ചിരിയുടെ പ്രപഞ്ചത്തില്‍ ഇമ്മിണി ബല്യ ചിരിയുടെ ഉടമയായിരുന്നു കുതിരവട്ടം പപ്പു. നീട്ടിയും കുറുക്കിയുമുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ ചിരിയുടെ ആ അരങ്ങ് ഓര്‍മയായിട്ട് 10 വര്‍ഷങ്ങള്‍ കടന്നുപോയി. പപ്പുവണിഞ്ഞ കഥാപാത്രങ്ങളുടെ ഡയലോഗുകളും ചേഷ്ടകളും മാത്രം ബാക്കി.
നാടകവേദികളേയും ചലച്ചിത്രപ്രേമികളുടെയും മനസ്സില്‍ ചിരിയുടെ വലയം തീര്‍ത്ത നിറ സാന്നിധ്യമായിരുന്നു. ഒരു പാട് നന്മകളും അല്പസ്വല്പം ദൗര്‍ബല്യങ്ങളും നിയന്ത്രിച്ചിരുന്ന ശുദ്ധമനുഷ്യന്. മലയാള സിനിമയില്‍ എസ്.പി പിള്ളയും, മുതുകുളവും അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ തെളിച്ച വഴിയിലൂടെ ഹാസ്യത്തിന്റെ ട്രാക്കില്‍ അവഗണനകളെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ് പപ്പു മുന്നേറിയത്.
സ്നേഹത്തിന് മുന്നില്‍ മനസ്സലിയുന്ന പ്രകൃതം. 36 വര്‍ഷം നാടകത്തിലും സിനിമയിലുമായി നിറഞ്ഞുനിന്നിട്ടും എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന കുറേ കഥാപാത്രങ്ങളും വിലപിടിച്ചതായി കരുതിയ കുറേ സൗഹൃദങ്ങളുമല്ലാതെ നീക്കിയിരിപ്പായി അധികമൊന്നും ബാക്കിവെക്കാതെയായിരുന്നു കടന്നുപോക്ക്്.
'താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില് താനെന്നോട് ചോദിക്ക് താനാരാണെന്ന്. ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്. ഇനി ഞാനാരാണെന്ന് എനിക്ക് അറിയാന്‍ വയ്യെങ്കില്‍ ഞാന്‍ എന്നോട് ചോദിക്കാം ഞാനാരാണെന്ന്'പ്രിയദര്ശന് സംവിധാനം ചെയ്ത തേന്മാവിന് കൊമ്പത്ത് എന്ന ചിത്രത്തില്‍ മദ്യലഹരിയില്‍ പപ്പു മോഹന്‍ലാലിനോട് പറയുന്ന രംഗം തമാശരംഗങ്ങളിലും സിനിമയിലൂടെയുമായി എത്ര തവണ മലയാളി കണ്ടിരിക്കാം. കാലമെത്ര കഴിഞ്ഞാലും ഈ ഒരു ഡയലോഗ് മാത്രം മതി പപ്പു പ്രേക്ഷകഹൃദയങ്ങളില്‍ ജീവിക്കാന്‍.
ടാ..സ്കി വിളിക്കാനെന്നും താമരശേരി ചുരത്തിലെ അപകടത്തിന്റെ കഥ വിവരിക്കുന്നതിലുമുള്ള ശൈലിയും അമ്മാവന് കല്ലിന്റെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന ആങ്കലാപ്പോടെ നിലവിളിക്കുന്ന പപ്പുവിന്റെ മുഖം എത്ര തവണ കണ്ടാലും ചിരിക്കാത്തവരുണ്ടാവില്ല. അതേ പോലെ മണിച്ചിത്രത്താഴില്‍ വെള്ളമില്ലാത്ത വഴിയിലൂടെ വെള്ളമുണ്ടെന്ന നിഗമനത്തില്‍ ഉടുമുണ്ട് ലേശം പൊക്കിപ്പിടിച്ച് ചെറുതായി ചാടിച്ചാടി പോകുന്ന കഥാപാത്രം. മലയാള സിനിമയുള്ളിടത്തോളം ഒര്ക്കാനുള്ള വക നല്‍കിയാണ് പപ്പു വിടപറഞ്ഞത്. ഇത്രേയുള്ളോ ഇതിപ്പം ശരിയാക്കിത്തരാം, മെയ്തീനേ ആ ചെറിയേ സ്പാനറിങ്ങെടുത്തേ....സംഭാഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു.
ഏയ് ഓട്ടോയില്‍ പടച്ചോന് ഓട്ടോയില്‍ കയറി കുറേ പണവും നല്കി ഇറങ്ങിപ്പോയ കഥ മോഹന്‍ലാലിനോടും മണിയന്പിള്ളയോടും ജഗദീഷിനോടും പപ്പു വിവരിക്കുന്ന രംഗമുണ്ട്. കൈയില്‍ കിട്ടിയ കാശ് ഭഗവാന് തന്നതാണെന്ന് കൂട്ടുകാരെ വിശ്വസിപ്പിക്കാന്‍ മെനയുന്ന കഥ പിടിക്കപ്പെടുമ്പോഴും പപ്പു തന്റെ അനിഷ്ടവും കുറുമ്പും പ്രകടിപ്പിക്കുന്നത് ഹാസ്യം ഏങ്ങനെയെല്ലാം ജനിക്കുന്നുവെന്ന് മനസ്സിലാക്കിത്തരുന്നു. അസുഖബാധിതനായ ശേഷവും ഇടക്കാലത്ത് ലോഹിതദാസ് സൃഷ്ടിച്ച വര്‍ക് ഷോപ്പിലെ ആശാന്റെ വേഷം എത്ര വ്യത്യസ്തമായാണ് പപ്പു അവതരിപ്പിച്ചത്.
ഗ്രീസും അഴുക്കും പറ്റിയ സ്പാനര്‍ എടുക്കാനയക്കുന്ന ജയറാം തികഞ്ഞ അനിഷ്ടത്തോടെ അതെടുത്തുകൊണ്ടുവരുമ്പോള് പപ്പു പറയുന്നുണ്ട്. എന്താടാ കഴുതമോറ എന്ന് പറഞ്ഞ് ജയറാമിനെ കളിയാക്കുന്ന മുഴുക്കുടിയനായ ആശാന്. ചെറുതെങ്കിലും കിങ്ങിലെ സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവില്‍ അഭിനയിച്ച നരസിംഹത്തിലും ഗൗരവമുള്ള വേഷമായിരുന്നു. കനകയുടെ ഉത്തരവാദമുള്ള അമ്മാവനായി എന്‍.എഫ് വര്‍ഗീസിന് മുമ്പിലെത്തുന്ന കഥാപാത്രം.
അഭിനയമോഹവുമായെത്തിയ പത്മദളാക്ഷനെന്ന ചെറുപ്പക്കാരനെ മുഹമ്മദ് റാഫിയാണ് തലയില്‍ കൈവച്ച് അനുഗ്രഹിച്ചത്. പത്മദളാക്ഷനെ വിട്ട് അഭിനയവേദികളില്‍ കുതിരവട്ടം പപ്പുവായി മാറിയിട്ടും ജീവിതത്തിലെ അവിസ്മരണീയ നിമിഷമായി എപ്പോഴും റാഫിയുടെ അനുഗ്രഹത്തെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നു. 1964 ലില്‍ മൂടുപടം എന്ന സിനിമയിലായിരുന്നു ആദ്യമായി മുഖം കാണിച്ചത്. ഷീലയോട് വലതുകാല്‍വെച്ച് വീട്ടിലേക്ക് കയറൂവെന്ന് പറഞ്ഞ് തുടങ്ങിയ അഭിനയപ്രപഞ്ചം നരസിംഹത്തിലെ ശുദ്ധനായ കഥാപാത്രത്തിലെത്തിയപ്പോഴാണ് പപ്പുവിനെ തേടി മരണത്തിന്റെ വിളിയെത്തിയത്.
കുപ്പയില്‍ നിന്ന് സിനിമയിലേക്ക് എന്ന നാടകമായിരുന്നു പപ്പുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. നാടകം കാണാനിടയായ രാമു കാര്യട്ടാണ് പപ്പുവിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഭാര്‍ഗവീനിലയം എന്ന സിനിമയാണ് ജനമനസ്സുകളില്‍ ഇടം നേടിയ പപ്പുവിന് ആര് പേര് തന്നെ ചാര്‍ത്തിക്കിട്ടുന്നത്. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന് എന്ന് പറഞ്ഞ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷനെന്ന യുവാവിനെ പപ്പുവെന്ന് വിളിച്ചത്. ഭാര്‍ഗവീനിലയത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്‍ സൃഷ് ടിച്ച കഥാപാത്രത്തിന്റെ പേര് പപ്പുവായതിനാലും സ്ഥലപ്പേര് കുതിരവട്ടവുമായതുകൊണ്ട് ഇവ ചേര്‍ത്താണ് യശ:ശരീനായ ബഷീര്‍ ഈ പേര് വിധിച്ചത്.
സിനിമയില്‍ ആ പേരില്‍ തന്നെ പിന്നീട് പ്രസിദ്ധനായി. 1100 ഓളം സിനിമകളില്‍ അഭിനയിച്ചതില്‍ ഏറിയ പങ്കും ഹാസ്യപ്രധാനമായ വേഷങ്ങള്‍. സ്വഭാവ നടന്റെ വേഷവും തനിക്ക് ചേരുമെന്ന് അവസരം കിട്ടിയപ്പോഴൊക്കെ തെളിയിക്കുകയും ചെയ്തു. അങ്ങാടി, വാര്‍ത്ത, കിങ് തുടങ്ങിയ ചിത്രങ്ങള്‍ പപ്പുവെന്ന സ്വഭാവനടനെ പരിചയപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. അങ്ങാടിയിലെ പാവാട വേണം മേലാട വേണമെന്ന പാട്ടുസീന്‍.
ജനിച്ച് 40 ാം ദിവസം അച്ഛനും കേവലം 16 വയസ്സുമാത്രമുള്ളപ്പോള്‍ അമ്മയും നഷ്ടപ്പെട്ട പത്മദളാക്ഷനെന്ന ചെറുപ്പക്കാരന്റെ ബാല്യകാലത്ത് ചിരിക്കാനോ തമാശയ്ക്കോ ഇടമില്ലായിരുന്നു. ബാലന്.കെ നായരും, കുഞ്ഞാണ്ടിയും നെല്ലിക്കോട് ഭാസ്കരനും നാടകത്തില്‍ നിറഞ്ഞുനില്ക്കുന്ന കാലം. റിഹേഴ്സല്‍ ക്യാമ്പുകളില്‍ പതിവായി ഇവരുടെ അഭിനയം കണ്ടും കേട്ടും ചുറ്റിപ്പറ്റി നിന്നാണ് പപ്പു അഭിനയം പഠിച്ചത്.
നാടകക്കളരിയിലുള്ളവര്ക്ക് ബീഡിയും ചായയും വാങ്ങിക്കൊടുക്കുന്ന തൊഴിലും ചെയ്തിട്ടുണ്ട്. അഭിനയിക്കാന്‍ ചാന്‍സ് തേടി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ സ്വന്തമായി നാടകം തന്നെ എഴുതിയാണ് പപ്പു ആഗ്രഹം സഫലമാക്കിയത്. കപ്പയില്‍ നിന്ന് സിനിമയിലേക്ക് എന്നായിരുന്നു നാടകത്തിന്റെ പേര്.
പട്ടിണിയും കഷ്ടപ്പാടുകളും അതിജീവിച്ച് സിനിമയുടെ വെള്ളിവെളിച്ചത്തെ സ്നേഹിച്ച് അഭ്രപാളികയില്‍ പ്രേക്ഷനെ ചിരിപ്പിക്കുന്നതില്‍ തന്നെ പ്രത്യേക കഴിവായിരുന്നു. ചെവിയിലൂടെ ഒരു കിളി പറന്നുപോയതുപോലെ എന്ന് മണിച്ചിത്രത്താഴില്‍ പറയും ഓര്‍മ്മകളിലേക്ക് ആ ചിരിപ്പക്ഷി പറന്നുപോയിട്ട് ഒരു പതിറ്റാണ്ടായിട്ടും ശേഷിപ്പുകളാ കഥാപാത്രങ്ങള്‍ ജനങ്ങളിലേക്ക് ഇടവേളകളില്ലാതെ കടന്നെത്തുന്നു.
Specials
ഇമ്മിണി വല്യ ചിരിയുടെ ഉടമ
ചിരിയുടെ പ്രപഞ്ചത്തില്‍ ഇമ്മിണി ബല്യ ചിരിയുടെ ഉടമയായിരുന്നു കുതിരവട്ടം പപ്പു. നീട്ടിയും കുറുക്കിയുമുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ ചിരിയുടെ ആ അരങ്ങ് ഓര്‍മയായിട്ട് 10 വര്‍ഷങ്ങള്‍ കടന്നുപോയി. പപ്പുവണിഞ്ഞ കഥാപാത്രങ്ങളുടെ ഡയലോഗുകളും ചേഷ്ടകളും മാത്രം ബാക്കി.
നാടകവേദികളേയും ചലച്ചിത്രപ്രേമികളുടെയും മനസ്സില്‍ ചിരിയുടെ വലയം തീര്‍ത്ത നിറ സാന്നിധ്യമായിരുന്നു. ഒരു പാട് നന്മകളും അല്പസ്വല്പം ദൗര്‍ബല്യങ്ങളും നിയന്ത്രിച്ചിരുന്ന ശുദ്ധമനുഷ്യന്. മലയാള സിനിമയില്‍ എസ്.പി പിള്ളയും, മുതുകുളവും അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ തെളിച്ച വഴിയിലൂടെ ഹാസ്യത്തിന്റെ ട്രാക്കില്‍ അവഗണനകളെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Most Commented
More from this section