ഗംഗാതടത്തില്‍നിന്ന് സിത്താറിനെയും ഇന്ത്യന്‍രാഗങ്ങളെയും കടലുകള്‍ കടന്ന് ലോകവേദിയിലെത്തിച്ച മാസ്മരിക വാദകന്‍ പണ്ഡിറ്റ് രവിശങ്കര്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഒമ്പത് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ആ ജീവിതം ധന്യതയോടെ നിത്യതയിലമരുമ്പോള്‍ ആ വിരലുകളിലൂടെ നാദഭാവങ്ങള്‍ വര്‍ഷിച്ച സിത്താറും അനാഥം. ഭാരതീയസംഗീതത്തെ പാശ്ചാത്യലോകത്തിനു മുമ്പില്‍ പ്രതിഷ്ഠിക്കുകയും ജ്വലിക്കുന്ന സൗന്ദര്യത്തോടെ ചെറിയ സദസ്സുകളില്‍നിന്ന് ആഗോളസദസ്സുകളിലേക്ക് അതിനെ പ്രത്യാനയിക്കുകയും ചെയ്ത സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ്ജി. തൊണ്ണൂറ്റിരണ്ട് വര്‍ഷത്തെ ജീവിത യാത്രയില്‍ സിത്താറിന്റെ അപരനാമം പോലും പണ്ഡിറ്റ് രവിശങ്കര്‍ എന്നായി. ആ സംഗീതം, ജീവിതത്തിന്റെ അപരാഹ്നത്തിലും അദ്ദേഹത്തെ അംഗീകാരങ്ങളുടെയും അനുമോദനങ്ങളുടെയും ഉച്ചസ്ഥായിയിലേക്ക് നയിച്ചു.

വാരണാസിയിലെ ശ്രേഷ്ഠപണ്ഡിതന്മാരുടെ കുടുംബത്തില്‍ പിറന്ന രവിശങ്കര്‍ ചൗധരി എന്ന പണ്ഡിറ്റ് രവിശങ്കറെ സിത്താറിലേക്ക് വഴിതിരിച്ചുവിട്ടത് രണ്ടാംലോക മഹായുദ്ധമായിരുന്നു. ജ്യേഷ്ഠസഹോദരനായ വിശ്രുതനര്‍ത്തകന്‍ ഉദയശങ്കറിന്റെ സംഘത്തോടൊപ്പം ഒമ്പതാംവയസ്സില്‍ യൂറോപ്പിലേക്ക് പുറപ്പെട്ട ആ ബാലന്‍ യുദ്ധം കൊടുമ്പിരികൊണ്ട നാളുകളില്‍ ബാബയെന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന ഉസ്താദ് അല്ലാവുദ്ദീന്‍ഖാനോടൊപ്പം ഒരു ട്രങ്ക്‌പെട്ടിയുമായി കടല്‍ കടന്ന് രാംപുരിലെ മൈഹറില്‍ എത്തുകയായിരുന്നു. ഗുരുവിന്റെ വീട്ടില്‍ താമസം തുടങ്ങിയ രവിക്ക് പിന്നീടുള്ള വര്‍ഷങ്ങള്‍ കഠിനമായ സാധനയുടേതായിരുന്നു. സിത്താറിലെ പരിശീലനം പതിനെട്ട് മണിക്കൂര്‍വരെ നീണ്ടുനിന്നു. കര്‍ശനമായ പരിശീലനവും കോപതാപങ്ങളോടെയുള്ള ഗുരുശിക്ഷണവും ശിഷ്യനെ മറ്റൊരാളാക്കിമാറ്റി. തന്നെ മനുഷ്യനാക്കുന്നതിലും ഗുരു വിജയിച്ചുവെന്നായിരുന്നു രവിശങ്കറിന്റെ പില്‍ക്കാലത്തെ സാക്ഷ്യപ്പെടുത്തല്‍.

