തൃപ്പൂണിത്തുറ: താമസിക്കുന്ന ഫ്‌ലാറ്റ്‌സമുച്ചയത്തിലെ ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്റെ യോഗത്തിലേക്ക് കല്പന വന്നതുതന്നെ സ്വതഃസിദ്ധമായ ശൈലിയില്‍ തമാശകള്‍ പറഞ്ഞുകൊണ്ടായിരുന്നു. ''പുതിയ പടത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിന് പോകുകയാ. നാളെ തിരിച്ചുവരും. എന്റെ പുതിയ പടം 'ചാര്‍ലി' എല്ലാവരും കാണണം കേട്ടോ. അതില്‍ എന്റെ മേക്കപ്പ് ഇത്തരി ഓവറായിരുന്നു.''
ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് വളരെ ആഹ്ലാദത്തോടെയായിരുന്നു തൃപ്പൂണിത്തുറ തെക്കുംഭാഗത്തുള്ള അബാദ് ഡാഫോഡില്‍ ഫ്‌ളാറ്റില്‍ നിന്ന് എല്ലാവര്‍ക്കും റ്റാറ്റ കൊടുത്ത് ഞായറാഴ്ച കല്പന ഷൂട്ടിങ്ങിനായി പോയത്.

'പോയിട്ട്വരട്ടെ....' എന്നു പറഞ്ഞ് തന്നെ ആശ്ലേഷിച്ചുകൊണ്ടാണ് കല്പന ഞായറാഴ്ച രാവിലെ 10.30ന് കൈവീശി സന്തോഷത്തോടെ പോയതെന്ന് ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. അനിയന്‍ പറഞ്ഞു.

കല്പന അമ്മ വിജയലക്ഷ്മിയോടും മകള്‍ ശ്രീമയ്യോടുംകൂടി ഇവിടെ 8 ഡി. ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി. സമീപത്ത് പുതിയ ഫ്‌ലാറ്റ് സ്വന്തമായി വാങ്ങിയിട്ടുണ്ടെങ്കിലും താമസിച്ചുകൊണ്ടിരിക്കുന്ന ഫ്‌ലാറ്റില്‍ നിന്ന് മാറാന്‍ കല്പന ഇഷ്ടപ്പെട്ടിരുന്നില്ല. ''ഇവിടെ വന്നശേഷമാണ് എനിക്ക് അവാര്‍ഡ് കിട്ടിയത്. ഇത് ഐശ്വര്യമുള്ള ഫ്‌ലാറ്റാണ്'' എന്ന് കല്പന പറയുമായിരുന്നു. ഫ്‌ലാറ്റിലുള്ളവരുടെ യോഗസ്ഥലത്ത് കുശലം പറയുന്നതിനിടെ കല്പന കെ.വി. അനിയനോട് ഇങ്ങനെ പറഞ്ഞിരുന്നു: ''ആരോഗ്യം മോശമാണ്. മരുന്ന് കഴിക്കുന്നുണ്ട്''.

തൃപ്പൂണിത്തുറയില്‍ താമസമാക്കിയ ശേഷം നഗരത്തിലൂടെയൊക്കെ പോകുമായിരുന്ന കല്പന കണ്ണന്‍കുളങ്ങര എന്‍എസ്എസ് കരയോഗത്തില്‍ അംഗമാകുകയും യോഗങ്ങളിലൊക്കെ എത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ മകള്‍ ശ്രീമയ് സ്‌കൂളിലേക്ക് പോയിരുന്നു. തിരുവാണിയൂര്‍ ഗ്ലോബല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ശ്രീമയ്. അമ്മ മരണമടഞ്ഞ വിവരം അറിയിക്കാതെ 'അമ്മൂമ്മയ്ക്ക് സുഖമില്ല' എന്ന് പറഞ്ഞാണ് ശ്രീമയ്യെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലേക്ക് ഫ്‌ലാറ്റിലുള്ളവര്‍ വിളിച്ചുകൊണ്ടുവന്നത്.
 
പുറത്ത് കറുത്ത കൊടിയും പോലീസ് ജീപ്പുമൊക്കെ കണ്ട് പകച്ചിരുന്ന ശ്രീമയ്യെ കണ്ടയുടനെ, 'മീനു പോയി' എന്ന് അമ്മൂമ്മ പറഞ്ഞതോടെ കൂട്ടക്കരച്ചിലായി. കല്പനയെ മകള്‍ മീനു എന്നാണ് വിളിക്കുന്നത്. ദുഃഖം താങ്ങാനാകാതെ മുറിക്കകത്ത് വാതിലടച്ചിരുന്ന് കരയുകയായിരുന്നു കല്പനയുടെ അമ്മ വിജയലക്ഷ്മിയും മകള്‍ ശ്രീമയ്യും.
 
ഇതേ ഫ്‌ലാറ്റ് സമുച്ചയത്തില്‍ മറ്റൊരു ഫ്‌ലാറ്റില്‍ താമസിക്കുന്ന കല്പനയുടെ സഹോദരിയും നടിയുമായ ഉര്‍വശി, കലാരഞ്ജിനി, കെ.പി.എ.സി. ലളിത തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. കല്പനയുടെ കൂടെ അമ്മ ഉള്ളതിനാല്‍ കലാരഞ്ജിനി ഇടയ്ക്കിടെ ഫ്‌ലാറ്റിലെത്തുമായിരുന്നു. ഫ്‌ലാറ്റ് സമുച്ചയത്തിലെ കുടുംബാംഗങ്ങളുടെ ഓണാഘോഷത്തിനും പുതുവത്സരാഘോഷത്തിനും മറ്റും ചിരിപ്പിച്ച് തമാശകള്‍ പൊട്ടിച്ചിരുന്ന കല്പന ഇനി ഇല്ല എന്നത് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി.