
''ഭാവബന്ധന്' എന്ന മറാഠി സംഗീതനാടകത്തില്‍ ദീനാനാഥ് മങ്കേഷ്കര്‍ അവതരിപ്പിച്ചിരുന്ന നായികാ കഥാപാത്രമായിരുന്നു 'ലതിക'. സീമന്തപുത്രിയെ ഈ പേരിലായിരുന്നത്രെ പിതാവ് ദീനാനാഥ് മങ്കേഷ്കര്‍ വിളിച്ചിരുന്നത്. 'ലതിക' എന്ന പേര് ലതാമങ്കേഷ്കറിനും ഏറെ പ്രിയങ്കരം. സിനിമാലോകത്ത് ഗുരുതുല്യം ലത ബഹുമാനിച്ചിരുന്ന സംഗീതസംവിധായകന് അനില്‍ ബിശ്വാസിനു മാത്രം 'ലതിക' എന്ന പേരില്‍ സംബോധനചെയ്യാന്‍ ലത അനുവദിച്ചിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ താത്പര്യം കാണിക്കാതിരുന്ന ലതയെ പിതാവ് സംഗീതം പഠിപ്പിച്ചു. സംഗീതാഭിരുചി ലതയ്ക്കു ജന്മസിദ്ധമായ വരദാനമായിരുന്നുതാനും. ജീവിതസാഹചര്യങ്ങളാണ് മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതും ഭാവിതന്നെ നിര്‍ണയിക്കുന്നതും.
'പിതാവിന്റെ വേര്‍പാടിന്റെ അഗാധദുഃഖം ശമിക്കുന്നതിനു മുമ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തന്നെ ലത മുഖത്തു ചായംതേച്ച് ക്യാമറയെ അഭിമുഖീകരിച്ചു. ഉപജീവനാര്‍ത്ഥം സിനിമാ അഭിനയത്തിനായിട്ട്!'
ശാസ്ത്രീയ സംഗീതത്തില്‍ മകളെ പ്രശസ്തയാക്കണമെന്നായിരുന്നു ദീനാനാഥ് മങ്കേഷ്കറുടെ ആഗ്രഹം. എന്നാല്‍ ലതയുടെ ഭാഗധേയം സിനിമാ സംഗീതത്തിലായിരുന്നു. സിനിമാസംഗീതത്തിന്റെ ഭാഗധേയത്തിലും ലതാമങ്കേഷ്കര്‍ എന്ന മധുരശബ്ദമുണ്ടായിരുന്നു. വിധിവിഹിതം ആര്‍ക്ക് മാറ്റാനാകും? 1942 ഏപ്രില്‍ 24ാം തിയ്യതി 42 ാമത്തെ വയസ്സില്‍ ദീനാനാഥ് മങ്കേഷ്കര്‍ അകാലചരമം പ്രാപിച്ചു. സഹോദരങ്ങളായ ആശ, മീന, ഉഷ, ഹൃദയനാഥ്, അമ്മ മായിമങ്കേഷ്കര് എന്നിവരുടെ സംരക്ഷണച്ചുമതല 13 വയസ്സുകാരി ലതയുടെ തോളുകളിലായി. സംഗീതനാടക ലോകത്തെ പ്രശസ്തിയല്ലാതെ വേറെ സമ്പത്തൊന്നും ദീനാനാഥ് മങ്കേഷ്കര്‍ സ്വരൂപിച്ചുവെച്ചിട്ടില്ലായിരുന്നു. പിതാവിന്റെ സുഹൃത്ത് മാസ്റ്റര്‍ വിനായക് അക്കാലത്ത് പ്രശസ്തിയാര്‍ജിച്ച സിനിമാതാരമായിരുന്നു. മാസ്റ്റര്‍ വിനായക് മാത്രമായിരുന്നു മങ്കേഷ്കര്‍ കുടുംബത്തിനു സഹായഹസ്തമായിരുന്നത്. പിതാവിന്റെ അകാലനിര്യാണം കുടുംബത്തെ ആകമാനം തളര്‍ത്തിയെങ്കിലും തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ ലതാമങ്കേഷ്കര്‍ എന്ന കൗമാരക്കാരി പ്രവര്‍ത്തിച്ചു.
പിതാവിന്റെ വേര്‍പാടിന്റെ അഗാധദുഃഖം ശമിക്കുന്നതിനു മുമ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തന്നെ ലത മുഖത്തു ചായംതേച്ച് ക്യാമറയെ അഭിമുഖീകരിച്ചു. ഉപജീവനാര്‍ത്ഥം സിനിമാ അഭിനയത്തിനായിട്ട്! ചിത്രം 'നവയുഗ് ചിത്രപട്ട്'ന്റെ ബാനറില്‍ ആര്.എസ്. ജുന്നാര്കര് സംവിധാനം ചെയ്ത 'പഹിലി മംഗലാ ഗൗര്‍' (1942). പ്രസ്തുത മറാഠി ചിത്രത്തില്‍ നായിക സ്നേഹപ്രഭാ പ്രധാനിന്റെ കൊച്ചനിയത്തിയായി ലത അഭിനന്ദിച്ചു.
കലാലോകത്ത് ലതാമങ്കേഷ്കറുടെ അരങ്ങേറ്റം പിതാവ് ജീവിച്ചിരുന്നപ്പോള്‍ തന്നെ നടന്നുകഴിഞ്ഞിരുന്നു. തികച്ചും യാദൃച്ഛികമായ സംഭവമായിരുന്നു അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്. മഹാരാഷ്ട്രയിലെ മന്‍മദില്‍ ദീനാനാഥ് മങ്കേഷ്കര്‍ അഭിനയിച്ചിരുന്ന സംഗീതനാടകങ്ങള്‍ പ്രദര്‍ശിപ്പിച്ചുവന്നിരുന്ന സമയം. 'സംഗീതസൗഭദ്ര' എന്ന നാടകത്തിന്റെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരുന്ന നാളുകള്‍. ഒരുദിവസം നാടകത്തിന്റെ പ്രദര്‍ശനസമയം അടുത്തിട്ടും നാരദവേഷം കെട്ടി അഭിനയിക്കേണ്ട നടന് അസുഖം കാരണം വേദിയില്‍ എത്തിയില്ല. അവസാന നിമിഷത്തില്‍ പകരക്കാരനായി നടനെ കിട്ടാനും വിഷമം. ഈ വിഷമാവസ്ഥയില്‍ ദീനാനാഥ് മങ്കേഷ്കറിന്റെ ഏഴുവയസ്സുകാരി മകള്‍ ലത സ്വയം മുന്നോട്ടുവന്നത്രെ! നാരദവേഷം കെട്ടി അഭിനയിക്കാന്‍! നാടകവേദികളില്‍ പിതാവിനെ അനുഗമിച്ചിരുന്ന ലതയ്ക്ക് നാടകത്തിലെ നാരദകഥാപാത്രത്തിന്റെ സംഭാഷണവും ഗാനങ്ങളും ഹൃദിസ്ഥമായിരുന്നു. പിതാവ് അര്‍ജുനനായി അഭിനയിച്ച നാടകത്തില്‍ നാരദവേഷം കെട്ടി അഭിനയിച്ച ഏഴുവയസ്സുകാരി ലതയെ സദസ്സ് കൈയടിച്ച് ഹര്‍ഷാരവങ്ങള്‍കൊണ്ട് പ്രോത്സാഹിപ്പിച്ചു. ലതാമങ്കേഷ്കര്‍ എന്ന സംഗീതപ്രതിഭയുടെ അരങ്ങേറ്റം സദസ്സിന്റെ അനുഗ്രഹാശിസ്സുകളോടെ തികച്ചും യാദൃച്ഛികമായി നടന്നു.
1941ല്‍ റിലീസായ 'ഖജാന്‍ജി' എന്ന ഹിന്ദിചിത്രത്തിലെ ഗാനങ്ങള്‍ സിനിമാസംഗീതലോകത്ത് പുതിയൊരു കാല്‍വയ്പായിരുന്നു. ഗുലാം ഹൈദര്‍ ഈണംപകര്‍ന്ന ഗാനങ്ങള്‍ പഞ്ചാബിന്റെ നാടോടിസംഗീതത്തിന്റെ മാധുര്യം ശ്രോതാക്കളിലെത്തിച്ചു. 'പഞ്ചോലി പിക്ചേഴ്സ്' നിര്‍മിച്ച ഈ ചിത്രത്തിന്റെ വിജയത്തിനു കാരണം സംഗീതമല്ലാതെ മറ്റൊന്നുമല്ലായിരുന്നു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയാഘോഷങ്ങളുടെ ഭാഗമായി നിര്‍മാതാക്കള്‍ ദേശവ്യാപകമായി സംഗീതമത്സരം നടത്തി. 'ഖജാന്‍ജി സംഗീതമത്സരഭത്തില് പന്ത്രണ്ടു വയസ്സുകാരി ലത ഒന്നാംസമ്മാനം കരസ്ഥമാക്കി. സമ്മാനദാനത്തിന് സംഗീത സംവിധായകന് ഗുലാം ഹൈദര്തന്നെ ഉപസ്ഥിതനായത്രെ! ലതയുടെ ശബ്ദത്തിന്റെ മാധുര്യവും റേഞ്ചും ഗുലാം ഹൈദര്‍ മനസ്സിലാക്കി. പിന്നണിഗാനാലാപനരംഗത്തേക്കുള്ള ലതയുടെ വരവിനെയും വളര്‍ച്ചയെയും പ്രോത്സാഹിപ്പിച്ചവരില് പ്രഥമഗണനീയനായിരുന്നു ഗുലാം ഹൈദര്‍.
1942 മാര്‍ച്ചില്‍, അതായത് ദീനാനാഥ് മങ്കേഷ്കറിന്റെ അകാലനിര്യാണത്തിന് ഏതാണ്ട് ഒരുമാസം മുമ്പ് വസന്ത് ജോഗേല്കര് സംവിധാനംചെയ്ത ഭകിതി ഹസാല്‍' എന്ന മറാഠി ചിത്രത്തിനുവേണ്ടി സദാശിവ് നവ്റേക്കറുടെ സംഗീതസംവിധാനത്തില്‍ ഒരു ഗാനം പാടി റെക്കോഡ് ചെയ്തിരുന്നു. ലത സിനിമയ്ക്കുവേണ്ടി പടുന്നത് ദീനാനാഥ് മങ്കേഷ്കറിനു താത്പര്യമില്ലായിരുന്നെങ്കിലും അനാരോഗ്യം കാരണം അവശനും സാമ്പത്തികപരാധീനത കാരണം അത്യന്തം വിഷമസ്ഥിതിയിലുമായിരുന്നതിനാല് മനസ്സില്ലാമനസ്സോടെയായിരുന്നു സിനിമാഗാനാലാപനത്തിനു സമ്മതം മൂളിയത്. ലത പാടിയ ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായില്ല. ആ ഗാനം ചിത്രത്തില്‍ ഉള്പ്പെടുത്താതെപോയതില് പില്ക്കാലത്ത് ലത സന്തുഷ്ടി പ്രകടിപ്പിച്ചത്രെ. പിതാവിന്റെ ഇംഗിതത്തിനു വിരുദ്ധമായി സാഹചര്യങ്ങളുടെ സമ്മര്‍ദം കാരണം പാടിയ ഒരു ഗാനമായിരുന്നല്ലോ അത്.
'ഖജാന്‍ജി സംഗീതമത്സര'ത്തില്‍ പന്ത്രണ്ടു വയസ്സുകാരി ലത
ഒന്നാംസമ്മാനം കരസ്ഥമാക്കി.
സമ്മാനദാനത്തിന്
സംഗീത സംവിധായകന്
ഗുലാം ഹൈദര്തന്നെ
ഉപസ്ഥിതനായത്രെ!
ലതയുടെ ശബ്ദത്തിന്റെ
മാധുര്യവും റേഞ്ചും
ഗുലാം ഹൈദര്‍ മനസ്സിലാക്കി.
'ഹിലി മംഗലാ ഗൗര്‍' (1942) എന്ന പ്രഥമചിത്രത്തിനു ശേഷം 'മാ ജെ ബാല്‍' (1943), 'ചിമുക്ലാസംസാര്' (1943), 'ഗജഭാവ്' (1944) എന്നീ മറാഠി ചിത്രങ്ങളിലും 'ബടി മാ' (1945), 'ജീവന് യാത്ര' (1946), 'സുഭദ്ര' (1946), 'മന്ദിര്‍' (1948) എന്നീ ഹിന്ദി ചിത്രങ്ങളിലും ലത പാടി അഭിനയിച്ചു. 'ബടി മാഭയില് നൂര്‍ജഹാന്റെ കൂടെയും 'സുഭദ്ര', 'മന്ദിര്‍' എന്നീ ചിത്രങ്ങളില്‍ ശാന്താ ആപ്തെയുടെ കൂടെയും അഭിനയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു ലതയ്ക്ക്. ആദ്യകാല ഹിന്ദി സിനിമയിലെ ഗായികാതാരറാണിമാരായിരുന്നു നൂര്‍ജഹാനും ശാന്താ ആപ്തെയും. ചെറിയ റോളുകളിലുള്ള അഭിനയംകൊണ്ട് കുടുംബം പുലര്‍ത്താനുള്ള വരുമാനം ലഭിക്കുകയില്ല എന്ന് ലത മനസ്സിലാക്കി. പിന്നണിഗാനാലാപനത്തിലേക്ക് ചുവടുമാറാന്‍ ലത തീരുമാനിച്ചു. അഭിനയത്തേക്കാളേറെ ലതയ്ക്കു താല്പര്യം ഗാനാലാപനംതന്നെ ആയിരുന്നു.
