വടക്കാഞ്ചേരി: എല്ലാ അര്‍ത്ഥത്തിലും കേരളത്തിന്റെ വസന്തോത്സവമായിരുന്നു 1990ല്‍ നടന്ന കേരള കലാമണ്ഡലത്തിന്റെ വജ്രജൂബിലി ആഘോഷം.

വജ്ര ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ കലാകാരന്മാരില്‍ വിശ്വ പ്രശസ്തനായ പണ്ഡിറ്റ് രവി ശങ്കറിന് ഇരുപത്തിരണ്ട് വര്‍ഷം മുന്നേ കലാമണ്ഡലം നല്‍കിയത് ഉജ്ജ്വല വരവേല്‍പ്പായിരുന്നു. കലാമണ്ഡലം ഭരണ സമിതിയില്‍ അന്ന് എം.പിമാരുടെ പ്രതിനിധിയായിരുന്നത് എം.എ. ബേബിയായിരുന്നു. പണ്ഡിറ്റ് രവിശങ്കറും അന്ന് രാജ്യസഭാംഗമാണ്. ഈ അടുപ്പമാണ് രവിശങ്കറെ കലാമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായകമായത്.

എം.എ. ബേബിയുടെ ക്ഷണമനുസരിച്ച് കലാമണ്ഡലത്തിലെത്തിയ രവിശങ്കറിനോടൊപ്പം അന്ന് വയലിനിസ്റ്റ് വി.ജി. ജോഗ്, തബലയിലെ മാന്ത്രികന്‍ അല്ലാരഖ എന്നിവരും ഉണ്ടായിരുന്നു. അന്ന് കലാമണ്ഡലം ചെയര്‍മാനായിരുന്ന കെ.വി കൊച്ചനിയനും സെക്രട്ടറിയായിരുന്ന ഇയ്യങ്കോട് ശ്രീധരനും ചേര്‍ന്ന് കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിനിടയില്‍ കലാമണ്ഡലം രാമന്‍കുട്ടിനായരെയും കലാമണ്ഡലം ഗോപിയെയും ശ്രദ്ധയില്‍പ്പെട്ട പണ്ഡിറ്റ് രവിശങ്കര്‍ ഇരുവര്‍ക്കുമടുത്തെത്തി പഴയ സൗഹൃദം പുതുക്കി ഓര്‍മ്മകള്‍ പങ്കുവെച്ചു.

സിത്താറിലൂടെ ലോകം കീഴടക്കിയ പണ്ഡിറ്റ് രവിശങ്കറിന്റെ കച്ചേരിക്ക് അന്ന് കലാമണ്ഡലത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. സംഗീതത്തിന്റെ വ്യാകരണം മനഃപാഠമാക്കിയ വന്‍ സദസ്സ് കലാമണ്ഡലത്തില്‍ മുന്നെയോ പിന്നീടോ ഉണ്ടായിട്ടില്ല.

കലാ കേരളത്തിന്റെ വസന്തോത്സവമെന്ന് വജ്രജൂബിലി ആഘോഷത്തെ വിശേഷിപ്പിച്ച പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താര്‍ കച്ചേരി നവ്യാനുഭവമായി. മൂന്നു മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ പണ്ഡിറ്റ് രവിശങ്കറും ആസ്വാദക ഹൃദയത്തിലേക്കിറങ്ങി.