ജൂലൈ 19ന് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ എന്ന മഹാനായ ഗായകന്‍ അതായത് യേശുദാസിനു മുന്‍പ് കേരളത്തില്‍നിന്ന് ആദ്യമായി മുഴങ്ങിക്കേട്ട, ഗാനവേദിയിലെ പുരുഷശബ്ദത്തിന്, നൂറു വയസ്സു തികയുകയാണ്. ഭൗതികശരീരമില്ലെങ്കിലും മണ്‍മറയാത്ത ശാരീരംകൊണ്ട് നിത്യസാന്നിധ്യമാവുന്ന ശ്ബദം. കേരള ഗാനവേദിയിലെ ആദ്യത്തെ പുരുഷശബ്ദം.

ഈ പദവി ചാര്‍ത്തിക്കൊടുത്തത് സാധാരണ ഒരാളല്ല. പ്രശസ്തസംഗീതസംവിധായകനായ എം ബി ശ്രീനിവാസനാണ്. തമിഴ്ചുവയുള്ള സ്‌ത്രൈണമായ പുരുഷശബ്ദങ്ങള്‍ മലയാളഗാനരംഗത്ത്‌കൊടികൂത്തിവാണിരുന്ന ഒരു കാലത്താണ് തങ്കക്കിനാക്കള്‍ ഹൃദയേ വീശുംവനാന്ത ചന്ദ്രികയാരോ നീ എന്ന ഗാനം തനതായ പുരുഷശബ്ദത്തില്‍ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ചുണ്ടുകളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കോഴിക്കോട് അബ്ദുല്‍ ഖാദറിനെ കേരളജനതയുടെ ഇഷ്ടപ്പെട്ട ഗായകന്മാരിലൊരാളാക്കിയതും സ്‌ത്രൈണത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ ശബ്ദംതന്നെയായിരുന്നു.

തനിക്ക് ജീവിതം സമ്മാനിച്ച വേദനകളെ അനുഭവിക്കുക മാത്രമല്ല, അതിലെ ഭാവം തന്റെ ചുണ്ടിലൂടെ കേള്‍വിക്കാരന്റെ മനസ്സുകളില്‍ എത്തിക്കുകയും ചെയ്തുവെന്നത് കൂടിയാണ് ഇദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്. മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റാത്തതായിരുന്നു ആ മികവ്. അതുപോലെ തന്നെയായിരുന്നു മുംബൈയിലെ ജനകീയസദസ്സില്‍വെച്ച് സൈഗാളിന്റെ പ്രശസ്തമായ സോജാ............... രാജകുമാരി എന്ന പാട്ട്പാടിയപ്പോള്‍ ലഭിച്ച കോഴിക്കോട് സൈഗാള്‍ എന്ന വിശേഷണവും. നൂറവാര്‍ഡിനും അംഗീകാരങ്ങള്‍ക്കുമപ്പുറമുള്ള നേട്ടം.

ശോകമായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളിലെ പ്രത്യേകത. ജീവിതത്തിലെ ദുരന്തങ്ങളില്‍ പതറാത്ത അബ്ദുല്‍ ഖാദറിന് പാടാന്‍ കിട്ടിയതധികവും ശോകഗാനങ്ങളായിരുന്നു. ശോകഗാനങ്ങള്‍ പാടാന്‍ വിധിക്കപ്പെട്ട ഗായകന്‍ എന്നു പറഞ്ഞാലും തെറ്റില്ല. അതുകൊണ്ടാവാം, അദ്ദേഹത്തിന്റെ പല ഗാനങ്ങളും അത്മാലാപനങ്ങളുമായിരുന്നു. ഭാസ്‌ക്കരന്‍ മാഷിന്റെ വരികളില്‍ അബ്ദുല്‍ ഖാദര്‍ പാടിയ എങ്ങനെ നീ മറക്കും............ കുയിലേ എങ്ങനെ............നീ മറക്കും എന്ന നീലക്കുയിലെ മധുരമനോഹരമായ ശോകഗാനം മാത്രം മതി ഇതു തെിയിക്കാന്‍.

