ങള്‍ ഒരുമിച്ചു താമസിച്ചിരുന്നു. ഞങ്ങള്‍ കൈകോര്‍ത്ത ഈ മ്യൂസിക് ഓപ്പറ വന്‍ വിജയമായി.

ഒരിക്കല്‍ സാന്റിയാഗോവില്‍ വിമാനത്താവളത്തിലിറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ സെക്രട്ടറി എത്തി. അപ്രതീക്ഷിതമായി ഞങ്ങളെ കയറ്റിയ കാര്‍, വമ്പന്‍ ഹോട്ടലിനു മുന്നില്‍ നിന്നു. കാര്യമെന്തെന്നറിയാതെ ഞങ്ങള്‍ അമ്പരന്നു. ഇതിനിടയില്‍ ഹോട്ടലില്‍ നടക്കുന്ന ബൃഹത്തായ ഒരു സമ്മേളനവേദിയിലേക്ക് ഞങ്ങളെ ആനയിച്ചു. ചിന്‍മയ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര സമ്മേളനമായിരുന്നു അത്. വേദിയില്‍ ഞങ്ങള്‍ രണ്ടുപേരുടെയും വലിയ ഫോട്ടോ അലങ്കരിച്ച് വച്ചിരിക്കുന്നു.

പെട്ടെന്ന് അവിടെ ഒരു പുരസ്‌കാരം പ്രഖ്യാപിക്കുന്നു. 'വേള്‍ഡ് പീസ് അവാര്‍ഡ്'. പുരസ്‌കാര ജേതാക്കളുടെ പേര് മുഴങ്ങി. ശാന്താ ധനഞ്ജയന്‍മാര്‍. രവിശങ്കറിന് നല്‍കാന്‍ വച്ച പുരസ്‌കാരം അദ്ദേഹം ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ നിര്‍ദ്ദേശിച്ചു.

രവിശങ്കറിന്റെ ഭാര്യ സുകന്യ ഞങ്ങളുടെ ശിഷ്യയായിരുന്നു എന്നതാണ് മറ്റൊരു കാര്യം. ഈ വേര്‍പാട് ഞങ്ങളുടെ ദുഃഖം കൂടിയാണ്.