ഈ ഗാനകോകിലത്തിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകള്‍ ഒറ്റനോട്ടത്തില്‍ ഒപ്പം ചില നിശ്ചലചിതങ്ങളും

1) സിനിമസംഗീതലോകത്ത് പ്രഥമ അംഗീകാരം1941ല്‍. ദേശമെങ്ങും വെന്നിക്കൊടി നാട്ടിയ സംഗീതപ്രധാന ഹിന്ദി ചിത്രം'ഖജാന്‍ജി'യുടെ ബോക്‌സ് ആഫീസ് വിജയാഘോഷങ്ങളുടെ ഭാഗമായി നിര്‍മാതാക്കളായിരുന്ന 'പഞ്ചോലി ആര്‍ട്ട് പിക്‌ചേഴ്‌സ്' ദേശവ്യാപകമായി സംഗീതമത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം നേടിയത് ലതാമങ്കേഷ്‌കര്‍! അന്നു 13 വയസ്സ്.
2) ആദ്യമായി പാടി റിക്കാര്‍ഡ് ചെയ്യപ്പെട്ട ഗാനം1942ല്‍ റിലീസായ 'കിതിഹസാല്‍' എന്ന മറാഠി ചിത്രത്തിനുവേണ്ടി പാടിയ 'നാചു യാ ഗാഡെ, ഖേലു സാരി...' എന്ന ഗാനം. സദാശിവ് നെവ്‌റേക്കറായിരുന്നു സംഗീതസംവിധായകന്‍. പക്ഷേ, ഈ ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല.
3) ലതാമങ്കേഷ്‌കര്‍ പാടിയ ഗാനവുമായി പ്രദര്‍ശനത്തിനത്തിയ പ്രഥമ ചിത്രം1942ല്‍ റിലീസായ 'പഹിലി മംഗലാഗൗര്‍' എന്ന മറാഠി ചിത്രം. പ്രഥമഗാനം'നത്‌ലി ചൈത്രാചി നവലായ്...'.
4) ആദ്യമായി അഭിനയിച്ച ചിത്രം'പഹിലി മംഗലാഗൗര്‍' (1942) എന്ന മറാഠി ചിത്രം. നായിക സ്‌നേഹപ്രഭാ പ്രധാന്‍ ന്റെ കൊച്ചനിയത്തിയായി ബേബി ലതാമങ്കേഷ്‌കര്‍ അഭിനയിച്ചു.
5) സിനിമയ്ക്കുവേണ്ടി ലതാമങ്കേഷ്‌കര്‍ പാടിയ ആദ്യ ഹിന്ദി ഗാനം മുഴങ്ങിക്കേട്ടത് ഒരു മറാഠി ചിത്രത്തില്‍! 1943ല്‍ റിലീസായ 'ഗജഭാവു' എന്ന മറാഠി ചിത്രത്തിലെ 'മാതാ ഏക് സപൂത് കി ദുനിയ ബദല്‍ ദേ തൂ...' എന്ന ഗാനം. ഗാനരചനപണ്ഡിറ്റ് ഇന്ദ്ര. സംഗീതംദത്തദാവ്‌ജേകര്‍.
6) ഹിന്ദി സിനിമയില്‍ പാടിയ പ്രഥമ ഗാനം'ബടിമാ' (1945) എന്ന ചിത്രത്തില്‍ പാടിയ ഭമാതാ തേരെ ചരണോം മെ...' എന്ന ഗാനം. സംഗീതം ദത്താകോര്‍ ഗാംവ്കര്‍. ഗാനരചനസിയാ സര്‍ഹദിം ലതാമങ്കേഷ്‌കര്‍ പാടി അഭിനയിച്ച പ്രഥമ ഹിന്ദി ചിത്രം.
7) ഹിന്ദി സിനിമയില്‍ പാടിയ പ്രഥമ പിന്നണിഗാനം1947ല്‍ റിലീസായ 'ആപ് കി സേവാ മെ' എന്ന ചിത്രത്തിലെ 'പാ ലാഗൂ കര്‍ ജോരി...' എന്ന ഗാനം. ഗാനരചനമഹിപാല്‍. സംഗീതം ദത്താ ദാവ്‌ജേകര്‍.
8) ഹിന്ദി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട പ്രഥമ ഗാനം. 'ജീവന്‍ യാത്ര' (1946) യില്‍ പാടിയ ''ചിടിയാ ബോലെ ചൂം ചൂം ചൂം, മൈനാബോലെ ഹൂം ഹൂം ഹൂം...' എന്ന ഗാനം. ഗാനരചനദിവാന്‍ ശരര്‍. സംഗീതംവസന്ത് ദേ ശായ് ലത പാടി അഭിനയിച്ച ചിത്രം.