നീലക്കുയില്‍ മലയാള പ്രേക്ഷകരുടെ മുന്നിലെത്തിയിട്ട് ഏഴുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. മലയാളത്തിന്റെയും മലയാളികളുടെയും എന്തിന്, ന്യൂജനറേഷന്‍ തലമുറയുടെ കൂടി മനസ്സ് പിടിച്ചെടുത്തുകൊണ്ട് ഇപ്പോഴും ഈപാട്ട് ജീവിക്കുന്നുവെന്നുള്ളതാണ് അബ്ദുല്‍ഖാദര്‍ എന്ന ഗായകനെ അനശ്വരനാക്കുന്നത്. എന്റെ ജീവിതത്തില്‍ എനിക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഗാനമെന്നാണ് എങ്ങനെ നീ മറക്കും കുയിലിനെക്കുറിച്ച് അബ്ദുല്‍ഖാദര്‍തന്നെ സുഹൃത്തുക്കളോട് പറഞ്ഞത്.

പരിതാപമിതേ ഹാ ജീവിതമേ, നീ കരയൂ മാനസമേ, താരകം ഇരുളില്‍ മായുകയോ പാടിയപൈങ്കിളി കേഴുകയോ -ഈ വരികളെല്ലാം പാടിക്കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചതും ശോകഗാനങ്ങള്‍ മാത്രമേ എനിക്ക് ഇഷ്ടമുള്ളൂവെന്നായിരുന്നു. കേള്‍വിക്കാരനെ അബ്ദുല്‍ഖാദറിന്റെ പാട്ടുമായി അടുപ്പിക്കുന്ന, നമുക്ക് കണ്ടെത്താന്‍ കഴിയാത്ത എന്തോ ഒരു വശ്യതയുണ്ട്. ഇതു തന്നെയാണ് ഒരു കാസറ്റോ, സിഡിയോ ഇല്ലാഞ്ഞിട്ടുപോലും അബ്ദുല്‍ഖാദറിന്റെ ആലാപനം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെടാന്‍ നിമിത്തമായതും.

കോഴിക്കോടിന്റെ നിത്യഹരിതഗായകനായ അബ്ദുല്‍ ഖാദറിനെ ഓര്‍മിക്കുവാനുള്ള സ്മാരകങ്ങളോ,മറ്റോ ഇപ്പോഴും കോഴിക്കോട്ടോ കേരളത്തിലെ മറ്റു നഗരങ്ങളിലൊന്നുമില്ല. പ്രതിഭകളെ അംഗീകരിക്കുവാനുള്ള മലയാളികളുടെ വിമുഖതയുടെ നിദര്‍ശനമാണ് ഇത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പേരിനെങ്കിലും ഇരുപതുകൊല്ലം മുന്‍പ് കൂരിയാല്‍ ലൈനിലെ, ചെറുപ്പകാലങ്ങളില്‍ അബ്ദുല്‍ ഖാദര്‍ കളിച്ചുവളര്‍ന്ന സ്ഥലത്തെ റോഡിന് കോഴിക്കോട് അബ്ദുല്‍ഖാദര്‍ റോഡ് എന്ന് നാമകരണം ചെയ്തുകൊണ്ട് തങ്ങളുടെ ബാധ്യത തീര്‍ത്തു. അങ്ങനെ വര്‍ഷത്തില്‍ ഒരു പ്രാവശ്യം നടത്തുന്ന അനുസ്മരണത്തില്‍ മാത്രമായി കോഴിക്കോടിന്റെ ലോകത്ത് പോലും അബ്ദുല്‍ ഖാദറിന്റെ ഓര്‍മപ്പെടുത്തല്‍ മാറുകയാണ്.