അവസാനം വരെ സംഗീതത്തെ മാത്രം ഉപാസിച്ച അച്ഛന്‍ ലോകത്തിന് നല്‍കിയത് വേദികള്‍ കീഴടക്കുന്ന രണ്ട് പെണ്‍കുട്ടികളെയാണ്- നോറ ജോണ്‍സും അനുഷ്‌ക ശങ്കറും. അമേരിക്കന്‍ മ്യൂസിക് പ്രൊമോട്ടറായിരുന്ന സ്യൂജോണ്‍സിനു പിറന്ന മകളാണ് ഗീതാലി നോറാ ജോണ്‍സ് ശങ്കര്‍ എന്ന നോറാ ജോണ്‍സ്.

2002 ല്‍ ഫ്യൂഷനും പോപ്പും സമന്വയിപ്പിച്ച് ഈ അമേരിക്കന്‍ ഗായിക ഒരുക്കിയ 'കം എവേ വിത്ത് മി' എന്ന ആല്‍ബം ആസ്വാദകരെ ഹരം പിടിപ്പിച്ചു. 26 മില്ല്യണ്‍ കോപ്പിയാണ് വിറ്റുപോയത്. അഞ്ച് ഗ്രാമി അവാര്‍ഡ് ഇതിലൂടെ നോറ സ്വന്തമാക്കി. 2012 ഏപ്രില്‍ 27ന് പുറത്തിറങ്ങിയ 'ലിറ്റില്‍ ബ്രോക്കണ്‍ ഹാര്‍ട്ട്‌സ്' ആണ് ഏറ്റവും പുതിയ ആല്‍ബം. സംഗീത ജീവിതത്തില്‍ 33 വയസ്സിനിടെ ഒമ്പത് ഗ്രാമി അവാര്‍ഡുകളാണ് നോറ നേടിയത്. 50 മില്ല്യണില്‍ കൂടുതല്‍ ആല്‍ബങ്ങളുടെ കോപ്പിയും വിറ്റഴിഞ്ഞു. മികച്ച ജാസ് ആര്‍ട്ടിസ്റ്റ് കൂടിയാണ് നോറ. 2007ല്‍ ഡല്‍ഹിയില്‍ അച്ഛനോടൊപ്പം കുറച്ചുകാലം കഴിയാന്‍ നോറ എത്തിയിരുന്നു.

നോറ പാട്ടിന്റെയും ജാസിന്റെയും വഴി തിരഞ്ഞെടുത്തപ്പോള്‍ അനുഷ്‌ക അച്ഛനെപ്പോലെ സിതാറിന്റെ മാന്ത്രിക ഈണത്തിലാണ് വളര്‍ന്നത്.

അച്ഛന്റെ സ്‌നേഹത്തണലില്‍ സംഗീതത്തിന്റെ വഴിയില്‍ അനുഷ്‌ക സഞ്ചരിച്ചെങ്കിലും 10 വയസ്സുവരെ പണ്ഡിറ്റ് രവിശങ്കര്‍ ആണ് തന്റെ അച്ഛനെന്ന് നോറ അറിഞ്ഞിരുന്നില്ല. അച്ഛനൊപ്പം നിരവധി രാജ്യങ്ങളില്‍ കച്ചേരി അവതരിപ്പിച്ച അനുഷ്‌ക, 2002 ല്‍ 'ബാപി; ലവ് ഓഫ് മൈ ലൈഫ്'-എന്ന പേരില്‍ അച്ഛനെക്കുറിച്ച് ഒരു പുസ്തകമെഴുതി.രവിശങ്കറിനൊപ്പം ഗ്രാമി അവാര്‍ഡ് പങ്കിട്ട അപൂര്‍വ്വ നേട്ടവും ഈ 31കാരി സ്വന്തമാക്കി. നവംബര്‍ നാലിന് കാലിഫോര്‍ണിയയില്‍ അനുഷ്‌കയ്‌ക്കൊപ്പമാണ് രവിശങ്കര്‍ അവസാനമായി സിതാര്‍ വായിച്ചത്.

വിരലുകള്‍ കൊണ്ട് മാന്ത്രികത തീര്‍ക്കാനും ശബ്ദം കൊണ്ട് മനസ്സുകള്‍ കീഴടക്കാനും രണ്ട് മക്കളെ ലോകത്തിന് നല്‍കിയാണ് രവിശങ്കര്‍ എന്ന അച്ഛന്‍ വിടപറഞ്ഞത്.

രവിശങ്കറിന്റെ ആദ്യഭാര്യ അന്നപൂര്‍ണ്ണാദേവിയിലുണ്ടായ മകന്‍ ശുഭേന്ദ്രശങ്കറും സിതാര്‍വാദകനായിരുന്നു. അച്ഛനോടൊപ്പം ജീവിച്ച ശുഭേന്ദ്ര 1992ല്‍ അന്തരിച്ചു.