മലയാളസിനിമയുടെ ഒരേയൊരു മധുവിന് നാളെ എണ്‍പത് തികയുകയാണ്. 1933 സപ്തംബര്‍ 23-ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴതില്‍ ആര്‍. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവന്‍നായര്‍ എന്ന മധു ജനിച്ചത്. ചെന്നൈയില്‍ നടക്കുന്ന സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ആഘോഷങ്ങളില്‍ സപ്തംബര്‍ 23-ന് ആദരിക്കപ്പെടുന്ന 10 മലയാള പ്രതിഭകളില്‍ ഒന്നാമന്‍ മധുവാണ്. പിറന്നാള്‍ ദിനത്തില്‍ സിനിമ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹോപഹാരം!


80 വയസ്സായി എന്നു പറയുമ്പോള്‍ എന്താണ് തോന്നുന്നത്?
ഒരത്ഭുതവും തോന്നുന്നില്ല. എന്നും കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അല്ലാതെ പ്രായം എഴുപതായി, എണ്‍പതായി എന്നൊക്കെ വിചാരിച്ച് ജീവിക്കാനാവില്ല. ഈയിടെ ഒരു പരിപാടിയില്‍ രസകരമായ ഒരനുഭവമുണ്ടായി. സംഘാടകരിലൊരു വൃദ്ധന് എന്നോട് എന്തെന്നില്ലാത്ത സ്‌നേഹവും ബഹുമാനവും. എത്ര ആലോചിച്ചിട്ടും കാര്യം പിടികിട്ടുന്നില്ല. രൂപം കണ്ടാല്‍ ഏറെക്കുറെ ജീവിതത്തില്‍നിന്നും പെന്‍ഷന്‍ പറ്റാനായി എന്നുതോന്നും. ഞാനയാളോട് ചോദിച്ചു നിങ്ങളാരാണെന്ന്. '' ഹിന്ദു കോളേജില്‍ എന്റെ അച്ഛനെ സാറ് പഠിപ്പിച്ചിട്ടുണ്ട്.'' ഞാനമ്പരന്നുപോയി. പറഞ്ഞയാള്‍തന്നെ വൃദ്ധനാണ്. അയാളുടെ അച്ഛനെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കെത്ര വയസ്സായിക്കാണും? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, കടന്നുപോകുന്ന പകലുകളും രാത്രികളും എനിക്ക് ദൈവം തരുന്ന ബോണസ്സാണെന്ന് വിശ്വസിച്ച് മുന്നോട്ടുപോവുകയാണ്.

80വയസ്സിനുള്ളില്‍ ഒരിക്കല്‍പോലും പിറന്നാള്‍ ആഘോഷിച്ചിട്ടേയില്ല?

അതിലത്ര വലിയ കാര്യമുള്ളതായി തോന്നിയിട്ടില്ല. എന്റെ കുട്ടിക്കാലത്ത് ക്ഷേത്രങ്ങളില്‍ പായസവും വഴിപാടുകളും കഴിച്ചിട്ടുണ്ടാകാം. സുഹൃത്തുക്കളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. എം.ടി.യുടെ എണ്‍പതാം പിറന്നാളിന് ആശംസ അയച്ചിരുന്നു. ജീവിതത്തില്‍ ഇപ്പോള്‍ ഒരു പ്രാര്‍ഥന മാത്രമേയുള്ളൂ. പ്രായമെത്രയായാലും മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകരുത്. ആധ്യാത്മിക വിഷയങ്ങളിലാണ് ഇന്ന് മനസ്സ് നീങ്ങുന്നത്. രാമായണവും മഹാഭാരതവും ആഴത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ചെറുപ്പത്തില്‍ വായിച്ചിട്ടും അവ വേണ്ടപോലെ മനസ്സിലാക്കിയില്ല എന്ന ബോധം വന്നത് ഈ വയസ്സുകാലത്താണ്. മാതൃഭൂമിയില്‍ വന്ന സാനുമാഷിന്റെ രാമായണ വ്യാഖ്യാനം വായിച്ചിരുന്നു. ഭഗവത്ഗീതയിലൂടെ ഇനിയുമേറെ ആഴത്തില്‍ സഞ്ചരിക്കണമെന്നുണ്ട്. ആത്മീയ ഗ്രന്ഥങ്ങളുടെ വായന പ്രതിസന്ധികളെ മറികടക്കാനുള്ള ഊര്‍ജം തരും. കുറേ വര്‍ഷം ശബരിമല കയറിയിരുന്നു. ഇപ്പോള്‍ പടി കയറുമ്പോള്‍ കാല്‍മുട്ടിന് വേദന. പിന്നെ തിക്കിലും തിരക്കിലും അയ്യപ്പനെ ദര്‍ശിക്കേണ്ടെന്നു തോന്നി. കണ്ണടച്ച് സ്വാമിയെ മനസ്സില്‍ ധ്യാനിച്ചാല്‍ ശബരിമല എന്റെ മുന്നിലെത്തും. ശബരിമലയിലായാലും ഗുരുവായൂരിലായാലും പ്രാര്‍ഥിക്കുമ്പോള്‍ പിറകില്‍ നില്‍ക്കുന്നവനെ മറയ്ക്കാന്‍ മനസ്സുവരാത്തതിനാല്‍ വീട്ടിലാണ് ഇപ്പോഴെന്റെ പ്രാര്‍ഥന.

കോളേജ് അധ്യാപകന്റെ ജോലി രാജിവെച്ച് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ പോകുമ്പോള്‍ എന്തായിരുന്നു ആത്മബലം?
നാടകം വലിയൊരു പ്രലോഭനം തന്നെയായിരുന്നു. കുട്ടിക്കാലത്തേ അതെന്റെ മനസ്സില്‍ വേരുറച്ചുപോയതാണ്. എന്‍.എസ്.ഡി.യിലേക്ക് അപേക്ഷ അയയ്ക്കാന്‍വേണ്ട യോഗ്യത മെട്രിക്കുലേഷനായിരുന്നു. ബിരുദാനന്തര ബിരുദമുള്ള എനിക്ക് യോഗ്യത വേണ്ടതിലുമധികം. അതിനായി ജോലി രാജിവെക്കാനൊരുങ്ങിയപ്പോള്‍ എല്ലാവര്‍ക്കും അമ്പരപ്പ്. അച്ഛന് എന്നെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ''നിന്റെ ഇളയ നാലുപെണ്‍പിള്ളേരുണ്ട്. അവര്‍ക്ക് കല്യാണമന്വേഷിച്ച് ആരെങ്കിലും വരുമ്പോള്‍ മൂത്ത മകന്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചാല്‍, അവന് രാജമാണിക്യം കമ്പനിയില്‍ ശ്രീകൃഷ്ണന്റെ വേഷമാണ് പണിയെന്ന് എങ്ങനെ പറയും?'', അച്ഛന്റെ ചോദ്യത്തിന് നല്ലൊരു മറുപടി കൊടുത്തു: ''ശ്രീകൃഷ്ണന്റെ വേഷം അത്ര മോശമാണെന്ന് പറയുന്നവന്മാരാരും എന്റെ പെങ്ങന്മാരെ വിവാഹം കഴിക്കേണ്ട!'' ഏതൊരച്ഛനുമുണ്ടാകുന്ന ആശങ്കകള്‍ മാത്രമായിരുന്നു എന്റെ അച്ഛന്റെയും. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ മൂന്നുവര്‍ഷത്തെ പഠനംകഴിഞ്ഞ് ഞാന്‍ സിനിമയില്‍ എത്തിപ്പെടുകയായിരുന്നു. മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അച്ഛന്‍ ഒരുപാടൊരുപാട് സന്തോഷിച്ചു. അത് പുറമേ പ്രകടിപ്പിച്ചില്ലെന്നുമാത്രം. മരണമടുത്ത സമയത്താണ് അച്ഛന്‍ എന്റെ കൈ പിടിച്ച് 'നീയെന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു' എന്നു പറഞ്ഞത്. ആ മനസ്സില്‍ ആഹ്ലാദം ഉണ്ടായിരുന്നിരിക്കണം.

മലയാള സാഹിത്യത്തിലെ മഹാരഥന്മാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മധുസാറിനെപ്പോലെ ഭാഗ്യം ലഭിച്ച മറ്റൊരാളില്ല. ആ കാലത്തെക്കുറിച്ച്?

പ്രതിഭാധനരായ എഴുത്തുകാര്‍ക്കിടയിലും കഴിവുറ്റ നടന്മാര്‍ക്കിടയിലും ജീവിക്കാന്‍ കഴിഞ്ഞു. സിനിമയിലെത്തുംമുമ്പേ ഉത്തമ കൃതികളില്‍ പലതും വായിക്കാന്‍ കഴിഞ്ഞിരുന്നു. ഉറൂബിന്റെ 'ഉമ്മാച്ചു', തകഴിയുടെ 'ചെമ്മീന്‍'... പരീക്കുട്ടിയായി അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഒടുവിലത് ഒരു നിയോഗംപോലെ എന്നിലെത്തി. 'മധു എന്റെ മോനാണ്' എന്ന് തകഴിച്ചേട്ടന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. തകഴിയേക്കാള്‍ അടുപ്പം ബഷീറുമായിട്ടായിരുന്നു. ബഷീറിനോട് സംസാരിക്കുന്നതുപോലും രസമുള്ള ഏര്‍പ്പാടാണ്. ദേഷ്യംതോന്നിയാല്‍ എല്ലാവരേയും ചീത്ത പറയും. അതുകഴിഞ്ഞയുടന്‍ ഒരുപാട് സ്‌നേഹം വിളമ്പും. എം.ടി.യുമായി എനിക്ക് ആത്മബന്ധം തന്നെയുണ്ട്. 'മുറപ്പെണ്ണി'ന്റെ ഷൂട്ടിങ് കാലത്താണ് എം.ടി.യുമായി പരിചയപ്പെടുന്നത്. പിന്നീട് എം.ടി.യുടെ പല ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചു. എം.ടി.യുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നത് ഏതൊരു ആക്ടര്‍ക്കും ലഭിക്കുന്ന മഹാഭാഗ്യമാണ്.

'സാത്ത് ഹിന്ദുസ്ഥാനി'യിലൂടെ ബോളിവുഡിലേക്കും ഒരു രംഗപ്രവേശമുണ്ടായല്ലോ, പിന്നീടെന്തുകൊണ്ടാണ് അതുപേക്ഷിച്ചത്?
എന്നെ സിനിമയിലേക്ക് കൊണ്ടുവന്ന രാമു കാര്യാട്ടായിരുന്നു ബോളിവുഡിലേക്കുള്ള പ്രവേശനത്തിനും അവസരമൊരുക്കിയത്. ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏഴു ചെറുപ്പക്കാരായ കമാന്‍ഡോകളുടെ കഥയാണ് 'സാത്ത് ഹിന്ദുസ്ഥാനി'. നടന്മാരെ തിരഞ്ഞെടുക്കുന്നതിനിടയില്‍ മലയാളത്തില്‍നിന്ന് ആരു വേണമെന്ന് സംവിധായകന്‍ കെ.എ. അബ്ബാസ്, കാര്യാട്ടിനോടു തിരക്കി. 'മധുവിനെ വിളിച്ചാല്‍ മതി, ഹിന്ദിയും നന്നായി അറിയാം' എന്ന് കാര്യാട്ടിന്റെ മറുപടി. അമിതാഭ് ബച്ചന്റെ ആദ്യചിത്രം കൂടിയായിരുന്നു അത്. 'സാത്ത് ഹിന്ദുസ്ഥാനി'യെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്കിപ്പോള്‍ അഭിമാനം തോന്നുന്നത്, ബച്ചന്റെ കാര്യത്തിലാണ്. ഞങ്ങള്‍ക്കൊപ്പം അഭിനയിച്ച ബച്ചന്‍ പിന്നീട് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് ഉയര്‍ന്നുപോയി. ഞാന്‍ ഹിന്ദിയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഏറെക്കുറെ എഴുപതോടുകൂടി എന്നിലെ ഹീറോ മരിക്കുമായിരുന്നു. മലയാളത്തില്‍ ഒട്ടേറെ അവസരങ്ങളുള്ളപ്പോള്‍ ഹിന്ദിയില്‍ പോയി എന്നിലെ നടനെ നശിപ്പിക്കാന്‍ എനിക്കാഗ്രഹമില്ലായിരുന്നു.

പഴയ തലമുറയിലെ ഏറെപ്പേരും ജീവിതം വിട്ടുപോയതില്‍ ശൂന്യത അനുഭവപ്പെടുന്നതായി താങ്കള്‍ പറഞ്ഞല്ലോ?

ശൂന്യതയേക്കാളേറെ വേദനയാണ് അതെന്നിലുണ്ടാക്കുന്നത്. ഞാനും ജി.കെ. പിള്ളയും പറവൂര്‍ ഭരതനും ഒഴിച്ചാല്‍ ബാക്കി ആരുണ്ട് ആ തലമുറയുടെ പ്രതിനിധികളായി? ടി.വി. തുറക്കുമ്പോള്‍ സത്യന്‍ മാഷിന്റെയും നസീറിന്റെയും ജയന്റെയും കൊട്ടാരക്കരയുടെയും സോമന്റെയും സുകുമാരന്റെയും മുഖങ്ങളാണ് തെളിയുന്നത്. ഞാന്‍ നേരത്തേ പറഞ്ഞപോലെ ഇനി കിട്ടുന്ന സമയമെല്ലാം ബോണസ്സല്ലാതെ മറ്റെന്താണ്.

അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാതെ പോയതില്‍ എപ്പോഴെങ്കിലും വേദന തോന്നിയിട്ടുണ്ടാ?

ഈ ജീവിതത്തിനിടയില്‍ ഞാന്‍ ആരോടും എനിക്കവാര്‍ഡ് വേണമെന്നു പറഞ്ഞിട്ടില്ല. കണ്ടവന്റെ കയ്യുംകാലും പിടിച്ചുള്ള ഒരവാര്‍ഡും എനിക്കു വേണ്ട. അവാര്‍ഡുകളെ ഇതുവരെ ഞാന്‍ വലിയ കാര്യമായി കണ്ടിട്ടില്ല. എസ്.എസ്. എല്‍. സി.ക്ക് പത്തു തവണ തോറ്റവന്‍ എം.എ.ക്കാരന്റെ പരീക്ഷാപേപ്പര്‍ വാല്യു ചെയ്യുമ്പോഴുള്ള അവസ്ഥയായിമാറി അവാര്‍ഡ്. അത് പാസ്സാകുന്നതില്‍ എന്താണ് സന്തോഷം? ഓരോരുത്തരും പ്രവര്‍ത്തിക്കുന്ന മേഖലയിലെ പ്രാഗല്ഭ്യം വിലയിരുത്തുന്നവന്‍ അവരേക്കാളും വലിയവനാകണ്ടേ?

അമ്പത് വര്‍ഷത്തിനിടയില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ഭാവം പകര്‍ന്നു. ഇനിയുള്ള സാധ്യതകളെക്കുറിച്ച്?

എനിക്ക് എന്തുമാത്രം കഴിയുമെന്ന എന്റെ വിശ്വാസങ്ങള്‍ക്കപ്പുറം സിനിമ എനിക്കു തന്നുകഴിഞ്ഞു. ഒരു ആക്ടര്‍ എന്ന നിലയില്‍ കൂടുതലായൊന്നും ചെയ്യാനുള്ള സ്‌കോപ് ഇനിയുണ്ടെന്നുതോന്നുന്നില്ല. അങ്ങനെയൊരു വേഷം ഇനി ലഭിച്ചാല്‍ അതൊരത്ഭുതമാകും. ട്രെന്‍ഡ് മാറിക്കൊണ്ടേയിരിക്കുകയാണ്. ലൈഫ് ടൈമില്‍ വളരെ വ്യത്യസ്തമായ കുറേ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. അങ്ങനെയൊരു ഭാഗ്യം വളരെ കുറച്ചുപേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. അതില്‍ തൃപ്തനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്ത് മനുഷ്യനാണ്.

