വാഷിങ്ടണ്‍: സിത്താര്‍ തന്ത്രികളാല്‍ പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ ഇണക്കിച്ചേര്‍ത്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കര്‍ (92) വേദിയൊഴിഞ്ഞു. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ലാ ജോലയിലുള്ള സ്‌ക്രിപ്‌സ് മെമ്മോറിയല്‍ ആസ്പത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു 'സിത്താര്‍ മാന്ത്രിക'ന്റെ അന്ത്യം.

ശ്വാസതടസ്സം കാരണം കഴിഞ്ഞയാഴ്ചയാണ് രവിശങ്കറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു വര്‍ഷമായി ഹൃദയ, ശ്വാസകോശ രോഗങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന അദ്ദേഹത്തിന് കഴിഞ്ഞയാഴ്ച ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഭാര്യ സുകന്യയും മകള്‍ അനുഷ്‌കയും ചേര്‍ന്നാണ് മരണവിവരം അറിയിച്ചത്. ശവസംസ്‌കാരം എപ്പോഴെന്ന കാര്യം തീരുമാനിച്ചിട്ടില്ല.

സിത്താറിലൂടെ ഇന്ത്യന്‍ സംഗീതത്തെയും സംസ്‌കാരത്തെയും ലോകമെങ്ങുമറിയിച്ച രവിശങ്കറിനെ 1999-തില്‍ രാജ്യം ഭാരതരത്‌നം നല്‍കി ആദരിച്ചു. സംഗീതത്തിലെ അതുല്യ പ്രതിഭകള്‍ക്ക് ലഭിക്കുന്ന ഗ്രാമി പുരസ്‌കാരത്തിന് അദ്ദേഹം മൂന്ന് തവണ അര്‍ഹനായി. മാഗ്‌സസെ പുരസ്‌കാരം, ഫുകുവോക ഗ്രാന്‍റ് പ്രൈസ്, ക്രിസ്റ്റല്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ ലോകോത്തര പുരസ്‌കാരങ്ങള്‍ വേറെയും നേടിയിട്ടുണ്ട്.

രോഗവും പ്രായാധിക്യവും മൂലം വളരെ നാളായി വേദികളില്‍ നിന്ന് വിട്ടു നിന്നിരുന്ന രവിശങ്കറിന്റെ അവസാനത്തെ പരിപാടി നവംബര്‍ നാലിന് സിത്താര്‍ വാദക കൂടിയായ മകള്‍ അനുഷ്‌കയ്‌ക്കൊപ്പം കാലിഫോര്‍ണിയയിലായിരുന്നു. 'ദ ലിവിങ് റൂം സെഷന്‍സ് പാര്‍ട്ട് -1' എന്ന ആല്‍ബത്തിന് 2013-ലെ ഗ്രാമി പുരസ്‌കാരത്തിന് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. മകള്‍ അനുഷ്‌കയും മത്സരപ്പട്ടികയിലുണ്ട്.

'ബീറ്റില്‍സ്' അരങ്ങുവാണിരുന്ന അറുപതുകളിലാണ് രവിശങ്കറും പാശ്ചാത്യ സംഗീതലോകത്തെ കീഴടക്കിയത്. വയലിനിസ്റ്റ് യെഹൂദി മെനുഹിനും 'ബീറ്റില്‍സി'നുമൊപ്പം ചേര്‍ന്നായിരുന്നു അത്. 'ബീറ്റില്‍സ്' അംഗം ജോര്‍ജ് ഹാരിസണുമായുള്ള സൗഹൃദം അദ്ദേഹത്തെ അന്താരാഷ്ട്ര പോപ്പ് സംഗീത മേളകളിലെത്തിച്ചു. ഈ പരിപാടികളോടെ രവിശങ്കര്‍ പടിഞ്ഞാറിന്റെയും സ്വന്തമായി.

സിത്താര്‍ വാദനത്തില്‍ ഭ്രമിച്ച ഹാരിസണ്‍ അദ്ദേഹത്തില്‍ നിന്ന് അത് പഠിച്ചു. 'ലോക സംഗീതത്തിന്റെ തലതൊട്ടപ്പന്‍' എന്നാണ് ഹാരിസണ്‍ രവിശങ്കറിനെ വിശേഷിപ്പിച്ചത്. രവിശങ്കര്‍ കമ്പോസ് ചെയ്ത ആല്‍ബങ്ങളായ 'ശങ്കര്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ്', 'ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ' എന്നിവ നിര്‍മിച്ചത് ഹാരിസണാണ്. മെനുഹിനെയും ഹാരിസണെയും കൂടാതെ, സംഗീത പ്രതിഭകളായ ഴാങ് പിയറി രാംപാല്‍, ഹൊസാന്‍ യമമോട്ടോ, മുസുമി മിയാഷിത, ഫിലിപ്പ് ഗ്ലാസ് എന്നിവര്‍ക്കൊപ്പവും രവിശങ്കര്‍ പ്രവര്‍ത്തിച്ചു.

'ധര്‍ത്തി കെ ലാല്‍', 'നീച്ചാ നഗര്‍', 'ചാര്‍ലി', റിച്ചാഡ് ആറ്റണ്‍ബറോയുടെ 'ഗാന്ധി', സത്യജിത് റായിയുടെ 'അപു ത്രയം' എന്നിവയുള്‍പ്പെടെ ഇന്ത്യ, കാനഡ, യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളിലെ വിവിധ ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. 'ഗാന്ധി'യുടെ പശ്ചാത്തല സംഗീത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. മുഹമ്മദ് ഇഖ്ബാലിന്റെ 'സാരെ ജഹാം സെ അച്ഛാ'യ്ക്ക് ഇന്നു കേള്‍ക്കുന്ന ഈണമൊരുക്കിയത് രവിശങ്കറാണ്. രവിശങ്കറും ഉസ്താദ് അലി അഹമ്മദ് ഹുസ്സൈന്‍ ഖാനും ചേര്‍ന്നാണ് ദൂരദര്‍ശന്റെ സിഗേ്‌നച്ചര്‍ ട്യൂണ്‍ തയ്യാറാക്കിയത്. ഹിന്ദുസ്ഥാനിയിലെന്ന പോലെ കര്‍ണാടക സംഗീതത്തിലും വിദഗ്ധനായ അദ്ദേഹം 1949-'56 കാലത്ത് ആകാശവാണിയില്‍ ജോലി ചെയ്തിട്ടുണ്ട്. 1986-'92-ല്‍ രാജ്യസഭാംഗമായിരുന്നു.

വാരാണസിയില്‍ ശ്യാം ശങ്കറിന്റെയും ഹേമാംഗിനി ദേവിയുടെയും മകനായി 1920 ഏപ്രില്‍ ഏഴിനാണു ജനനം. പ്രസിദ്ധ നര്‍ത്തകനായ സഹോദരന്‍ ഉദയ് ശങ്കറിനൊപ്പം പത്താംവയസ്സില്‍ പാരീസിലേക്ക് പോയി. '38-ല്‍ നൃത്തം വിട്ട് സിത്താര്‍ പഠനം തുടങ്ങി. അല്ലാവുദിന്‍ ഖാനാണ് ഗുരു. '44-ല്‍ ഔപചാരിക പഠനം അവസാനിച്ചു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. '54-ല്‍ സോവിയറ്റ് യൂണിയനിലായിരുന്നു ഇന്ത്യയ്ക്ക് വെളിയിലെ ആദ്യ പരിപാടി. പിന്നീട് യൂറോപ്പ്, ഉത്തര കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. 'രാഗ മാല'യാണ് അദ്ദേഹത്തിന്റെ ആത്മകഥ.

അന്നപൂര്‍ണ ദേവിയാണ് ആദ്യ ഭാര്യ. ഈ വിവാഹത്തില്‍ ശുഭേന്ദ്ര ശങ്കര്‍ എന്ന മകനുണ്ട്. അച്ഛനൊപ്പം വേദികളിലെ സാന്നിധ്യമായിരുന്ന ശുഭേന്ദ്ര '92-ല്‍ അന്തരിച്ചു. പിന്നീട് സുകന്യ രാജനെ വിവാഹം ചെയ്തു. ഇവരിലുള്ള മകളാണ് സിത്താര്‍വാദകയായ അനുഷ്‌ക ശങ്കര്‍. ന്യുയോര്‍ക്കിലെ കച്ചേരി നിര്‍മാതാവ് സ്യു ജോണ്‍സുമായുള്ള ബന്ധത്തിലുള്ള മകളാണ് പ്രശസ്ത ഗായികയും നടിയുമായ നോറ ജോണ്‍സ്.