പത്തൊന്‍പതാമത്തെ വയസ്സില്‍ അലഹബാദില്‍ നടത്തിയ അരങ്ങേറ്റത്തിനുശേഷം ശിഷ്യന്‍ വാദനത്തിന്റെ സുന്ദരവും സങ്കീര്‍ണവുമായ പടവുകളിലേക്ക് കയറുന്നത് ഗുരു നിര്‍വൃതിയോടെ കണ്ടു. ഓരോ രാഗവും പണ്ഡിറ്റ്ജി വായിക്കുമ്പോള്‍ അതിന്റെ ആഹ്ലാദകരമായ ഭാവവും ഭാവനാപൂര്‍ണമായ പരിചരണവും ആസ്വാദകരെ അനുഭൂതിയിലാഴ്ത്തി. അതിമന്ദ്രം, മന്ദ്രം, മധ്യം, താരം എന്നീ നാല് സ്വരസ്ഥാനങ്ങളിലും ഗാഢമായി സ്പര്‍ശിച്ചുകൊണ്ട് ആ ഗായകിശൈലി സിത്താറിന്റെ സാധ്യതകളെ സങ്കല്പങ്ങള്‍ക്കപ്പുറത്തേക്ക് നയിച്ചു. പണ്ഡിറ്റ്ജിയുടെ സിത്താറിന്റെ ആദ്യരണിതംതന്നെ സദസ്സിനെ ഉന്മത്തമാക്കുന്നതായിരുന്നു. പാരമ്പര്യവും കാല്പനികതയും തെളിഞ്ഞ വാദനശൈലിയും രാഗഭാവവും ആ വിരലുകളില്‍ ഭദ്രമായിരുന്നു. ഇന്ത്യന്‍ രാഗങ്ങളുടെ ആത്മാവ് തേടുന്ന ശാസ്ത്രീയാവതരണങ്ങളില്‍ പണ്ഡിറ്റ്ജിയുടെ സിത്താര്‍ പാരമ്പര്യത്തെ ഗാഢപൂര്‍വം ആശ്ലേഷിച്ചു. പണ്ഡിറ്റ്ജിയുടെ വാദനത്തെക്കുറിച്ച് ശ്രേഷ്ഠനായ നിഖില്‍ ബാനര്‍ജി പോലും പറഞ്ഞു -''ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വായിക്കുന്നു. പണ്ഡിറ്റ്ജി ഞങ്ങള്‍ക്കുവേണ്ടി വായിക്കുന്നു''. അനുപമമായിരുന്നു രാഗഭാവങ്ങളെ വിടര്‍ത്തുന്ന ആ അവതരണം.

ലളിത്‌രാഗത്തെ പണ്ഡിറ്റ്ജി ആവിഷ്‌കരിക്കുമ്പോള്‍ അതിന്റെ ആത്മീയത സിത്താറില്‍ ജ്വലിച്ചുനിന്നു. ഖമാജിന്റെ ആഹ്ലാദജന്യമായ തിരയിളക്കങ്ങളും രാംകലിയുടെയും ജോഗിന്റെയും ആഭോഗിയുടെയും മുള്‍ത്താനിയുടെയും നവവിതാനങ്ങളും ആസ്വാദകര്‍ക്ക് പ്രത്യക്ഷസുന്ദരമായി. ലോകവും കാലവും ആ തന്ത്രിവാദ്യത്തിന്റെ പ്രസന്നവും ഹര്‍ഷവിലസിതവുമായ വാദനത്തിനായി കാതോര്‍ത്തു. സിത്താറിന്റെ ശ്രുതിശുദ്ധമായ ശാസ്ത്രീയാലാപനത്തിനു പിന്നാലെ ജാസിന്റെയും ഫ്യൂഷന്റെയും സിനിമാസംഗീതത്തിന്റെയും കലവറകളിലേക്ക് ആ പരീക്ഷണങ്ങള്‍ ചെന്നെത്തി. സത്യജിത്‌റായിയുടെ 'അപുത്രയം' പോലുള്ള വിശ്രുതരചനകള്‍ക്കും അറ്റന്‍ബറോയുടെ 'ഗാന്ധി'ക്കും സംഗീതം പകര്‍ന്ന പണ്ഡിറ്റ്ജി വാദനരംഗത്ത് പരീക്ഷണങ്ങളുടെ ഒട്ടേറെ പുതുപാഠങ്ങള്‍ രചിച്ചു. യഹൂദിമെനുഹിനും പണ്ഡിറ്റ്ജിയും ചേര്‍ന്ന പടിഞ്ഞാറ് കിഴക്കിനെ കാണുന്നുവെന്ന സംഗീതരചന അതിന്റെ വിശുദ്ധലാവണ്യം കൊണ്ട് ലോക സംഗീതരംഗത്തെ ഇളക്കിമറിച്ചു. ഗുങ്കലിരാഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാതിയും സൊണാറ്റയും വിശുദ്ധനദികളുടെ സംഗമംപോലെ അനുപമമായി.