അഭിനയം എപ്പോഴെങ്കിലും മടുത്തിട്ടുണ്ടോ?

അഭിനയിക്കാനുള്ള കൊതി എന്നെ വിട്ടുപോയിരിക്കുന്നു. പലതവണ ഇതു നിര്‍ത്തിയാലോ എന്നു ചിന്തിച്ചു. പക്ഷേ, ഏകാന്തത ഞാനിഷ്ടപ്പെടുന്നില്ല. ക്ലബ്ബില്‍ പോയി ചീട്ടുകളിച്ച് സമയം കളയാന്‍ എനിക്കിഷ്ടമില്ല. കള്ളുകുടിച്ച് സമയംപോക്കാനും താത്പര്യമില്ല. പിന്നെ മാസത്തില്‍ രണ്ടു ദിവസമെങ്കിലും സിനിമയില്‍ വര്‍ക്കു ചെയ്യുതിന് ഒരു സുഖമുണ്ട്. അത് ഒരു കൂട്ടായ്മയുടെ ലോകമാണ്. അല്ലാതെ അഭിനയിച്ച് തകര്‍ത്തുകളയാമെന്ന വിശ്വാസമൊന്നും എനിക്കില്ല. മാസത്തില്‍ ഒരു തവണ ബന്ധുക്കളെയൊക്കെ കാണുന്ന ഒരു സുഖമാണത്.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനമാണ് ഒരു പ്രൊഫഷണല്‍ ആക്ടറാക്കി മാറ്റിയതെന്ന് പറഞ്ഞിട്ടുണ്ട്. നാടകത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ നിരാശയുണ്ടോ?

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് നേരെ പോയത് സിനിമയിലേക്കാണ്. നാടകത്തിനുവേണ്ടി ഗുരുദക്ഷിണപോലും നല്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ ഞാനഭിനയിച്ചില്ലെങ്കിലും സിനിമയ്ക്ക് കുഴപ്പമൊന്നുമില്ല. ഈ സമയം നാടകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. മുപ്പതോ നാല്പതോ മിനിറ്റ് ദൈര്‍ഘ്യമുള്ള വണ്‍ ആക്ട് പ്ലേകള്‍ ഭംഗിയായി ഷൂട്ട് ചെയ്ത് ഡി.വി.ഡികളിലാക്കി കാണികളിലേക്ക് എത്തിക്കുക എന്നതാണ് ഞാനുദ്ദേശിക്കുന്നത്. പുസ്തകങ്ങള്‍ വാങ്ങുംപോലെ കുറേപ്പേര്‍ അതു വാങ്ങാന്‍ തയ്യാറാകും. നാടകങ്ങള്‍ സെലക്ട്‌ചെയ്തുവരുന്നതേയുള്ളൂ.

മധുസാര്‍ യാത്ര തുടരുകയാണ്. ആത്മകഥകളുടെ പെരുവെള്ളങ്ങള്‍ക്കിടയില്‍ ജീവിതം ഒരു വാക്കില്‍പോലും കുറിച്ചുവെച്ചിട്ടില്ലാത്ത ഈ മനുഷ്യന്‍ തന്റെ ജീവിതംകൊണ്ട് തലമുറകളെ പഠിപ്പിക്കുതെന്താണ്? സുന്ദരമായ സ്വപ്നങ്ങള്‍ കാണാനും ആ സ്വപ്ന സാക്ഷാത്കാരത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുമാണ്. അതുതന്നെയാണ് പി. മാധവന്‍നായരെ മലയാളത്തിന്റെ പ്രിയപെട്ട 'മധു'വാക്കി ത്തീര്‍ത്തതും.