ഇന്ത്യന്‍ സിനിമാസംഗീതത്തിലെ ഏറ്റവും ഉജ്ജ്വലമായ താരമായി പില്ക്കാലത്ത് ഉദിച്ചുയര്‍ന്ന ലതാമങ്കേഷ്കറുടെ ഭാവി, അത് പ്രവചിച്ചവരുടെയെല്ലാം പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറമായിട്ടാണ് കാലം തെളിയിച്ചത്. കോലാപ്പൂരിലെ ഒരു പാര്‍സി തിയേറ്ററില്‍ ലത എന്ന ബാലിക ഒരിക്കല്‍ സദസ്സിനു മുമ്പാകെ ഒരു ഗാനം പാടി''രാജ്യസുഖി യാ സാധു മുലെ, ശൂരാമീ വന്ദിലെ...'' പിതാവ് സുപ്രസിദ്ധമായ 'മാനാപമാന്' എന്ന സംഗീതനാടകത്തില്‍ ധൈര്യധര് എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു പാടിയിരുന്ന പ്രസിദ്ധ ഗാനമായിരുന്നു അത്. കൃഷ്ണാജി പ്രഭാകര്‍ ഖാടില്കറുടെ ഈ രചന ദീനാനാഥ് മങ്കേഷ്കര്‍ ആലപിക്കുമ്പോള്‍ 'ശൂരാ' എന്ന വാക്കിന്റെ ഉച്ചാരണവും വിശിഷ്യ ഭര' എന്ന അക്ഷരത്തിനു ആക്കം നല്‍കിക്കൊണ്ടുള്ള ആലാപനവും ശ്രോതാക്കളെ പുളകംകൊള്ളിച്ചിരുന്നു. പിതാവിന്റെ ആലാപനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ലതയുടെ ആലാപനം. അന്ന് ലതയ്ക്ക് എട്ടുവയസ്സു മാത്രം. സദസ്സ് ഒന്നടങ്കം വിധിയെഴുതി'സംഗീതലോകത്ത് ഇതാ ഒരു അത്യുജ്ജ്വല നക്ഷത്രം ഉദയമായിരിക്കുന്നു. ലതയ്ക്ക് 14 വയസ്സ് ഉള്ളപ്പോള്‍ പാടിയ ഒരു കീര്‍ത്തനം ശ്രവിച്ച വാസെ ബുവാ എന്ന സംഗീതജ്ഞന് പ്രവചിച്ചു ''സംഗീതം അഭ്യസിച്ചാല്‍ ഈ പെണ്കിടാവിനോടു മത്സരിക്കാന്‍ ആര്‍ക്കുമാവില്ല''. ദീനാനാഥ് മങ്കേഷ്കറിന്റെ ഗുരു ആയിരുന്നു ഇതു പ്രവചിച്ച വാസെ ബുവ. ഈ പ്രവചനങ്ങളെയെല്ലാം മറികടന്നു, പിന്നണി ഗായികയായി സിനിമാലോകത്ത് ലത ആര്‍ജിച്ച പേരും പ്രശസ്തിയും.
കുടുംബത്തിനുവേണ്ടിയും സംഗീതത്തിനുവേണ്ടിയും ഉഴിഞ്ഞുവെച്ച ജീവിതമാണ് ലതാമങ്കേഷ്കറുടെത്. കുടുംബം പുലര്‍ത്താനായി അഹോരാത്രം കഠിനാധ്വാനം ചെയ്തിരുന്ന ലത, സംഗീതം അഭ്യസിക്കുന്നതിലും അതീവ ശ്രദ്ധചെലുത്തി. സംഗീതത്തില്‍ പ്രഥമ ഗുരുവായിരുന്ന പിതാവിന്റെ നിര്യാണത്തിനുശേഷം ഉസ്താദ് അമന് അലിഖാന് ഭെണ്ടി ബസാര്വാലയെ ഗുരുവായി സ്വീകരിച്ചു. ഉസ്താദ് ബടെ ഗുലാം അലിഖാന്റെ ശിഷ്യന് പണ്ഡിറ്റ് തുളസീദാസ് ശര്‍മയും ലതയെ സംഗീതം പഠിപ്പിച്ചു. ശാസ്ത്രീയസംഗീതത്തില്‍ അഗാധജ്ഞാനം നേടി ലതാമങ്കേഷ്കര്‍.
കുടുംബസുഹൃത്തും മാര്‍ഗദര്‍ശിയും സഹായിയും എല്ലാമായിരുന്ന മാസ്റ്റര്‍ വിനായക് 1947ല്‍ അകാലചരമം പ്രാപിച്ചതോടെ ലതാമങ്കേഷ്കറുടെ കുടുംബം തീര്‍ത്തും കഷ്ടപ്പാടുകളുടെ തീച്ചൂളയിലായി. പക്ഷേ, ലതാമങ്കേഷ്കര്‍ തളര്‍ന്നില്ല. വിധിയുടെ ക്രൂരവിനോദത്തെ സധൈര്യം നേരിട്ടു ലതാമങ്കേഷ്കര്‍. പിന്നണിഗാനാലാപന സമ്പ്രദായം പ്രചാരം നേടിത്തുടങ്ങിയ സമയം. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഉണ്ടായ ഭാരതവിഭജനത്തെ തുടര്‍ന്ന് നൂര്ജഹാന്, ഖുര്‍ശീദ്, നീന തുടങ്ങിയ പ്രശസ്ത ഗായികാതാരങ്ങളില് പലരും, സീനത്ത് ബേഗം തുടങ്ങിയ പിന്നണി ഗായികമാരും പാകിസ്താനിലേക്കു ചേക്കേറി. 1935ല്‍ ഭധൂപ് ഛാംവ്' എന്ന ഹിന്ദിചിത്രത്തോടെ പിന്നണിഗാനാലാപന സമ്പ്രദായം നിലവില്വന്നിരുന്നെങ്കിലും 1940കളുടെ അവസാന വര്‍ഷങ്ങളിലായിരുന്നു പിന്നണി ഗാനാലാപനത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലായത്. മുകേഷ്, മുഹമ്മദ് റഫി, കിശോര്‍കുമാര്‍, മന്നാ ഡേ, തലത് മെഹ്മൂദ് തുടങ്ങിയ പിന്നണിഗായകരും മീനാ കപൂര്‍, സുധാ മല്‍ഹോത്ര, ആശാ ഭോസ്ലെ, ഉമാദേവി, മുബാരക് ബേഗം, ലളിതാ ദേവൂദ്കര്, ഗീതാ ദത്ത് തുടങ്ങിയ പിന്നണി ഗായികമാരും ഈ സമയത്തായിരുന്നു രംഗപ്രവേശം ചെയ്തത്. പിന്നണി ഗായികമാരില്‍ ലതയുടെ മാന്ത്രികശബ്ദം സിനിമാസംഗീതത്തിന് കൂടുതല്‍ ആസ്വാദ്യതയും ജനപ്രീതിയും നേടിയെടുക്കാന്‍ സഹായകമായി.
അമീര്‍ബായ് കര്‍ണാടകി, ജോറാബായ് അംബാലാവാലി, രാജ്കുമാരി, പാരുള്‍ ഘോഷ്, ശംശാദ് ബേഗം, മോഹന്‍ താരാതല്പടെ, സിതാരാ കാന്പുരി, ഹമീദാ ബാനു തുടങ്ങിയ പിന്നണിഗായികമാര് നേരത്തേതന്നെ രംഗത്തുണ്ടായിരുന്നു. പൂര്‍വികരായിരുന്ന ഈ പിന്നണി ഗായികമാര്‍ക്ക് ആര്‍ക്കുംതന്നെ ലഭിക്കാത്ത ജനപ്രീതി ലതാമങ്കേഷ്കറുടെ മനോമോഹകശബ്ദം നേടിയെടുത്തു. ഹിന്ദി സിനിമാലോകത്തെ ഏറ്റവും ജനപ്രിയമായ സ്ത്രീ പിന്നണി ശബ്ദമായി മാറി ലതാമങ്കേഷ്കര്‍.
1947ല്‍ 'ചന്ദ്രമാ പിക്ചേഴ്സ്ഭന്റെ ബാനറില്‍ റിലീസായ 'ആപ് കി സേവാ മെ' എന്ന ഹിന്ദിചിത്രത്തില്‍ ശാന്താരിന് എന്ന ആദ്യകാല ഹിന്ദി സിനിമാതാരത്തിനുവേണ്ടി പിന്നണി പാടിക്കൊണ്ട് ലത ഹിന്ദി സിനിമയില്‍ പിന്നണി ഗായികയായി രംഗപ്രവേശം ചെയ്തു.
''പാലാഗൂകര് ജോരി, ശാം മോ സെ ന ഖേലോ ഹോരി...'' എന്ന ഗാനമായിരുന്നു ലതയുടെ ആലാപനത്തില്‍ ആദ്യമായി റെക്കാഡ് ചെയ്ത ഗാനം. 'ഥുംറി' ആലാപനശൈലിയിലുള്ള ഈ ഗാനം രചിച്ചത് ആദ്യകാല നടനും കവിയുമായിരുന്ന മഹിപാല്‍ ആയിരുന്നു. സംഗീതസംവിധാനം നിര്‍വഹിച്ചത് ദത്താദാവ് ജേക്കര്‍. ചിത്രത്തില്‍ ലത വേറെ രണ്ടു സോളോകളും പാടി ''അബ് കോന്‍ സുനേഗ മേരെ മന് കി ബാത്ത്...'', 'ഏക് നയെ രംഗ് മെ ദൂജെ ഉമംഗ്സെ...'' എന്നീ ഗാനങ്ങള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഒന്നുംതന്നെ ഹിറ്റായില്ല.
ലതാമങ്കേഷ്കര്‍ ആദ്യമായി പിന്നണി പാടിയത് 'ന്യൂ ബോംബെ തിയേറ്ററി'ന്റെ ബാനറില്‍ 1946ല്‍ റിലീസായ 'സോനാ ചാന്ദി' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു എന്നൊരു സംശയം പലര്‍ക്കുമുണ്ട്. പിന്നണി പാടിയ പ്രഥമ ചിത്രം 'ആപ് കി സേവാ മെ' ആണെന്ന് ആവര്‍ത്തിച്ച് ലത സ്ഥിരീകരിച്ചിട്ടുമുണ്ട്. 1946ല്‍ റിലീസായ 'സോനാ ചാന്ദി'യില്‍ ലത പാടിയ ''പ്യാരെ ബാപു കി...'' എന്ന ഗാനം എങ്ങനെ വന്നു എന്നുള്ള കാര്യം ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിശദീകരണം ഇങ്ങനെയാണ് ഒരു ചിത്രം റിലീസായതിനുശേഷം സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഗാനങ്ങളോ രംഗങ്ങളോ വീണ്ടും ഷൂട്ട് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെ ചിത്രത്തോടു യോജിപ്പിക്കുന്ന രീതി അപൂര്‍വമായി അവലംബിച്ചിരുന്നു. 'സോനാ ചാന്ദി'യില്‍ ലത പാടിയ ഗാനം അങ്ങനെ വീണ്ടും ചേര്‍ത്തതാകാനാണ് സാധ്യത. അതായത് 'ആപ് കി സേവാ മെ'യിലെ ആലാപനത്തിനുശേഷമാണ് 'സോനാ ചാന്ദി'ക്കു വേണ്ടി ലത പാടിയ ഗാനം ചിത്രീകരിച്ച് 'സോനാ ചാന്ദി'യില്‍ ചേര്‍ത്തത്. മഹാത്മാഗാന്ധിയുടെ സന്ദേശമാണ് ലത പാടിയ ഗാനത്തിന്റെ പ്രതിപാദ്യം. ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഗ്രാമഫോണ്‍ റെക്കാഡുകളുടെ അനുക്രമ നമ്പറും ലത പാടിയ ഗാനത്തിന്റെ റെക്കോഡിന്റെ അനുക്ര നമ്പറും തമ്മിലുള്ള വലിയ അന്തരവും മേല്‍ പറഞ്ഞതിനെ ശക്തിപ്പെടുത്തുന്നു.
ലതാമങ്കേഷ്കറുടെ ശബ്ദത്തിന്റെ സവിശേഷതകളും സിനിമാ സംഗീതത്തില്‍ ആ ശബ്ദത്തിനുള്ള സാധ്യതകളും ആരംഭകാലത്തുതന്നെ തിരിച്ചറിഞ്ഞ് അവസരങ്ങള്‍ നല്കി പ്രോത്സാഹിപ്പിച്ചവരില് പ്രമുഖരായിരുന്നു സംഗീത സംവിധായകരായ ഗുലാം ഹൈദര്‍, അനില്‍ ബിശ്വാസ്, ശ്യാം സുന്ദര്‍, ഹുസന്‍ ലാല്‍ ഭഗത്റാം, നൗഷാദ്, ഖേംചന്ദ് പ്രകാശ് തുടങ്ങിയവര്‍. 'ഖജാന്‍ജി' സംഗീതമത്സരത്തില്ക്കൂടിയാണല്ലോ ലതാമങ്കേഷ്കര്‍ ഹിന്ദി സിനിമാലോകത്ത് അറിയപ്പെടാന്‍ തുടങ്ങിയത്. ചിത്രത്തിന്റെ സംഗീത സംവിധായകന് ഗുലാം ഹൈദര്‍ 1948ല്‍ റിലീസായ 'മജ്ബൂര്' എന്ന ഹിന്ദി ചിത്രത്തില്‍ പാടാന്‍ ലതയ്ക്ക് അവസരം നല്കി. അക്കാലത്തെ പ്രസിദ്ധ നായികാതാരം മുനാവര്‍ സുല്ത്താനയ്ക്കുവേണ്ടി ലത പിന്നണി പാടി. ''ദില്‍ മേരാ തോടാ, മുഝെ കഹിം കാ ന ഛോടാ...'' എന്ന ഗാനം ഹിറ്റായി. ഈ ഗാനം ശ്രവിച്ച സംഗീതപ്രേമികള്‍ നവാഗത പിന്നണിഗായികയുടെ ശബ്ദമാധുരിയില്‍ മുഗ്ധരായത്രേ. ഗുലാം ഹൈദറിന് ലതയുടെ ശബ്ദമാധുരിയില്‍ ദൃഢവിശ്വാസമുണ്ടായിരുന്നു.
ആ വിശ്വാസത്തെ സാക്ഷ്യപ്പെടുത്തുന്ന സംഭവം ഇങ്ങനെ സുപ്രസിദ്ധ സംഗീത സംവിധായകന് മദന്‍ മോഹന്റെ പിതാവും 'ഫില്മിസ്ഥാന്' ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ പാര്‍ട്ണറുമായിരുന്ന രാം ബഹാദുര്‍ ചുന്നിലാല്‍ 'ശഹീദ്' (1948) എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി ഗുലാം ഹൈദറെ സംഗീതസംവിധായകനായി നിയോഗിച്ചു. ഒരു ഗായകനാകാനുള്ള മോഹവുമായി മദന്‍ മോഹന്‍ നടന്നിരുന്ന കാലം. പിന്നണി ഗായികയായി ഉദയംചെയ്ത ലതയെയും മദന്‍ മോഹനെയും കൊണ്ട് ചിത്രത്തില്‍ ഒരു യുഗ്മഗാനം പാടിക്കാന്‍ ഗുലാം ഹൈദര്‍ തീരുമാനിച്ചു. ''പിംജറെ മെ ബുല്‍ബുല്‍...'' എന്ന യുഗ്മഗാനം റെക്കാഡ് ചെയ്യുകയും ചെയ്തു. കമ്പനിയുടെ മറ്റൊരു പാര്‍ട്ണറായിരുന്ന ശശധര്‍ മുഖര്‍ജിക്ക് ലതയുടെ ശബ്ദം വളരെ 'നേര്‍ത്ത'തായി അനുഭവപ്പെട്ടത്രെ. ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ശശധര്‍ മുഖര്‍ജി വിസമ്മതിച്ചു.
ലതയുടെ ശബ്ദം 'നേര്‍ത്ത'തായതിനാല്‍ ഗാനം 'ഓടുകയില്ല' എന്നായിരുന്നത്രെ ശശധര്‍ മുഖര്‍ജിയുടെ വാദം. ഫസ്ലി ഫിലിംസിന്റെ ബാനറില്‍ 1947ല്‍ റിലീസായ 'മേഹംദി' എന്ന ചിത്രത്തിനുവേണ്ടി ലതയുടെ ശബ്ദത്തില്‍ ''ബേദര്‍ദ് തേരെ ദര്‍ദ് കോ...'' എന്ന ഗാനം ഗുലാം ഹൈദര്‍ റെക്കാഡ് ചെയ്തു. മേല്‍പ്പറഞ്ഞ രീതിയിലുള്ള കാരണങ്ങളാലാകാം ഗാനം 'മേഹംദി'യില്‍ ഉള്‍പ്പെടുത്തുകയുണ്ടായില്ല. നിര്‍മാതാക്കളുടെ നിഷേധാത്മകമായ ഇത്തരം പ്രതികരണങ്ങള്‍ക്കൊന്നും ഗുലാംഹൈദറിന് ലതയുടെ സ്വരമാധുരിയിലുണ്ടായിരുന്ന ദൃഢവിശ്വാസത്തെ തകര്‍ക്കാനോ കുറയ്ക്കാനോ ആയില്ല. 'പഞ്ചാബ് ഫിലിം കോര്‍പറേഷന്റെ' ബാനറില്‍ റിലീസായ 'പത്മിനി' (1948) എന്ന ചിത്രത്തില്‍ 'മേഹംദി'ക്കു വേണ്ടി റിക്കാര്‍ഡ് ചെയ്യപ്പെട്ട 'ബേദര്‍ദ് തേരെ ദര്‍ദ് കോ...' എന്ന ഗാനം പ്രയോജനപ്പെടുത്തി. ബാഗേശ്രീ രാഗാധിഷ്ഠിതമായ ഗാനം സൂപ്പര്‍ഹിറ്റായി. ലതയുടെ ആരംഭകാലഹിറ്റുകളില് പ്രധാനപ്പെട്ട ഗാനമാണിത്. ഗായികയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളില്‍ ഒന്നാണിത്. 1980കളില്‍ 'മൈ ഫേവറേറ്റ്സ്' എന്ന ശീര്‍ഷകത്തില്‍ ലതാമങ്കേഷ്കര്‍ക്ക് ഏറ്റവും പ്രിയംകരമായ സ്വന്തം ഗാനങ്ങള്‍ ഗ്രാമഫോണ്‍ റിക്കാര്‍ഡുകളും കാസറ്റുകളും എച്ച്.എം.വി. കമ്പനി പുറത്തിറക്കിയപ്പോള്‍ ഇഷ്ടഗാനങ്ങളില് പ്രഥമഗാനം ഇതായിരുന്നു.
ലതയുടെ ശബ്ദം 'നേര്‍ത്ത'തായതിനാല്‍ ഗാനം 'ഓടുകയില്ല' എന്നായിരുന്നത്രെ
ശശധര്‍ മുഖര്‍ജിയുടെ വാദം. എന്നാല്‍ പില്ക്കാലത്ത് നിര്‍മ്മാതാക്കള്‍
ലതയുടെ പുറകെ ഓടുകയായിരുന്നു.
ലതാമങ്കേഷ്കറുടെ ശബ്ദം 'നേര്‍ത്ത'താണെന്ന കാരണത്താല്‍ 'ശഹീദ്'ല്‍ ഗാനം ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ച ശശധര്‍ മുഖര്‍ജിയോട് ഗുലാം ഹൈദര്‍ പറഞ്ഞത്രെ ''ശബ്ദം' 'നേര്‍ത്ത'താണെന്നും അതിനാല്‍ ഗാനം 'ഓടുകയില്ല' എന്നും നിങ്ങള്‍ പറയുന്നു. ലതയുടെ ഗാനങ്ങള്‍ വിരാമമില്ലാതെ 'ഓടി'ക്കൊണ്ടിരിക്കുന്നതായി ഭാവിയില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും. അന്ന്, നിങ്ങള്‍ സിനിമാനിര്‍മാതാക്കള്‍ക്ക് ലതയുടെ പിറകെ 'ഓടേണ്ടി' വരും, ലതയെക്കൊണ്ട് നിങ്ങളുടെ ചിത്രങ്ങളില്‍ പാടിക്കാന്‍ വേണ്ടി.'' ഗുലാം ഹൈദറുടെ വാക്കുകള്‍ ഫലിച്ചു എന്നു പ്രത്യേകം എടുത്തു പറയണോ? 1950കളുടെ തുടക്കത്തോടെ ലതയുടെ ജൈത്രയാത്ര ദ്രുതഗതിയിലായില്ലേ? ഹിന്ദി സിനിമാ സംഗീതത്തിന്റെ 'സുവര്‍ണകാലം' എന്നു വിശേഷിപ്പിക്കപ്പെടുന്ന 19501970 കാലഘട്ടത്തിലെ ശ്രുതിമധുരവും ജനപ്രീതി ആര്‍ജിച്ചതുമായ സ്ത്രീ ശബ്ദഗാനങ്ങളില് സിംഹഭാഗവും ലത പാടിയ ഗാനങ്ങളാണെന്നത് തര്‍ക്കമില്ലാത്ത കാര്യം! ശശധര്‍ മുഖര്‍ജിയുടെ തന്നെ എത്ര ചിത്രങ്ങളില്‍ പില്ക്കാലത്ത് ലത പാടി. 'ഫില്മിസ്ഥാന്'ന്റെ ബാനറില്തന്നെ പില്ക്കാലത്ത് ശശധര്‍ മുഖര്‍ജി നിര്‍മിച്ച 'അനാര്‍ക്കലി' (1953), 'നാഗിന്' (1954) തുടങ്ങിയ ചിത്രങ്ങളില്‍ ലത പാടിയ ഗാനങ്ങളുടെ ജനപ്രീതിയെക്കുറിച്ചു പറയേണ്ടതുണ്ടോ? ലത പാടിയ ഗാനങ്ങള്‍ ആ ചിത്രങ്ങളുടെ വിജയത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഗുലാം ഹൈദര്‍ പ്രവചിച്ചതുപോലെ ഈ ചിത്രങ്ങളില്‍ പാടിക്കാനായി ശശധര്‍ മുഖര്‍ജി, താന്‍ ഒരിക്കല്‍ തിരസ്കരിച്ച ശബ്ദത്തിന്റെ ഉടമയുടെ പിറകെ 'ഓടി'യിട്ടുണ്ടാകാം. ലതയുടെ ശബ്ദത്തിന്റെ മാസ്മരികതതന്നെ. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുണ്ടായ വിഭജനത്തെത്തുടര്‍ന്ന് ഗുലാം ഹൈദര്‍ പാകിസ്താനിലേക്കു പോയി. ലതയുടെ ശബ്ദമാധുരിയില്‍ സ്വന്തം ഈണങ്ങളെ ലയിപ്പിച്ച് ഹിന്ദി സിനിമാസംഗീതത്തെ കൂടുതല്‍ സമ്പന്നമാക്കാന്‍ അതുകൊണ്ടു ഗുലാം ഹൈദറിനു കഴിഞ്ഞില്ല.
പിന്നണി ഗാനാലാപനത്തിന്റെ സാങ്കേതിക വശങ്ങള് ലതയെ പഠിപ്പിച്ചു ഗുലാം ഹൈദര്‍. 'പത്മിനി' (1948)യില്‍ ലത പാടിയ 'ബേദര്‍ദ് തേരെ ദര്‍ദ് കോ...' എന്ന ഗാനത്തിന് നൂര്‍ജഹാന്റെ ആലാപനശൈലിയുടെ പ്രഭാവമുണ്ട്. നൂര്‍ജഹാന്റെ തികഞ്ഞ ആരാധികയായിരുന്നുതാനും ലതാമങ്കേഷ്കര്‍. മറ്റൊരു ഗായികയുടെ ശൈലി അനുകരിക്കാതെ, കഥാപാത്രത്തിനും ഗാനസന്ദര്‍ഭത്തിനും അനുസൃതമായിട്ടാണ് പാടേണ്ടതെന്നും, അങ്ങനെ ശ്രമിച്ചാല്‍ സ്വന്തമായ ആലാപനശൈലി രൂപപ്പെട്ടു വരുമെന്നും ഗുലാം ഹൈദര്‍ ലതയെ പറഞ്ഞു ബോധ്യപ്പെടുത്തി. ഗാനാലാപനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം ഗുലാം ഹൈദര്‍ പ്രിയ ശിഷ്യയെ പഠിപ്പിച്ചു.
1949ല്‍ റിലീസായ 'മഹല്‍' എന്ന ചിത്രത്തിനു വേണ്ടി ഖേംചന്ദ് പ്രകാശിന്റെ സംഗീത സംവിധാനത്തില്‍ ലത പാടിയ 'ആയേഗാ, ആയേഗാ, ആയേഗാ, ആയേഗാ ആനെ വാലാ...'' എന്ന ഗാനം ഗായികയുടെ ചലച്ചിത്ര സംഗീതയാത്രയിലെ ഒരു സുപ്രധാന വഴിത്തിരിവായി. ഇന്ത്യന്‍ സിനിമയിലെതന്നെ ആദ്യത്തെ 'പ്രേതഗാന'മായി കരുതപ്പെടുന്ന ഈ ഗാനത്തിനു ലഭിച്ച അംഗീകാരത്തോടു താരതമ്യപ്പെടുത്താവുന്ന ഗാനങ്ങള്‍ വളരെ വിരളം. ഈ ഗാന ശ്രവണത്തില്‍ മനം മയങ്ങിയ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് കുമാര്‍ ഗന്ധര്‍വ്വ പറഞ്ഞത്രെ
'തംബുരുവില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ശുദ്ധ ഗാന്ധാരസ്വരം ശ്രവിക്കണമെങ്കില്‍ 'മഹല്‍' എന്ന ചിത്രത്തില്‍ ലത പാടിയ 'ആയേഗാ ആനെവാല...' എന്ന ഗാനം കേള്‍ക്കുക''
. ലതയുടെ സ്വരശുദ്ധിക്ക് ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരം? ചിത്രത്തില്‍ 'കാമിനി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മധുബാല പാടിയ ഈ ഗാനത്തിന്റെ ഗ്രാമഫോണ്‍ റിക്കാര്‍ഡില്‍ ഗായികയുടെ പേരായി ആലേഖനം ചെയ്തിരിക്കുന്നത് 'കാമിനി' എന്നാണ്. പിന്നണി ഗാനാലാപനത്തിന് ചിരപ്രചാരവും അംഗീകാരവും ലഭിക്കാതിരുന്ന അക്കാലത്ത് ഗായികാ ഗായകന്മാര് ഇത്തരം അവഗണനയ്ക്ക് വിധേയരായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡുകളിലും പിന്നണി ഗായകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം അവഗണനയ്ക്കെതിരെ ശബ്ദമുയര്‍ത്തിയവരില്‍ മുന്‍പന്തിയിലായിരുന്നു ലതാ മങ്കേഷ്കര്‍. തല്‍ഫലമായി ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും ചിത്രങ്ങളുടെ ടൈറ്റില്‍ കാര്‍ഡുകളിലും പിന്നണി ഗായകരുടെ പേരുകള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്രെ. 1949ല്‍ തന്നെ റിലീസായ ''ബര്‍സാത്ത്'' എന്ന ചിത്രമായിരുന്നു ഇതിനു ആരംഭം കുറിച്ചത് എന്നാണ് അറിയുന്നത്.
ഈശ്വരന് വിഭാവനം ചെയ്ത രൂപം നല്കിയ ഒരു 'സംഗീത കംപ്യൂട്ടര്‍' ആണ് ലതാ മങ്കേഷ്കര്‍ എന്നു പറഞ്ഞാല്‍ അത് അതിശയോക്തി ആകില്ല. ഗാനാലാപനത്തിലെ ഏതു ദുഷ്കരമായ അവസ്ഥയും സെക്കന്‍ഡുകള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുന്നു ലതാ മങ്കേഷ്കറുടെ സംഗീതജ്ഞാനവും മാന്ത്രിക ശബ്ദവും സമന്വയിക്കുമ്പോള്‍. ലതയുടെ അനുഗൃഹീത ശബ്ദത്തിന് അസാദ്ധ്യമായ സംഗീത സമസ്യകള്‍ ഒന്നും തന്നെ ഇല്ല. ലതയുടെ ആരാധനയ്ക്കു പാത്രമായിരുന്ന സംഗീതജ്ഞന് ബടെ ഗുലാം അലിഖാന് ഗായികയെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ 'ഈശ്വരന്റെ ഒരു അത്ഭുത സൃഷ്ടി തന്നെ ലത എന്ന അനുഗൃഹീത ഗായിക. ഈ കണ്ഠനാളത്തില്ക്കൂടി അപസ്വരം ഒരിക്കല്‍പോലും ബഹിര്ഗമിക്കുന്നില്ലല്ലോ''. ലതാമങ്കേഷ്കറുടെ സംഗീത സാമ്രാജ്യം എത്ര വിസ്തൃതമാണ്. പണ്ഡിതപാമര ഭേദമില്ലാതെ ആസ്വാദകര്‍ ആ സാമ്രാജ്യത്തില്‍ പരമാനന്ദം കൊള്ളുകയാണ്, ആ ശബ്ദമാധുരിയില്‍ ലയിച്ചുകൊണ്ട്. സിനിമാ സംഗീതത്തിന് സംഗീതലോകത്ത് വളരെ ആദരണീയമായ സ്ഥാനം നേടിയെടുക്കുന്നതില്‍ ലത വഹിച്ച പങ്ക് വളരെ വലുതാണ്.
1949ല്‍ 'അന്ധാസ്' എന്ന ഹിന്ദി ചിത്രത്തിനു വേണ്ടിയായിരുന്നു ലത ആദ്യമായി നൗഷാദിന്റെ ഈണങ്ങള്‍ പാടിയത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായി. നൗഷാദിന്റെ ഈണങ്ങളുടെ ശാസ്ത്രീയ സംഗീത സ്പര്‍ശം ലതയുടെ ആലാപനത്താല്‍ കൂടുതല്‍ ഹൃദ്യമായി. കേദാര്‍ രാഗാധിഷ്ഠിതമായ ''ഉഠായെ ജാ ഉന്‍ കെ സിതം....'' എന്ന ഗാനം ഇന്ത്യന്‍ സിനിമാസംഗീതത്തിലെ അതിശ്രേഷ്ഠമായ ഗസല്‍ ആയി കണക്കാക്കപ്പെടുന്നു. സംഗീത സംവിധായകര്‍ വിഭാവനം ചെയ്തതിന് അതീതമായ സംഗീതാത്മകതയും ഭാവുകത്വവും ലതാമങ്കേഷ്കറുടെ ആലാപനം പ്രദാനം ചെയ്തു.
നൗഷാദ്ലതാമങ്കേഷ്കര് കൂട്ടുകെട്ടില്‍ എത്രയെത്ര സംഗീത പ്രധാനമായ ചിത്രങ്ങള്‍! 'അന്ധാസ്', 'ദുലാരി' (1949), 'ദീദാര്‍', 'ജാദു'' (1951), 'ആന്‍'', 'ബൈജു ബാവ്ര'' (1952), 'ശബാബ്'', 'അമര്‍'' (1954), 'ഉടന്‍ ഖട്ടോല'' (1955), 'മദര്‍ ഇന്ത്യ'' (1957), 'മുഗള്എഅസം'' (1960), 'കോഹിനൂര്‍'' (1960) അങ്ങനെ നീണ്ടുപോകുന്നു ലിസ്റ്റ്. 'മുഗള്എ അസം'' എന്ന ചിത്രത്തിലെ സുപ്രസിദ്ധ നൃത്തരംഗങ്ങള്‍ക്കു വേണ്ടി നൗഷാദ് ഈണങ്ങള്‍ ചിട്ടപ്പെടുത്തിയത്, ലതതന്നെ ആ ഗാനങ്ങള്‍ പാടണമെന്ന ദൃഢനിശ്ചയത്തോടെ ആയിരുന്നത്രെ. പരസ്യമായി നൗഷാദ് ഈ കാര്യം വെളിപ്പെടുത്തുകയും ചെയ്തത്രെ. സിനിമാരംഗത്ത് അന്നുണ്ടായിരുന്ന പ്രഗല്ഭമതികളായ മറ്റു ഗായികമാരുടെ കഴിവുകളെ കുറച്ചു കണ്ടോ, മനസ്സിലാക്കാതെയോ ആയിരുന്നില്ല നൗഷാദിന്റെ തീരുമാനം. ലതയുടെ ആലാപന റേഞ്ചിലും, ഗാനങ്ങളുടെ പൂര്‍ണതയ്ക്കായുള്ള അര്‍പ്പണ മനോഭാവത്തിലും അത്രമാത്രം ആത്മവിശ്വാസമുണ്ടായിരുന്നു സംഗീത സംവിധായകന്. ചിത്രം റിലീസായ ശേഷം പ്രേക്ഷകര്‍ നൗഷാദിന്റെ തീരുമാനത്തെ പൂര്‍ണമായും ശരിവെയ്ക്കുകയും ചെയ്തു. ഗാര രാഗാധിഷ്ഠിതമായ ''മോഹെ പന് ഘട്ട് പെ നന്ദലാല്‍....'' എന്ന ഗാനത്തിനു ചുവടുവെച്ച് മധുബാല ചെയ്ത നൃത്തം ശ്രീകൃഷ്ണ ജനനം ചിത്രീകരിച്ചു വെള്ളിത്തിരയിലെത്തിയ നൃത്തരംഗങ്ങളില്‍ എറ്റവും ശ്രേഷ്ഠമായതായി കരുതപ്പെടുന്നു. സുപ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് ബടെ ഗുലാം അലി ഖാന് ഈ നൃത്തരംഗത്തിന്റെ ഷൂട്ടിങ് കണ്ട് അതീവ സന്തുഷ്ടനായത്രെ. നൃത്തരംഗം ഹൃദയഹാരിയാക്കുന്നതില് മധുബാലയുടെ ഭാവാഭിനയ വും നൃത്തച്ചുവടുകള്പോലെയും തന്നെ മര്‍മ്മപ്രധാനമായിരുന്നു ലതയുടെ ഭാവപൂര്ണമായ ആലാപനവും. ചിത്രത്തിലെ സുപ്രസിദ്ധമായ ''ശീശ്മഹല്‍'' (കണ്ണാടിമാളിക) നൃത്തരംഗത്ത് ലത പാടിയ 'പ്യാര് കിയ തോ ഡര്‍നാ ക്യാ....'' എന്ന ഗാനം ഇന്നത്തെ തലമുറയേയും ഹരം പിടിപ്പിക്കുന്നു.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുണ്ടായ വിഭജനത്തെത്തുടര്‍ന്ന് ഗുലാം ഹൈദര്‍ പാകിസ്താനിലേക്കു പോയി.
ലതയുടെ ശബ്ദമാധുരിയില്‍ സ്വന്തം ഈണങ്ങളെ ലയിപ്പിച്ച് ഹിന്ദി സിനിമാസംഗീതത്തെ
കൂടുതല്‍ സമ്പന്നമാക്കാന്‍ അതുകൊണ്ടു ഗുലാം ഹൈദറിനു കഴിഞ്ഞില്ല.
'മുഗള്എഅസം'' തമിഴിലേക്കു മൊഴിമാറ്റം നടത്തിയപ്പോള്‍ ഈ ഗാനത്തിന്റെ തമിഴ് രൂപം 'കാതല്‍ കൊണ്ടാലേ ഭയം എന്ന...'' ലത തന്നെ പാടണമെന്ന് നൗഷാദ് നിര്ബന്ധിച്ചത്രെ. തമിഴ് മക്കള്‍ക്കും ലതയുടെ ആലാപനം വളരെ ഇഷ്ടമായി. ജോറാബായ് അംബാലാവാലി, അമീര്‍ബായ് കര്‍ണാടകി, ഉമാദേവി, ശംശാദ് ബേഗം, തുടങ്ങിയ പിന്നണി ഗായികമാരായിരുന്നു ലതയുടെ ആഗമനത്തിനു മുമ്പ് നൗഷാദിന്റെ ഈണങ്ങള്‍ പാടിയിരുന്ന പിന്നണി ഗായികമാരില്‍ പ്രമുഖര്‍. എക്കാലത്തേയും ഇഷ്ടഗായികയായി മാറിയ ലതാമങ്കേഷ്കറെക്കുറിച്ച് നൗഷാദ് വികാരഭരിതനായി പറഞ്ഞ വാക്കുകള്‍ സംഗീത സംവിധായകന് ഗായികയെകുറിച്ചുണ്ടായിരുന്ന മതിപ്പും ആദരവും പ്രകടമാക്കുന്നു. ''ഭാരതത്തിന്റെ ഹൃദയം ലതയുടെ മധുര ശബ്ദത്താല്‍ തുടികൊട്ടുന്നു''. ലതയുടെ മാസ്മര ശബ്ദത്തിനു യോജിച്ച വിശേഷണംതന്നെ! ഫാല്‍ക്കെ അവാര്‍ഡ് ജേതാവും ആദ്യകാല ഗായികാതാരങ്ങളില് അതി പ്രശസ്തയായിരുന്ന കാനന്‍ ദേവിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നു ലതാമങ്കേഷ്കര്‍ സിനിമാസംഗീതത്തിനു ചാര്‍ത്തിയ പരിവേഷം 'പിന്നണി ഗാനാലാപനം വരുന്നതിനു മുമ്പ് താരങ്ങളായ ഞങ്ങള്‍ പാടിയിരുന്നത് നാമമാത്രമായി ഗാനങ്ങള്‍ എന്നു പറയാവുന്നവ. ലതാ മങ്കേഷ്കര്‍ പിന്നണി പാടാന്‍ തുടങ്ങിയതിനു ശേഷമാണ് യഥാര്‍ത്ഥ സംഗീതം സിനിമയില്‍ ഉദയമായത്''. ഉത്തരേന്ത്യന്‍ സിനിമയിലെ ആദ്യത്തെ സംഗീത സംവിധായക ജോടികള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഹുസന്ലാല്ഭഗത് റാം ലതാമങ്കേഷ്കറുടെ ഉയര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചു. 'ബടി ബഹന്‍'' (1949) എന്ന ചിത്രത്തില്‍ സംഗീത സംവിധായക ജോടികള്‍ ഈണം പകര്‍ന്ന് ലതയും പ്രേമലതയും ചേര്‍ന്നു പാടിയ 'ചുപ് ചുപ് ഖടി ഹോ ജരൂര്‍ കൊയി ബാത്ത് ഹൈ....'' എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. അക്കാലത്തെ പ്രശസ്ത ഗായികാതാരം സുരയ്യ നായികയായി അഭിനയിച്ചു പാടിയ ഗാനങ്ങള്‍ക്കൊപ്പം നിന്നു ജനപ്രീതിയില്‍ ലത പാടിയ ഗാനങ്ങളും! ''ചലെ ജാനാ നഹിം നൈന്‍ മിലാകെ....'' എന്ന സോളോ ലതയുടെ ആരംഭകാല ഹിറ്റുകളില്‍ ഒരു പ്രധാന ഗാനം. ഹുസന്‍ ലാല്ഭഗത്റാം ജോടികളുടെ സംഗീതത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ലത പാടി. ''ജല്‍ തരംഗ്'' (1949), 'സാവന്‍ ഭാ ദോം'', ''മീനാ ബസാര്‍'', ''ആധിരാത്ത്'', ''ഗൗന'' (1950), 'ആംസു'', ''കഫീല'' (1952) തുടങ്ങിയ ചിത്രങ്ങളില്‍ സംഗീത സംവിധായക ജോടികള്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ലതയുടെ ആലാപനത്താല്‍ ജനപ്രിയങ്ങളായി.
''ആര്. കെ. ഫിലിംസ്'' ന്റെ ബാനറില്‍ രാജ്കപൂര്‍ നിര്‍മ്മിച്ച ''ബര്‍സാത്ത്'' (1949) എന്ന ഹിന്ദി ചിത്രത്തില്‍ കൂടി സിനിമാരംഗത്തെത്തിയ ശങ്കര്‍ ജയ്കിഷന് സംഗീത സംവിധായക ജോടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട പിന്നണി ഗായികയായി മാറി ലതാമങ്കേഷ്കര്‍. ചിത്രത്തിലെ 11 ഗാനങ്ങളില്‍ ലതയുടെ ശബ്ദം മുന്നിട്ടുനിന്നു. മുഹമ്മദ് റാഫി പാടിയ ഒരു സോളോ ഒഴികെയുള്ള 10 ഗാനങ്ങളിലായി ലത പാടിയ സോളോകള്, യുഗ്മഗാനങ്ങള്‍, സംഘഗാനം എന്നിവ. ചിത്രത്തില്‍ നായിക നര്‍ഗീസിനും, ഉപനായിക നിമ്മിക്കും, വിമല എന്ന നടിക്കും ലത പിന്നണി പാടി. കഥാ പാത്രങ്ങളുടെ സ്വഭാവം, കഥാ സന്ദര്‍ഭം, കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി, ഈ വക ഘടകങ്ങള്‍ കണക്കിലെടുത്തു വളരെ രോചകമായി പിന്നണി പാടുന്നതില്‍ ലത വൈദഗ്ധ്യം പ്രകടിപ്പിച്ചു. പര്‍വ്വത സാനുക്കളില്‍ ആടുകളെ മേയ്ച്ചുകൊണ്ട് പ്രകൃതി രമണീയതയില്‍ ഉന്മത്തയായി പാടുന്ന ഗ്രാമീണ കന്യകയായി അഭിനയിച്ച വിമലയ്ക്കു വേണ്ടി ലത പിന്നണി പാടി ''ഹവാ മെ ഉട്ത്താ ജായെ, മേരാലാല് ദുപ്പട്ടാ....''. ചുരുക്കം ചില 'ചിത്രങ്ങളില്‍ അഭിനയിച്ച വിമല എന്ന നടിയെ ഇന്നത്തെ തലമുറ അറിയുന്നതും കാണുന്നതും ഈ ഗാനരംഗത്തില്കൂടി. നര്ഗ്ഗീസിനും നിമ്മിക്കും വേണ്ടി ശോകഗാനങ്ങളും ലത പാടി. കഥാപാത്രങ്ങളുടെ മാനസിക നില ഉള്‍ക്കൊണ്ടാണു ലത പാടുക പതിവ്. ലത പാടിയ ഗാനരംഗത്ത് അഭിനയിക്കുമ്പോള്‍ ശോകരംഗങ്ങളാണെങ്കില് തനിക്കു ഗ്ലിസറിന്‍ ഇല്ലാതെ തന്നെ കണ്ണുനീര് ഉതിര്‍ന്നിരുന്നു എന്നു നര്‍ഗ്ഗീസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ലതാ മങ്കേഷ്കര്‍ പിന്നണി പാടാന്‍ തുടങ്ങിയതിനു ശേഷമാണ് യഥാര്‍ത്ഥ സംഗീതം സിനിമയില്‍ ഉദയമായത്.
''ഭാരതത്തിന്റെ ഹൃദയം ലതയുടെ മധുര ശബ്ദത്താല്‍ തുടികൊട്ടുന്നു''
''ബര്‍സാത്ത്'' ലെ ഗാനങ്ങളുടെ ജനപ്രീതിയോടെ ലത ''ആര്.കെ. ഫിലിംസ്'' ചിത്രങ്ങളിലെ സ്ഥിരം പിന്നണി ഗായികയായി. ''ആവാര'' (1951) എന്ന രാജ്കപൂര്‍ ചിത്രത്തില്‍ ലത പാടിയ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി. പരീക്ഷണാര്‍ത്ഥം ഒരു ഈജിപ്ഷ്യന്‍ ഈണം ശങ്കര്‍ജയ്കിഷന്‍ ചിത്രത്തിലെ ഒരു ഗാനത്തില്‍ പ്രയോഗിച്ചത് വളരെ തന്മയത്വത്തോടെ ലത പാടി ഫലിപ്പിച്ചു. ''ഘര്‍ ആയാ മേരാ പര്‍ദേശി....'' എന്ന ഗാനത്തിന് ആസ്പദമായ ആ ഈണം ''വിദാദ്'' (1936) എന്ന ഈജിപ്ഷ്യന്‍ ചിത്രത്തില്‍ പ്രസിദ്ധ ഗായിക ഉം ഖല്തൂം പാടിയ ''ആലാ ബലാദ് എല്‍ മഹ്ബൂബ്...''എന്ന ഗാനത്തിന്റേതായിരുന്നു. ഇന്ത്യന്‍ സംഗീതത്തിനു അനുയോജ്യമായ രീതിയില്‍ ഗാനത്തില്‍ സമന്വയിപ്പിച്ച ഈണം ലതയുടെ മാസ്മര ശബ്ദത്താല്‍ അനശ്വരമായി. ''ബാദല്‍'', ''കാലിഘട്ടാ'' (1951), 'ദാഗ്'' (1952), 'രാജ് ഹട്ട്'' (1956), 'ശ്രീ 420' (1955), തുടങ്ങിയ ചിത്രങ്ങളില്‍ കൂടി ശങ്കര്‍ജയ്കിഷന്‍ ജോടികളുടെ ഈണങ്ങള്‍ ലതയുടെ ശബ്ദത്തില്‍ സൂപ്പര്‍ ഹിറ്റായി.
''ലതാമങ്കേഷ്കറുടെ ഗാനാലാപനം എന്നെ സുരക്ഷിതനാക്കുന്നു'' ഈ വാക്കുകളില്‍ നിക്ഷിപ്തമായിരിക്കുന്ന ദൃഢവിശ്വാസം ഗായികയുടെ ശബ്ദമാധുരിയ്ക്കും ലതയുടെ ഗാനാലാപനത്തിന് ജനങ്ങളിലുള്ള സ്വാധീനത്തിനും മറ്റൊരു പ്രമാണം. സുപ്രസിദ്ധ സംഗീത സംവിധായകന് എസ്. ഡി. ബര്മ്മന്റേതാണ് വാക്കുകള്‍. ''മശാല്‍'' (1950) എന്ന ഹിന്ദി ചിത്രത്തോടെ ആരംഭിച്ച എസ്.ഡി. ബര്മ്മന്ലതാമങ്കേഷ്കര് സംഗീത സംഗമം 1970 കള്‍ വരെ നീണ്ടു നിന്നു. ''സജ'' (1951), 'ജാല്'' (1952), 'ടാക്സി െ്രെഡവര്‍'' (1954), 'ഹൗസ് നമ്പര്‍44' (1955), തുടങ്ങിയ ആദ്യകാല ചിത്രങ്ങള്‍ മുതല്‍ 1970കളിലെ ''ആരാധന'', ''അഭിമാന്'' തുടങ്ങിയ ചിത്രങ്ങളില്‍ കൂടി എത്രയെത്ര സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍! പില്ക്കാലത്ത് എസ്.ഡി. ബര്‍മ്മന്റെ പുത്രന് ആര്.ഡി. ബര്മ്മന് ഈണം പകര്‍ന്ന ഗാനങ്ങളും ലതയുടെ ശബ്ദത്തില്‍ ഹിന്ദി സിനിമാ സംഗീതത്തിനു മുതല്‍ക്കൂട്ടായി.
സംഗീത സംവിധായകന് സി. രാമചന്ദ്രയുടെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളില്‍ നല്ലൊരു പങ്ക് പാടിയിരിക്കുന്നത് ലതാമങ്കേഷ്കറാണ്. 'ചിതല്‍കര്‍' എന്ന അപരനാമത്തില്‍ നിരവധി യുഗ്മഗാനങ്ങളും ലതയുടെ കൂടെ സി. രാമചന്ദ്ര പാടീട്ടുണ്ട്. ''സര്‍ഗം'' (1950), 'അല്‍ ബേല'', ''സഗായ്'' (1951), 'ആസാദ്'' (1955), 'അനാര്‍ക്കലി'' (1953), തുടങ്ങിയ ചിത്രങ്ങളില്‍ സി. രാമചന്ദ്രയുടെ സംഗീതത്തില്‍ ലത പാടിയ ഗാനങ്ങള്‍ കാലത്തെ അതിജീവിച്ച് ഇന്നും നിത്യഹരിതമായി നിലകൊള്ളുന്നു. ''അനാര്‍ക്കലി''യില്‍ ലതാമങ്കേഷ്കര്‍ പാടിയ ''യെ ജിന്ദഗി ഉസീകി ഹൈ...'' എന്ന ഗാനം നേടിയ ജനപ്രീതിയെ മറികടന്ന ഗാനങ്ങള്‍ വളരെ വിരളം. 1953 ലെ ഏറ്റവും ജനപ്രിയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ട ഈ ഗാനം ദശകങ്ങള്‍ കഴിഞ്ഞിട്ടും ചില അഭിപ്രായ സര്‍വ്വേകളില്‍ ജനപ്രീതിയില്‍ പ്രഥമ സ്ഥാനം നില നിര്‍ത്തിയത്രെ. വിസ്മൃതിയിലാണ്ടുപോയ ചില ചിത്രങ്ങളുടെ പേരുകള്‍ സ്മരിപ്പിക്കുന്നു ആ ചിത്രങ്ങളില്‍ ലത പാടിയ ഗാനങ്ങള്‍. ''ശിന് ശിനാകി ബൂബ്ലാ ബൂ'' (1953) എന്ന ഫാന്റസി ചിത്രത്തില്‍ ലത പാടിയ ''തും ക്യാ ജാനോ തുമാരി യാദ് മെ....'' എന്ന 'ഥുംറി' ശൈലിയിലുള്ള ഗാനം ഖമാസ് രാഗത്തിന്റെ മാധുര്യം കര്ണപുടങ്ങളിലെത്തിക്കുന്നു. ഈ ഗാനശ്രവണത്താല് ഹര്ഷോന്മാദിതനായ സി.രാമചന്ദ്ര ഗായിക ലതാമങ്കേഷ്കറെ വിശേഷിപ്പിച്ചത് ''മറാഠി നൂര്ജഹാന്'' എന്നായിരുന്നത്രെ. ഗാനത്തിന്റെ വിജയത്തില്‍ ഈണം വളരെ പ്രധാനം തന്നെ. സാഹിത്യം ഗാനത്തിന്റെ ദേഹമാണെങ്കില്‍ ദേഹിയത്രെ ഈണം. ഇതിലേക്ക് ജീവചൈതന്യം പകരുന്നവരാണ് ഗായികാഗായകന്മാര്. ലതാമങ്കേഷ്കര്‍ വിശേഷ ജീവചൈതന്യം പകര്‍ന്ന ഗാനങ്ങളാണ് ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ വിശേഷസ്ഥാനം നേടി നിത്യഹരിതങ്ങളായി നിലകൊള്ളുന്നത്.
''മദന്‍ മോഹനെ ലതയ്ക്കു വേണ്ടിയോ, ലതയെ മദന്‍മോഹനു വേണ്ടിയോ ആണ് ദൈവം സൃഷ്ടിച്ച തെന്നറിയില്ല. എന്നാല്‍ മദന്‍ മോഹനെ പോലൊരു സംഗീത സംവിധായകനും ലതയെപ്പോലൊരു ഗായികയും ഇതുവരെ ഉണ്ടായിട്ടില്ല''.
സംഗീത സംവിധായകന് മദന്‍മോഹന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളില്‍ സിംഹഭാഗം ലത ആലപിച്ച ഗാനങ്ങളാണ്. ഗസലിന്റെ പര്യായമായിട്ടാണ് മദന്മോഹന്ലതാമങ്കേഷ്കര് സംഗീതസംഗമത്തെ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. ഒ.പി. നയ്യരുടെ ഈണങ്ങളൊന്നും തന്നെ ലത ആലപിച്ചിട്ടില്ലെങ്കിലും, ലതയുടെ ശബ്ദമാധുരിയുടെ ആരാധകനായിരുന്നു. മദന്‍മോഹന്റെയും ലതയുടെയും സംഗീതത്തെക്കുറിച്ചു ഒ.പി. നയ്യര്‍ അഭിപ്രായപ്പെട്ടതിങ്ങനെ ''മദന്‍ മോഹനെ ലതയ്ക്കു വേണ്ടിയോ, ലതയെ മദന്‍മോഹനു വേണ്ടിയോ ആണ് ദൈവം സൃഷ്ടിച്ചതെന്നറിയില്ല. എന്നാല്‍ മദന്‍ മോഹനെ പോലൊരു സംഗീത സംവിധായകനും ലതയെപ്പോലൊരു ഗായികയും ഇതുവരെ ഉണ്ടായിട്ടില്ല''. ഈ അഭിപ്രായ പ്രകടനം മദന്മോഹന്ലത കൂട്ടുകെട്ടില്‍ ഉണ്ടായ ഗാനങ്ങളുടെ സ്വാധീനത്തിന്റെ പ്രമാണമാണ്. ഹിന്ദി സിനിമാഗാനശാഖയിലെ ഏറ്റവും ജനപ്രിയ ഗസലുകള്‍ മദന്മോഹന്ലത സംഗീത സംഗമത്തിന്റെ ഫലമത്രെ. 1951ല്‍ റിലീസായ ''അദ'' എന്ന ഹിന്ദി ചിത്രത്തില്‍ നിന്നാരംഭിച്ച ലതമദന് മോഹന്‍ ഗാനങ്ങളുടെ ജൈത്രയാത്രയ്ക്ക് വിരാമമിടാന്‍ മദന്‍മോഹന്റെ അകാലനിര്യാണത്തിനുപോലും സാധിച്ചില്ല എന്നു വേണമെങ്കില്‍ പറയാം. 1975ല്‍ അന്തരിച്ച മദന്മോഹന് നേരത്തേ ചിട്ടപ്പെടുത്തിവെച്ച ഈണങ്ങള്‍ 2004ലെ ''വീര്‍ സാര'' എന്ന ഹിന്ദി ചിത്രത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയപ്പോള്‍ ലതയും ചിത്രത്തില്‍ പാടി. രൂപ്കുമാര്‍ രാഥോടുമായി ചേര്‍ന്ന് ലത പാടിയ ''തേരെ ലിയെ ഹം ഹൈം...'' എന്ന യുഗ്മ ഗാനം ഹിറ്റാവുകയും ചെയ്തു. ''അന്പഡ്'' (1962) എന്ന ചിത്രത്തില്‍ ലത പാടിയ ''ആപ് കി നസരോം നെ സമഝ...'' എന്ന ഗസല്‍ സംഗീത സംവിധായകന് നൗഷാദിനെ എത്ര മാത്രം സ്വാധീനിച്ചിരുന്നു എന്ന കാര്യം, ആ ഗാനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു ''എന്റെ സംഗീത രചനകള്‍ മുഴുവനും ഈ ഗസലിനു മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു'', പ്രേമം, വിരഹം തുടങ്ങിയ കോമളഭാവനകളും വികാരങ്ങളുമാണ് ഗസലിന്റെ പ്രതിപാദ്യം. ഗാനസാഹിത്യത്തിലുള്ള ഈ ഭാവങ്ങളും വികാരങ്ങളും ആലാപനത്തില്‍ പ്രതിഫലിക്കുമ്പോഴേ ഒരു ഗസല്‍ ഹൃദയസ്പര്ശിയാകുകയുള്ളു. ലത പാടിയ ഗസലുകള്‍ എല്ലാം തന്നെ ശ്രോതാക്കളുടെ ഹൃദയത്തെ സ്പര്‍ശിച്ചു. ''ദേഖ് കബിരാരോയ'' (1957), 'ഗേറ്റ് വേ ഓഫ് ഇന്ത്യ'' 1957 'അദാലത്ത്'', 1958, 'ജേലര്'' (1958), 'മേരാ സായ''(1966), 'വോ കോന്‍ ഥി'' (1964) 'ഹക്കീക്കത്ത്'' (1964) തുടങ്ങിയ ചിത്രങ്ങള്‍ ലതയുടെ ശബ്ദമാധുരിയില്‍ നിരവധി നല്ല ഗാനങ്ങളും ഗസലുകളും സിനിമാസംഗീതത്തിനു പ്രദാനം ചെയ്തു.
''താജ്മഹല്‍'' (1963) എന്ന ചിത്രത്തില്‍ ലതാ മങ്കേഷ്കര്‍ പാടിയ ''ജോ വാദകിയാ വോ നിദാനാ പടേഗാ...'' (സഹഗായകന്റഫി) എന്ന ഗാനം ഹിന്ദി സിനിമാ സംഗീതത്തിലെ വളരെ അമൂല്യമായ ഗാനമാണ്. ചിത്രത്തില്‍ ആവര്‍ത്തിച്ചു മുഴങ്ങിയ ഈ ഗാനത്തിനു ആലാപനത്തില്‍ കൂടി നല്കിയ വികാര സ്പര്‍ശമാണു ഗാനത്തെ ഹൃദയസ്പര്‍ശിയാക്കിയത്. സംഗീത സംവിധായകന്
രോശന്‍ ഗായികയുടെ പ്രശ്സ്തിക്കു കാരണമായിത്തീര്‍ന്ന നിരവധി ഗാനങ്ങള്‍ക്കു ഈണം പകര്‍ന്നിട്ടുണ്ട്. 1951ല്‍ ''മല്‍ഹാര്‍'' എന്ന ചിത്രത്തോടെ ആയിരുന്നു രോശന്ലത അനശ്വര ഗാനങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം. പിന്നണി ഗായകന് മുകേഷ് നിര്‍മ്മിച്ച ''മല്‍ഹാര്‍'' പരാജയപ്പെട്ടെങ്കിലും ലതയും മുകേഷും പാടിയ ഗാനങ്ങള്‍ ഇന്നും ജനപ്രിയം തന്നെ. ചിത്രത്തിന്റെ ശീര്‍ഷക ഗാനമായി മുഴങ്ങിയ ''ഗരജത് ബറസത് ഭീജത്...'' എന്ന പരമ്പരാഗത ഗാനം ലതയുടെ ശബ്ദത്തില്‍ വളരെ ആകര്‍ഷകമായി.
''അന് ഹോനി'' ''രാഗരംഗ്'' (1952) ''ബാപ് ബേട്ടി'', ''മെഹ്ബൂബ'' (1954), ''രംഗീന് രാത്തേം'' (1956), 'ബര്‍സാത്ത് കി രാത്ത്'' (1960), 'ആര്‍തി'' (1962), 'ചിത്രലേഖ'' (1964), 'മമത'' (1966) തുടങ്ങിയ ചിത്രങ്ങള്‍ രോശന്റെ സംഗീതത്തില്‍ ലത പാടിയ നിരവധി ശ്രുതിമധുരഗാനങ്ങള് പ്രധാനം ചെയ്തു. പില്ക്കാലത്ത് രോശന്റെ പുത്രന് രാജേഷ് രോശന്‍ ഈണം പകര്‍ന്ന ഗാനങ്ങളും ലത പാടി.
1960 കളില്‍ ലക്ഷ്മികാന്ത്. പ്യാരെലാല്‍, കല്യാണ്‍ജിആനന്ദ്ജി, എന്നീ സംഗീത സംവിധായക ജോടികളുടെ ഈണങ്ങള്‍ ലതയുടെ ആലാപനത്താല്‍ ഹിറ്റായി. ''പാരസ്മണി'' (1963), 'സതി സാവിത്രി'' (1964), 'മിലന്'' (1967), 'ഷാഗിര്‍ദ്'' (1967), 'ദോ രാസ്ത്തെ'' (1969), ജീവന് മൃത്യു'' (1970), 'ശരാഫത്ത്'' (1970) തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി ലക്ഷമികാന്ത്പ്യാരെലാലിന്റെ സംഗീതത്തില്‍ ലത പാടിയ ഗാനങ്ങളില്‍ ചിലത് ദേശീയതലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കി. 1960കളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ പ്രദാനം ചെയ്ത ചിത്രങ്ങളാണിവ. ഈ ചിത്രങ്ങളില്‍ ലത പാടിയ ഗാനങ്ങള്‍ വളരെ ജനപ്രീതി നേടി. കല്യാണ്ജി ആനന്ദ്ജി ജോടികളുടെ സംഗീതത്തില്‍ ലത പാടിയ പ്രശസ്ത ചിത്രങ്ങളില്‍ ചിലതാണ് ''ഛലിയ'' (1960) 'ദില്‍ ഭി തേരെ ഹം ഭി തേരെ'' (1960), 'ഫൂല് ബനെ അംഗാരെ'' (1963), 'ബ്ലഫ് മാസ്റ്റര്‍'' (1963), 'ഉപ്കാര്'' (1967), ജബ് ജബ് ഫൂല്ഖിലെ'' (1965), 'യാദ്ഗാര്‍ (1970), 'ഗോപി'' (1970), 'ഗീത്'' (1970).
വര്‍ത്തമാനകാലത്തെ സംഗീത സംവിധായകരായ നദിംശ്രാവണ്, എ.ആര് റഹ്മാന്, ഉത്തംസിങ്, ജതിന് ലലിത്, ദിലീപ് സെന്‍ സമീര്സെന്, രാം ലക്ഷ്മണ്, തുടങ്ങിയവരുടെ സംഗീത രചനകളും ലത പാടി. പ്രായത്തെ മറികടന്ന് ആ സ്വരമാധുരി ഒട്ടും കുറയാതെ 2007ലും സംഗീതപ്രേമികളെ ഹര്ഷപുളകിതരാക്കിക്കൊണ്ടിരിക്കുന്നു. ഈശ്വരദത്തമായ സ്വരപ്രസാദത്തെ ഭയഭക്തിയോടെ പരിപാലിച്ചു കൊണ്ടാണ് ലത ഇന്നും ഈശ്വരന്റെ തന്നെ പ്രതിരൂപമായ നാദബ്രഹ്മത്തെ ശബ്ദമാധുരിയാല്‍ അര്‍ച്ചന ചെയ്തു വരുന്നത്.
ഗതകാലത്തെ ചില സംഗീത സംവിധായകരുടെ പേരുകള്‍ ഇന്നത്തെ തലമുറയ്ക്ക് പരിചിതമാകുന്നത് ലത പാടിയ ചില ഗാനങ്ങളില്‍ കൂടിയാണ്. ''ഏക് ഥി ലട്കി'' (1949) എന്ന ചിത്രത്തില്‍ മീനാ ശോരേ എന്ന നടിക്കു വേണ്ടി ലത പാടിയ ''ലാറ ലപ്പ, ലാറാ ലപ്പ....'' എന്ന ഗാനം സംഗീത സംവിധായകന് വിനോദിനേയും മീനാ ശോരേയേയും അനുസ്മരിപ്പിക്കുന്നു. ഗാനം സൂപ്പര്‍ ഹിറ്റായി എന്നു മാത്രമല്ല, മീനാ ശോരേ ഗാനത്തിന്റെ പേരില്‍ തന്നെ ''ലാറാ ലപ്പ പെണ്‍കുട്ടി'' എന്നറിയപ്പെടുകയും ചെയ്തു. ''ഭാ ഭി കി ചൂടിയാം'' (1961) എന്ന ചിത്രത്തില്‍ സുധീര്‍ ഫട്കെ ഈണം പകര്‍ന്ന ''ജ്യോതി കലശ്ഛല് കെ...'' എന്ന ഗാനം സംഗീത സംവിധായകന്റെ പേര് വര്‍ത്തമാനകാലത്തെ സംഗീത പ്രേമികള്‍ക്കും പരിചിതമാകുന്നു. ഭ്രൂപാളി രാഗാധിഷ്ഠിതമായ ഈ പ്രഭാതവന്ദനഗാനം ലതയുടെ അതി ശ്രേഷ്ഠഗാനങ്ങളുടെ ശ്രേണിയില്‍ പെടുന്നു. പണ്ഡിറ്റ് നരേന്ദ്ര ശര്‍മ്മയുടെ ഗാനരചനയില്‍ അടങ്ങിയിരിക്കുന്ന പവിത്രത, സൗന്ദര്യം, ശുഭ്രത, ഇതെല്ലാം ലതയുടെ ആലാപനത്തില്‍ പ്രതിഫലിച്ചു. എസ്. മോഹിന്ദര്‍ എന്ന സംഗീത സംവിധായകന്റെ പേര് അനുസ്മരിപ്പിക്കുന്നു. ''ശിരിന്‍ ഫര്‍ഹാദ്'' (1955) എന്ന ചിത്രത്തില്‍ ലത പാടിയ'' ഗുജ്രാ ഹുവാ ജമാനാ, ആത്താനഹിം ദുബാര...'' എന്ന മനമോഹക ഗാനം. ''ശോഖിയാം'' (1951) എന്ന ചിത്രത്തില്‍ കമലേശ് കുമാരിക്കു വേണ്ടി ലത പിന്നണി പാടിയ ''സപ്നാ ബന് സാജന് ആയെ...'' എന്ന ഗാനം ജമാല്സെന് എന്ന സംഗീത സംവിധായകനെ അനുസ്മരിപ്പിക്കുന്നു. കമലേശ്കുമാരി എന്ന നടിയെ ഇന്ന് സിനിമാ പ്രേമികള്‍ കാണുന്നത് ഈ ഗാനരംഗത്തില്‍ കൂടി. യമന്‍ രാഗത്തിന്റെ മാധൂര്യം ഈ ഗാനത്തെയും ഗാനരംഗത്തെയും ചിത്രത്തില്‍ ഗാനം പാടിയ കമലേശ് കുമാരിയെയും വിസ്മൃതിയില്‍ ആണ്ടു പോകാതെ നിര്‍ത്തുന്നു. ചിത്രം വന്‍ പരാജയമായിരുന്നു. ''സെഹ്ര'' (1963)വി. ശാന്തറാമിന്റെ ഒരു പരാജയ ചിത്രം. രാംലാല്‍ ആയിരുന്നു സംഗീത സംവിധായകന്. ഗാനങ്ങളില്‍ ചിലത് ഹിറ്റായി. ലത പാടിയ ''പംഖ് ഹോത്തി തോ ഉട് ജാത്തി രേ...'' സൂപ്പര്‍ ഹിറ്റായി. ഭ്രൂപാള രാഗത്തില്‍ ആലാപനം, ഉച്ചസ്ഥായിയില്‍ ചിലസ്വരങ്ങളുടെ ആലാപനം, ലതയുടെ സംഗീതജ്ഞാനത്തിന് പരീക്ഷണമായ ഗാനം. ജി.എസ് കോഹ്ലി എന്ന സംഗീത സംവിധായകന്റെ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍ 1963ല്‍ റിലീസായ ''ശിക്കാരി'' എന്ന വീരസാഹസിക ചിത്രത്തിലേതാണ്. സഹോദരി ഉഷാമങ്കേഷ്കറുമായി ചേര്‍ന്ന് ലത പാടിയ ''തും കോ പിയാ, ദില്‍ ദിയാ...'' എന്ന ഗാനം ആലാപനത്തിലും വാദ്യസംഗീതത്തിന്റെ പുതുമയാലും പ്രശസ്തമായി. താളമേളങ്ങളുടെ ദ്രുതഗതിയിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ഗായികമാര്‍ തന്മയത്വത്തോടെ പാടി. റഫിയുമായി ചേര്‍ന്നു ലത പാടിയ ''ചമന്‍ കെ ഫൂല്...'' എന്ന യുഗ്മ ഗാനവും സൂപ്പര്‍ ഹിറ്റായി. ഹിന്ദി സിനിമയിലെ ഗാനദൃശ്യങ്ങളില്‍ മലയാള സിനിമാ താരം രാഗിണിയെ പ്രേക്ഷകര്‍ കാണുന്നത് ഈ ഗാനരംഗത്താണ് എന്നു പറയാം. രാഗിണിയും അജിത്തും അഭിനയിച്ച ഗാനരംഗം ഇടയ്ക്കൊക്കെ ടി.വി. ചാനലുകള്‍ സംപ്രേഷണം ചെയ്യാറുണ്ട്. വിസ്മൃ തിയിലാണ്ടുപോയ ചിത്രങ്ങളിലും, ചുരുക്കം ചില ചിത്രങ്ങള്‍ക്കു സംഗീതം പകര്‍ന്ന് രംഗത്തു നിന്നു വിടവാങ്ങിയ സംഗീത സംവിധായകരുടെ സംഗീത രചനകളും ലതയുടെ സമകാലീനരായിരുന്ന പിന്നണി ഗായികമാരും ഗാനങ്ങള്‍ പാടീട്ടുണ്ട്. എന്നാല്‍ അത്തരം ചിത്രങ്ങളിലെയോ സംഗീതസംവിധായകരുടെയോ മറ്റു ഗായികമാരുടെ ശബ്ദത്തിലുള്ള ഗാനങ്ങള്‍ ഇന്നു സ്മരണയില്‍ തങ്ങി നില്‍ക്കുന്നത് അത്യപൂര്‍വം. ഈണത്തിലെ പോരായ്മപോലും ലതയുടെ ശബ്ദമാധുരിയാല്‍ മറയ്ക്കപ്പെടുന്നു. മുല്ലപ്പൂമ്പൊടിയേല്ക്കുന്ന കല്ലിനും സൗരഭ്യം എന്ന പഴഞ്ചൊല്ലിനെ അന്വര്ഥമാക്കുന്നു ലത പാടിയ ഗാനങ്ങള്‍. ഗാനരചനയിലേയോ, ഈണത്തിലെയോ ന്യൂനതകള്‍ ലതയുടെ ശബ്ദമാധൂരിയുമായി ചേരുമ്പോള്‍ ന്യൂനതകള്‍ അല്ലാതായിത്തീരുന്നു ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം. വശ്യമല്ലാത്ത ഈണങ്ങളും ഗാനരചനകളും പോലും ലതയുടെ മധുര ശബ്ദവുമായി ചേരുമ്പോള്‍ വശീകരണ സിദ്ധി പ്രാപിക്കുന്നു.
മറികടന്ന് ആ സ്വരമാധുരി ഒട്ടും കുറയാതെ 2007ലും സംഗീത പ്രേമികളെ ഹര്‍ഷ പുളകിതരാക്കിക്കൊണ്ടിരിക്കുന്നു.
പണ്ഡിറ്റ് ഗോവിന്ദ റാം, സജ്ജാദ് ഹുസൈന്, ശ്യാം സുന്ദര്‍, ഹംസ് രാജ് ബെഹല്‍, എസ്. എന്‍, ത്രിപാഠി, ഗുലാം മുഹമ്മദ്, ഖയ്യാം, സലില്‍ ചൗധരി, വസന്ത് ദേശായ്, ഹേമന്ത്കുമാര്‍, രവി, എന്‍. ദത്ത, ചിത്രഗുപ്ത തുടങ്ങിയ സംഗീത സംവിധായകരുടെ കീഴില്‍ ലത പാടിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കു കണക്കില്ല. നാലഞ്ചു തലമുറകളില്‍പ്പെട്ട സംഗീത സംവിധായകര്‍ മാറ്റമില്ലാത്ത പിന്നണിശബ്ദമായി ലത സിനിമാരംഗത്ത് വിരാജിച്ചു. തലമുറകള്‍ മാറിവന്ന നായികാതാരങ്ങള്‍ ഏവര്‍ക്കും യോജിച്ച ശബ്ദമായി പ്രായത്തെ അതിജീവിച്ച ലതയുടെ ശബ്ദം ഇന്നും നവാഗത നായികമാര്‍ക്കു വേണ്ടി പാടാനും അനുയോജ്യം.
ശോഭനാ സമര്‍ഥ് എന്ന ആരംഭകാല ഹിന്ദി സിനിമാ നായികതാരത്തിന് പിന്നണി പാടിയ ലതാ മങ്കേഷ്കര്‍, പില്ക്കാലത്ത് ശോഭനാ സമര്‍ഥിന്റെ പുത്രിമാര്‍ നൂതന്, തനൂജ എന്നിവര്‍ക്കും പിന്നണി പാടി. തനൂജയുടെ മകളും വര്‍ത്തമാനകാല ഹിന്ദിസിനിമാ നായികാതാരം കാജോളിനും ലത പിന്നണി പാടി. നസീംബാനുവിനും മകള്‍ സൈറാബാനുവിനും ലത പിന്നണി പാടി. ലതാമങ്കേഷ്കര്‍ പാടിയ ഗാനങ്ങള്‍ക്ക്, ആസ്വാദകവൃന്ദത്തിന്, തലമുറകളുടെ വ്യത്യാസമില്ല. കാലത്തിന്റെയോ ഭാഷയുടെയോ പ്രാദേശികമായ സാംസ്കാരിക വ്യത്യാസമോ ഗാനങ്ങളുടെ ജനപ്രീതിയെ ബാധിക്കുന്നില്ല. മാറിവരുന്ന തലമുറകളെല്ലാംതന്നെ ലത പാടിയ ഗാനങ്ങളുടെ ആസ്വാദകര്‍ നിറഞ്ഞുനില്ക്കുന്നു.
ലതാ മങ്കേഷ്കര്‍ എന്ന സ്വരസാമ്രാജ്ഞിയുടെ വിശേഷതകള്‍ എന്താണ്? സിനിമാ സംഗീതത്തിന് ജനസാമാന്യത്തിലുള്ള സ്വാധീനത്തെ കണക്കിലെടുത്തു വേണം ആ വിശേഷതകളും പ്രത്യേകതകളും വിലയിരുത്താന്‍. ലതാമങ്കേഷ്കറുടെ ശബ്ദത്തോടു താരതമ്യപ്പെടുത്താന്‍ മറ്റൊരു ശബ്ദമില്ല. സിനിമാ സംഗീതത്തിലെ ഒരു അനുഭവംതന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. സിനിമാ സംഗീതത്തെ ഗൗരവപൂര്‍വം കാണുന്ന ഏതൊരു സംഗീതപ്രേമിയും സമ്മതിക്കുന്ന സംഭവം:
1959ല്‍ റിലീസായ ഭനവരംഗ്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് പ്രതീക്ഷക്കൊത്ത് നിറംപകരാനായില്ല സംഗീത സംവിധായകന് സി. രാമചന്ദ്രയ്ക്ക്. കാരണം ലതാമങ്കേഷ്കറുടെ അസാന്നിധ്യംതന്നെ. ചില അഭിപ്രായ ഭിന്നതകള്‍ കാരണം ചിത്രത്തിലെ ഗാനങ്ങള്‍ പാടുന്നതില്‍നിന്നും ലത പിന്മാറി. ലതയുടെ ശബ്ദത്തിലുള്ള ആലാപനം മനസ്സില്‍ കണ്ടുകൊണ്ട് ചിട്ടപ്പെടുത്തിയ ഈണങ്ങള്‍ ആശാ ഭോസ്ലെയെ കൊണ്ട് സി. രാമചന്ദ്ര പാടിച്ചു. സംഗീത സംവിധായകന്റെയോ ശ്രോതാക്കളുടെയോ പ്രതീക്ഷയ്ക്കൊത്ത് ഗാനങ്ങള്‍ ഉയര്‍ന്നില്ല. ആശാ ഭോസ്ലെയും മഹേന്ദ്ര കപൂറും ചേര്‍ന്നു പാടിയ ഭആധാ ഹൈ ചന്ദ്രമാ, രാത്ത് ആധി...' എന്ന ഗാനം മാത്രമാണു ഹിറ്റായത്.
വി. ശാന്താറാം നിര്‍മിച്ച ചിത്രങ്ങളില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന അപൂര്‍വം ചിത്രങ്ങളില്‍ ഒന്നാണിത്. കലാമൂല്യത്തിനു പ്രാധാന്യം നല്‍കിയിരുന്ന ശാന്താറാം ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകതയായിരുന്നു സംഗീതം. സി. രാമചന്ദ്രയുടെ ഈണങ്ങളും നല്ല നിലവാരം പുലര്‍ത്തിയെങ്കിലും യോജിച്ച ശബ്ദത്തിന്റെ അഭാവം സംഗീതത്തിനു മികവേകിയില്ല. പ്രണയത്തെ ഒരു പവിത്രബന്ധമായി ചിത്രീകരിച്ചു പാടുന്ന ഭതും മേരെ, മൈ തേരി...' എന്ന ഗാനത്തിനു ജീവന് പകരാന്‍ ആശാ ഭോസ്ലെയുടെ ശബ്ദത്തിനു കഴിഞ്ഞോ എന്നു പറയാനാകില്ല. ഗാനം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഭരത്വ്യാസ് രചിച്ച ആ ഭാവാത്മകമായ ഗാനം ലതയുടെ ശബ്ദത്തിലായിരുന്നെങ്കില് എന്ന് ശ്രോതാക്കള്‍ ആത്മഗതം കൊണ്ടു.
1961ല്‍ റിലീസായ 'സ്ത്രീ' എന്ന ചിത്രത്തിനു വേണ്ടി ലതാ മങ്കേഷ്കര്‍ പൂര്‍വനിശ്ചിതമായ കരാര്‍പ്രകാരം സി. രാമചന്ദ്രയുടെ ഈണങ്ങള്‍ പാടിയെങ്കിലും സംഗീത സംവിധായകനുമായുണ്ടായ അഭിപ്രായ ഭിന്നതകളുടെ കാര്‍മേഘപടലം പെയ്തൊഴിയാന്‍ ദേശീയ പ്രാധാന്യമുള്ള ഒരു ഗാനംതന്നെ വേണ്ടിവന്നു.
1962ലെ ഇന്ത്യചൈന യുദ്ധത്തില്‍ രക്തസാക്ഷികളായ ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്പ്പിക്കാന്വേണ്ടി സംഘടിപ്പിച്ച ഒരു സമ്മേളനവേദി ലതാമങ്കേഷ്കര്സി. രാമചന്ദ്ര അഭിപ്രായഭിന്നതകള്‍ മാറാന്‍ സാഹചര്യമൊരുക്കി. സംഗീതത്തെ ഉപാസിക്കുന്ന രണ്ടു മഹാപ്രതിഭകളുടെ മഹാമനസ്കതയെ ഈ സംഭവം വെളിപ്പെടുത്തുന്നു. സമ്മേളനവേദിയില്‍ വെച്ചു പാടാനായി കവി പ്രദീപ് രചിച്ച ഗാനത്തിനു ഈണം പകരാനായുള്ള ദൗത്യം ഏല്‍പ്പിക്കപ്പെട്ടത് സി. രാമചന്ദ്രയെ. ലതയുമായുള്ള അഭിപ്രായഭിന്നത കാരണം ആശാഭോസ്ലെയെക്കൊണ്ട് ഗാനം പാടിക്കാന്‍ സംഗീത സംവിധായകന് തീരുമാനിച്ചു. ഗാനത്തിന്റെ റിഹേഴ്സലും തുടങ്ങി. ദേശീയപ്രാധാന്യമുള്ള ഈ ഗാനം പാടണമെന്ന് ലതാമങ്കേഷ്കറിന് അതിയായ ആഗ്രഹം. തികഞ്ഞ ദേശഭക്തിയും ജവാന്മാരോടുള്ള നിസ്സീമമായ ആദരവും ഗാനം താന്‍ തന്നെ പാടണമെന്ന വാഞ്ഛ ലതയില്‍ തീക്ഷ്ണമാക്കി. ഗുരുതുല്യം ലത ബഹുമാനിച്ചിരുന്ന കവി പ്രദീപ് തന്നെ ലതയുടെ ആഗ്രഹസഫലീകരണത്തിന് മുന്‍കൈയെടുത്തു. ലതയുടെ ഇംഗിതം സി. രാമചന്ദ്രയെ അറിയിച്ചു.
അഭിപ്രായഭിന്നതകള്‍ക്ക് അതീതമായിരുന്നു സി. രാമചന്ദ്രയ്ക്ക് ലത എന്ന അനുഗൃഹീത ഗായികയോടുണ്ടായിരുന്ന ആദരവ്. സ്വന്തം ആഗ്രഹം സഫലീകരിച്ച പ്രതീതിയായിരുന്നു സി. രാമചന്ദ്രയ്ക്ക്. ആശാഭോസ്ലെ ഗാനാലാപനത്തില്നിന്നും പിന്മാറി. 'ഏ മേരെ വതന്‍ കെ ലോഗോ...' എന്ന ഗാനം ലതാമങ്കേഷ്കര്തന്നെ പാടി. സമ്മേളനവേദിയില്‍ സന്നിഹിതനായിരുന്ന പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കണ്ണുകളെ ഈറനണിയിച്ചു ലതയുടെ ആലാപനം.
