Kalpana
ഹൈദരാബാദ് ഫിലിം ചേംബറില്‍ പൊതുദര്‍ശനത്തിനുവെച്ച കല്‍പനയുടെ മൃതദേഹത്തില്‍ നടി കാവ്യ മാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ: കെ.യു. ഐസക്ക്

ഇഷ്ടഹോട്ടലില്‍ ഇഷ്ടമുറിയായ 106ലാണ് കല്പന മരണത്തിലേക്കു യാത്രയായത്. ഹൈദരാബാദിലെത്തിയാല്‍ അന്നപൂര്‍ണ സ്റ്റുഡിയോക്കടുത്തുള്ള എബോണി ഹോട്ടലിലായിരുന്നു പതിവായി താമസം. ഉറക്കംവരാത്തതിനാല്‍ പുലരുവോളം ഒരുപാടുകാര്യങ്ങള്‍ കല്പന സംസാരിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സഹായി കലാവതി പറഞ്ഞു.

''വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമായായിരുന്നു വിഷയങ്ങള്‍. പുലര്‍ച്ചെ രണ്ടുമണിവരെ 'പോലീസുകാരന്റെ മകള്‍' എന്ന തമിഴ് ചിത്രം കണ്ടു. പിന്നീട് ഞാന്‍ ഉറങ്ങാന്‍ മുറിയിലേക്കു പോയി. രാവിലെ ആറുമണിക്ക് കല്പനയെ വിളിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ അപ്പോളോ ആസ്പത്രിയിലേക്കു കൊണ്ടുപോയി'' കലാവതി പറഞ്ഞു.

ഹൈദരാബാദിലുണ്ടായിരുന്ന സംവിധായകന്‍ സിബി മലയില്‍, നടി പാര്‍വതി, ശ്വേത മേനോന്‍, നടന്‍ നാസര്‍ എന്നിവര്‍ രാവിലെതന്നെ ആസ്പത്രിയിലെത്തി. തുടര്‍ന്ന് രണ്ടുമണിക്കൂറോളം തെലങ്കാന ഫിലിം ചേംബര്‍ മുറ്റത്ത് പൊതുദര്‍ശനത്തിനു വെച്ചു.  മൃതദേഹത്തില്‍ വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനുപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.