കൊച്ചി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധികാ തിലക്ക് (45) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. സ്‌റ്റേജ് ഷോകളിലെ സജീവമായ സ്വരമായിരുന്നു.

Radhika Thilak
ഫോട്ടോ: സിദ്ധിഖ് അക്ബര്‍.

സംഘഗാനം എന്ന ചിത്രത്തിലെ പുല്‍ക്കൊടിത്തുമ്പിലും എന്ന ഗാനത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഒറ്റയാള്‍ പട്ടാളത്തില്‍ ബന്ധു കൂടിയായ ജി.വേണുഗോപാലിനൊപ്പം പാടിയ മായാമഞ്ചലില്‍ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. പിന്നീട് ഗുരുവില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനൊപ്പം ദേവസംഗീതം നീയല്ലെ പാടി. ദീപസ്തംഭം മഹാശ്ചര്യത്തിലെ നിന്റെ കണ്ണില്‍ വിരുന്നുവന്നു, എന്റെ ഉള്ളുടുക്കം കൊട്ടി, രാവണപ്രഭുവിലെ തകില് പുകില്, നന്ദനത്തിലെ മനസ്സില്‍ മിഥുന മഴ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങള്‍.

 

എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ടി.എസ്. രാധാകൃഷ്ണന്റെ ഭജനകളിലൂടെയും ആകാശവാണിയുടെ ലളിതഗാനങ്ങളിലൂടെയുമാണ് പ്രശസ്തയിലേയ്ക്ക് ഉയര്‍ന്നത്.

പറവൂര്‍ സഹോദരിമാരുടെയും പ്രശസ്ത പിന്നണി ഗായകരായ സുജാത, വേണുഗോപാല്‍ എന്നിവര്‍ ബന്ധുക്കളാണ്.

സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവിക.

 

രാധിക തിലകിന്റെ ശ്രദ്ധേയ ഗാനങ്ങള്‍

മായാ മഞ്ചലില്‍ ... (ഒറ്റയാള്‍ പട്ടാളം)
ദേവസംഗീതം നീയല്ലെ (ഗുരു)
തിരുവാതിര...(കന്മദം)
മഞ്ഞക്കിളിയുടെ ... (കന്മദം)
ഇല്ലൊരു മലര്‍ച്ചില്ല .. (എന്റെ ഹൃദയത്തിന്റെ ഉടമ)
മനസില്‍ മിഥുനമഴ ... (നന്ദനം)
മന്ദാരപ്പൂ ... (സല്‍പ്പേര് രാമന്‍കുട്ടി)
നിന്റെയുള്ളില്‍ വിരുന്നുവന്നു .. (ദീപസ്തംഭം മഹാശ്ചര്യം)
എന്റെ ഉള്ളുടുക്കും കൊട്ടി ... (ദീപസ്തംഭം മഹാശ്ചര്യം)
തങ്കമനസിന്‍ ... (സുന്ദര പുരുഷന്‍)
വെള്ളാരം കുന്നുകളില്‍ ... (കാട്ടുചെമ്പകം)
കാനന കുയിലെ ... (മിസ്റ്റര്‍ ബ്രഹ്മചാരി)
തകില് പുകില് ... (രാവണപ്രഭു)
വെണ്ണക്കല്ലില്‍ ... (പട്ടാളം)
ഓമന മലരെ ..(കുഞ്ഞിക്കൂനന്‍)
താമരക്കണ്ണാ ..(ചൂണ്ട)
കൈതപ്പൂ മണമെന്തേ ..(സ്‌നേഹം)എന്തിനീ പാട്ടിന് ..(അമ്മക്കിളിക്കൂട്)
കുന്നിന്‍ മേലെ ...(അഗ്നി നക്ഷത്രം)
മുത്തണി മണിവിരലാല്‍ ..(ചൊല്ലിയാട്ടം)
പൂവുടല്‍ പുല്‍കും താരുണ്യം ...ഇന്ദുലേഖ
ചന്ദ്രമുഖൂ നദിതന്‍ കരയില്‍ ...(ഉസ്താദ്)
മുറ്റത്തെ മുല്ലപ്പെണ്ണിന് ...(കൊച്ചി രാജാവ്)
കാറ്റില്‍ .. (പ്രണയം)