9) അവാര്‍ഡ് ലഭിച്ച പ്രഥമ ഗാനം'മധുമതി' എന്ന ചിത്രത്തിലെ 'ആജാ രേ പര്‍ദേശി' എന്ന ഗാനാലാപത്തിന് ഏറ്റവും മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്. വര്‍ഷം 1958. ഗാനരചനശൈലേന്ദ്ര. സംഗീതം സലില്‍ചൗധരി.
10) ദേശീയ അവാര്‍ഡ് ലഭിച്ച പ്രഥമ ഗാനം1972ല്‍ റിലീസായ 'പരിചയ്' എന്ന ചിത്രത്തിലെ ഗാനാലാപനം.
11) ആദ്യത്തെ വിദേശ സംഗീത പരിപാടി1974 മാര്‍ച്ച് 11ാം തിയ്യതി ലണ്ടനിലെ ആല്‍ബര്‍ട്ട് ഹാളില്‍ വെച്ച്. 'നെഹ്‌റു മെമ്മോറിയല്‍ ട്രസ്റ്റ്' ന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ സംഗീതപരിപാടി.
12) വിദേശ റേഡിയോ നിലയത്തിലെ ആദ്യത്തെ അഭിമുഖം1974 മാര്‍ച്ച് 22ാം തിയ്യതി ബി.ബി.സി. റേഡിയോവില്‍. അഭിമുഖം നടത്തിയത് ഓംകാര്‍നാഥ് ശ്രീവാസ്തവ്.
13) ആദ്യത്തെ റേഡിയോ പരിപാടി. 1941 ഡിസംബര്‍ 16ാം തിയ്യതി ആകാശവാണിയില്‍.
14) 1958 മുതല്‍ 1962 വരെയുള്ള നീണ്ട ഇടവേളയ്ക്കുശേഷം എസ്.ഡി. ബര്‍മന്റെ സംഗീതത്തില്‍ പാടിയ ഗാനം'ബന്ദിനി' (1963) എന്ന ചിത്രത്തിലെ 'മോരാ ഗോര അംഗ് ലയിലേ...'
15) നീണ്ട മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മുഹമ്മദ് റഫിയുടെ കൂടെ പാടിയ ഗാനം'ജുവല്‍ തീഫ് ' (1967) എന്ന ചിത്രത്തിലെ 'ദില്‍ പുകാരെ, ആരെ...'. സംഗീതം എസ്.ഡി. ബര്‍മന്‍.
16) സംഗീതസംവിധാനം നിര്‍വഹിച്ച പ്രഥമ ചിത്രം. 'റാം റാം പാഹുനെ' (1950) എന്ന മറാഠി ചിത്രം.
17) നിര്‍മിച്ച പ്രഥമ ചിത്രം'വാദാല്‍' (1953) എന്ന മറാഠി ചിത്രം.
18) നിര്‍മിച്ച പ്രഥമ ഹിന്ദി ചിത്രം'ഝന്‍ഝര്‍' (1953). സി. രാമചന്ദ്രയുമായി ചേര്‍ന്ന് നിര്‍മിച്ച ചിത്രം.
19) സ്വതന്ത്രമായി നിര്‍മിച്ച പ്രഥമ ഹിന്ദി ചിത്രം'കഞ്ചന്‍' (1955)
20) ആദ്യമായി ലഭിച്ച മഹത്വപൂര്‍ണമായ വിദേശ ബഹുമതിദക്ഷിണ അമേരിക്കയിലെ ഗുയാനായിലെ ജോര്‍ജ് ടൗണ്‍ നഗരത്തിന്റെ താക്കോല്‍ ബഹുമാനസൂചകമായി സമ്മാനിക്കപ്പെട്ടു.


ദക്ഷിണേന്ത്യന്‍ സിനിമയില്‍ദക്ഷിണേന്ത്യന്‍ സിനിമയില്‍ ലതാമങ്കേഷ്‌കര്‍ ആദ്യമായി പിന്നണി പാടിയത് 'സാധനാ പിക്‌ചേഴ്‌സ്'ന്റെ ബാനറില്‍ 1955ല്‍ റിലീസായ 'സന്താനം' എന്ന തെലുങ്കു ചിത്രത്തിനുവേണ്ടി ആയിരുന്നു. സംഗീതസംവിധാനം നിര്‍വഹിച്ചത് എസ്. ദക്ഷിണാമൂര്‍ത്തി. ചിത്രത്തില്‍ ഒരു താരാട്ടുപാട്ട് സോളോ ആയും ഘണ്ഡശാലയുമായി ചേര്‍ന്ന് യുഗ്മഗാനമായും ലതാമങ്കേഷ്‌കര്‍ പാടി. ബാലതാരം ബേബി വിജയലക്ഷ്മിക്കുവേണ്ടി പാടിയ 'നിദ്ദൂര പോറാ തമ്മുടാ....' എന്ന സോളോ ആണ് ലതയുടെ ആദ്യത്തെ ദക്ഷിണേന്ത്യന്‍ സിനിമാ ഗാനമായി കരുതപ്പെടുന്നത്. നാഗേശ്വരറാവുവും ശ്രീരഞ്ജിനിയും അഭിനയിച്ച യുഗ്മഗാനരംഗത്ത് ശ്രീരഞ്ജിനിക്കു വേണ്ടി ലത പിന്നണി പാടി. ശിവാജിഗണേശന്റെ പ്രഥമ ചിത്രമായ 'പരാശക്തി'യില്‍ സഹോദരി കല്യാണിയായി അഭിനയിച്ച നടിയാണ് ശ്രീരഞ്ജിനി. 'സന്താനം' തമിഴിലേക്കു മൊഴിമാറ്റം നടത്തിയപ്പോള്‍ താരാട്ടുഗാനം പാടിയത് പി.ലീല ആയിരുന്നു. തമിഴ് പതിപ്പില്‍ ലത പാടാതിരുന്നതിന്റെ കാര്യം വ്യക്തമല്ല.

