തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എം.ജി രാധാകൃഷ്ണന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്​പത്രിയില്‍ ഇന്നുച്ചയ്ക്ക് 1.45-നാണ് അന്ത്യം സംഭവിച്ചത്.

കരള്‍രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഒരാഴ്ച വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ നില ഇന്നുരാവിലെ വഷളായതിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.

ജി.അരവിന്ദന്റെ പ്രശസ്തമായ തമ്പ് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. തുടര്‍ന്ന് തകര, ആരവം, ഞാന്‍ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോള്‍, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവന്‍ തുടങ്ങി നാല്‍പ്പതിലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി.

രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2001-ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005-ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനും.

സിനിമാസംഗീതത്തിലും ലളിതസംഗീതത്തിലും തന്റേതായ മുഖമുദ്ര പതിപ്പിച്ച എം.ജി രാധാകൃഷ്ണന്‍ 1937-ല്‍ ആലപ്പുഴയിലെ ഹരിപ്പാടാണ് ജനിച്ചത്. അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായരും അമ്മ കമലാക്ഷിയമ്മയും പ്രശസ്ത സംഗീതജ്ഞരായിരുന്നു.

1962-ല്‍ തിരുവനന്തപുരത്ത് ആകാശവാണിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീത സപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.

പ്രശസ്ത സംഗീതജ്ഞ ഡോ.ഓമനക്കുട്ടിയും ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും സഹോദരങ്ങളാണ്.