പിന്നണി ഗായിക എന്ന നിലയില്‍ ലതാ മങ്കേഷ്കറുടെ സേവനം രണ്ടു തലത്തില്‍ വിലയിരുത്തേണ്ടതുണ്ട്. ഗാനാലാപനം വഴി സംഗീതത്തിനു ലത നല്കിയ സംഭാവനകളാണ് ഒന്ന്. ലത പാടിയ ഗാനങ്ങള്‍ക്ക് ജനജീവിതത്തിലുള്ള സ്വാധീനമാണ് മറ്റൊരു വിഷയം.
ലതാ മങ്കേഷ്കര്‍ സംഗീതത്തിനു നല്കിയ സംഭാവനകളാണ് ഇന്നും നിത്യഹരിതമായി നിലകൊള്ളുന്ന ലതാമങ്കേഷ്കര്‍ ഗാനങ്ങള്‍, സിനിമാഗാങ്ങള്ക്കു പുറമെ ഭക്തിഗാനങ്ങള്‍, ലളിത ഗാനങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍ എല്ലാം നിത്യ ഹരിതഗാനങ്ങളില്പെടുന്നു. സംഗീതത്തിന്റെ ഏറ്റവും സാമാന്യവല്‍ക്കരിക്കപ്പെട്ട രൂപമാണ് സിനിമാസംഗീതം. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ലത പാടിയിട്ടുണ്ട് എന്ന് പറയാം. ഇതിനു വിപരീതമായി ഒന്നോ രണ്ടോ ഭാഷകള്‍ ഉണ്ടായേക്കാം. അതുകൊണ്ടു തന്നെ പ്രാദേശിക തലത്തിലും ദേശീയ തലത്തിലും സംഗീതത്തിനു ലത നല്കിയ സംഭാവനകള്‍ മറ്റു നായികമാരില്‍ നിന്നും ലതയെ വ്യത്യസ്തയാക്കുന്നു. സിനിമാ സംഗീതത്തിനു വളരെ ആദരണീയ സ്ഥാനം നേടിയെടുക്കുന്നതില്‍ ലത വലിയ പങ്കു വഹിച്ചു. ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ''ഭാരത രത്നം'' ലതയ്ക്കു ലഭിച്ചു എന്ന വസ്തുത സിനിമാ സംഗീതത്തിന്റെ സ്ഥാനം മഹനീയമാക്കുന്നു. കാരണം ലതയുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം സിനിമാ സംഗീതമാണല്ലോ. ലതയ്ക്കു ലഭിച്ച അംഗീകാരങ്ങളെല്ലാംതന്നെ സംഗീതത്തിന്, വിശിഷ്യ സിനിമാ സംഗീതത്തിനു ലഭിച്ച ബഹുമതികളാണ്. ലതയുടെ പ്രശസ്തി അന്തര്‍ ദേശീയ തലത്തില്‍ വ്യാപിച്ചു. ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച സംഗീത പ്രസ്ഥാനമായ ഇ.എം.ഐ. കമ്പനി 'പഌറ്റിനം ഡിസ്ക്' നല്കി ലതയെ ബഹുമാനിച്ചു എന്ന വസ്തുത ഭാരതീയ സീനിമാ സംഗീതത്തിന് അന്തര്‍ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സംഗീതത്തിനും സിനിമാ സംഗീതത്തിനും ലത നല്കിയ സംഭാവനകള്‍ വര്‍ണനാതീതമാണ്.
വേദകാലം മുതല്ക്കേ സംഗീതം ഭാരതീയ ജനജീവിതത്തിന്റെ ലയവും താളവുമായി തുടരുന്നു. ശാസ്ത്രീയസംഗീതവും നാടോടി സംഗീതവും നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. ജനനവും മരണവും, രാവും പകലും, ഋതു ചക്രം, ഇതിനോട് അനുബന്ധിച്ചെല്ലാം സംഗീതം ജനജീവിതത്തിന്റെ ഭാഗമായി, ഭാരതീയ ജനജീവിതം അദ്രപാളികളിലാക്കിയ സിനിമയിലും ഈ സന്ദര്‍ഭങ്ങള്‍ക്ക് ഗാനങ്ങള്‍ പശ്ചാത്തലമായി. സിനിമാ സംഗീതത്തില്‍ ഓരോ സന്ദര്‍ഭത്തിനും ഋതുക്കള്‍ക്കും യോജിച്ച ഗാനങ്ങളുണ്ടായി. താരാട്ട്, ചരമഗീതം, ഉത്സവഗാനങ്ങള്‍, വിടചൊല്ലും ഗാനങ്ങള്‍, പ്രഭാതവന്ദന ഗാനങ്ങള്‍, സന്ധ്യാ പ്രാര്‍ത്ഥനകള്‍, വിവാഹ ഗാനങ്ങള്‍, ഋതുക്കള്‍ക്ക് അനുസൃതമായ ഗാനങ്ങള്‍ സിനിമാ ഗാനങ്ങളില്‍ എല്ലാം നിറഞ്ഞു നിന്നു. ജീവിത മുഹൂര്‍ത്തങ്ങള്‍ ഏതായാലും ഓരോ വ്യക്തിക്കും കുടുംബത്തിനും വികാരവേശം പകരുന്ന സിനിമാ ഗാനങ്ങള്‍ സുലഭമായി. സിനിമയുടെ ആവിര്‍ഭാവത്തിനു മുമ്പ് പരമ്പരാഗതമായ ഗാനങ്ങളായിരുന്നു ഈ വക സന്ദര്‍ഭങ്ങള്‍ക്ക് സംഗീത പശ്ചാത്തലം ഒരുക്കിയത്. എന്നാല്‍ സിനിമാ സംഗീതം സാമാന്യവല്ക്കിരിക്കപ്പെട്ടതില് പിന്നെ പരമ്പരാഗത ഗാനങ്ങളുടെ സ്ഥാനം ജനപ്രിയമായ സിനിമാ ഗാനങ്ങള്‍ പിടിച്ചെടുത്തു ഒരു പരിധിവരെ. മേല്പറഞ്ഞ ഏതു സന്ദര്‍ഭത്തിനും മുഹൂര്‍ത്തത്തിനും അനുയോജ്യമായ ലതാമങ്കേഷ്കര്‍ ഗാനങ്ങള്‍ സുലഭം. സന്തോഷമായാലും സന്താപമായാലും മാനസികമായി അടുപ്പമുള്ള വ്യക്തിയുടെ സാമീപ്യമല്ലേ നാം കാംക്ഷിക്കുകയുള്ളൂ? ഗാനങ്ങളുടെ കാര്യത്തിലും ഇതിനു വ്യത്യാസമില്ല. ഭൂരിഭാഗം സംഗീത പ്രേമികള്‍ക്കും ഇഷ്ടഗായികയായ ലതയുടെ ശബ്ദത്തിലുള്ള ഗാനങ്ങള്‍ തന്നെ ഓരോ ഉത്സവവേളകള്ക്കും ജീവിതമൂഹൂര്ത്തങ്ങള്ക്കും പശ്ചാത്തലമായിക്കൊണ്ടിരിക്കുന്നു ഇന്നും. പ്രാദേശികമായ വ്യത്യാസമില്ലാതെ ഭാരതത്തിലെ ഭൂരിഭാഗം ഗൃഹാന്തരങ്ങളിലും സംഗീതത്തില്കൂടി ലത സ്വാധീനം ചെലുത്തുന്നു. ലതയുടെ ശബ്ദത്തിലുള്ള ഗാനങ്ങള്‍ വിശേഷവേളകളില്‍ അവര്‍ക്ക് ആനന്ദവും ആശ്വാസവും പകരുന്നു. ''മൊബൈല്‍ റിങ്ങ് ടോണ്‍'' ന്റെ കാലത്തില്‍ കൂടിയാണല്ലോ നാം കടന്നു പോകുന്നത്. ലത പാടിയ ഗാനങ്ങളുടെ റിങ്ങ്ടോണുകള്ക്ക് ഏറെ ആവശ്യക്കാരുള്ളതായി സര്‍വ്വേകള്‍ വെളിപ്പെടുത്തുന്നു. ഇന്നത്തെ തലമുറയ്ക്കും ലത പാടിയ പഴയ ഗാനങ്ങളുടെ റിങ്ങ്ടോണുകള്‍ ഏറെ പ്രിയം.
ധര്‍മ്മ സ്ഥാപനങ്ങള്‍ക്കു വേണ്ടിയും പൊതുസ്ഥാപനങ്ങള്‍ക്കു വേണ്ടിയും ലത നിരവധി ഗാനമേളകളില്‍ പാടി. 1985ല്‍ കാനഡയിലെ ടോറന്റോ യില്‍ നടത്തിയ ഗാനമേളയില്‍ സമാഹരിച്ച ഒന്നര ലക്ഷം ഡോളര്‍ ലത ധര്‍മ്മസ്ഥാപനങ്ങള്‍ക്കു സംഭാവന ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി നിരവധി ''ചാരിറ്റി ഷോ'' നടത്തി സമുദായോദ് ഗ്രഥനത്തിലും ദേശീയോദ്ഗ്രഥനത്തിലും ലത പങ്കാളിയായി. കലാ സാംസ്കാരിക രംഗത്തെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വമായി മാറി ലത. 1986ന്റെ അവസാന മാസങ്ങളില്‍'' ഇന്ത്യാ ടു ഡേ'' നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ കലാ സാംസ്കാരിക രംഗത്തു നിന്നുള്ള ഏറ്റവും ജനപിന്തുണയുള്ള വ്യക്തിത്വമായി ലതയുടെ പേര് ഉയര്‍ന്നു വന്നു. കലാ സാംസ്കാരിക രംഗത്ത് നിന്നും 'പത്മ വിഭൂഷണ്‍' ലഭിക്കാന്‍ അര്‍ഹതയുള്ള വ്യക്തികളെ കണ്ടെത്താനായിരുന്നു 'ഇന്ത്യ ടുഡേ' യുടെ സര്‍വ്വേ. 12800 വ്യക്തികള്‍ പങ്കെടുത്ത അഭിപ്രായ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 8 വ്യക്തികളുടെ ലിസ്റ്റ് തയ്യാറാക്കപ്പെട്ടതില്‍ പ്രഥമസ്ഥാനത്തു വന്നത് ലതാ മങ്കേഷ്കറുടേ പേര്! ലിസ്റ്റിന്റെ ക്രമം ഇങ്ങനെലതാ മങ്കേഷ്കര്‍, എം. എഫ്. ഹുസൈന്, ആര്. കെ. നാരായണ്‍, ഭീം സെന്‍ ജോഷി, രാജ്കപൂര്‍, അമിതാഭ് ബച്ചന്, പുപുല്‍ ജയ്കര്, മൃണാളിനി സാരാഭായി. ഓരോ ഇന്ത്യന്‍ കുടുംബത്തിലേയും ഒരു അംഗം പോലെയായി ലത. ഇതു പോലെ ജനപ്രീതി നേടിയ മറ്റൊരു കലാ പ്രതിഭ ഉണ്ടോ എന്നുള്ള കാര്യം സംശയം. ഒരു ദേശീയ ചിഹ്നം ആയി കരുതപ്പെട്ടു വരുന്നു ലതയുടെ പേര്. ലോകത്തിന്റെ ഏതു കോണിലുള്ള ഇന്ത്യക്കാരനിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന നാദമായി മാറി ലതാമങ്കേഷ്കര്‍ പാടിയ ഗാനങ്ങള്‍. ലതാ മങ്കേഷ്കര്‍ അവര്‍ക്ക് പ്രിയങ്കരിയായ 'ദീദി' (ചേച്ചി), 'ബഹന്‍' (സഹോദരി) എല്ലാം ആയി.
ഭാരതത്തിലെ ഏറ്റവും സമുന്നതമായ സിവിലിയന്‍ ബഹുമതി ''ഭാരത രത്നം'' ലതാമങ്കേഷ്കറിന് നല്കി ദേശം ആ അനുഗൃഹീത കലാകാരിയെ ആദരിച്ചു കഴിഞ്ഞു. ബഹുമതികള്‍ക്ക് അതീതമാണ് ഗായിക ദേശത്തിനും സംഗീതത്തിനും നല്കിയ സേവനം. ബഹുമതികള്‍ സ്വയം ലതയെ തേടിയെത്തി ധന്യത പ്രാപിക്കുകയായിരുന്നു എന്നു പറയാം. ആരാധകരായ സംഗീത പ്രേമികള്‍ നല്കുന്ന സ്നേഹവും ആദരവുമാണ് ലതാമങ്കേഷ്കര്ക്കുള്ള ഏറ്റവും വലിയ ബഹുമതി. എണ്പതിന്റ നിറവില്‍ ''ഇന്ത്യന്‍ സിനിമയുടെ വാനമ്പാടി''ക്ക് സര്‍വ്വശക്തനായ ഈശ്വരന്റെ എല്ലാ അനുഗ്രഹാശിസ്സുകളും നേരാം. ഓരോ ഭാരതീയന്റേയും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടേയും പ്രാര്‍ത്ഥന ഗായികയ്ക്കു വേണ്ടി.
ബി.വിജയകുമാര്‍