തമിഴ് ഭാഷയില്‍ ലത ആദ്യമായി പാടിയത് 'ആന്‍' (1952) എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പിനുവേണ്ടി ആയിരുന്നു. തമിഴ് പതിപ്പും 'ആന്‍' (1952) എന്ന പേരില്‍തന്നെ ആയിരുന്നു പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഹിന്ദിയില്‍ ലത പാടിയ ഗാനങ്ങള്‍ക്കു സമാനഗാനങ്ങള്‍ തമിഴ് പതിപ്പിലും ലതതന്നെ പാടി. 'ഉടന്‍ ഖട്ടോല' (1955) എന്ന ചിത്രം 'വാനരഥം' (1956) എന്ന പേരിലും 'മുഗള്‍ എഅസം' (1960) എന്ന ചിത്രം 'അക്ബര്‍' (1961) എന്ന പേരിലും തമിഴിലേക്കു മൊഴിമാറ്റം നടത്തിയപ്പോഴും ലത പാടി. 'വാനരഥ'ത്തില്‍ ഹിന്ദിയിലെ സമാനഗാനങ്ങള്‍ എല്ലാം ലതതന്നെ പാടി. 'അക്ബര്‍' എന്ന തമിഴ് പതിപ്പില്‍ 'പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ..' എന്ന 'മുഗള്‍എ.അസ'ത്തിലെ ഗാനത്തിനു സമാനമായ 'കാതല്‍കൊണ്ടലേ 'യമെന്ന..' എന്ന ഗാനം മാത്രം ലത പാടി. മേല്‍പ്പറഞ്ഞ മൂന്നു ചിത്രങ്ങളും തമിഴ് ഡബ്ബിങ് പതിപ്പുകളായിരുന്നതുകൊണ്ട് ലത ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി പാടിയത് മൗലികമായ ഒരു തെലുങ്കുചിത്രമായ 'സന്താനം' തന്നെയാണെന്നു പറയാം.മലയാളത്തില്‍ നെല്ല്മലയാളത്തില്‍ ആദ്യമായി പിന്നണി പാടിയത് 'നെല്ല്' (1974) എന്ന ചിത്രത്തിനുവേണ്ടി. ചിത്രത്തില്‍ ജയഭാരതിക്കുവേണ്ടി ലത പിന്നണി പാടി. 'കദളി ചെങ്കദളി...' എന്ന ഗാനം ജനപ്രീതിയും നേടി. ഗാനരചന വയലാര്‍ രാമവര്‍മ. സംഗീതംസലില്‍ചൗധരി. മലയാള സിനിമയില്‍ തുടര്‍ന്നും ലത പാടിയില്ല. വാനമ്പാടിയുടെ ശബ്ദം ഇനിയും മലയാള സിനിമയില്‍ മുഴങ്ങിക്കേള്‍ക്കുമെന്നു നമുക്കു പ്രത്യാശിക്കാം.
കന്നഡത്തിലും ലതാമങ്കേഷ്‌ക്ര്‍ പിന്നണി ആലപിച്ചിട്ടുണ്ട്. 'ക്രാന്തിവീര ശംഖൊലിരായണ്ണ ' (1967) എന്ന കന്നഡ ചിത്രത്തില്‍ ലക്ഷ്മണ്‍ ബെര്‍ലേക്കറുടെ സംഗീത സംവിധാനത്തില്‍ ലത പാടിയ 'ബെല്ലനെ ബെലഗായിത്തു...' എന്ന ഗാനം സൂപ്പര്‍ഹിറ്റായി. തുടര്‍ന്നും പല കന്നഡ ചിത്രങ്ങളില്‍ ലത പിന്നണി പാടി. സമീപകാലത്ത് ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ 'എന്‍ ജീവന്‍ പാടുത്', 'സത്യ', 'ആനന്ദ്' തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ലത പിന്നണി പാടി. ലതാമങ്കേഷ്‌കര്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ പാടിയ ഗാനങ്ങള്‍ എല്ലാംതന്നെ ജനപ്രിയങ്ങളായി.