കണ്ണൂര്‍: ഇന്ത്യന്‍ സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും ലോക അംബാസഡറായിരുന്നു പണ്ഡിറ്റ് രവിശങ്കറെന്ന് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പറഞ്ഞു. പയ്യന്നൂരില്‍ സത്കലാപീഠത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സിത്താര്‍ എന്നാല്‍ രവിശങ്കറും രവിശങ്കര്‍ എന്നാല്‍ സിത്താറുമായിരുന്നു. തികഞ്ഞ മനുഷ്യസ്‌നേഹിയായ അദ്ദേഹത്തിനൊപ്പം ലോകവേദികള്‍ പങ്കിട്ടത് എന്നും മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മകളാണ്. സംഗീതവേദികളില്‍ അദ്ദേഹം സദസ്യര്‍ക്കുനേരെ കാട്ടുന്ന മാന്ത്രികപ്രകടനങ്ങള്‍ അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ എന്നുമോര്‍മിപ്പിക്കുന്നതാണ് -ചൗരസ്യ പറയുന്നു.
യുഗപുരുഷന്‍ -ശരത്

രവിശങ്കറിനെപ്പോലുള്ളവര്‍ യുഗപുരുഷന്മാരാണ്. അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസങ്ങള്‍. പുതിയ വന്‍കരകള്‍ കണ്ടെത്തുന്ന പര്യവേക്ഷകരെപ്പോലെ രവിശങ്കര്‍ ഇന്ത്യന്‍ സംഗീതത്തെ പുതിയ തുറസ്സുകളിലേക്ക് കൊണ്ടുപോയി. സിത്താര്‍ എന്നു കേട്ടാല്‍ മനസ്സില്‍ തെളിയുന്ന ആദ്യനാമം രവിശങ്കറിന്റെതാണ്.

ബിറ്റില്‍സ് പോലെ ലോകത്തെ ഇളക്കിമറിച്ച ഒരു സംഗീത പ്രസ്ഥാനത്തിന്റെ അമരക്കാരനായ ജോര്‍ജ് ഹാരിസണ്‍ ശിഷ്യപ്പെടാന്‍ തയ്യാറായി എന്നതിനപ്പുറത്ത് രവിശങ്കറിന്റെ മഹത്ത്വം അടയാളപ്പെടുത്താന്‍ മറ്റെന്താണു വേണ്ടത്.