അറുപതുകളില്‍ ലോകത്ത് ഏറ്റവുമധികം അറിയപ്പെട്ട ഇന്ത്യന്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ്ജിയായിരുന്നു. ബീറ്റില്‍സ് സംഗീതസംഘവുമായുള്ള ബന്ധവും വുഡ്‌സ്റ്റോക്ക് ഫെസ്റ്റിവലില്‍ അല്ലാരാഖയുമൊത്തുള്ള ജുഗല്‍ബന്ദിയും മൊണ്ടേരിപോപ് ഫെസ്റ്റിവലില്‍ ജാനിസ്‌ജോപ്ലിനും ജൊവാന്‍ബേസുമൊത്തുള്ള സംഗീതപ്രകടനവും മൂന്നര ലക്ഷം കാണികളെ സ്തബ്ധമാക്കി. ബീറ്റില്‍സിലെ ജോര്‍ജ് ഹാരിസണ്‍ ആത്മമിത്രമായിരുന്നു. ബംഗ്ലാദേശിലെ അഭയാര്‍ഥികള്‍ക്കുവേണ്ടി ഇരുവരും ഒരുക്കിയ സംഗീതവിരുന്നില്‍ ബോബ്‌ഡൈലാനും എറിക്ക്ലാപ്റ്റണും റിങ്കോസ്റ്റാറുമൊക്കെ സംഗീതം അവതരിപ്പിക്കാനെത്തിയത് മാനവികതയുടെ ചരിത്രമായി. ഇന്ത്യന്‍സംഗീതത്തിന്റെ യഥാര്‍ഥ ഭാവശക്തിയെ പാശ്ചാത്യ സംഗീതധാരയുമായി ഉചിതമായ വിധത്തില്‍ വിളക്കിച്ചേര്‍ത്തത് പണ്ഡിറ്റ്ജിയായിരുന്നു. ഏതു സംരംഭത്തിലും ഇന്ത്യന്‍ സംഗീതത്തിന്റെ ഗരിമ അദ്ദേഹം നിലനിര്‍ത്തി. റോക്ക്, പോപ്പ് സംഗീതധാരകളെ ഭാരതീയസംഗീതത്തിന്റെ വിശാലമായ പൂന്തോപ്പിലേക്ക് ഒഴുക്കിയതിന് വിമര്‍ശനമുണ്ടായെങ്കിലും സമന്വയത്തിന്റെ ആ സംഗീതം നദിപോലെ പടിഞ്ഞാറന്‍ മണ്ണിലേക്കൊഴുകി.

ഇന്ത്യയുടെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നം' മുതല്‍ അദ്ദേഹത്തെ തേടിവന്ന ഓരോ ബഹുമതിക്കു പിന്നിലും ആ സംഗീതഗുരുവിനോടുള്ള ലോകത്തിന്റെ ആദരം പ്രകടമായിരുന്നു. ജീവിതാവസാനം വരെ അദ്ദേഹം സംഗീതസാഗരത്തിലെ തിരകള്‍ക്കൊപ്പം സഞ്ചരിച്ചു. സിത്താറില്ലാതെ ജീവിക്കാനാവില്ല, സിത്താര്‍ എനിക്ക് ഭക്ഷണംപോലെയാണ് എന്ന് അഭിമാനപൂര്‍വം തുറന്നു പറഞ്ഞ പണ്ഡിറ്റ് രവിശങ്കര്‍ പിന്‍വാങ്ങുമ്പോള്‍, ആ സിത്താറും അനേകം സംഗീതഹൃദയങ്ങളും ശോകമൂകമായിരിക്കുന്നു. ആ സംഗീതം തിരകള്‍പോലെ തഴുകി ലോകത്തെ സാന്ത്വനിപ്പിക്കുന്നു.