സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവില്‍, സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'യുടെ ലൊക്കേഷനിലേക്ക് കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. 'കറുത്തമ്മാ... കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ?' ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഷൂട്ടിംഗ് കാണാനെത്തിയ പയ്യന്‍മാരില്‍ ഒരാളാണ് ആ ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത്. അത് വലിയൊരു കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെ ഓര്‍ക്കുക എന്നത്. മധുസാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ച് സാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ അഡ്രസ്സ് ഒന്നുകൊണ്ടുമാത്രമാണ് താന്‍ ഇന്നും സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നതെന്നൊക്കെ തമാശയായി മധുസാര്‍ പറയാറുണ്ട്.

ഒരുപാട് കഥാപാത്രങ്ങളെ മനോഹരമായി എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞത് സത്യന്‍മാഷിന്റേയും നസീര്‍സാറിന്റെയും മധുസാറിന്റെയുമൊക്കെ സപ്പോര്‍ട്ടിംഗ് ഒന്നുകൊണ്ടുമാത്രമാണ്. മധുസാറിനെ ഓര്‍ക്കുമ്പോള്‍ പരീക്കുട്ടിയും ഷീലയെ ഓര്‍ക്കുമ്പോള്‍ കറുത്തമ്മയും പ്രേക്ഷകന്റെ മനസ്സില്‍ തെളിയുന്നത് ആ കഥാപാത്രങ്ങളുടെ ശക്തികൊണ്ടുതന്നെയാണ്. പ്രണയവും വിരഹവും ദുരന്തവും നിറഞ്ഞ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ജീവിതം മധുസാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. നിരവധി ചിത്രങ്ങളില്‍ മധുസാറിന്റെ നായികയാവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും 'മാന്യശ്രീ വിശ്വാമിത്രനി'ലൂടെയാണ് മധു എന്ന സംവിധായകന്റെ കഴിവ് ഞാന്‍ ശരിക്കും അറിയുന്നത്. ഞാന്‍ ആദ്യം സംവിധാനം ചെയ്ത 'യക്ഷഗാന'ത്തില്‍ മധുസാറിനും അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു.

ജീവിതത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ആളാണ് മധുസാര്‍. സഹപ്രവര്‍ത്തകരുടെ സന്തോഷത്തിലും വേദനയിലും എപ്പോഴും അദ്ദേഹമുണ്ടാവും. വാക്കുകൊണ്ടുപോലും സൗഹൃദങ്ങളില്‍ ഒരകല്‍ച്ച അദ്ദേഹം സൃഷ്ടിക്കില്ല. നാല്പതിലേറെ വര്‍ഷമായി തുടരുന്ന ഞങ്ങളുടെ സൗഹൃദം ഇന്നും തുടരുന്നു. അമ്പതു വര്‍ഷമായി അഭിനയരംഗത്ത് നിലനില്‍ക്കുന്ന ആ മഹാനടന് ഈ എണ്‍പതാം പിറന്നാളില്‍ ഒരുപാട് നന്മകള്‍ നേരുന്നു. ഇനിയുമേറെക്കാലം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അദ്ദേഹം സിനിമയിലുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.